Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഓർമകളിൽ മഞ്ഞ്...

ഓർമകളിൽ മഞ്ഞ് പെയ്യുന്നു; എം.ടി ഇല്ലാത്ത മലയാളത്തിന് ഒരാണ്ട്

text_fields
bookmark_border
MT Vasudevan Nair
cancel

കോഴിക്കോട്: മഞ്ഞ്‌ പെയ്യുന്ന കാലത്ത് കഥകേട്ട് കൊതിതീരാത്ത ആൾക്കൂട്ടത്തെ തനിച്ചാക്കി എം.ടി യാത്രയായിട്ട് ഒരാണ്ട്. മലയാളിയുടെ മനസ്സിന്‍റെ നാലുകെട്ടിലേക്ക് കണ്ണാന്തളിപ്പൂക്കൾ കണക്കെ സർഗവസന്തം വാരിവിതറി കടന്നുപോയ എം.ടി. വാസുദേവൻ നായരുടെ ഓർമ തേടിയെത്തിയവർക്ക് മുന്നിൽ മൂകസാക്ഷിയായി കോഴിക്കോട്ടെ സിതാരയിൽ ഉമ്മറത്ത് കഥാകാരന്‍റെ ചാരുകസേരയും എഴുത്തുമേ‍ശയും. മലയാളത്തിന്റെ കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തും സിനിമാ സംവിധായകനും നിർമാതാവും അധ്യാപകനും പത്രാധിപരും എല്ലാമെല്ലാമായ എം.ടി. വാസുദേവൻ നായർ കഴിഞ്ഞവർഷം ക്രിസ്മസ് രാത്രിയിലാണ് നക്ഷത്രങ്ങളുടെ നാട്ടിലേക്ക് തിരിച്ചത്. പുരസ്‌കാരങ്ങളുടെ കനം കൊണ്ടും എഴുത്തും സിനിമകളുമായി മലയാളത്തിന് വിലമതിക്കാനാവാത്ത എം.ടി ഇന്നും മലയാള സാഹിത്യലോകത്തിന്‍റെ വികാരമാണ്. അന്ത്യയാത്രയിൽ പൊതുദർശനവും ആചാരങ്ങളും വേണ്ടെന്നുവെച്ച എം.ടിയുടെ വേർപാടിന്‍റെ ഒന്നാം വാർഷികത്തിൽ കോഴിക്കോട്ട് ഒരു ഓർമപുതുക്കലുമില്ല എന്നത് ശ്രദ്ധേയമാണ്. തുഞ്ചൻപറമ്പിൽ വൈകീട്ട് 3.30ന് അനുസ്മരണം നടക്കുന്നുണ്ട്.

എം.ടിയുടെ സന്തതസഹചാരിയും മാധ്യമപ്രവർത്തകനുമായ കെ.സി. നാരായണൻ ഉദ്ഘാടനം ചെയ്യും. ആലങ്കോട് ലീലാകൃഷ്ണനും എം.എൻ. കാരശ്ശേരിയും അനുസ്മരണ പ്രഭാഷണം നടത്തും.

പൊന്നാനി എം.എൽ.എ പി. നന്ദകുമാർ അധ്യക്ഷതവഹിക്കും. എം.ടിയുടെ നാടായ കൂടല്ലൂരിൽ മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിലും ഇന്ന് അനുസ്മരണം നടക്കുന്നുണ്ട്. എം.ടിയുടെ തട്ടകമായിരുന്ന തുഞ്ചൻപറമ്പിൽ അദ്ദേഹത്തിന്‍റെ സ്മരണക്ക് കലാസാംസ്കാരിക കേന്ദ്രം ഒരുങ്ങും. സർഗമണ്ഡലത്തിലും സാംസ്‌കാരിക ലോകത്തും മുദ്രപതിപ്പിച്ച എഴുത്തുകാരനെ പുനരാവിഷ്‌കരിക്കാക്കുന്ന ഗാലറികളും മ്യൂസിയവും തിയറ്ററുമെല്ലാം സാംസ്‌കാരിക സമുച്ചയത്തിലുണ്ടാവും.

യു.എൽ.സി.സിയാണ് ഇതിന്‍റെ പദ്ധതിരേഖ തയാറാക്കുന്നത്. എം.ടി സ്‌മാരകത്തിനായി കഴിഞ്ഞ ബജറ്റിൽ ആദ്യഘട്ട അഞ്ചുകോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. തുഞ്ചൻ സ്‌മാരകത്തിലെ സരസ്വതി മണ്ഡപത്തോട്‌ ചേർന്നാകും സമുച്ചയം. നിർമിതബുദ്ധിയുടെ സാധ്യത വിനിയോഗിച്ചുള്ള മ്യൂസിയം പുതുതലമുറക്കും വിസ്‌മയാനുഭവമാകും. എം.ടിയുടെ എല്ലാ രചനകളും അദ്ദേഹത്തെക്കുറിച്ചുള്ള പുസ്‌തകങ്ങളും ഇവിടെയുണ്ടാകും.

Show Full Article
TAGS:MT Vasudevan Nair Kerala Latest News 
News Summary - First death anniversary of legendary Malayalam writer MT Vasudevan Nair
Next Story