പുനത്തിൽ എന്ന മേൽവിലാസം
text_fieldsടി. രാജൻ പുനത്തിൽ കുഞ്ഞബ്ദുള്ളക്കൊപ്പം
മനുഷ്യജീവിതത്തിൽ എത്രയെത്ര ബന്ധങ്ങളുണ്ടാകും. കുടുംബ ബന്ധത്തെക്കാൾ ഇഴയടുപ്പമുള്ളത്. പലപ്പോഴും ഈ ഗണത്തിൽ സൗഹൃദത്തെ, ചങ്ങാത്തത്തെ മുൻപന്തിയിൽ നിർത്താറുണ്ട്. അത്തരമൊരു ചങ്ങാത്തത്തെ കുറിച്ചാണിവിടെ പറയുന്നത്. അതിൽ ഒരാൾ, മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയാണ്. നാലു പതിറ്റാണ്ടിലേറെക്കാലം കൂടപ്പിറപ്പെന്നോണം പുനത്തിലിന്റെ തോളിൽ കൈയിട്ട് നടന്ന ടി. രാജൻ മാഷും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചാണ്.
പുനത്തിലിനെകുറിച്ചുള്ള ഓർമകൾ പങ്കിടാമോയെന്ന ചോദ്യത്തിന് മുന്നിൽ മാഷ് ഒന്ന് പതറി. ഓർമയല്ല എനിക്ക് പുനത്തിൽ ഇപ്പോഴും എവിടെ നിന്നോ മാഷെ എന്ന് വിളിക്കുന്നുവെന്ന തോന്നൽ വല്ലാതെ അലട്ടുന്ന കാലമാണ്. ഈ ഒക്ടോബർ 27ന് എട്ടാം വർഷത്തിലേക്ക് കടക്കുകയാണ്. അവസാന കാലത്തെ പ്രയാസങ്ങൾ കണ്ടപ്പോൾ മരണം അനുഗ്രഹമാണെന്ന് കരുതി. എന്നാലിപ്പോൾ പുനത്തിലുണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കാത്ത ദിനങ്ങളില്ല. കാരണം, പുനത്തിൽ കുഞ്ഞബ്ദുള്ള എനിക്ക് പ്രിയപ്പെട്ട എഴുത്തുകാരനോ സുഹൃത്തോ മാത്രമായിരുന്നില്ല. എന്റെ മേൽവിലാസമായിരുന്നു പുനത്തിൽ. ഞാനറിഞ്ഞ മനുഷ്യൻ, എന്റെ വായനകൾ എല്ലാറ്റിലും പുനത്തിൽ ഉണ്ടായിരുന്നു. ഇത്രമേൽ എഴുത്ത് ഭ്രാന്തായ മനുഷ്യൻ ഈ ഭൂമിയിലുണ്ടാകുമോ എന്നറിയില്ല. അതാണ്, പുനത്തിൽ എഴുതാൻ വേണ്ടി ജനിച്ചവനാണ്. എഴുതാൻ വേണ്ടി മാത്രം...
അവസാനമായി ഞാൻ കണ്ടു, പക്ഷേ...
പരിചയപ്പെട്ട അന്നുമുതൽ പുനത്തിൽ എന്നെ മാഷേ എന്ന് വിളിച്ചു. ഞാൻ ഡോക്ടറേ എന്നും. കുഞ്ഞിക്കയെന്നാണ് അടുത്തറിയുന്നവർ പൊതുവെ വിളിക്കാറ്. പുനത്തിലിന്റെ അവസാന ദിവസങ്ങളിലൊന്നിൽ, കോഴിക്കോട്ടെ ഫ്ലാറ്റിൽ ചെന്ന് കണ്ടപ്പോൾ എന്നെ കടിച്ചൊരു കടിയുണ്ട്. അന്ന് വല്ലാതെ വേദനിച്ചു. പക്ഷേ, ആ നൊമ്പരം ഇന്നുമെന്റെ മനസ്സിലുണ്ട്. അതൊരു, വല്ലാത്ത സ്നേഹത്തിന്റെ കടിയായിരുന്നു. പുനത്തിൽ അറിഞ്ഞ് കടിച്ചതാണെന്ന് പലപ്പോഴും തോന്നാറുണ്ട്. മറക്കാതിരിക്കാൻ... അന്ന്, പാതി മയക്കത്തിലായിരുന്ന പുനത്തിലിനെ സഹായി തട്ടിവിളിച്ചിട്ട് പറഞ്ഞു.
