നാല് കഥകൾ
text_fieldsകള്ളൻ
എഴുപത് വർഷത്തോളം ജീവിച്ച കള്ളന് മരണാനന്തരം പരലോക മോക്ഷം കിട്ടണേ എന്ന് പ്രാർഥിച്ചത് അയാൾ മോഷ്ടിക്കാൻ കയറാത്ത വീടുകളിലെ ആളുകളാണ്.
ഖബർ
വീട്ടിലെ സ്വസ്ഥതക്കേടുകൊണ്ടാണ് അയാൾ പള്ളിപ്പറമ്പിൽ പോയി കിടന്നത്. എന്നായാലും അങ്ങനെയൊരു കിടപ്പ് വേണ്ടതാണല്ലോ?
‘‘ഇത് മരിച്ചവർക്ക് കിടക്കാനുള്ള ഇടമാണ്...’’
പള്ളിയുമായി ബന്ധപ്പെട്ടവരാരോ അയാളെ ഉണർത്തി പറഞ്ഞു. ജീവിച്ചിരിക്കുന്നവരുടെ ഖബർ അവരവരുടെ വീടുകളാണ്. അവിടെ പോയി കിടക്കെന്നും ആ ശബ്ദം ഓർമപ്പെടുത്തി. പിന്നെ അനിഷ്ടത്തോടെയാണെങ്കിലും അയാൾ ജീവിച്ചിരിക്കുന്നവരുടെ ഖബറിലേക്ക് നടന്നു...
ഗുരുമൊഴികൾ
ഗുരു പറഞ്ഞു. അന്ധനെ കണ്ടാലേ കാഴ്ചയുടെ വില അറിയൂവെന്ന്. അന്ധൻ പറഞ്ഞത്, കൺമുന്നിൽ ഇരുളിൻ കറുത്ത തിരശ്ശീല മാത്രമാണ് നിത്യമായുള്ളതെങ്കിലും അനിഷ്ടകരമായ കാഴ്ചകളൊന്നും കാണണ്ടല്ലോയെന്നാണ്. ബധിരൻ പറഞ്ഞത്, അനിഷ്ടകരമായ വാക്കുകളൊന്നും കേൾക്കണ്ടല്ലോയെന്നാണ്. മൂകൻ പറഞ്ഞത്, പിഴച്ചതൊന്നും ഉരുവിടേണ്ടല്ലോയെന്നാണ്. ഇങ്ങനെയാണ് അയാൾ അയാളുടെ കാഴ്ചയോടും കേൾവിയോടും വാചാലതയോടും രാജിയായത്.
ഒടുക്കം
തിരയുടെ നനവിൽ ആഹ്ലാദിക്കവേ അയാൾ അവളോട് ചോദിച്ചത് നിന്നെ ഇപ്പോൾ കടലെടുത്താലോ എന്നാണ്. പിന്നെ ഒക്കെ പെെട്ടന്നായിരുന്നു. അയാൾ പറഞ്ഞതിനെ അക്ഷരംപ്രതി അനുസരിച്ച് കടൽ...
എന്നിട്ടും നിയമം അയാളെ ശിക്ഷിതനാക്കുകയായിരുന്നു. കാരണം കടൽമാത്രമായിരുന്നല്ലോ അയാളുടെ നിരപരാധിത്വത്തിനുള്ള ഏക സാക്ഷി.


