ഒരു വായനക്കാരന്റെ മരണം
text_fieldsകടുത്ത വേനലിന്റെ ചൂടിൽനിന്ന് രക്ഷപ്പെടാൻ തനിക്ക് താങ്ങാവുന്നതിലധികം വലുപ്പമുള്ള കുട അയാൾ ചൂടിയിരുന്നു. ആ വൃദ്ധൻ കിതക്കുന്നുണ്ടായിരുന്നു. അറ്റം വളഞ്ഞ ഒരു വടി അയാൾ മറു കൈകൊണ്ട് നിലത്തൂന്നിയിരുന്നു. വേച്ച് വേച്ചാണ് അയാൾ നടന്നിരുന്നത്. സുരേഷ് മാഷ് ബുക്ക് സ്റ്റാളിൽ എത്തുമ്പോൾ കടക്കാരൻ മുഖം പൂഴ്ത്തി മൊബൈലിൽ കണ്ണോടിച്ചുകൊണ്ടിരിക്കുകയായിരുന്നു. സുരേഷ് മാഷ് പല പ്രാവശ്യം കുരച്ചു ശബ്ദമുണ്ടാക്കി. കടക്കാരൻ ഒന്നും അറിയാത്തപോലെ തന്റെ മൊബൈലിൽ വിരൽകൊണ്ട് തോണ്ടി ഒന്നിൽനിന്നും മറ്റൊന്നിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.
‘ഹെ ഗുഡ് മോണിങ്’ മാഷ് ഉച്ചത്തിൽ പറഞ്ഞു. സുരേഷ് മാഷിന് മൊബൈൽ എന്ന ഉപകരണത്തോട് തന്നെ അലർജിയാണ്. ശാസ്ത്രത്തിന്റെ വലിയ പുരോഗതി തന്നെ മൊബൈലും എന്ന് മാഷിനും അഭിപ്രായമുണ്ട്. ആറ്റംബോംബ് കണ്ടുപിടിച്ചതുപോലെ മനുഷ്യൻ കണ്ടുപിടിച്ച അബദ്ധങ്ങളിൽ ഒന്നാണ് മൊബൈലും. മൊബൈൽ, വായനയുടെ ശത്രുവാണ് എന്നാണ് സുരേഷ് മാഷിന്റെ അഭിപ്രായം.
‘ഹാ മാഷോ, ഇരിക്കി’
കടക്കാരൻ മാഷിന് കസേര നീക്കിവെച്ചുകൊടുത്തു. മാഷ് ഇരിക്കാനല്ല വന്നതെന്ന് അയാൾക്കറിയാം. എല്ലാ മാസവും പെൻഷൻ കിട്ടിയാൽ മാഷ് ബുക്ക്സ്റ്റാൾ സന്ദർശിക്കും. അയാളുടെ ശമ്പളത്തിന്റെ വലിയൊരു ഭാഗം ബുക്ക് വാങ്ങാനാണ് അയാൾ നീക്കിവെക്കുന്നത്. അയാളുടെ പുസ്തക പ്രേമംകാരണം ഭാര്യക്കും കുട്ടികൾക്കും അയാളോട് വിരോധമാണ്. വീട്ടിലെ ഏകദേശം എല്ലാ റൂമുകളും ബുക്കുകൾ കൊണ്ട് നിറഞ്ഞുകഴിഞ്ഞു. ‘എന്തു ചെയ്യാം, സഹിക്കുക തന്നെ’ എന്നാണ് ഭാര്യ അവരുടെ കൂട്ടുകാരോട് പറയാറ്.
