ഭൗതിക സാമഗ്രികള്‍കൊണ്ട് അഭൗതിക ലോകത്തെ അളക്കുമ്പോള്‍
text_fieldsനടന്നുപോകുന്ന നിഴൽ (ഡോ. അക്ബർ സാദിഖ്)
ശാസ്ത്ര-മത കലഹത്തെ സംബോധന ചെയ്യുകയും അതിനുള്ള ശമനം തിരയുകയുമാണ് ഡോ. അക്ബര്‍ സാദിഖിന്റെ ‘നടന്നുപോകുന്ന നിഴല്‍’ എന്ന പുസ്തകം. കാലത്തിന്റെ അനാദിയില്നിന്നാണ് അദ്ദേഹം തന്റെ സംവാദമാരംഭിക്കുന്നത്. ശാസ്ത്രമിന്ന് വളരെ പുരോഗമിച്ച കാലമാണ്.
എഴുത്തുകാരനോ ഒരു ഭിഷഗ്വരനും. അപ്പോള്‍ മനുഷ്യജന്മത്തിന്റെ ആദിപ്രഭവകേന്ദ്രവും തേടിയുള്ള അദ്ദേഹത്തിന്റെ തീർഥയാത്ര സൂക്ഷ്മമവും സമഗ്രവുമായിരിക്കും. അതാണ് ഈ പുസ്തകത്തിന്റെ ആദിപർവം സംസാരിക്കുന്നത്. സാമാന്യ വായനക്കാര്‍ക്ക് ഈ ഭാഗം അത്ര ക്ഷമത നല്‍കിയെന്ന് വരില്ല. പക്ഷേ, ഈ ഡീകോഡിങ്ങിലൂടെ മാത്രമേ എഴുത്തുകാരന് സൃഷ്ടിവാദത്തോടുള്ള തന്റെ സത്യപക്ഷത്തെ ഉറപ്പിച്ചെടുക്കാന്‍ പറ്റൂ. അതില്‍ അയാള്‍ വിജയിക്കുന്നുണ്ട്.
ഒരു ചോദ്യം എഴുത്തുകാരൻ ഉന്നയിക്കുന്നു. ഇനിയും ശാസ്ത്രവാദികള്‍ പറയുന്നോ മനുഷ്യന് കേവലം പരിണാമ പ്രക്രിയയിലൂടെ വെളിപ്പെടുകയും ഇതര ജന്തു സമാജങ്ങളെപ്പോലെ നിഷ്കളങ്കമായി ഈ ഭൂമി വിട്ടുപോകുകയും ചെയ്യുന്ന ഒരു നിര്ദോഷജന്മം മാത്രമാണോ എന്നാണ് ആ ചോദ്യം. മനുഷ്യന്റെ വ്യക്തിജീവിതം, സമൂഹം, കുടുംബം, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍, നാഗരിക യജ്ഞങ്ങള്‍, പരിസ്ഥിതി, ദേശീയതയും രാഷ്ട്ര സങ്കൽപനങ്ങളും, നീതി, ഭരണം, അതിന്റെ ആധാര പ്രമാണങ്ങളും ഉപാദാനങ്ങളും, പ്രപഞ്ചം, മരണം, ദൈവം, വേദം, പ്രവാചകന് തുടങ്ങി നിരവധിയാണ് ഈ ആലോചനാ ലോകം. ഈ ലോക പഠനങ്ങൾക്കുളള ശ്രമങ്ങളാണ് ഏറക്കുറെ പുസ്തകത്തിന്റെ ശിഷ്ട ഭാഗം.
സ്രഷ്ടാവിനെ കണ്ടെത്താന്‍ സൃഷ്ടികളെ കണ്ടാല്‍ മതിയെന്ന ലളിതയുക്തിയില്‍ അഭിരമിക്കാതെ സൃഷ്ടി ജീവിതത്തിലെ സൂക്ഷ്മ സ്ഥലികളിലേക്ക് ശാസ്ത്ര യാത്ര പോകാനാണ് പിന്നീട് എഴുത്തുകാരന് ശ്രമിക്കുന്നത്. നിരവധി ശാസ്ത്രജ്ഞരെയും അവരുടെ നാനാതരം സിദ്ധാന്തങ്ങളെയും ഇതിനായി എഴുത്തുകാരന് നമ്മുടെ മുന്നില്‍ നിര്‍ത്തുന്നു.
മനസ്സിന്റെ ഘടന, സ്വന്തത്തെയും അപരത്വത്തെയും പ്രതിയുള്ള മനസ്സിന്റെ സങ്കൽപനങ്ങള്, സാമൂഹികമായ തിരിച്ചറിവ്, മുന്‍വിധികള്‍, മനോഭാവം, അനുതാപം, അനുകമ്പ, സ്നേഹവും പ്രണയവും, നിസ്സംഗതയും സൗഹൃദവും സമര്‍പ്പണവും, പ്രതീക്ഷയും വിഷാദവും കുടുംബവും അയല്‍ക്കാരും, ഭാര്യാമക്കള്‍, താതതായ് ബന്ധങ്ങള്‍ തുടങ്ങി മറ്റു ജീവജാലങ്ങളില്‍നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്ന സർവ മനോതലങ്ങളെയും എഴുത്തുകാരന് തന്റെ ആലോചനയില്‍ സമഗ്രമായിത്തന്നെ കൊണ്ടുവരുന്നുണ്ട്.
മതവും രാഷ്ട്രസങ്കേതങ്ങളും പുസ്തകത്തിലെ പ്രധാന ആലോചനാ മണ്ഡലമാണ്. ഈ ആലോചനയില്‍ പക്ഷേ എഴുത്തുകാരന് ഒരു സമ്പൂർത്തിയിലെത്തിക്കാൻ പറ്റാത്തപോലെ തോന്നി. സൃഷ്ടിവാദത്തെ സ്ഥാപിച്ചെടുക്കാനാണ് ഗ്രന്ഥകാരന് പുസ്തകത്തിലുടനീളം ഉത്സാഹിച്ചധ്വാനിക്കുന്നത്.
എന്നാല്‍, ദേശവും രാഷ്ട്രസ്വരൂപവും അതിന്റെ ആധാരവും സംവാദത്തിനെടുക്കുമ്പോള് താന്‍തന്നെ സ്ഥാപിച്ച സൃഷ്ടിവാദത്തെ ധീരതയില്‍ മുന്നോട്ടു കൊണ്ടുപോകാനോ ആ സംവാദമണ്ഡലത്തെ മതകാഴ്ചപ്പാടിന്റെ വിമലതാ സൂക്ഷ്മതയിലേക്ക് കൂര്പ്പിച്ചെടുക്കാനോ എഴുത്തുകാരന് കൃത്യതയിൽ സാധിക്കുന്നില്ലേ എന്നൊരു ഖേദം.
.