ആഘോഷക്കാല കഥകളുമായി ഹരീഷ് ആർ. നമ്പൂതിരിപ്പാട്
text_fieldsപിറവം: അവധിക്കാല വിരസതയകറ്റാൻ ആഘോഷ കാല കഥകളുമായി വരികയാണ് കുഞ്ഞുങ്ങളുടെ കഥാമാമനെന്നറിയപ്പെടുന്ന ഹരീഷ് ആർ. നമ്പൂതിരിപ്പാട്. ഈസ്റ്ററിനോട് അനുബന്ധിച്ച്, ഉയിർത്തെഴുന്നേൽപ്, ഈസ്റ്റർ മുട്ടകൾ, ജില്ലൻ മുട്ട എന്നീ കഥകൾ ഒരുങ്ങിക്കഴിഞ്ഞു. ഇതോടൊപ്പം വിഷുപക്ഷി ചിലക്കുമ്പോൾ എന്നതുൾപ്പെടെ ചില വിഷുക്കാല കഥകളും തയാറായി. ചെറിയപെരുന്നാളിനോട് അനുബന്ധിച്ചുള്ള കഥകൾ തയാറാക്കുന്ന തിരക്കിലാണ് അധ്യാപകൻ കൂടിയായ ഹരീഷ്.
2020 ൽ ആരംഭിച്ച കഥ പറയാം കേൾക്കൂ നവമാധ്യമ കഥാപരമ്പര നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ 635 കഥകൾ പൂർത്തിയാക്കി യൂനിവേഴ്സൽ റെക്കോഡ് ബുക്കിൽ കയറാനുള്ള പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ട സന്തോഷവും ഹരീഷിനുണ്ട്. 666 എന്ന മാന്ത്രിക സംഖ്യ തികച്ച് യു.ആർ.എഫ് റെക്കോഡ് സ്വീകരിക്കാനാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം മാധ്യമത്തോട് പറഞ്ഞു. രാമമംഗലം ഹൈസ്കൂൾ യു.പി വിഭാഗം അധ്യാപകനായ ഹരീഷ് അമ്പതിലേറെ പുസ്തകങ്ങളുടെ രചയിതാവാണ്.