മാഷ് വന്നിട്ടുണ്ടെന്ന്. ഞാൻ പുനത്തിലിന്റെ മുഖം തലോടി. ഒരു കാലഘട്ടം ഒന്നിച്ച് മനസ്സിലൂടെ കടന്നുപോയി. അപ്പോഴാണ് പുനത്തിൽ എന്റെ കൈയിൽ കടിക്കുന്നത്. എന്നിട്ട് നിറഞ്ഞ് ചിരിച്ചു. 2017 ഒക്ടോബർ 26ന് വൈകീട്ട് കോഴിക്കോട്ടെ ആശുപത്രിയിൽ വെച്ചാണ് അവസാനമായി കണ്ടത്. ശരിക്കും പറഞ്ഞാൽ ഞാൻ പുനത്തിലിനെ കണ്ടു. പക്ഷേ, അദ്ദേഹം എന്നെ കണ്ടില്ല. മരണം തൊട്ടരികിലുണ്ടായിരുന്നു. 27ന് പുലർച്ചെ പുനത്തിൽ യാത്രയായി.
1973ലാണ് പുനത്തിലിനെ ആദ്യമായി കാണുന്നത്. അന്ന്, വടകര ജനത ഹോസ്പിറ്റലിൽ പ്രാക്ടിസ് ചെയ്യുകയായിരുന്നു. അക്കാലത്ത് സന്തതസഹചാരിയായിരുന്നത് കണ്ണോത്ത് വിജയനാണ്. വിജയനാണ് എന്നെ പരിചയപ്പെടുത്തിയത്. പുനത്തിൽ എഴുതിയതിലേറെയും അന്നേ വായിച്ച് കഴിഞ്ഞിരുന്നു. പുനത്തിലിനെ കാണുന്നതിനെക്കാൾ മുമ്പേ ഞാൻ പരിചയപ്പെട്ടത് അദ്ദേഹത്തിന്റെ ബാപ്പയെയാണ്. പുനത്തിലിന്റെ ബാപ്പയുടെ അടുത്ത സുഹൃത്ത് അബ്ദുല്ല വൈദ്യരുണ്ടായിരുന്നു. വടകരയിലെ പഴയ ജയഭാരതി ടാക്കീസിലേക്ക് പോകുന്ന വഴിയിലാണ് അബ്ദുല്ല വൈദ്യരുടെ കട. വൈകുന്നേരങ്ങളിൽ സ്കൂൾ വിട്ടാൽ ഞാൻ അബ്ദുല്ല വൈദ്യരുടെ അടുത്ത് എത്തും. അവിടെ വെച്ചാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. അത്, ആ കുടുംബവുമായുള്ള ആത്മബന്ധത്തിന്റെ തുടക്കമായെന്ന് പറയാം.
ഒന്നിച്ച് കഴിഞ്ഞ കാലം
ചോറോട്, എടച്ചേരി പഞ്ചായത്തുകളിലെ പി.എച്ച്.സിയിൽ പുനത്തിൽ ജോലിചെയ്തു. പിന്നീടാണ് വടകര ജനത ഹോസ്പിറ്റലിൽ എത്തുന്നത്. ജനത ഹോസ്പിറ്റലിൽ ആറു മാസമേ പുനത്തിൽനിന്നുള്ളൂ. വടകര എടോടിയിലെ കടക്ക് മുകളിൽ ചെറിയൊരു ക്ലിനിക് തുടങ്ങി. അപ്പോഴേക്കും കണ്ണോത്ത് വിജയൻ എൽഎൽ.ബിക്ക് ചേർന്നു. ആ സ്ഥാനത്ത് പിന്നെ ഞാനായി. പുനത്തിലിന്റെ എടോടിയിലെ വാടക വീട്ടിലായിരുന്നു എന്റെയും താമസം.
