ബഷീറിന്‍റെ ശബ്ദങ്ങൾ
text_fieldsജനുവരി 21, ബഷീറിന്റെ മറ്റൊരു ജന്മദിനം കൂടി. എന്തുകൊണ്ട് ബഷീർ ഇന്നും മനുഷ്യനായി നിന്ന് മനുഷ്യത്വം പറയുന്നു? എങ്ങനെ ഇന്നും ബഷീറിയൻ ലോകം പ്രസക്തമാകുന്നു?
മലയാള സാഹിത്യത്തില്‍ ആധുനികതയുടെ ഏകമാന മുഖത്തെ അപനിർമിച്ചത് വൈക്കം മുഹമ്മദ് ബഷീറായിരുന്നു. എഴുത്തിന്‍റെയും എഴുത്തുകാരനെന്ന മനുഷ്യന്‍റെയും മഹത്വവും ബഹുത്വവും തിരിച്ചറിഞ്ഞ മഹാപ്രതിഭയായിരുന്നു ബഷീര്‍. ഒരേ സമയം മേൽക്കോയ്മാ വ്യവഹാരങ്ങളെയും സമുദായത്തിലെ വിലക്കുകളെയും ഉല്ലംഘിച്ച് സാഹിത്യ ലോകത്തെയും മൂല്യവ്യവസ്ഥയെയും തിരുത്തുകയായിരുന്നു ബഷീര്‍. എഴുത്തില്‍ ഒരു പുതിയ വഴി ആവിഷ്കരിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ബഷീര്‍ ഇന്നും വായനക്കാര്‍ക്കൊപ്പം സഞ്ചരിക്കുന്നത്. ഇത്രമാത്രം ദാര്‍ശനികമായും വിപ്ലവകരമായും എഴുതിയ മറ്റൊരു സാഹിത്യകാരന്‍ മലയാളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നുതന്നെ പറയാം. ഇന്ന് ബഷീര്‍ എന്ന എഴുത്തുകാരന്‍ കേരളത്തില്‍ ഏതാണ്ട് ഒരു മിത്തുപോലെയായി മാറിയിട്ടുണ്ട്. സാധാരണ മനുഷ്യരുടെ സങ്കൽപങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുമ്പോഴാണ് ഒരാള്‍ മിത്തായി മാറുന്നത്. പ്രകൃതിയെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഒരു മഹത് ദര്‍ശനത്തിലേക്ക് ബഷീര്‍ എത്തിച്ചേര്‍ന്നു എന്നത് വിസ്മയകരമാണ്. സ്വന്തം തറവാട്ടിലേക്കോ വീട്ടിലേക്കോ സമുദായത്തിലേക്കോ ബഷീര്‍ ചുരുങ്ങിപ്പോകാതിരുന്നത് ആശയ ലോകത്ത് കടന്നുചെന്ന് ചിന്തയില്‍ അന്തര്‍ഭവിച്ച പ്രഹേളികകള്‍ പ്രകാശിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞതുകൊണ്ടാണ്.
