സ്വാതന്ത്ര്യസമര ചരിത്രം പറയുന്ന ഹജൂർ കച്ചേരി പുതുമോടിയിൽ; ഒക്ടോബർ അവസാനവാരം മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
text_fieldsതിരൂരങ്ങാടിയിലെ ജില്ല പൈതൃക മ്യൂസിയമായ ഹജൂർ കച്ചേരി
തിരൂരങ്ങാടി: മലബാർ സ്വാതന്ത്ര്യസമര സ്മരണകൾ അലയടിക്കുന്ന തിരൂരങ്ങാടിയിൽ അവയുടെ ചരിത്രം പറയുന്ന ഹജൂർ കച്ചേരി ജില്ല പൈതൃക മ്യൂസിയത്തിന്റെ നിർമാണ പ്രവൃത്തികൾ അവസാന ഘട്ടത്തിൽ. മലബാർ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ബ്രിട്ടീഷ് ആസ്ഥാനമായിരുന്ന തിരൂരങ്ങാടിയിലെ ഹജൂർ കച്ചേരിയാണ് പുരാവസ്തു വകുപ്പ് ജില്ല പൈതൃക മ്യൂസിയമായി ഒരുക്കുന്നത്. നാല് കോടിയോളം രൂപ ചെലവിൽ ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് സ്വാതന്ത്ര്യസമരപോരാട്ടവും ജില്ലയുടെ സാമൂഹിക, രാഷ്ടീയ, സാമ്പത്തിക, കാർഷിക ചരിത്രവും കല, ഭക്ഷണം, ഗൾഫ് കുടിയേറ്റം തുടങ്ങിയവയും ഉൾക്കൊള്ളിച്ച് പൈതൃക മ്യൂസിയം ഒരുങ്ങുന്നത്.
ഡിജിറ്റൽ ചുമരുകളിലൂടെ സന്ദർശകർക്ക് വിവരങ്ങൾ ലഭ്യമാകും. ബ്രിട്ടീഷ് കാലഘട്ടത്തിലെ കെട്ടിടത്തിന്റെ പഴമ ഒട്ടും ചോരാതെ ഹജൂർ കച്ചേരിയുടെ സംരക്ഷണ പ്രവൃത്തികൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. ജില്ലയിലെ വിവിധയിടങ്ങളിൽനിന്ന് പുരാവസ്തു വകുപ്പ് കണ്ടെടുത്ത ചരിത്ര രേഖകൾ, മാമാങ്കം, ചെങ്കൽ ഗുഹകളുടെയും സംസ്കാരങ്ങളുടെയും ശേഷിപ്പുകൾ, വാഗൺ ട്രാജഡി, മലബാർ സ്വാതന്ത്ര്യ സമരം, പഴയകാല ഉപകരണങ്ങൾ തുടങ്ങിയവയുടെ ചരിത്രവും വർത്തമാനവും മ്യൂസിയത്തിൽ ഉണ്ടാവും. 1921 മലബാർ സ്വാതന്ത്ര്യസമര പോരാളികളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് പട്ടാള മേധാവി വില്യം ഡങ്കൻ റൗളിയുടെ ശവകുടീരവും ഹജൂർ കച്ചേരി വളപ്പിലുണ്ട്.
കഴിഞ്ഞ യു.ഡി.എഫ് സർക്കാർ കാലഘട്ടത്തിൽ എല്ലാ ജില്ലകളിലും പൈതൃക മ്യൂസിയം ഒരുക്കാൻ തീരുമാനമായപ്പോൾ ജില്ലയിൽ തിരഞ്ഞെടുത്തത് തിരൂരങ്ങാടിയിലെ ഹജൂർ കച്ചേരിയെയായിരുന്നു. തുടർന്ന് പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ ഇടപെടലിനെ തുടർന്നാണ് പ്രവൃത്തികൾ വേഗത്തിലായത്. ഒക്ടോബർ അവസാനം മുഖ്യമന്ത്രി പിണറായി വിജയൻ ഹജൂർ കച്ചേരി നാടിനു സമർപ്പിക്കും. പുരാവസ്തു വകുപ്പ് കൺസർവേഷൻ എൻജിനീയർ എസ്. ഭൂപേഷ്, കൺസർവേഷൻ ഓഫിസർ ജയകുമാർ, മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.പി. അൻവർ സാദത്ത്, പുരാവസ്തു വകുപ്പ് ഓവർസിയർ രൺദീപ്, മ്യൂസിയം സജ്ജീകരിക്കുന്ന കരാറുകാരൻ യോഗേഷ് തുടങ്ങിയവർ ഹജൂർ കച്ചേരി സന്ദർശിച്ച് പ്രവൃത്തി വിലയിരുത്തി.