ഖസാക്കിന്റെ സാഹിത്യാത്മാവിൽനിന്ന് കൊല്ലങ്കോട്ടിന്റെ മലവെളിച്ചത്തിലേക്ക്
text_fieldsപാലക്കാട്ടിന്റെ നെൽപാടങ്ങൾക്കിടയിലൂടെ മഴത്തുള്ളികൾ വീഴുമ്പോൾ, ഒരു യാത്രക്കാരന്റെ മനസ് ആദ്യം ചേർന്നു നിൽക്കുന്നത് മലയാള സാഹിത്യത്തിന്റെ മഹത്തായ ഒരു സ്മരണയിലാണ്, ഖസാക്ക്.
ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ മലയാള നോവലിന്റെ ഭൂമിശാസ്ത്രത്തിൽ വെറും ഒരു കൃതിയല്ല, അത് ഭാഷയുടെ പരിധികളും ചിന്തയുടെ തടസ്സങ്ങളും തകർത്ത് പുതിയൊരു സാഹിത്യ ലോകം സൃഷ്ടിച്ച, നിത്യസ്മരണയായി നിലകൊള്ളുന്ന മഹാകൃതിയാണ്. 1969ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി, ഒരു കാലഘട്ടത്തിലെ സാമൂഹ്യ മാനസിക സംഘർഷങ്ങളും മനുഷ്യന്റെ അന്തർലോകവും ചേർന്ന്, ഗ്രാമീണ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ തീർത്ത ഒരു ജീവിതദർശനം തന്നെയാണ്.
ഈ നോവലിന്റെ ജന്മഭൂമി തസ്രാക്ക് ഗ്രാമം, ഇന്നും വിജയന്റെ ഓർമകൾ സംരക്ഷിച്ച് നിൽക്കുന്നു. അവിടെ സ്ഥാപിച്ചിരിക്കുന്ന ഖസാക്ക് സ്മാരക മന്ദിരം സാഹിത്യത്തിന്റെ ചരിത്രം വാക്കുകളിൽ നിന്നൊഴിഞ്ഞ് ശിൽപങ്ങളിലും ചിത്രങ്ങളിലുമായി ജീവിക്കുകയാണ്. മതിലുകളിൽ തീർത്ത ശിൽപങ്ങളും, കഥാപാത്രങ്ങളും, ഞാറ്റുപുരയും, അറബിക്കുളവും, പാടവരമ്പിലെ കരിമ്പനകളും, നോക്കെത്താ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന നെൽവയലുകളും കാലങ്ങളിലൂടെ തലോടിപ്പോയ കഥാപാത്രങ്ങൾ ശിൽപങ്ങളായി പ്രത്യക്ഷപ്പെടുന്നു. വിജയന്റെ വരകളും കാർട്ടൂണുകളും രാഷ്ട്രീയത്തിന്റെയും സമൂഹത്തിന്റെയും മുഖം തുറന്നുകാട്ടിയ രേഖകളായി ഇന്നും ചോദ്യങ്ങൾ ഉയർത്തുന്നു. അദ്ദേഹത്തിന്റെ സുഹൃത്തും സഹയാത്രികനുമായിരുന്ന കെ.വി വിനയൻ പകർത്തിയ അപൂർവ ചിത്രങ്ങൾ, വിജയന്റെ ജീവിതത്തിന്റെ കണികകൾ പോലെ നമ്മെ സ്പർശിക്കുന്നു.
‘മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അതിഗാഢബന്ധം’ വിജയന്റെ ഓരോ വരിയിലും പോലെ, ഇവിടെ മഴയുടെ മണ്ണണുവിലും, കാറ്റിന്റെ മുരളിയിലും, പ്രകൃതിയുടെ സംഗീതത്തിലും അത് വീണ്ടും അനുഭവിക്കാം. ഖസാക്കിന്റെ ലോകം പിന്നിട്ട് യാത്ര മുന്നോട്ട് നീങ്ങുമ്പോൾ, പാലക്കാട്ടിന്റെ മറഞ്ഞു കിടക്കുന്ന പ്രകൃതി രത്നമായ കൊല്ലങ്കോട് കണ്ണിൻ മുമ്പിൽ തെളിയും. സാഹിത്യത്തിന്റെ ഓർമകളിൽ നിന്ന് പ്രകൃതിയുടെ കവിതകളിലേക്കുള്ള വഴിത്തിരിവാണ് ഇത്.