സാഹോദര്യവും സൗഹൃദവും നന്മയും
മലയാളികള്‍ മലയാളം എഴുതാനും വായിക്കാനും വിദ്യാലയങ്ങളില്‍ പോയിത്തുടങ്ങിയതു കൊളോണിയല്‍ ആധുനികതയുടെ ഭാഗമായാണ്. കൊളോണിയല്‍ ആധുനികത കീഴാളര്‍ക്ക് നാരായണ ഗുരു പറഞ്ഞപോലെ സന്യാസം മാത്രമല്ല, അച്ചടിയന്ത്രങ്ങളും ആധുനിക വിദ്യാലയങ്ങളും നല്‍കിയിരുന്നു. പോത്തേരി കുഞ്ഞമ്പുവിന്‍റെ ‘സരസ്വതീ വിജയ’ത്തില്‍ സവിസ്തരം ആ മാറ്റങ്ങള്‍ എങ്ങനെ പുറംതള്ളപ്പെട്ടവരെ തുണച്ചെന്നു പ്രതിപാദിക്കുന്നുണ്ട്. അയ്യങ്കാളിക്ക് ഊരുട്ടമ്പല സ്കൂളില്‍ പഞ്ചമിയുടെ കൈപിടിച്ചു കയറിപ്പോകാന്‍ കഴിഞ്ഞത് ആധുനികതയുടെ വെളിച്ചം കടന്നു വന്നതുകൊണ്ടാണ്. അതേസമയം ഇസ്‍ലാം മതവും മുസ്‍ലിം വ്യവഹാരങ്ങളും വ്യാപിക്കുന്നതിലൂടെ സാഹോദര്യത്തെ സംബന്ധിക്കുന്ന മറ്റൊരു സാധ്യതയും കേരളത്തില്‍ ഉയര്‍ന്നുവന്നിരുന്നു. ജാതിമേല്‍ക്കോയ്മ സാഹോദര്യവിരുദ്ധമായി മനുഷ്യര്‍ക്കിടയില്‍ വന്‍മതിലുകള്‍ നിലനിര്‍ത്തിയ രാജ്യത്ത് ആധുനിക വിദ്യാഭ്യാസവും ക്രിസ്ത്യന്‍-മുസ്‍ലിം സാന്നിധ്യവും പൊതുമണ്ഡലത്തില്‍ പുതിയ സംവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇതോടോപ്പമാണ് കമ്യൂണിസ്റ്റുകാരും തൊഴിലാളി പ്രസ്ഥാനങ്ങളും കടന്നു വന്നത്. ഒരു ജനാധിപത്യ പൊതു മണ്ഡലം വികസിച്ചുവരും പോലാണ് ബഷീര്‍ കേരളക്കരയില്‍ വളര്‍ന്നു വരുന്നത്. ഇടത്തരം മുസ്‍ലിം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന വൈക്കം മുഹമ്മദ് ബഷീര്‍ സാഹോദര്യവും സൗഹൃദവും നന്മയും വിളയുന്ന ഒരു ഭാവി സ്വപ്നം കണ്ടാണ് ജീവിതത്തിലേക്ക് കാല്‍ വെച്ചത്. അതിരുകള്‍ കെട്ടി മനുഷ്യരെ വേർതിരിക്കാത്ത ഒരു സ്വർഗ രാജ്യമായിരുന്നു ആ സ്വപ്നങ്ങളില്‍ നിഴലിച്ചത്. പുസ്തകത്തിന്‍റെയും എഴുത്തിന്‍റെയും ലോകത്തെയാണ് ബഷീര്‍ ആയുധമായി മുന്നില്‍ കണ്ടത്. വായിക്കുക (ഇഖ്റ) എന്ന ഖുർആന്‍ വചനം ബഷീര്‍ ഇടക്കിടെ എഴുത്തിലൂടെ ഓര്‍മിപ്പിച്ചത് അതുകൊണ്ടാണ്. എഴുതിയത് മാത്രമേ വായിക്കാന്‍ കഴിയൂ. എഴുത്തും വായനയും വിമോചനത്തിനു വേണ്ട ഇന്ധനമാക്കണമെങ്കില്‍ പുസ്തകങ്ങള്‍ വായനക്കാരില്‍ എത്തണം. ബഷീര്‍ സ്വയം ബുക്ക് സ്റ്റാൾ തുടങ്ങി. അതിനുവേണ്ട വഴിയും ആ മഹാന്‍ കണ്ടെത്തിയിരുന്നു.
എന്ത് ധർമത്തെക്കുറിച്ചാണ് പറയുന്നത്?
