‘ചാമ്പലായ് തീർന്ന കുഞ്ഞുങ്ങളേ മാപ്പ്, ചിറകറ്റു വീണ പൈതങ്ങളേ മാപ്പ്...’, നൊമ്പരം പകർത്തിയെഴുതി ജാസ്മിൻ കാവ്യയുടെ പ്രതിഷേധ കാവ്യം
text_fields1. പ്രതീകാത്മക ചിത്രം 2. ജാസ്മിൻ കാവ്യ
പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞത് നിരപരാധികളായ നൂറുകണക്കിന് കുഞ്ഞുങ്ങളുടേതാണ്. മിനാബിലെ എലമെന്ററി സ്കൂളിനുനേരെ നടത്തിയ കിരാതമായ ബോംബിങ്ങിൽ 165 പിഞ്ചുകുഞ്ഞുങ്ങളാണ് മരണത്തിന് കീഴടങ്ങിയത്. സമാനതകളില്ലാത്ത ഈ ദുരന്തം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയ സാഹചര്യത്തിൽ പ്രതിഷേധ ഗാനം പുറത്തിറക്കിയിരിക്കുകയാണ് എഴുത്തുകാരിയും സംവിധായകയുമായ ജാസ്മിൻ കാവ്യ. സമാധാനത്തിനും മനുഷ്യത്വത്തിനും വേണ്ടി ആഹ്വാനം ചെയ്യുന്ന ശക്തമായ യുദ്ധവിരുദ്ധ സന്ദേശം പ്രമേയമാകുന്ന ഗാനത്തിന് സമൂഹ മാധ്യമങ്ങളിൽ ഏറെപ്പേരാണ് പിന്തുണ നൽകുന്നത്. യുദ്ധത്തിന് ഇരയാകുന്ന നിരപരാധികളായ കുഞ്ഞുങ്ങളുടെയും സാധാരണക്കാരായ ജനങ്ങളുടെയും വേദനയെക്കുറിച്ച് ഈ ഗാനം സംസാരിക്കുന്നു. ‘യുദ്ധം നിർത്തുക, മനുഷ്യർ സമാധാനത്തോടെ ജീവിക്കട്ടെ’ എന്ന് ജാസ്മിൻ ഈ വരികളിലൂടെ ആഹ്വാനം ചെയ്യുന്നു.
ഗാനത്തിന്‍റെ വരികൾ തയാറാക്കിയതും വീഡിയോ എഡിറ്റിങും നിർവഹിച്ചത് ജാസ്മിൻ കാവ്യ തന്നെയാണ്. എ.ഐ ദൃശ്യങ്ങളുടെ സഹായത്താലാണ് ഗാനത്തിന്റെ ചിത്രീകരണം. സംഗീതം: സുനോ എ.ഐ, ആലാപനം: ദിലീപ് കഴിമ്പ്രം, റെക്കോർഡിങ്: നസീർ മാടവന, മാക്സ് മീഡിയ വിഷ്വൽസ്: എ.ഐ.
അമേരിക്കയുടേയും ഇസ്രായേലിന്റേയും യുദ്ധക്കൊതിയിൽ ജീവൻ പൊലിയുന്നത് സാധാരണക്കാരായ മനുഷ്യരുടേതാണ്. ഇറാനിൽ ഏകപക്ഷീയമായി തുടങ്ങിയ ആക്രമണത്തിൽ അവർ ആദ്യം ഉന്നംവെച്ചത് പിഞ്ചുകുഞ്ഞുങ്ങൾ പഠിക്കുന്ന പ്രൈമറി സ്കൂളിനെയായിരുന്നു. യുദ്ധത്തെക്കുറിച്ച് ഒന്നുമറിയാത്ത, നിഷ്‍കളങ്കരായ 165 പിഞ്ചോമനകളുടെ ജീവനാണ് ക്രൂരമായ യുദ്ധക്കൊതിയിൽ അന്ന് പൊലിഞ്ഞുപോയത്.
അമേരിക്കയും ഇസ്രായേലും ചേർന്ന് ദയരഹിതമായി മിനാബിലെ സ്കൂളിനുനേരെ നടത്തിയ ബോംബാക്രമണം ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ആ പിഞ്ചുമക്കളുടെ ഖബറടക്കത്തിനായി നീണ്ടുകിടക്കുന്ന കുഞ്ഞുകുഴിമാടങ്ങളുടെ ചിത്രം കാഴ്ചക്കാരെ കണ്ണീരണിയിച്ചതാണ്.


