തലമുറകളുടെ ഗുൽസാർ
text_fieldsഗുൽസാർ
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ നിരവധി തലമുറകൾ പ്രണയവും വിരഹവും പ്രതിഷേധവും കലാപവും എന്നുവേണ്ട മനുഷ്യന്റെ വൈകാരികാവസ്ഥയുമായി ബന്ധപ്പെട്ടതെന്തും സ്വപ്നം കണ്ടത് ചില സിനിമാ ഗാനങ്ങളിൽ കൂടിയാണ്. പോപുലർ സിനിമ ഇത്രമേൽ സ്വാധീനിച്ച ഒരു ജനതയുടെ ഏറ്റവും ജനകീയ പാട്ടെഴുത്തുകാരനാണ് ഗുൽസാർ. മഞ്ഞുതുള്ളിയുടെ നൈർമല്യവും പടപ്പാട്ടുകളുടെ ചടുലതയും ഒരേപോലെ വഴങ്ങിയ തൂലികയെ തേടി ഒടുവിൽ ജ്ഞാനപീഠ പുരസ്കാരവുമെത്തി.
അവിഭക്ത പഞ്ചാബിൽ മഖൻ സിങ്-സുജ കൗർ ദമ്പതികളുടെ മകനായി 1934 ആഗസ്റ്റ് 18നാണ് ഗുൽസാർ ജനിച്ചത്. സംപൂരൺ സിങ് എന്നാണ് യഥാർഥ പേര്. വിഭജനാനന്തരം ഗുൽസാറിന്റെ കുടുംബം അമൃത്സറിലേക്ക് കുടിയേറുകയായിരുന്നു. ജീവിതം കരുപ്പിടിപ്പിക്കാനുള്ള തീവ്ര ശ്രമവുമായി ചെറുപ്രായത്തിലേ ബോംബെയിലെത്തിയ ഗുൽസാർ ഗാരേജ് മെക്കാനിക്കായിവരെ ജോലി ചെയ്തിട്ടുണ്ട്. പ്രശസ്ത സംവിധായകൻ ബിമൽ റോയിയുടെ സഹായിയായാണ് ഗുൽസാർ സിനിമയിൽ ചുവടുവെച്ചത്.
റോയിയുടെ ‘ബാന്ദിനി’ നിർമിക്കുന്ന വേളയിൽ സംഗീത സംവിധായകനായ എസ്.ഡി. ബർമനും പാട്ടെഴുത്തുകാരൻ ശൈലേന്ദ്രയും തമ്മിൽ നിലനിന്ന ഉടക്ക് ഗുൽസാറിന് ഗുണമായി. അത് തന്റെ ആദ്യഗാനം എഴുതാനുള്ള അവസരം അദ്ദേഹത്തിന് നൽകി. അങ്ങനെയാണ് ‘മോറ ഗോറ അംഗ് ലേലെ’ എന്ന ഗാനം പിറക്കുന്നത്. എന്നാൽ, ശൈലേന്ദ്രയുടെ അനുഗ്രഹാശിസ്സുകളോടെയാണ് ഈ പാട്ടെഴുതാൻ ഗുൽസാറിന് അവസരം ലഭിച്ചതെന്നും അഭിപ്രായമുണ്ട്. എന്നാൽ, 1969ൽ പുറത്തിറങ്ങിയ ഖാമോഷി എന്ന സിനിമയിലൂടെ ഗുൽസാർ ഹിന്ദി സിനിമയിലെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു.
ഇതിലെ ‘തും പുകാർ ലോ’, ‘വോ ഷാം കുച്ച് അജീബ്ഥി’ തുടങ്ങിയ ഗാനങ്ങൾ സൂപ്പർ ഹിറ്റായി. അമൂർത്തവും സർറിയൽ സ്വഭാവമുള്ള രൂപകങ്ങളും നിറഞ്ഞ വരികൾ വഴി അന്നുവരെ ഹിന്ദി ഗാനങ്ങളിൽ കണ്ടിട്ടില്ലാത്ത ഒരു ലാവണ്യബോധം നിർമിക്കാൻ ഗുൽസാറിനായി. പ്രണയത്തിന്റെ ലോലഭാവങ്ങൾ സൂക്ഷ്മമായി ഒപ്പിയെടുത്ത വരികൾ ആസ്വാദകർ നെഞ്ചേറ്റി.