മുമ്പ് സുരേഷ് മാഷ് കടയിലേക്ക് വന്നാൽ വലിയ സ്വീകരണമായിരുന്നു. ഒരു രണ്ടായിരം രൂപയുടെ ബുക്കുകൾ മാഷിനെക്കൊണ്ട് അയാൾ വാങ്ങിപ്പിക്കും.ലോക ക്ലാസിക്കുകൾ മാഷിനുവേണ്ടി അയാൾ വാങ്ങിവെക്കും. ഇന്ന് മാഷിന്റെ സന്ദർശനം ശല്യമായാണ് കടക്കാരന് തോന്നുന്നത്. മാഷ് ബുക്ക് സ്റ്റാളിന്റെ ചുറ്റുമുള്ള ഷെൽഫിലേക്ക് നോക്കി. എല്ലാം കാലിയായിരിക്കുന്നു. ഒഴിഞ്ഞ ഷെൽഫുകൾ.
‘മാേഷ, വായനക്കാർ കുറഞ്ഞിരിക്കുന്നു. പഴയ വായനക്കാർ പലരും ഈ രംഗം വിട്ടു. കൂടുതൽ പേരും മരണപ്പെട്ടു. അതിനാൽ പുതിയ ബുക്കുകൾ ചെലവാകുന്നില്ല. എല്ലാ പ്രസാധകരും പുതിയ ബുക്കുകളിറക്കാൻ മടിക്കുന്നു. പുതിയ എഡിഷനുകൾ ഇറക്കുന്നില്ല.’ ബുക്ക് സ്റ്റാൾ നടത്തുന്ന ഗോപാലൻ അദ്ദേഹത്തോട് ഇടക്കിടെ പറയും.
‘എടോ ഗോപാലാ, നീ വായന ബിസിനസാക്കി നടത്തുന്നവനാണ്. വായനയെ കൊല്ലരുത്.’
വായനയെ വിൽപനച്ചരക്കാക്കുന്ന ഇത്തരം ആളുകളാണ് വായനയെ കൊല്ലുന്നതെന്നാണ് മാഷിന്റെ അഭിപ്രായം. ആരെന്ത് പറഞ്ഞാലും മാഷിന് വായനയില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയില്ല.
‘വായിച്ചുകൊണ്ടിരിക്കണം. അതൊരു ലോകം കീഴടക്കുന്ന സംതൃപ്തി മനുഷ്യന് നൽകും’-മാഷ് പറയും.
കടക്കാരൻ വീണ്ടും തന്റെ മൊബൈലിലേക്ക് മുഖം പൂഴ്ത്തി. സുരേഷ് മാഷ് ഷെൽഫ് മുഴുവൻ പരതാൻ തുടങ്ങി. അയാൾ ഷെൽഫിൽ വലിഞ്ഞുകയറിയത് ഗോപാലൻ അറിഞ്ഞിരുന്നില്ല. മുകളിൽ എവിടെയോ ഉള്ള ഒരു ബുക്ക് എടുക്കാനുള്ള ശ്രമമായിരുന്നു അയാൾക്ക്.
ശബ്ദംകേട്ടാണ് കടക്കാരൻ തലയുയർത്തിയത്.മാഷ് മുകളിലുള്ള ഒരു ബുക്ക് എടുക്കാനുള്ള ശ്രമത്തിൽ ഷെൽഫോടെ മൂക്കുകുത്തി വീണിരിക്കുന്നു.അത് സുരേഷ് മാഷ് എന്ന വായനക്കാരന്റെ അവസാനമായിരുന്നു.
ചിത ഒരുങ്ങി കത്തിക്കാൻ കടക്കാരൻ തന്റെ ബുക്ക് ശൂന്യമായ ഷെൽഫിന്റെ പലകകൾ കൊണ്ടുവന്നു. ഭാര്യ, വീട്ടിലെ ‘ആർക്കും വേണ്ടാത്ത’ ബുക്കുകൾ അതിലിട്ടു. അഗ്നി ആളിക്കത്തുമ്പോൾ തീനാളങ്ങൾ മുഷ്ടിചുരുട്ടി വിപ്ലവ മുദ്രാവാക്യം മുഴക്കി അന്തരീക്ഷത്തിൽ ഉയർന്നുകൊണ്ടിരുന്നു. മരണത്തിലും താൻ അജയ്യനാണെന്ന് ആ തീനാളങ്ങൾ വിളിച്ചു പറയുന്നതുപോലെ തോന്നി...