അന്ന് ഞാൻ ദേശാഭിമാനി സ്റ്റഡിസർക്കിളിന്റെ താലൂക്ക് സെക്രട്ടറിയാണ്. സംസ്ഥാന സെക്രട്ടറി എം.എൻ. കുറുപ്പാണ്. കുറുപ്പ് പലപ്പോഴായി ആവശ്യപ്പെടും പുനത്തിലിനോട് പറഞ്ഞ് എന്തെങ്കിലും വാങ്ങിത്തായെന്ന്. അങ്ങനെ പല എഴുത്തുകളും ‘ദേശാഭിമാനി’ വാരികയിലെത്തി. സി.പി.എം പരിപാടികളില്ലെങ്കിൽ വൈകീട്ട് പുനത്തിലിന്റെ വീട്ടിലെത്തുക പതിവായി. ഇല്ലെങ്കിൽ രാത്രിയെത്തും. എം.ടിയൊക്കെ മിക്കവാറും ഇവിടെ കാണും. ഞാൻ കല്യാണം കഴിക്കുന്നതുവരെ പുനത്തിലിന്റെ വീട്ടിൽ തന്നെയാണ് രാത്രി കഴിഞ്ഞത്. പുനത്തിലും കുടുംബവും മുകളിലത്തെ മുറിയിൽ. ഞാനും ഹുസൈനും താഴത്തെ മുറിയിൽ.
ആദ്യ കേരള സാഹിത്യ അക്കാദമി അവാർഡ് ‘മലമുകളിലെ അബ്ദുള്ള’ക്ക് ലഭിച്ചത് എനിക്കിപ്പോഴും ഓർമയുണ്ട്. അവാർഡ് വിവരം പത്രത്തിലൂടെയാണ് പുനത്തിൽ അറിഞ്ഞത്. രാവിലെ സഹോദരൻ ഹുസൈനാണ് അവാർഡ് വാർത്തയുണ്ടെന്ന് വിളിച്ചു പറഞ്ഞത്. ‘കുഞ്ഞിക്കാ ഇങ്ങക്ക് അവാർഡ്’ എന്നു പറഞ്ഞ് മുകളിലേക്ക് ഓടുകയായിരുന്നു. താഴെ ഇറങ്ങിവന്ന പുനത്തിൽ പത്രത്തിലെ ഫോട്ടോ നോക്കി. ‘ഇവരിക്ക് ഏട്ന്നാ എന്റെ ഫോട്ടോ കിട്ടിയത്’ എന്ന് ചോദിച്ചത് ഓർമയുണ്ട്. അന്ന്, ഇന്നത്തെപ്പോലെയല്ല, ഫോട്ടോ കിട്ടുക എളുപ്പമല്ല. പുനത്തിലിന്റെ വീട്ടിൽ സഹോദരങ്ങളായ ഹുസൈൻ, സത്താർ എന്നിവരുണ്ടായിരുന്നു... പുനത്തിലും കുടുംബവും മുകളിലത്തെ നിലയിൽ. താഴെ ഒരു മുറിയിൽ ഞാനും ഹുസൈനും കിടക്കും.
വൈലോപ്പിള്ളിയെ കണ്ട നിമിഷം
അവാർഡ് വാങ്ങാൻ, തൃശ്ശൂരിലേക്കുള്ള യാത്ര. ആദ്യമായാണ് ഞാനും പുനത്തിലും തൃശ്ശൂരു പോകുന്നത്. റെയിൽവേ സ്റ്റേഷനടുത്തുള്ള മാസ് ഹോട്ടലിലാണ് ആദ്യം താമസിച്ചത്. അബ്ദുല്ല ചന്ദ്രാപിന്നി എന്ന എഴുത്തുകാരനാണ് റിസപ്ഷനിസ്റ്റ്. അദ്ദേഹം മുതൽ പുനത്തിലിനോട് കാണിക്കുന്ന ആരാധന അനുഭവിച്ച് തുടങ്ങി. അവാർഡ് ലഭിക്കുന്നതിന്റെ തലേദിവസം അവിടെ എത്തി. പിറ്റേ ദിവസം രാവിലെ തകഴിയുടെ ഫോൺ. ‘എടാ ചെറുക്കാ, നീയെന്തിനാടാ തൃശ്ശൂര് വന്നേ’ എന്നൊക്കെ പറഞ്ഞ്... ഉച്ചയൂണിന് തകഴിയും ചുമ്മാർ ചൂണ്ടലുമുണ്ടായിരുന്നു. വൈകീട്ടാവുന്നതോടെ, താമസസ്ഥലത്ത് ഒരു പടയാ. അലീഗഢിൽനിന്ന് പഠനം കഴിഞ്ഞ് നേരെ പ്രാക്ടിസ് തുടങ്ങിയ പുനത്തിലിന് മലയാളത്തിലെ പല എഴുത്തുകാരെയും നേരിട്ടറിയില്ല. ഈ ഹോട്ടലിൽവെച്ചാണ് ആദ്യമായി വൈലോപ്പിള്ളിയെ കാണുന്നത്.