ബിമൽ റോയിയുടെ മരണശേഷം ഋഷികേശ് മുഖർജിയോടൊപ്പം ചേർന്ന ഗുൽസാർ തിരക്കഥയിൽ സജീവമായി. അങ്ങനെയാണ് ആശിർവാദ്, ആനന്ദ്, ഗുഡ്ഡി തുടങ്ങിയ ഹിറ്റുകൾ പിറക്കുന്നത്. ഗുൽസാറിന്റെതന്നെ വാക്കുകളിൽ ‘റോയി തന്റെ ജീവിതത്തിലെ പ്രിൻസിപ്പൽ ആയിരുന്നെങ്കിൽ മുഖർജി അധ്യാപകനായിരുന്നു’. 1971ൽ പുറത്തിറങ്ങിയ മേരെ അപ്നെ എന്ന സിനിമയിലൂടെ അദ്ദേഹം സംവിധായകനുമായി. മീന കുമാരിയെ മുഖ്യകഥാപാത്രമാക്കി നിർമിച്ച ഈ സിനിമ അക്രമത്തിന്റെ അർഥശൂന്യതയിലേക്ക് വിരൽചൂണ്ടുന്ന ചിത്രമെന്നനിലയിൽ ശ്രദ്ധേയമായി.
തുടർന്ന് രാജ് കുമാർ മൈത്രയുടെ ബംഗാളി നോവലിനെ അടിസ്ഥാനമാക്കിയെടുത്ത ‘പരിചയ്’, ബധിര-മൂക ദമ്പതികളുടെ കഥ പറയുന്ന ‘കോഷിഷ്’ എന്നീ സിനിമകൾ സംവിധാനം ചെയ്തു. 1975ൽ അടിയന്തരാവസ്ഥ കാലത്ത് ആന്ധിയുടെ പ്രദർശനം തടഞ്ഞിരുന്നു. പിന്നീട് ഖുശ്ബു, മോസം, ആംഗൂർ തുടങ്ങിയ സിനിമകളും ഗുൽസാർ ഒരുക്കി. ബോക്സോഫിസ് ഹിറ്റുകൾ എന്ന നിലക്കല്ല ഗുൽസാർ സിനിമകൾ ശ്രദ്ധനേടിയത്. ബന്ധങ്ങളുടെ സങ്കീർണതയും സാമൂഹിക പരിപ്രേക്ഷ്യവുമാണ് അവയെ വ്യതിരിക്തമാക്കിയത്.
കിഷോർ കുമാർ, ലത മങ്കേഷ്കർ, ആശ ഭോസ് ലേ തുടങ്ങിവരാണ് ഗുൽസാറിന്റെ ഒട്ടുമിക്ക അനശ്വര ഗാനങ്ങളും പാടിയത്. മുസാഫിർ ഹോ യാരോ, തേരേ ബിനാ സിന്ദഗി സെ കോയി, മേരാ കുച് സാമാൻ, ദിൽ ഡൂം ഡ്താ ഹെ, നാം ഗം ജായേഗാ, ആനേവാലാ പൽ ജാനേ വാലാ ഹെ, തുജ്സെ നാരാസ് നഹീ സിന്ദഗി, ദിൽഹും ഹുംകരേ, ഏ അജ്നബി തുടങ്ങി ബണ്ടി ഓർ ബബ്ളിയിലെ കജ് രാരേയും സ്ലം ഡോഗ് മില്യനെയറിലെ ജൈഹോയും വരെ പല ഭാവത്തിലുള്ള ഹിറ്റ് പാട്ടുകൾ ഗുൽസാർ എഴുതി. ദൂരദർശനിൽ കുട്ടികൾക്കായുള്ള പരിപാടികൾക്കുവേണ്ടി പാട്ടും സംഭാഷണവും എഴുതിയിട്ടുണ്ട് ഗുൽസാർ.
കടൽപോലുള്ള ഉർദു കവിതയിൽ ത്രിവേണി എന്ന ഒരു പദവിന്യാസ ശൈലിതന്നെ അദ്ദേഹം രൂപപ്പെടുത്തി. ഇന്ത്യയിൽ ജീവിക്കുന്ന ഓരോ കലാസ്വാദകനിലും ഒരു ഗുൽസാറുണ്ട്. അദ്ദേഹത്തിന്റെ വരികൾ മൂളാതെ, സിനിമ കാണാതെ, ഡയലോഗുകൾ പറയാതെ ഇന്ത്യയിലെ ഒരു ഗ്രാമവും ഒരു നഗരവും കഴിഞ്ഞ അരനൂറ്റാണ്ടായി ഉറങ്ങിയിട്ടില്ല; ഉണർന്നിട്ടുമില്ല.