അച്ചുകുത്താനുണ്ട് വിരലുകൾ
text_fieldsഡോ. വേണു
തോന്നയ്ക്കൽ
ചീഞ്ഞളിഞ്ഞ് ദുർഗന്ധം പുരണ്ട
ഓർമകളുമായാണ്
എന്റെ പകലുകൾ പിറക്കുന്നത്.
രാത്രിയിൽ ജീവൻ വയ്ക്കുന്ന
കിനാക്കൾ പുറത്തിറങ്ങും.
കണ്ണുകളിൽ പൂത്തിറങ്ങുന്ന
നിലാവെളിച്ചത്തിൽ
കിനാക്കൾ ചുവടുവയ്ക്കും.
മുനിഞ്ഞുകത്തുന്ന
കാമനകൾക്ക് കുളിരായ്
സ്വപ്നങ്ങൾ പിറക്കുന്നു.
ഓർമ്മകളുടെ കാവലിൽ
ചിന്തകളുടെ ചൂടിളക്കുമ്പോൾ
എന്റെ മസ്തിഷ്കത്തിൽ
രാസക്കൂട്ടുകൾ ഉരുകി
സ്വപ്നങ്ങളെ ജ്വലിപ്പിക്കുന്നു.
ഞാൻ സ്വപ്നങ്ങളുടെ
രാജകുമാരൻ. സ്വപ്നങ്ങൾ പതിച്ച
കണ്ണാടിയിൽ
സുവർണ്ണ കിരീടമണിഞ്ഞ
എന്റെ രൂപം എനിക്ക് കാണാം.
പല നിറങ്ങളിലെ പുത്തൻ ഉടുപ്പണിഞ്ഞ്
പുസ്തകസഞ്ചിയുമായി കുഞ്ഞനിയത്തിയുടെ കൈപിടിച്ച് കൂട്ടുകാർക്കൊപ്പം
പള്ളിക്കൂടത്തിലേക്ക്. പുസ്തകസഞ്ചിയിൽ
മണം മാറാത്ത വർണ കടലാസിൽ
പൊതിഞ്ഞ പുസ്തകങ്ങളും
ചോറും രുചികരമായ കറികളും
നിറച്ച ചോറ്റുപാത്രവും.
സ്കൂൾ വിട്ടുവന്ന്
ഭക്ഷണം കളി പഠനം. അത്തറിന്റെ മണമുള്ള ശീതീകരിച്ച മുറിയിൽ ഉറക്കം.
പൊലീസിന്റെ അലർച്ച കേട്ടുണരുമ്പോൾ
ഓടയിൽ മഴ വെള്ളം
കുത്തിയൊലിച്ചൊഴുകുന്നു.
'ഹജൂർ കച്ചേരിക്ക്
മുന്നിേല
ഉറങ്ങാനിടം കണ്ടുള്ളൂ'
സമീപത്തുറങ്ങുന്ന
അമ്മയോടും
പെങ്ങളോടുമാണ്
കാക്കിയണിഞ്ഞവന്റെ തൊണ്ട പൊട്ടിച്ച
ആക്രോശം. ബ്രിട്ടീഷുകാർക്കെതിരെ
മുത്തച്ഛൻ ശബ്ദിച്ചത്
ഈ ബംഗ്ലാവിന്റെ
തിരുമുറ്റത്ത് നിന്നാണ്.
അന്നത്
മുത്തച്ഛന്റെ വീട്.
ഇന്നത് ഹജൂർ കച്ചേരി.
രക്തസാക്ഷി മുത്തച്ഛന്റെ
പേരമക്കൾക്ക്
തെരഞ്ഞെടുപ്പിൽ
അച്ചു കുത്താൻ ചൂണ്ടുവിരലുണ്ട്.
അടിയേറ്റു വാങ്ങാൻ
ഒരെല്ലു കൂടവും. രേഖപ്പെടുത്താൻ
വിലാസം ഇല്ല.
എന്നാൽ സുന്ദരമായ
ഒരു വിളിപ്പേരുണ്ട്.
തെരുവ് തെണ്ടികൾ.
തെറിച്ചുവീണ മിന്നൽപിണറിനു പിന്നാലെ
തെരുവിൽ മങ്ങി കത്തിയിരുന്ന
വൈദ്യുതവിളക്കുകളണഞ്ഞു.
പൊലീസിന്റെ ആക്രോശത്തിനൊപ്പം
ചൂരലിന്റെ ശീൽക്കാരം.
സ്വന്തം മണ്ണിൽ അഭയാർഥിയായവരുടെ
വിലാപം മഴയുടെ ആരവത്തിൽ
അലിഞ്ഞുചേർന്നു.