ഹതഭാഗ്യയായ തന്‍റെ നാടും ധര്‍മ രാജ്യവും ആദ്യകാലത്ത് ബഷീര്‍ എഴുതിയത് സ്വന്തം ദേശത്തോടുള്ള പ്രതിബദ്ധതകൊണ്ടായിരുന്നു. ധര്‍മരാജ്യം തിരുവിതാംകൂര്‍ ഭരണകൂടം കണ്ടുകെട്ടിയത് വാസ്തവത്തില്‍ ബഷീറെന്ന എഴുത്തുകാരന് ശക്തി പകരുകയാണ് ചെയ്തത്. കാരണം, എഴുത്തിനെ ഭരണകൂടം ഭയപ്പെടുന്നതായി ബഷീറിനു മാത്രമല്ല, വായനാസമൂഹത്തിനും മനസ്സിലായി. എന്ത് ധർമത്തെക്കുറിച്ചാണ് നിങ്ങള്‍ പറയുന്നത് എന്ന മൗലികമായ ചോദ്യമാണ് ബഷീര്‍ ആദ്യമേ ചോദിച്ചത്. സമൂഹത്തില്‍ രൂഢമൂലമായ അധികാര ചിഹ്നങ്ങളെയും ആശയങ്ങളെയും ചോദ്യംചെയ്തുകൊണ്ട് എഴുത്തിനെ ഒരു ആയുധമാക്കി ബഷീര്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് വ്യവസ്ഥയെ തിരുത്തണമെന്ന താൽപര്യംകൊണ്ട് മാത്രമായിരുന്നു. ബഷീറിന്‍റെ മിക്ക രചനകളും അധീശത്വം നിലനിര്‍ത്തിയ ആശയങ്ങൾക്കെതിരായ സമരമായിരുന്നു. തിരുവിതാംകൂറില്‍ മനുഷ്യര്‍ക്ക് സമഭാവനയോടെ ജീവിക്കാന്‍ കഴിയാത്ത വേറിട്ട അന്തരീക്ഷമായിരുന്നു അന്ന്‍ നിലനിന്നത്. സര്‍ സി.പി. രാമസ്വാമി അയ്യരുടെ കുപ്രസിദ്ധമായ ജനവിരുദ്ധതയെയാണ് ബഷീര്‍ ആദ്യമേ ചോദ്യംചെയ്തത്. ദിവാന്‍ ഭരണത്തില്‍ നിരോധിക്കപ്പെട്ട് കണ്ടുകെട്ടിയ ആ ചെറു കൃതിയുടെ തുടക്കം ഇങ്ങനെയായിരുന്നു,
ധര്‍മരാജ്യമെഴുതി ദേശവിരുദ്ധനായി!
“അഹോ! ഭീകരതയുടെ പൈശാചിക നര്‍ത്തനം! കരാളതയുടെ കഠോര ഗര്‍ജനം. അസ്വസ്ഥതയുടെ ഘോര സംഘട്ടനം. അനീതിയുടെ ഭയങ്കര അട്ടഹാസം... നിസ്സഹായതയുടെ ദയനീയ രോദനം... സ്വാർഥതയുടെ നഗ്നപ്രകടനം... കഴുകന്മാരുടെ കേന്ദ്ര കോലാഹലം-അഹോ, എന്തൊരു രാക്ഷസീയമായ അന്തരീക്ഷം..!” (സ്വാതന്ത്ര്യസമര സേനാനികളുടെ നിരോധിക്കപ്പെട്ട കൃതികള്‍, സംസ്ഥാന പുരാരേഖാ വകുപ്പ്, കേരള സര്‍ക്കാര്‍, 2006, p. 265) തുടക്കം മുതല്‍ ബോധനപരവും ദാര്‍ശനികവുമായ രചനകളായിരുന്നു ബഷീര്‍ രചിച്ചത്. അവയെല്ലാം സ്വാതന്ത്ര്യത്തിനുവേണ്ട രോദനവും അട്ടഹാസങ്ങളുംകൊണ്ട് മുഖരിതമായിരുന്നു. കേണല്‍ ജോണ്‍ മൺറോ അധികാരം ഏറ്റെടുത്ത ശേഷം മാത്രമാണ് തിരുവിതാംകൂറില്‍ അടിമത്തം നിരോധിച്ചത്. ജാതിയില്‍ താണവരായി അധീശവര്‍ഗത്താല്‍ അടയാളപ്പെട്ട ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ മാത്രമായിരുന്നു തിരുവിതാംകൂറില്‍ നികുതി അടക്കേണ്ടിയിരുന്നത്. അതുകൊണ്ടാണ് ‘സരസ്വതീവിജയ’ത്തില്‍ കുബേരന്‍ നമ്പൂതിരി ബ്രാഹ്മണര്‍ക്ക് രക്ഷ കിട്ടണമെങ്കില്‍ തിരുവിതാംകൂറില്‍ കടക്കണമെന്ന് പറയുന്നത്.
