'പുസ്തകങ്ങൾ പിടിച്ചെടുക്കണം, വിൽപനയും പ്രദർശനവും തടയണം'; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരായ ഹരജിയിൽ ഹൈകോടതി കേന്ദ്രത്തിന്‍റെ വിശദീകരണം തേടി
text_fieldsകൊച്ചി: ലോകപ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിലെ കവർപേജിലെ പുകവലി ചിത്രം ചോദ്യം ചെയ്ത് ഹൈകോടതിയിൽ ഹരജി.
‘മദർ മേരി കംസ് ടു മി’ എന്ന പുസ്തകത്തിന്‍റെ കവർപേജിൽ എഴുത്തുകാരി പുകവലിക്കുന്ന ചിത്രം യുവജനങ്ങളെ വഴിതെറ്റിക്കുന്നതും അനാരോഗ്യ പ്രവണതകൾ പ്രോത്സാഹിപ്പിക്കുന്നതും നിയമ വിരുദ്ധവുമാണെന്ന് ആരോപിച്ച് ഹൈകോടതി അഭിഭാഷകനായ എ. രാജസിംഹനാണ് ഹരജി നൽകിയത്. ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കേന്ദ്ര സർക്കാറിന്‍റെ വിശദീകരണം തേടി.
പുകയില ഉൽപന്നങ്ങളുടെ ഉൽപാദനവും പ്രചാരണവും വിൽപനയും നിരോധിക്കുന്ന 2003ലെ നിയമപ്രകാരം ചിത്രത്തിനൊപ്പം പുകവലിക്കെതിരായ ജാഗ്രത നിർദേശം നൽകാത്തത് നിയമവിരുദ്ധമാണെന്ന് ഹരജിയിൽ പറയുന്നു.
പുകവലി ആരോഗ്യത്തിന് ഹാനികരം, കാന്‍സറിന് കാരണമാകുന്നു തുടങ്ങിയ മുന്നറിയിപ്പുകൾ ഇത്തരം ചിത്രങ്ങൾക്കും രംഗങ്ങൾക്കുമൊപ്പം നൽകണമെന്നാണ് ചട്ടം. ആഗോളപ്രശസ്തയായ എഴുത്തുകാരിയായതിനാൽ അരുന്ധതി റോയിയുടെ പ്രവൃത്തികൾ പെൺകുട്ടികളടക്കം യുവജനങ്ങളിൽ സ്വാധീനം ചെലുത്താനിടയുണ്ട്. ആരോഗ്യത്തേടെ ജീവിക്കാനുള്ള അവകാശത്തെയാണ് ഇത് ബാധിക്കുക. അതിനാൽ ഓൺലൈനായോ അല്ലാതെയോ പുസ്തകത്തിന്‍റെ വിൽപനയും പ്രദർശനവും പ്രചാരണവും തടയണമെന്നാണ് ഹരജിയിലെ ആവശ്യം.
പുസ്തകങ്ങൾ പിടിച്ചെടുത്ത് കവർ പേജ് മാറ്റിയ ശേഷം മാത്രമേ വിൽക്കാൻ അനുവദിക്കാവൂ. ഹരജി തീർപ്പാകും വരെ വിൽപന തടയണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.