എൻ.വി. കൃഷ്ണവാര്യൻ ആരോടാണിത്ര വിനയത്തോടെ സംസാരിക്കുന്നതെന്ന് പുനത്തിൽ ചോദിച്ചു. ഞാൻ പറഞ്ഞു, അതാണ് വൈലോപ്പിള്ളി. പിന്നെ പുനത്തിൽ കാണിച്ച ആവേശം പറഞ്ഞറിയിക്കാൻ കഴിയില്ല. അത്രമേൽ കൗതുകം നിറഞ്ഞതാണ്. വൈലോപ്പിള്ളിയെ കാത്തിരുന്നു. അടുത്തെത്തിയ ഉടനെ പുനത്തിൽ കെട്ടിപ്പിടിച്ചു. വൈലോപ്പിള്ളി കവിത നീട്ടിചൊല്ലി. കവി ചിരിച്ചു. പിന്നെ കവിയുടെ ഉപദേശമായി. അവാർഡിലൊന്നും വലിയ കാര്യമില്ല. എഴുത്താണ് പ്രധാനമെന്ന്... പുനത്തിലിന് മലയാളത്തിൽ ഏറ്റവും അടുപ്പം എം.ടിയുമായിട്ടു തന്നെയാണ്. പിന്നെ എം. മുകുന്ദനെ അറിയാം. അത്, ഡൽഹിയിൽ വെച്ചുണ്ടായ അടുപ്പമാണ്.
തൃശ്ശൂർ യാത്രയോടെയാണ് ഒ.എൻ.വി. കുറുപ്പ്, എൻ.പി. മുഹമ്മദ് തുടങ്ങിയവരെ അടുത്തറിയുന്നത്. സാഹിത്യ അക്കാദമി എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ദീർഘകാലം പുനത്തിലുണ്ടായിരുന്നു. അതോടെയാണ്, മലയാളത്തിലെ സാഹിത്യകാരന്മാരുമായി വലിയ ബന്ധമുണ്ടാകുന്നത്. ബിന്നി ടൂറിസ്റ്റ് ഹോമിലാണ് സ്ഥിരമായി താമസിക്കുക. അക്കാലത്ത് ഞാൻ സി.പി.എം വേദികളിൽ പ്രഭാഷകനായി സജീവമായിരുന്നു. ഒരു ദിവസം മൂന്ന് പ്രസംഗമൊക്കെ കഴിഞ്ഞ് ക്ഷീണിതനായി പുനത്തിലിന്റെ വീട്ടിലെത്തി. എന്നോട് പുനത്തിൽ പറഞ്ഞു, പ്രസംഗിച്ച് ഉള്ളിലുള്ള പലതും തീർന്നുപോകുമെന്ന്. അഴീക്കോട് മാഷ് പ്രസംഗിക്കാൻ പോയില്ലെങ്കിൽ ഇതിനേക്കാൾ പത്തിരട്ടി എഴുതുമായിരുന്നു. അതിനെ തുടർന്നാണ് ഞാൻ ‘കേരള കൗമുദി’യിൽ ലേഖകനാകുന്നത്.