“വേലുത്തമ്പിയുടെ കാലഘട്ടത്തില്‍ ഭൂസ്വത്തുടമകളായ ബ്രാഹ്മണര്‍ക്കോ ക്ഷേത്രങ്ങൾക്കോ നായന്മാര്‍ക്കോ രാജാക്കന്മാര്‍ക്കോ കൊങ്കിണിമാര്‍ക്കോ ഒരു നികുതിയും ഗവണ്മെന്റിനു കൊടുക്കേണ്ടിയിരുന്നില്ല. നികുതിഭാരം മുഴുവന്‍ നിർധനരും അഗതികളും അടിമത്തൊഴിലാളികളുമായ എഴ ജാതിഹിന്ദുക്കളുടെ മേലാണ് കെട്ടിവെച്ചത്.” (ഈഴവ-തിയ്യ ചരിത്ര പഠനം, കെ.ജി. നാരായണന്‍, പു. 448) വാസ്തവത്തില്‍ ആഭ്യന്തര അടിമത്തവും ബ്രിട്ടീഷ് കൊളോണിയല്‍ ഭരണവും സമ്മിശ്രമായി നടത്തിയ ചൂഷണത്തിനും പീഡനങ്ങള്‍ക്കും എതിരായാണ് ബഷീര്‍ ‘ധര്‍മരാജ്യ’മെഴുതി ദേശവിരുദ്ധനായത്. പിന്നീടങ്ങോട്ടു കേരളത്തില്‍ ഉയര്‍ന്നുവന്ന ഒരു സാക്ഷര സമൂഹത്തിലേക്ക് എഴുത്തിലൂടെ വെളിച്ചം പടര്‍ത്തിയാണ് ബഷീര്‍ ജീവിതകാലം കഴിച്ചത്. ജനങ്ങള്‍ ഇത്രമാത്രം സ്നേഹിക്കുന്ന ആ എഴുത്തുകാരനെ അവഗണിക്കാന്‍ തുടര്‍ന്നും ഭരണ വര്‍ഗങ്ങള്‍ക്ക് കഴിഞ്ഞു എന്നും കാണേണ്ടതുണ്ട്. ആദ്യത്തെ എഴുത്തച്ഛന്‍ പുരസ്കാരം എഴുത്തു ലോകത്ത് തുല്യതകളില്ലാത്ത സംഭാവന നല്‍കിയ ബഷീര്‍ ജീവിച്ചിരിക്കുമ്പോള്‍ ശൂരനാട്ട് കുഞ്ഞന്‍പിള്ളക്ക് നൽകിയതും ഒരര്‍ഥത്തില്‍ നന്നായി! ആശയാധികാര വ്യവസ്ഥയെ ജീവിതം മുഴുവന്‍ എഴുത്തിലൂടെ ചോദ്യംചെയ്ത ഒരു ദേശ സ്നേഹിയെക്കാള്‍ ആ ഭാഷാ പണ്ഡിതനായ പിള്ളതന്നെയാണല്ലോ എന്തുകൊണ്ടും ആ അവാര്‍ഡിന് അര്‍ഹന്‍. ഇന്നും അതിരുകളിലെ മനുഷ്യര്‍ക്ക് എപ്പോഴെങ്കിലും എന്തെങ്കിലും അംഗീകാരങ്ങള്‍ തേടിയെത്തുമ്പോള്‍ വ്യവസ്ഥയുടെ കാവല്‍ക്കാര്‍ അസ്വസ്ഥരാകുന്നത് വെറുതെയല്ല.
