എഴുത്തും വായനയും പരിഭാഷയും മാറ്റിനിര്‍ത്തപ്പെട്ട ബഷീറും
text_fieldsപത്രപ്രവര്‍ത്തകനും സഞ്ചാരിയും എഴുത്തുകാരനുമായ വി. മുസഫര്‍ അഹമ്മദിന്റെ പുതിയ പുസ്തകം ‘ബഷീറും എം.ടിയും പാമുക്കും മലബാറിലെ പന്തയക്കുതിരകളും’ എഴുത്തിന്റെയും വായനയുടെയും പരിഭാഷയുടെയും വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്ന കൃതിയാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരായ വൈക്കം മുഹമ്മദ് ബഷീര്‍, എം.ടി. വാസുദേവന്‍ നായര്‍ എന്നിവരുടെ കൃതികള്‍ പ്രത്യേകമായ വീക്ഷണത്തിലൂടെ പുനര്‍വായന നടത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. സാമൂഹികവും സാംസ്കാരികവുമായ ചിന്തകളുടെയും നിരീക്ഷണങ്ങളുടെയും സാന്നിധ്യംകൊണ്ട് സമ്പന്നമാണ് 16 ലേഖനങ്ങള്‍ അടങ്ങിയ ഈ സമാഹാരം.
പിറുപിറുപ്പ് എന്ന പ്രയോഗം എം.ടിയുടെ കൃതികളില്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്ന അന്വേഷണം ‘എം.ടിയുടെ പിറുപിറുക്കുന്ന വീടുകളും കോവിഡ്കാല മണങ്ങളും’ എന്ന ആദ്യ ലേഖനത്തില്‍ കാണാം. പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും അടയാളമാകാം പിറുപിറുക്കല്‍. എം.ടിയുടെ ‘ഇരുട്ടിന്റെ ആത്മാവ്’ എന്ന കഥയിലെ വേലായുധന്റെ പിറുപിറുക്കല്‍ അവനെ ബന്ധിച്ച ചങ്ങലയുടെ കിലുക്കംപോലെ നമുക്ക് അനുഭവവേദ്യമാകുന്നു. എം.ടിയുടെ ‘നിന്റെ ഓർമക്ക്’ എന്ന കഥയിലും പിറുപിറുപ്പ് കടന്നുവരുന്നുണ്ട്.
കേരളത്തിലെ കുടുംബങ്ങളില്‍ ഇപ്പറഞ്ഞ മനുഷ്യസ്വഭാവം പ്രതിഫലിക്കുന്നതിന്റെ ആര്‍ക്കൈവ് ആയി എം.ടിയുടെ രചനകളെ കാണാം എന്നാണ് മുസഫര്‍ അഹമ്മദ് പറഞ്ഞുവെക്കുന്നത്. എം.ടിയുടെ രചനാലോകത്തേക്കുള്ള താക്കോല്‍വാക്കായി ഈ പിറുപിറുപ്പ് മാറുകയാണ്.
വീട് ആളുകള്‍ക്ക് താമസിക്കാനുള്ള ഇടം മാത്രമല്ല, അതൊരു ചിന്താരീതിയാണെന്ന് എം.ടി പറഞ്ഞിട്ടുണ്ട്. നാലുകെട്ട് പൊളിച്ചുമാറ്റി പകരം കാറ്റും വെളിച്ചവും കടക്കുന്ന പുതിയ വീട് നിര്‍മിക്കുന്നതാണല്ലോ എം.ടിയുടെ ‘നാലുകെട്ടി’ലെ കഥ. എം.ടിയുടെ എഴുത്തിലും പ്രസംഗത്തിലും വായന കടന്നുവരും. വായന എങ്ങനെ രോഗത്തിനുള്ള ഔഷധമായി മാറുന്നു എന്ന വിഷയവും ചര്‍ച്ചയാവുന്നു.
