ഡിസംബർ ആറ് രണ്ട് അഗാധ ചരിത്രങ്ങളുടെ ദിനം; ബഹുസ്വരത ഉയർത്തിപ്പിടിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ദിനം- ബാനു മുഷ്താഖ്
text_fieldsബംഗളൂരു: തുല്യത എന്നത് ഒരു ദിവസം ആഘോഷിക്കാനുള്ളതല്ലെന്നും അത് എല്ലാ ദിവസവും പാലിക്കാനുള്ളതാണെന്നും ബുക്കർ സമ്മാന ജേതാവും പ്രമുഖ എഴുത്തുകാരിയുമായ ബാനു മുഷ്താഖ്. ബംഗളൂരുവിലെ ഫ്രീഡം പാർക്കിൽ നടക്കുന്ന ബാംഗ്ലൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.
ഡിസംബർ ആറ് ഇന്ത്യൻ ചരിത്രത്തിലെ അഗാധമായ വ്യത്യസ്തത പുലർത്തുന്ന രണ്ട് സംഭവങ്ങളാൽ ഓർക്കേണ്ട ദിവസമാണെന്നും അവർ പറഞ്ഞു. ഒന്ന് ഡോ. അംബേദ്കറുടെ മഹാപരിനിർവാണത്തിന്റെ ദിവസം, മറ്റൊന്ന് ബാബരി മസ്ജിദ് തകർത്ത ദിവസം.
തുല്യത എന്നത് നിയമപരമായ വാക്കു മാത്രമല്ല, സാഹോദര്യം എന്നത് ഒരു ശ്ലോകവുമല്ല. ഇത് നമ്മുടെ എല്ലാ ദിവസവുമുള്ള ഉത്തരവാദിത്തം കൂടിയാണെന്നും ബാനു മുഷ്ത്താഖ് പറഞ്ഞു. ഒരു അനുസ്മരണം കൊണ്ടു മാത്രം ഉത്തരാവദിത്തം തീരുന്നില്ല. ചരിത്രം ഒരു വേദനയായി ഉൾക്കൊണ്ടിട്ടുമാത്രം കാര്യമില്ല, മറിച്ച് എങ്ങനെ സമൂഹത്തെ പുനർനർമിക്കാം എന്ന് ചിന്തിക്കാനുള്ള സമയം കുടിയാണ്.
ഈ രണ്ട് സംഭവങ്ങളും ബഹുസ്വരത ഉയർത്തിപ്പിടിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. രണ്ട് സംഭവങ്ങളും വ്യത്യസ്തമായി തോന്നുമെങ്കിലും രണ്ടും ഒരു മൂല്യബോധമുള്ള സമൂഹത്തെ കെട്ടിപ്പടുക്കാനായി നമ്മെ പ്രചോദിതരാക്കുന്നു. ഈ ചരിത്രപരമായ അകലം കുറയ്ക്കാനുള്ള വൈകാരികമായ ശക്തി സാഹിത്യത്തിന് നൽകാൻ കഴിയും. ചരിത്രത്തിന്റെ വേദന കണ്ടെത്താനും ഭാവിയെ ധൈര്യത്തോടെ ഭാവനയിൽ കാണാനും സാഹിത്യത്തിന് കഴിയും. സമൂഹത്തെ ഒന്നൊന്നായി ഇണക്കാൻ കഴിയുന്ന പാലമായും സാഹിത്യത്തിന് മാറാൻ കഴിയുമെന്നും അവർ പറഞ്ഞു.
ഈ സാഹചര്യത്തിൽ നിശബ്ദത എന്നത്, പ്രത്യേകിച്ചും തുല്യതയുടെ കാര്യത്തിൽ ഒരു ചതിയാണ്. ഇന്നത്തെ ലോകത്ത് നിശബ്ദത എന്നത് ഏറ്റവും വലിയ രാഷ്ട്രീയമാണ്, സത്യം ചോദ്യം ചെയ്യപ്പെടുകയും വിലകുറച്ച് കാണുകയും ചെയ്യുന്ന കാലത്ത്. വ്യക്തിത്വം വെറും ചരക്കാക്കി മാറ്റപ്പെടുന്ന കാലത്ത്, അവകാശങ്ങൾ വെട്ടിക്കുറയ്കുന്ന കാലത്ത്, റിബൽ എന്നത് ന്യൂട്രൽ ആയിരിക്കാൻ കഴിയാതിരിക്കുക എന്നതാണ്. ന്യുട്രൽ ആയിരിക്കുക എന്നത് ഒരു സാംസ്കാരിക മാനദണ്ഡമാകുമ്പോൾ അത് ക്രൂരതയുടെ പരിഷ്‍കരിച്ച മറയാവകയും ചെയ്യുന്നു. വിപ്ലവം തുടങ്ങുന്നത് ഒരു ആക്രോശത്തിൽ നിന്നാവണമെന്നില്ലെന്നും ബാനു പറഞ്ഞു.
‘ബാനു ആവുക, റിബൽആവുക’ എന്നതായിരുന്നു ബാനു മുഷ്താക്കിന്റെ മുഖ്യപ്രഭാഷണം. ഇത് ഒരു കണ്ണാടിയുടെ മുന്നിൽ നിൽക്കുന്നതുപോലെയാണെന്ന് അവർ പറയുന്നു. എന്നാൽ അതിലെ പ്രതിബിംബം ഒരാളുടേതല്ല, ഒരു ചരിത്രത്തിലെ വ്യക്തികളെ എല്ലാം അത് പ്രതിഫലിപ്പിക്കുന്നു. അതിൽ ഒരു നീണ്ട കാലത്തെ എഴുത്തുകാരെല്ലാം പ്രത്യക്ഷപ്പെടുന്നു. അവർ മിണ്ടാതിരിക്കാൻ കഴിയാഞ്ഞവരാണ്. ഒരു വലിയ സമരത്തിന്റെ, ആർദ്രതയുടെ കാലം വന്നു നിറയുന്നു.
ഇത് ഒരാളുടെ പ്രഖ്യാപനമല്ല, റിബൽ എന്നു പറയുമ്പോൾ അതൊരു ലേബലല്ല, അതൊരു പരമ്പരയാണ്, ഒരു ഉത്തരവാദിത്തമാണ്. തന്റെ എഴുത്ത് സുഖസൗകര്യത്തിൽ നിന്നു വന്നതല്ല, മറിച്ച് കോടതി വ്യവഹാരങ്ങളിൽ നിന്നും വൈരുധ്യങ്ങളിൽ നിന്നും താൻ കണ്ട ജീവിത യാഥാർഥ്യങ്ങളിൽ നിന്നും ഉണ്ടായതാണെന്നും ബാനു മുഷ്ത്താക്ക് പറഞ്ഞു. എഴുത്ത് തന്റെ ധാർമ്മിക ഉത്തരവാദിത്തമാണെന്നും എഴുത്തുകാരി ഓർമിപ്പിക്കുന്നു.