ബഷീറിന്റെ പ്രേമം
നമ്മുടെ നാട്ടില്‍ മുഖ്യധാരാ ജീവിത വ്യവസ്ഥയില്‍ പ്രണയം ഒരു പേടിസ്വപ്നമായി നിലനില്‍ക്കുന്നു എന്നതാണ് യാഥാർഥ്യം. അതിന്‍റെ മുഖ്യമായ കാരണം പ്രണയം മതിലുകളും വിലക്കുകളും തകര്‍ക്കുന്നു എന്നതാണ്. 1943ലാണ് ‘പ്രേമലേഖനം’ പുറത്തുവരുന്നത്. രണ്ട് മതത്തില്‍പെട്ടവര്‍ തമ്മിലാണ് പ്രണയിക്കുന്നത്. അവരുടെ പ്രണയം മതാത്മക വിലക്കുകള്‍ തകര്‍ത്തുകൊണ്ട് മനുഷ്യര്‍ക്കിടയിലെ മതിലുകള്‍ തകര്‍ക്കുകയാണ്. “ഓര്‍ത്തു നോക്ക്. പ്രായമായ രണ്ട് സ്വതന്ത്ര ജീവികള്‍. ലേശം വിദ്യാഭ്യാസവും ലേശം ബുദ്ധിയുമുണ്ട്. സമൂഹം നമ്മെ തീറ്റിപ്പോറ്റുകയില്ല. ക്ഷേത്രവും ചര്‍ച്ചും നില്‍ക്കുന്നേടത്തുതന്നെ നില്‍ക്കട്ടെ. നമ്മുടെ ഹൃദയങ്ങളുടെ ഇടയില്‍ മതിലുകള്‍ ഉണ്ടാവരുത്. ക്ഷമ, സഹാനുഭൂതി, കാരുണ്യം, ഇവ മറക്കരുത്. തിരിഞ്ഞോ?” (പ്രേമലേഖനം) ഇവിടെ ഉദ്ധരിച്ച വാക്കുകളില്‍ ബഷീറിന്‍റെ മുഴുവന്‍ ദർശനവും അടങ്ങിയിട്ടുണ്ട്. രണ്ടു സ്വതന്ത്രവ്യക്തികളുടെ പരമാധികാരത്തെ ആദ്യമായി ഉയര്‍ത്തിക്കാട്ടുന്നു. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് മുകളില്‍ ഭരണകൂടങ്ങളും സമൂഹവും മതസ്ഥാപനങ്ങളും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെയാണ് ഇവിടെ ചോദ്യംചെയ്യുന്നത്.