പച്ചപ്പാർന്ന വയലുകളും തിരശ്ശീലപോലെ വിരിഞ്ഞു കിടക്കുന്ന മലനിരകളും, മഴക്ക് ശേഷം തെളിഞ്ഞുനിൽക്കുന്ന ഒരു ദൃശ്യകാവ്യം പോലെ. മലമുകളിലെ മറ്റൊരു അപൂർവ സാന്നിധ്യം നാരായണ ഗുരുകുലം. 1936ൽ നടരാജഗുരു സ്ഥാപിച്ച ഈ ഗുരുകുലം, പ്രകൃതിയോടും ആത്മീയധ്യാനത്തോടും ചേർന്നൊരു ജീവിതപാഠശാലയാണ്. വൃത്താകൃതിയിലുള്ള ചെറിയ വീടുകൾ ഇന്നും കാലത്തിനപ്പുറം നിന്നൊരു സാന്നിധ്യമായി, സന്ദർശകരെ ധ്യാനത്തിനും ശാന്തതക്കും ക്ഷണിക്കുന്നു. മറ്റൊരു പ്രകൃതി വിസ്മയമാണ് മലമുകളിൽ നിന്നും നിലക്കാതെ ഒഴുകിക്കൊണ്ടിരിക്കുന്ന സീതാർക്കുണ്ട് വെള്ളച്ചാട്ടം. മഴയുടെ സംഗീതത്തിൽ പൊട്ടിച്ചിതറിയൊഴുകുന്ന വെള്ളിത്താര കാതങ്ങൾക്കപ്പുറം നിന്നുള്ള ദൂരക്കാഴ്ചയിൽ തന്നെ നമ്മുടെ കണ്ണിന് വിരുന്നൊരുക്കുന്നു. വാഹനം വിട്ടിറങ്ങി ഒരു കിലോമീറ്റർ നടന്നാൽ, പാറക്കൂട്ടങ്ങളിടയിൽ ഒഴുകുന്ന തെളിനീരിന്റെ തണുപ്പ് അനുഭവിച്ചുള്ള നീരാട്ട് ശരീരത്തിനും മനസ്സിനും പുതുജീവിതം നൽകും. യാത്രയുടെ അവസാനഘട്ടത്തിൽ എത്തുന്ന താമരക്കുളം വ്യൂപ്പോയിന്റ് മലകളും താഴ്വരകളും ചേർന്ന് വരച്ച ഒരു പ്രകൃതി ചിത്രപടമാണ്. മേഘങ്ങളും സൂര്യപ്രകാശവും ചേർന്ന് കളിയാടുന്ന കാഴ്ചകൾ, ജീവിതത്തിലെ തിരക്കുകൾ മറക്കാനാവുന്നൊരു പ്രകൃതിയുടെ തിരശ്ശീല തന്നെയാകും. ഖസാക്കിന്റെ സാഹിത്യാത്മാവും, കൊല്ലങ്കോട്ടിന്റെ പ്രകൃതി-ആത്മീയ സൗന്ദര്യവും ഒരുമിച്ചപ്പോൾ, ഈ യാത്ര വെറും സഞ്ചാരമല്ല, മഴയുടെ ഭാഷയിൽ എഴുതപ്പെട്ട കവിതയും കാലത്തിന്റെ വായനയും ആയി മാറി. ഒരിക്കലെങ്കിലും വിട്ടുപോകരുതാത്ത അനുഭവം.