എം.ടി നാലുകെട്ടിനകത്തെ ജീവിതം പറഞ്ഞപ്പോള്‍, നാലുകെട്ടിന്റെ പാര്‍ശ്വങ്ങളില്‍ കഴിഞ്ഞ അധഃസ്ഥിതരുടെ ജീവിതം പറഞ്ഞ ടി.കെ.സി. വടുതലയുടെ കഥകളും ചര്‍ച്ചചെയ്യുന്നുണ്ട്. ‘പ്രവാസരേഖയായി മാറിയ ഷെര്‍ലക്കിന്റെ നഖങ്ങള്‍’ എന്ന ലേഖനത്തില്‍ ഇതു കാണാം. ശങ്കരന് എന്ന ക്ഷുരകന്റെ ജീവിതമാണ് ‘നിനക്കതുമതി’ എന്ന കഥയില്‍ പരാമര്‍ശിക്കുന്നത്. എം.ടിയുടെ നാലുകെട്ട് ചര്‍ച്ച ചെയ്യുമ്പോള്‍ ടി.കെ.സി. വടുതലയുടെ ഇതുപോലുള്ള കഥകള്‍ കൂടി ചര്‍ച്ച ചെയ്യണമെന്നാണ് ലേഖകന്‍ പറയുന്നത്. എന്നാല്‍ മാത്രമേ സാഹിത്യചരിത്രപഠനം പൂര്‍ത്തിയാവുകയുള്ളൂ.
പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ‘ഷെര്‍ലക്ക്’ എന്ന കഥയില്‍ എം.ടി അവതരിപ്പിക്കുന്നതും ഈ ലേഖനത്തില്‍ നിരീക്ഷിക്കുന്നുണ്ട്. ‘ഷെര്‍ലക്ക്’ എന്ന പൂച്ചയുടെ നഖങ്ങള്‍ പ്രവാസിക്കു (പുറംവാസി എന്നാണ് മുസഫര്‍ അഹമ്മദ് പ്രയോഗിക്കുന്നത്) നേരെ തിരിയുന്ന ഭീഷണിയും അവഗണനയും പരിഹാസവും എല്ലാമാണ്.
ലോകസാഹിത്യത്തില്‍ അടയാളപ്പെടുത്തേണ്ട ബഷീര്‍ പിന്നിലായിപ്പോയതെന്തുകൊണ്ട് എന്ന വിഷയവും പുസ്തകം ചര്‍ച്ചചെയ്യുന്നുണ്ട്. പരിഭാഷയുടെ പോരായ്മയാണ് അതിന് കാരണമായി കണ്ടെത്തുന്നത്. ബഷീറിന്റെ ‘ബാല്യകാലസഖി’, ‘ന്റ്പ്പൂപ്പാക്കൊരാനേണ്ടാര്ന്ന്’, ‘പാത്തുമ്മയുടെ ആട്’ തുടങ്ങിയ കൃതികള്‍ ലോകഭാഷകളില്‍ എത്തിയിട്ടുണ്ട്. എന്നാല്‍, അത് വേണ്ടവിധത്തില്‍ പരിഗണിക്കപ്പെട്ടുവോ എന്നതാണ് പ്രശ്നം. ബഷീറിനെ പരിഭാഷയിലൂടെ വായിച്ചവര്‍ക്കെല്ലാം ഇഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, പരിഭാഷ കുറ്റമറ്റതായില്ല എന്ന പരിമിതി പലരും ഉന്നയിച്ചിട്ടുണ്ട്. ‘ശബ്ദങ്ങള്‍’ എന്ന കൃതി വി. അബ്ദുല്ല ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയപ്പോള്‍ വേണ്ടത്ര നന്നായില്ല എന്ന പരാതി ഉയര്‍ന്നിരുന്നു. കന്നട എഴുത്തുകാരനായ വിവേക് ശാന്‍ഭാഗ് ബഷീര്‍ കൃതികളുടെ ഇംഗ്ലീഷിലുള്ള മോശം പരിഭാഷ വായിച്ചതിന്റെ ചവര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏതായാലും ബഷീറിന്റെ പൊട്ടന്‍ഷ്യാലിറ്റി പുറത്തുള്ളവരെ അറിയിക്കാന്‍ ‘മതിലുകള്‍’, ‘ശബ്ദങ്ങള്‍’ ഉള്‍പ്പെടെയുള്ള കൃതികളുടെ മെച്ചപ്പെട്ട പരിഭാഷ എസന്‍ഷ്യല്‍ ബഷീര്‍ എന്ന നിലയില്‍ വരണമെന്നാണ് ലേഖകന്‍ പറയുന്നത്.