മജീദിനും സുഹറക്കും അവരുടെ സ്വാതന്ത്ര്യം ലഭിക്കാതെ പോകുന്നു. കേശവന്‍ നായരും സറാമ്മയും എന്തിനെയെല്ലമോ ഭയപ്പെടുന്നു. സരസ്വതീ ദേവി സ്വയം തീരുമാനമെടുക്കാതെ ഒഴിഞ്ഞുമാറുന്നു. കുഞ്ഞുപാത്തുമ്മ പാരമ്പര്യം കേട്ടു അകത്തളങ്ങളില്‍ ഇരുന്നു ബോറടിക്കുന്നു. എല്ലാ മുതിര്‍ന്ന വ്യക്തികളെയുംപോലെ അവളും സ്വാതന്ത്ര്യം കൊതിക്കുന്നു. ആരാണ് പ്രണയത്തെ ഭയപ്പെടുന്നത്. ബഷീര്‍ എഴുതിയ രചനകള്‍ പ്രണയിക്കാനുള്ള മനുഷ്യന്‍റെ സ്വാതന്ത്ര്യത്തെ പറ്റിയാണ് പറയുന്നത്. മതിലുകള്‍ തകര്‍ക്കാനുള്ള ആഹ്വാനം നല്‍കുന്നതിലൂടെ ബഷീര്‍ ഒരു ബോധനപരമായ രചയിതാവിന്‍റെ സ്ഥാനം ഏറ്റെടുക്കുകയാണ്. ക്ഷമ, സഹാനുഭൂതി, കാരുണ്യം എന്നിവ മറക്കരുതെന്ന നിര്‍ദേശമാണ് മുന്നോട്ടു വെക്കുന്നത്. ബ്രെഹ്ത് ഫാഷിസ്റ്റ് കാലത്ത് എഴുതിയ രചനകള്‍ ഇത് പോലെ ബോധനപരവുമായിരുന്നു. ആധുനികോത്തര രചനകള്‍ വിശകലനം ചെയ്യുമ്പോള്‍ ലിണ്ടാ ഹഷിയോന്‍ പറയുന്നത് ആധുനിക കാലത്ത് എഴുതിയ ആധുനികോത്തരന്‍ (postmodern) ആണെന്നാണ്. വാസ്തവത്തില്‍ വൈക്കം മുഹമ്മദ് ബഷീറും അതുപോലെ കാലത്തിനു മുന്നില്‍ സഞ്ചരിച്ച എഴുത്തുകാരനായിരുന്നു.
ശീലങ്ങളെ മറികടന്ന ബഷീര്‍
ആള്‍ക്കൂട്ട വിചാരണകളും സദാചാര പൊലീസും മനുഷ്യരുടെ സ്വതന്ത്രമായ തീരുമാനങ്ങള്‍ക്ക് മുകളില്‍ അധികാരം പ്രയോഗിക്കുന്നതിനെ ഇവിടെ ബഷീര്‍ പ്രശ്നവത്കരിക്കുകയാണ്. ദേവാലയങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ മതിലുകള്‍ പണിയരുതെന്ന ആഹ്വാനം ഇവിടെ കാണുന്നു. മറാത്തി കവി ഡി.എസ്. ധുൽകര്‍ എഴുതിയ ‘മതില്‍ അഥവാ ഭിത്തി’ എന്ന കവിതയില്‍ ജാതി വ്യവസ്ഥ മനുഷ്യര്‍ക്കിടയില്‍ പണിത മതിലുകളെയാണ് വിമർശിക്കുന്നത്. വാസ്തവത്തില്‍ നമ്മുടെ കുടുംബവും വീടും വ്യക്തികള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഭയംകൊണ്ടാണ്. സമൂഹത്തില്‍ ഭയം ഉൽപാദിപ്പിച്ചുകൊണ്ടാണ് വ്യവസ്ഥയെ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ഭരണകൂട പ്രത്യയശാസ്ത്രം എന്നും പ്രവര്‍ത്തിക്കുന്നത്. മനുഷ്യര്‍ ഇഷ്ടമുള്ളവരെ ജീവിത പങ്കാളിയാക്കുന്നതുപോലും തടയും വിധത്തില്‍ ഭരണകൂട പ്രത്യയശാസ്ത്രം പ്രവര്‍ത്തിക്കുന്നു എന്നതാണ് യാഥാർഥ്യം. പാരമ്പര്യത്തോടു കലഹിക്കുകയെന്നാല്‍ വ്യവസ്ഥയോട് കലഹിക്കുക എന്നാണ് അര്‍ഥം. സുനിശ്ചിതമായി കരുതിയ ശീലങ്ങളെ മറികടക്കാനാണ് ബഷീര്‍ എഴുത്തുകളിലൂടെ നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്.
