സംവാദങ്ങൾ ഇടപെടലുകളാകുമ്പോൾ
text_fieldsപ്രബുദ്ധരെന്ന് സ്വയം ധരിക്കുകയും പലപ്പോഴും ആ മുഖപടം അഴിഞ്ഞുവീഴുകയും ചെയ്യുന്ന സമൂഹത്തിലാണ് നമ്മുടെ ജീവിതം. ഒരാൾ, ഒരു കുടുംബം, ഒരു നാട്, ഒരു സമൂഹം, എല്ലായിടത്തുമുണ്ട് കപടബോധങ്ങളുടെ മുഖംമൂടികൾ. ആ മുഖംമൂടികൾ അഴിഞ്ഞുവീഴണമെങ്കിൽ നമ്മുടെ സാംസ്കാരികബോധം നവീകരിക്കുകയല്ലാതെ മറ്റു വഴികളില്ല. അതിനെന്തു ചെയ്യണം? നിലപാടുകൾ വേണം, തർക്കിക്കണം, രാഷ്ട്രീയ ബോധമുണ്ടാകണം. അതുമാത്രം മതിയോ? മറ്റുള്ളവരെ, അവരുടെ ആശയത്തെ, അവരുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കാനും ബഹുമാനിക്കാനുമുള്ള ബോധവും ബോധ്യവുമുണ്ടാകണം. നമ്മുടെ സാംസ്കാരികബോധങ്ങളെ നിരന്തരം നവീകരിക്കാനുതകുന്ന ഇടപെടലുകളാണ് കെ.ഇ.എൻ ഓരോ വാക്കിലും എഴുത്തിലും നടത്തുന്നത്. സംവാദങ്ങളിലൂടെ സാംസ്കാരിക രംഗത്തെ നവീകരിക്കാനുള്ള ഉദ്യമം ഏറ്റെടുത്ത് നിരന്തരം മുന്നേറുന്നയാളാണ് കെ.ഇ.എൻ. അദ്ദേഹത്തിന്റെ ‘സംവാദങ്ങളുടെ ആൽബം’ എന്ന പുസ്തകം നിലപാടുകളുടെയും സാംസ്കാരിക വിമർശനങ്ങളുടെയും ഉള്ളടക്കംകൊണ്ട് ചർച്ചയാവുകയാണ്. വൈവിധ്യമാർന്ന നാൽപതോളം വിഷയങ്ങളുടെ വിവിധ തലങ്ങളിലുള്ള നിരീക്ഷണങ്ങളും വിശകലനങ്ങളും വിമർശനങ്ങളുമാണ് ഈ പുസ്തകത്തിന്റെ അകക്കാമ്പ്. കേരളീയ പൊതുമണ്ഡലം ഏറെ ആവശ്യപ്പെടുന്നുണ്ട് ഈ പുസ്തകം.
‘കറുപ്പിന്റെ സൗന്ദര്യ ശാസ്ത്ര’ത്തിലൂടെയാണ് സംവാദങ്ങളുടെ ആൽബം തുടങ്ങുന്നത്. പഴംചൊല്ലുകളെന്ന പേരിൽ നമുക്കിടയിൽ കടന്നുകൂടിയ നിറത്തിന്റെയും ജാതിയുടെയും മേൽക്കോയ്മകളുടെയുമെല്ലാം യാഥാർഥ്യങ്ങളെ വലിച്ചു പുറത്തിടുകയാണ് കെ.ഇ.എൻ ഈ ലേഖനത്തിലൂടെ. ഏറെ പ്രസക്തമായ ചില പ്രയോഗങ്ങളും ലേഖകൻ ഇതിലൂടെ നടത്തുന്നുണ്ട്; ‘കാക്ക കുളിച്ചാൽ കൊക്കാകുമോ എന്ന ചൊല്ല് കാക്ക എന്തുചെയ്താലും കൊക്കാകില്ല എന്ന അസന്ദിഗ്ധമായ ഉത്തരത്തിലാണ് അവസാനിക്കുന്നത്. ചൊല്ലിലെ ക്രമം തെറ്റിച്ച് കൊക്ക് കുളിച്ചാൽ കാക്കയാകുമോ എന്ന് ചോദിക്കാനാവാത്തവിധം ഭാരതീയ സാമൂഹിക പരിസരം അടഞ്ഞുകിടക്കുന്നു.’ ഏറെ ചിന്തിക്കാനുള്ള ഈ പ്രസ്താവനയിൽ. ജാതിവ്യവസ്ഥയുടെയും നിറത്തിന്റെയും അത്രമേൽ ദുഷിച്ച പ്രയോഗങ്ങളാണ് നമ്മൾ ഏറ്റുപാടിക്കൊണ്ടേയിരിക്കുന്നതെന്ന തിരിച്ചറിവു വരുമ്പോൾ ലജ്ജിച്ചു തലതാഴ്ത്തേണ്ടിവരും ഓരോരുത്തരും.