ബഷീറിന്റെ ‘ടൈഗര്‍’, ‘ഒരു ജയില്‍പുള്ളിയുടെ ചിത്രം’ എന്നീ കഥകള്‍ ഭരണകൂട ഭീകരതയുടെ നിദര്‍ശനങ്ങളാണ്. ഇതും കൂടുതല്‍ പഠനാര്‍ഹമാണ്. സ്വയം അനുകരിക്കാതിരിക്കാന്‍ തീവ്രശ്രമം നടത്തുന്ന കവി ആറ്റൂര്‍ രവിവർമയുടെ വ്യത്യസ്തമായ കാവ്യവ്യക്തിത്വം നിരീക്ഷിക്കുന്ന ‘കാടാണ് കവിത, തോട്ടമല്ല’ എന്ന ലേഖനവും ചിന്താബന്ധുരമാണ്. സ്വയം അനുകരിക്കാതിരിക്കാന്‍ കവിതയെഴുത്തിന് ഇടവേള നല്കി വിവര്‍ത്തനത്തിലേക്ക് പോകുന്ന ആറ്റൂരിനെ ഇവിടെ കാണാം.
മേഘരൂപനും മൊട്ടയും മറ്റും പരാമര്‍ശിക്കപ്പെടുന്നു. എഴുത്തച്ഛന് പുരസ്കാരം നല്കാന് മന്ത്രിയും പരിവാരങ്ങളും എത്തിയപ്പോള്‍ ഉണ്ടായ ബ്ലോക്ക് കാരണം അയല്ക്കാര്ക്ക് ഉണ്ടായ നീരസം പുരസ്കാരത്തേക്കാള്‍ ഗൗരവമായി കാണുന്ന ആറ്റൂരിന്റെ നിലപാടും പരാമര്‍ശിക്കപ്പെടുന്നു. പുരോഗമന സാഹിത്യ സംഘത്തില്‍ നിന്നൊക്കെ നേരത്തേ വിടുതല്‍ നേടിയ കവിയുടെ ഏകാന്ത ജാഗ്രതയും മുസഫര്‍ അഹമ്മദ് കാണുന്നുണ്ട്. ‘നാട്ടില്‍ പാര്‍ക്കാത്ത ഇന്ത്യക്കാരന്’, ‘പാണ്ടി’, ‘നഗരത്തില്‍ ഒരു യക്ഷന്’ എന്നീ കവിതകള്‍ ലേഖകന്‍ പരിശോധിക്കുന്നു. വൈലോപ്പിള്ളിയുടെ സ്കൂളില്‍ പെട്ടുപോകാതിരിക്കാന്‍ വെമ്പല്‍കൊള്ളുന്ന ആറ്റൂരിനെയും ഇവിടെ കാണാം.
മലബാറിലെ സമരപോരാളികളെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ അടച്ച ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ക്രൂരതയും തുടര്‍ന്നുള്ള ലേഖനത്തില്‍ പറയുന്നുണ്ട്. അറബ് പ്രണയകവിതകള്‍ പരിശോധിക്കുന്ന ‘അവളുടെ ഉമിനീരിന് വീഞ്ഞിന്റെ ഗന്ധവും തേനിന്റെ മധുരവും’ എന്ന ലേഖനം പ്രണയ രക്തസാക്ഷിത്വമാണ് വിശദീകരിക്കുന്നത്. എപ്പോഴും യാത്രക്ക് അഥവാ പലായനത്തിന് തയാറായി നില്ക്കുന്ന ഫലസ്തീനികളുടെ ദുരിതജീവിതം അനാവരണം ചെയ്യുന്ന ലേഖനവും ഈ പുസ്തകത്തിലുണ്ട്. സല്മാന് റുഷ്ദിയുടെ ഭീഷണികളുടെ മുള്‍മുനയില്‍ കഴിയുന്ന ‘നിര്‍ഭയജീവിതം’ അവസാന ലേഖനത്തില്‍ പറയുന്നു.
ലോകസാഹിത്യത്തില്‍ അറിയപ്പെടുന്ന നിരവധി കൃതികളും എഴുത്തുകാരുമൊക്കെ 182 പേജുള്ള ഈ പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. അസ്വസ്ഥപ്പെടുത്തുകയും ആകാംക്ഷയും അനുഭൂതിയും ഉളവാക്കുകയും ചെയ്യുന്നതാണ് ഇതിന്റെ വായന.