ബഷീറിന്റെ ചാരുകസേരയും എഴുത്തിടവും
അംബേദ്‌കര്‍ ‘ജാതി നിർമൂലനം’ എഴുതിക്കൊണ്ടാണ് ഇന്ത്യയിലെ ജാതി വ്യവസ്ഥ തകര്‍ക്കാന്‍ ആഹ്വാനംചെയ്തത്. വിവാഹം ചെയ്യുന്നതില്‍ നിലനില്‍ക്കുന്ന സങ്കുചിത മനോഭാവം ഉപേക്ഷിച്ചു മനുഷ്യര്‍ തമ്മില്‍ വിവാഹം എന്നതായിരുന്നു അംബേദ്കറുടെ നിര്‍ദേശം. ജാതിക്ക് വേണ്ടിയല്ല ജാതിയില്ലാത്ത വ്യവസ്ഥക്കുവേണ്ടിയാണ് അംബേദ്‌കര്‍ വാദിച്ചത്. അതുപോലെ ബഷീര്‍ പറയുന്നത് കാണുക, “നായര്‍ ക്രിസ്ത്യാനിയെയും ക്രിസ്ത്യാനി നായരെയും മുസൽമാനെയും, മുസല്‍മാന്‍ നായരെയും നമ്പൂതിരിയെയും ഈഴവനെയും വിവാഹം ചെയ്യണം.” അങ്ങനെ ‘പ്രേമലേഖനം’ ഒരു സാമൂഹിക വിമോചനത്തിനുവേണ്ട ആലേഖനം ചെയ്യപ്പെട്ട രേഖയായി മാറുകയാണുണ്ടായത്. പ്രണയത്തെ നിരവധി എഴുത്തുകാര്‍ കഥയാക്കിയിട്ടുണ്ട്. എന്നാല്‍, ബഷീര്‍ പ്രേമത്തെ സാമൂഹിക പാഠമാക്കി മാറ്റുകയാണ്. എല്ലാ പ്രണയങ്ങളിലുമെന്നപോലെ ഉദ്വേഗങ്ങളും വേവലാതികളും ആമോദങ്ങളും ബഷീര്‍ കഥകളിലുമുണ്ട്. അതിനാല്‍, അവ വായനക്കാര്‍ക്ക് പ്രിയപ്പെട്ടതായി മാറി. അതേസമയം മറ്റു കഥകള്‍ ബോധനപരമായ ആഹ്വാനം നടത്തിയതായി കാണാറില്ല. ‘വിവാഹം ചെയ്യണം’ എന്ന് സംശയമില്ലാതെ പ്രസ്താവിക്കുകയാണ്. ഈഴവനെയും എന്നതിനുശേഷം കുത്ത് കുത്ത് ചേര്‍ത്തത് എല്ലാ മനുഷ്യരെയും ഇതില്‍ ഉള്‍ക്കൊള്ളിക്കുന്നതിനാണ്.
അതിരുകള്‍ ഉണ്ടാവരുത്
‘ഒരു മനുഷ്യന്‍’ എന്ന വളരെ ചെറിയ കഥ മുതല്‍ മനുഷ്യര്‍ ഒന്നാണെന്നും അവര്‍ക്കിടയില്‍ അതിരുകള്‍ ഉണ്ടാവരുതെന്നും ബഷീര്‍ ആഹ്വാനം ചെയ്യുകയാണ്. നമ്മുടെ പതിവ് ധാരണകളെയും ബോധ്യങ്ങളെയും അപനിര്‍മിക്കാതെ പുതിയ ലോകം സങ്കൽപിക്കാനോ സ്വപ്നം കാണാനോ കഴിയില്ല. ഇന്ത്യയില്‍ സനാതനധർമികള്‍ പ്രണയവിരുദ്ധ രാഷ്ട്രീയം ശക്തിപ്പെടുത്തുമ്പോളും അസർബൈജാനില്‍നിന്നും പരിചയപ്പെട്ട സഹ്ര എന്ന പെണ്‍കുട്ടി ഇന്ത്യക്കാരനായ യുവാവുമായുള്ള അവളുടെ പ്രണയത്തെക്കുറിച്ചാണ് ഞങ്ങളോട് പറഞ്ഞത്. അതിരുകളില്ലാത്ത പുതിയ ലോകം ഒരു വശത്തും സങ്കുചിത ദേശീയതയും മതാത്മക ശാഠ്യങ്ങളും മറുവശത്തുമായി വെറുപ്പ് പടര്‍ത്തുമ്പോള്‍ മറുവശത്ത് പ്രണയച്ചിറകില്‍ യുവഹൃദയങ്ങള്‍ അതിരുകളില്ലാത്ത ആകാശം എങ്ങും പണിയുകയാണ്. തടവറക്കുള്ളില്‍ പോലും പൂന്തോട്ടം പണിയുന്ന നന്മ മനസ്സിന്‍റെ പേരുകൂടിയാണ് വൈക്കം മുഹമ്മദ് ബഷീര്‍.
