ജോര്‍ജ് ഇമ്മട്ടി: കുട്ടിക്കഥകളുടെ തമ്പുരാൻ
text_fieldsജോര്‍ജ് ഇമ്മട്ടി കഥരചനയിൽ
ഒല്ലൂര്‍: കുട്ടികളെ വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നതാണ് ജോര്‍ജ് ഇമ്മട്ടിയുടെ പുസ്തകങ്ങള്‍. അധ്യാപകനായി ജീവിതം തുടങ്ങിയ ജോര്‍ജ് ഇമ്മട്ടി കുട്ടികളുടെ മനസ്സ് അറിഞ്ഞ എഴുത്തുകാരനാണ്.ലാളിത്യവും രചനാപാടവവും കൊണ്ട് ചെറിയ കഥകളിലുടെ കുട്ടികളെ അക്ഷരലോകത്തെക്ക് അടുപ്പിക്കുന്നതില്‍ മാഷിന്റെ കൃതികള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിലും അദ്ദേഹത്തിന്റെ രചനകള്‍ പ്രചോദനമാണ്.
കുട്ടികളുടെ പഠനം എത്രകണ്ട് ലളിതമാക്കാം എന്ന അമ്പേഷണത്തിനൊടുവിലാണ് പഠന വിഷയങ്ങള്‍ ലളിതമായ രീതിയില്‍ വ്യഖ്യാനിച്ച് കൂടുതല്‍ രസകരമായി അവതരിപ്പിക്കുന്ന ശൈലിയിൽ എഴുത്ത് ആരംഭിച്ചത്. കോനിക്കര സി.ജെ.യു.പി സ്കൂളില്‍ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ചതിന് ശേഷമാണ് എഴുത്തില്‍ സജീവമായത്. 75 ലധികം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. പുരാണങ്ങൾ, ബൈബ്ള്‍, ഗ്രീക്ക് ഇതിഹാസം, പഞ്ചതന്ത്രം എന്നിവയെ അടിസ്ഥാനമാക്കിയാണ് കൂടുതൽ രചനകളും. 84ാമത്തെ വയസ്സില്‍ വിശ്രമജീവിതം നയിക്കുമ്പോഴും കുട്ടികളോടൊത്ത് സംവദിക്കുന്നതിനും സൗഹൃദം പങ്കുവെക്കുന്നതിനുമാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നത്.