എം.എസ്. മണി, എസ്. ജയചന്ദ്രൻ നായർ എന്നിവരുമായി പുനത്തിലിന് വലിയ അടുപ്പമാണ്. അന്ന്, പത്രക്കാരനാവാൻ വലിയ മത്സരമാണ്. വടകരയിൽനിന്നും പലരുമുണ്ടായിരുന്നു. പക്ഷേ, പുനത്തിലിന്റെ വാക്കിനുമുകളിൽ പറക്കാൻ ആർക്കും കഴിഞ്ഞില്ല. അങ്ങനെ ഞാൻ, അധ്യാപനത്തിനൊപ്പം ലേഖകനുമായി. പിന്നെ, സി.പി.എം ലോക്കൽ കമ്മിറ്റി സ്ഥാനം ഒഴിഞ്ഞു. ഇതോടെ, പാർട്ടി വേദികളിലെ പ്രസംഗകാലം ഓർമയായി.
പുനത്തിൽ സ്മാരക ട്രസ്റ്റ്
പുനത്തിൽ സ്മാരക ട്രസ്റ്റ് സെക്രട്ടിയാണ് ഞാൻ. അന്ന്, സാസ്കാരിക മന്ത്രിയായിരുന്ന എ.കെ. ബാലൻ വിളിച്ച് ആവശ്യപ്പെട്ടതാണ് ട്രസ്റ്റ് ഉണ്ടാക്കണമെന്ന്. പുനത്തിലുമായി വലിയ സൗഹൃദമുള്ളയാളാണ് എ.കെ. ബാലൻ. പുനത്തിൽ മരണപ്പെട്ട് തൊട്ടടുത്ത ദിവസം തന്നെ ഈ ആശയം മുന്നോട്ടു വെച്ചത് ബാലൻ തന്നെയാണ്. കോഴിക്കോട് ജില്ലയിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽനിന്നും സംഭാവന സ്വീകരിച്ചുകൊണ്ടാണ് ട്രസ്റ്റ് ആരംഭിക്കാൻ തീരുമാനിച്ചത്. കെ. ശ്രീധരനായിരുന്നു അന്നത്തെ വടകര നഗരസഭ ചെയർമാൻ. ആദ്യമായി ഏറാമല പഞ്ചായത്തിൽനിന്നും ഒരു ലക്ഷം രൂപ ലഭിച്ചു. അപ്പോഴേക്കും കോവിഡ് വന്നു. അതാണ്, വെല്ലുവിളിയായത്. യു.എൽ.സി.സി. എസ് പ്രസിഡന്റ് പാലേരി രമേശനാണ് ട്രസ്റ്റിന് നേതൃത്വം നൽകിയത്. കോവിഡ് ഇല്ലായിരുന്നെങ്കിൽ വടകര കേന്ദ്രീകരിച്ച് പുനത്തിലിന്റെ ഓർമകളുടെ വലിയ കേന്ദ്രം ഉയർന്നുവന്നേനെ. ഞങ്ങൾ ആ ശ്രമത്തിൽ തന്നെയാണിപ്പോഴും. വടകരയിലാണല്ലോ പുനത്തലിന്റെ മിക്ക കഥാപാത്രങ്ങളും കഥാപരിസരവും ഉള്ളത്.
പുലർച്ചെ എഴുതുന്ന പുനത്തിൽ
പുനത്തിൽ അതിരാവിലെ എഴുന്നേൽക്കും, എത്ര വൈകി കിടന്നാലും. കുട്ടിക്കാലത്ത് വീട്ടിൽ മുസ്ലിയാരെ താമസിപ്പിച്ചാണ് മതപഠനം നടത്തിയത്. സുബ്ഹി നമസ്കാരത്തിനു മുമ്പ് തഹജ്ജൂദ് നമസ്കാരം ശീലിച്ചയാളാണ് പുനത്തിൽ. അതുകൊണ്ട് പ്രഭാതം പ്രിയപ്പെട്ട സമയമാണ്. ഒന്നിച്ച് ഹോട്ടലിലൊക്കെ താമസിക്കുേമ്പാൾ എനിക്കൊക്കെ ഇതൊരു ബുദ്ധിമുട്ടാ. കാരണം, രാവിലെ റൂമിൽ വെളിച്ചം പരക്കും. പിന്നെ, പ്രഭാതകൃത്യങ്ങൾ ബഹളം. ഫ്ലാസ്കിൽ സൂക്ഷിച്ച കട്ടൻചായയും കുടിച്ച് എഴുതാനിരിക്കും. ഏഴു മണിവരെ സുഖമായി എഴുതും. ഞാൻ എഴുന്നേറ്റിട്ടുണ്ടെങ്കിൽ എടുത്ത് വായിച്ചുനോക്കും. കോട്ടയത്തെ ഹോട്ടലിൽ വെച്ചാണ് ‘അലീഗഢ് സ്മരണകൾ’ എഴുതിയത്. നാല് ദിവസത്തോളം അവിടെ, തങ്ങിയാണത് പൂർത്തിയാക്കിയത്.