രാഷ്ര്ടീയ വിമർശനങ്ങളും സാഹിത്യ നിരൂപണങ്ങളും അനുഭവങ്ങളുമെല്ലാം ഈ ആൽബത്തിനെ കൂടുതൽ നിറമുള്ളതാക്കുന്നുണ്ട്. സാഹിത്യലോകത്തെ അറിയാക്കഥകൾ നിരവധി കെ.ഇ.എൻ പങ്കുവെക്കുന്നുണ്ട്. ‘കാവ്യാത്മകമാവുന്ന മാനവികത’യും ചിന്താവിഷ്ടയായ സീതയുടെ പുനർവായനയും ‘ചെമ്മീനി’ലെ ചുഴികളും ചന്ദ്രന്റെ ചിരിയും എല്ലാം കടന്ന് സംവാദങ്ങളുടെ ആൽബം ചെന്നെത്തുന്നത് ഫലസ്തീന്റെ ഇടനെഞ്ചിലാണ്. ‘ഫലസ്തീൻ: ഒഴുകുന്നത് ആരുടെ രക്തം’ എന്ന ലേഖനം ഉയർത്തുന്നത് ലോകത്തോടുള്ള നിരവധി ചോദ്യങ്ങളാണ്. ഉത്തരങ്ങൾ കിട്ടുമെന്നോർത്തിട്ടല്ല ആ ചോദ്യങ്ങൾ. ഏതെങ്കിലും ഒരു മനഃസാക്ഷിക്കെങ്കിലും ആ ചോദ്യം ആവർത്തിച്ചു ചോദിക്കാനായാൽ ആ ചോദ്യത്തിലാണ് അതിന്റെ വിജയം. ഖലീൽ ജിബ്രാന്റെ ‘ഒടിഞ്ഞ ചിറകുകളിൽ’ നിന്നു തുടങ്ങി ഒരിക്കലും നിലാവുദിക്കാത്ത നിരാശയുടെ തുരങ്കത്തിൽ ജീവിക്കുമ്പോഴും ഒരു ജനതക്ക് നക്ഷത്രക്കുഞ്ഞുങ്ങളുടെ ചിരികാണാൻ കഴിയും എന്നുപറഞ്ഞ കെ.ഇ.എൻ നടന്നുനീങ്ങുന്നു.
നിരന്തരം നവീകരണം ആവശ്യപ്പെടുന്ന സമൂഹത്തിന് ഏറെ വേണ്ടത് ശരിക്കും തെറ്റിനും അപ്പുറം വ്യക്തമായ ചിന്തയിലൂടെയും വിശകലനങ്ങളിലൂടെയും രാഷ്ട്രീയബോധ്യങ്ങളിലൂടെയും സഞ്ചരിക്കാനുള്ള വിശാല മനസ്സാണ്. അത് രൂപപ്പെടുത്തിയെടുക്കാൻ ഇത്തരം സംവാദങ്ങളും ചിന്തകളും നിലപാടുകളും കൂടിയേതീരൂ. അതിലേക്കുള്ള വഴി വിശാലമാക്കുകയാണ് സംവാദങ്ങളുടെ ആൽബത്തിലൂടെ കെ.ഇ.എൻ.
.