രണ്ട് കാരണങ്ങളാല്‍ ബഷീര്‍ ഇന്നും വ്യാപകമായി വായിക്കപ്പെടുന്നു. ഒന്നാമതായി, മനുഷ്യരുടെ നന്മയില്‍ ഊന്നിക്കൊണ്ട് ഒരു ദാര്‍ശനിക പരിസരം രചനകളില്‍ നിലീനമാണ്. കള്ളനെ മനുഷ്യനാക്കുന്ന വിദ്യ വായനക്കാരെ ഷെനെയേക്കാള്‍ മുമ്പ് പഠിപ്പിച്ചത് ബഷീറായിരുന്നു. ആ കള്ളന്‍ എങ്ങനെ കള്ളനായി എന്ന ചോദ്യം നമ്മെക്കൊണ്ട് ചോദിപ്പിക്കുകയാണ് ബഷീര്‍ ചെയ്തത്. ചോദ്യങ്ങള്‍ ചോദിപ്പിക്കാന്‍ രചനകള്‍ക്ക് കഴിയുമ്പോളാണ് അവ ബോധനപരമാവുകയെന്ന്‍ ബ്രെഹ്ത് നിരീക്ഷിച്ചിട്ടുണ്ട്. വലിയ കള്ളന്മാര്‍ മാന്യന്മാരായി മനുഷ്യര്‍ക്കും ദൈവങ്ങള്‍ക്കും കാവല്‍ നില്‍ക്കുന്ന ലോകത്ത് നമ്മള്‍ യഥാർഥ മനുഷ്യരെ കാണാതെ പോകുന്നു. മനുഷ്യര്‍ എന്നും കബളിപ്പിക്കപ്പെടുന്നതെന്തുകൊണ്ട് എന്ന ചോദ്യവും ബഷീര്‍ ചോദിക്കുന്നു. ബഷീറിന്‍റെ ശബ്ദങ്ങളും പാത്തുമ്മായുടെ ആടും സാഹിത്യമല്ലെന്നു ഒരു വിഭാഗം വരേണ്യരായ ശ്രേഷ്ഠനിരൂപകര്‍ വിധി കൽപിച്ച കേരളത്തില്‍ ഇന്നും ആ കൃതികള്‍ വ്യാപകമായി വായിക്കപ്പെടുന്നു. കാരണം അവ പ്രക്ഷേപിച്ച പ്രമേയവും പരിസരവും ഇന്നും പ്രസക്തമായി തുടരുന്നു. ബഷീറിന്‍റെ രചനകള്‍ വായിക്കപ്പെടുന്നതിന്‍റെ മറ്റൊരു കാരണം അവ മൗലികഭാവം ഉള്‍ക്കൊള്ളുന്ന വേറിട്ട ഭാഷയില്‍ ആവിഷ്കരിക്കപ്പെട്ടു എന്നതാണ്. തീര്‍ച്ചയായും ഇനിയും ദീര്‍ഘകാലം ബഷീര്‍ വായനക്കാരുടെ ഹൃദയങ്ങളില്‍ ജീവിച്ചുകൊണ്ടിരിക്കും.
തയാറാക്കിയത്: അനൂപ് അനന്തൻ