ചിലപ്പോൾ, ഹോട്ടലിൽ കറന്റ് ഉണ്ടാവില്ല. മെഴുകുതിരി വെളിച്ചത്തിലാണ് എഴുതുക. കട്ടൻ ചായ മെഴുകുതിരി വെളിച്ചത്തിൽ സ്വർണ വർണമായി മാറും. പുനത്തിൽ എഴുതിയ ‘വിൻസന്റ് വാൻഗോഗ് ബഷീറിന്റെ വീട്ടിൽ’ എന്ന കഥയുണ്ട്. ബഷീറിന്റെ ആനകളെല്ലാം കുഴിയാനകളാണെന്ന സവർണ വിമർശനം നടന്ന കാലമായിരുന്നു. അവർക്ക് മറുപടിയെന്നോണമാണ് ആ കഥ.
പകൽ സമയത്താണ് വായന. ഒരു പ്രായത്തിനുശേഷം പുസ്തക വായന നിർത്തിയെന്ന് പറയാം. പിന്നീട് ആനുകാലികങ്ങളാണ് പ്രധാന വായന. വി.കെ.എൻ പുനത്തിലിനെ കുറിച്ച് ഒരു കഥയെഴുതി. പിന്നെയൊരിക്കൽ പുനത്തിലിന്റെ കഥാസമാഹാരത്തിന് അവതാരികയായി ആ കഥ കൊടുത്തു. പ്രസാധകർക്ക് വി.കെ.എൻ വക്കീൽ നോട്ടീസ് അയച്ചു. ഇതറിഞ്ഞ, പുനത്തിൽ മിസ്റ്റർ വി.കെ.എൻ എന്ന് അഭിസംബോധന ചെയ്ത് പോസ്റ്റ് കാർഡയച്ചു. അതിന് വി.കെ.എന്റെ മറുപടി വന്നു. പ്രസാധകരുടെ കൈയിൽ നിന്ന് കിട്ടാനുള്ള പണം വസൂലാക്കാനുള്ള വഴിമാത്രമാണെന്നായിരുന്നു മറുപടി. ഇതിന്റെ തുടർച്ചയായിട്ടൊരു സംഭവമുണ്ടായി.
കുഞ്ഞബ്ദുള്ളയൊരു പോക്കിരിയാണെന്ന് കരുതിയവർ ഏറെയാണ്. സ്വന്തമായി രണ്ട് തോക്കുണ്ടായിരുന്നു. ഒന്ന്, പാരമ്പര്യമായി കിട്ടിയത്. ഒരിക്കൽ പവനന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. അവിടെ, നിന്ന് വി.കെ.എൻ ഇറങ്ങി വരുന്നുണ്ടായിരുന്നു. പുനത്തിലിനെ കണ്ട വി.കെ.എൻ വഴിമാറി നടന്നത് ഇന്നും ഓർക്കുന്നു. ഇങ്ങനെ ഓർമകൾ ഏറെ. അന്ത്യയാത്രവരെ കൊണ്ടുനടക്കാനുള്ളത്. ഈ നവംബർ 11ന് 75 വയസ്സ് തികയുകയാണ് രാജൻ മാസ്റ്റർക്ക്. ഇക്കഴിഞ്ഞ കാലത്ത് ഏറ്റവും സ്വാധീനിച്ച വ്യക്തിയേതെന്ന് ചോദിച്ചാൽ ഒരുത്തരമേയുള്ളൂ. അത്, പുനത്തിൽ കുഞ്ഞബ്ദുള്ള എന്നു മാത്രമാണ്.


