കവിതയുടെ നീതിദർശനം
text_fieldsകെ.ജി. ശങ്കരപ്പിള്ള
എഴുത്തച്ഛൻ പുരസ്കാരനിറവിൽ നിൽക്കുമ്പോൾ, കെട്ടകാലത്തും പ്രത്യാശകളിലേക്ക് നമ്മെ നയിക്കുന്ന നിലപാടുകളുമായി കെ.ജി.എസ് സംസാരിക്കുന്നു...
ആധുനിക കവിതയിലെ ധീരനിലപാടുകളുടെ മുഖമാണ് കെ.ജി.എസ് എന്ന മൂന്നക്ഷരം. എഴുത്തച്ഛൻ പുരസ്കാരം നൽകി സംസ്ഥാനം ആദരിക്കുമ്പോൾ അദ്ദേഹത്തിന് പങ്കുവെക്കാനുള്ളതും അണുവിട ചലിക്കാത്ത ഈ നിലപാടുകൾതന്നെ. അതിൽ വിമതസ്വരവും ചേർത്തുപിടിക്കലുകളുമുണ്ട്. അഭിപ്രായഭിന്നതകളും പ്രതീക്ഷകളുമുണ്ട്. കാലത്തെ കുറിച്ചുവെക്കാൻ നിയോഗിക്കപ്പെട്ട എഴുത്തുകാരൻ അധികാരിവർഗത്തിന്റെ കാവലാളാകരുതെന്ന് ഓർമിപ്പിക്കുന്ന കെ.ജി. ശങ്കരപ്പിള്ളയുടെ വാക്കുകൾ കെട്ടകാലത്തും പ്രത്യാശകളിലേക്കാണ് നമ്മെ നയിക്കുന്നത്. പുരസ്കാരനിറവിൽ കെ.ജി.എസ് സംസാരിക്കുന്നു.
എന്താണ് കവിത ?
നീതിബോധത്തിൽ ജ്വലിക്കുന്നതാണ് എനിക്ക് കവിത. നിലപാടുകളും പ്രധാനം. അതനുസരിച്ചാണ് ഇതുവരെ എഴുതിപ്പോന്നത്. നീതിപക്ഷം എന്നത് ഭാവിപക്ഷമാണ്. പ്രത്യാശ മുഴുവൻ അങ്ങോട്ടാണ്. ഭാവി എന്നത് വിദൂരമല്ല. തൊട്ടടുത്ത നിമിഷവും ഭാവിയാണ്. വർത്തമാനകാലത്തിന്റെ ആഴത്തിലും, ഭാവിയിലും വ്യാപിച്ചുകിടക്കുന്നതാണ് നീതിപക്ഷം. നീതി ലഭിക്കുന്ന നിമിഷം മനോഹരമായ സ്വർഗനിമിഷമാണ്. നീതിനിഷേധിക്കപ്പെടുന്ന നിമിഷങ്ങൾ നരകനിമിഷങ്ങളും. നരകനിമിഷങ്ങളുടെ എണ്ണം കൂടി വരുകയും സ്വർഗനിമിഷങ്ങളുടെ എണ്ണം കുറഞ്ഞുവരുകയും ചെയ്യുന്നു എന്നതാണ് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ദുരന്തം. ചെവിയോർത്താൽ നമ്മൾ കേൾക്കുന്നത് പൊട്ടിച്ചിരികളേക്കാൾ അധികം നിലവിളികളല്ലേ.
ഗസ്സയിൽ മാത്രമല്ല, എവിടെനോക്കിയാലും. മനുഷ്യന്റെ അവസ്ഥയിൽ പണ്ടെന്നത്തേക്കാളും ദുഃഖമുണ്ട്, ഭയമുണ്ട്, പ്രതിഷേധമുണ്ട്, പ്രതിരോധമുണ്ട്. പ്രതിസന്ധികൾ ഏറെയുള്ള കാലഘട്ടമാണിത്. അതുകൊണ്ട് പ്രതികരണത്തിലെ സത്യസന്ധത കൈവിടാനാവില്ല. ലോകത്ത് എന്തെങ്കിലും നടന്നോട്ടെ എന്നു കരുതി മാറിനിൽക്കാനാവില്ല. അങ്ങനെ പ്രതികരിച്ചപ്പോഴൊന്നും ഒറ്റക്കായിട്ടില്ല. നീതിപക്ഷത്ത് ഉറച്ചുനിന്നതുകൊണ്ട് എത്രയായിരം പേരുടെ പിന്തുണയാണ് കിട്ടിയത്. നമ്മളെ ഗാഢമായി ചേർത്തുനിർത്തുന്നു എന്നത് സമൂഹത്തിന്റെ ആഴങ്ങളിൽനിന്നു കിട്ടുന്ന സ്വീകാര്യതയും കൂടെനിൽക്കലുമാണ്. അതൊരു സംരക്ഷണമാണ്. ഹിംസക്കിരയാക്കപ്പെട്ടവന്റെ, നീതിനിഷേധിക്കപ്പെട്ടവന്റെ, കരുണ അർഹിക്കുന്നവന്റെ കൂടെ നിൽക്കുമ്പോഴാണ് സർഗാത്മകത പൂർണമാവുന്നത്. ദയ എന്നത് സർഗാത്മകപ്രവൃത്തിയാണ്. നീതിദർശനമായ കവിതയാണ് ഞാൻ ആഗ്രഹിക്കുന്നത്. ആവുന്നത്ര അതിന്റെ ഭാഗത്തുനിൽക്കാനും അത്തരം കവിതകൾ സൃഷ്ടിക്കാൻ കഴിയണമെന്നതുമാണ് തന്റെ ആത്മസമരത്തിന്റെ ഉള്ളടക്കം.
ഭയം എന്തിനെയാണ്?
രാജ്യത്ത് ഫാഷിസത്തിന്റെ അടയാളങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി എന്നത് നമ്മൾ ആദ്യമറിയുന്നത് മനസ്സിൽ ഭയത്തിന്റെ ചെറിയ ചെറിയ പ്രകമ്പനങ്ങളായാണ്. ഫാഷിസത്തിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള അഗാധമായ അനുഭവജ്ഞാനമാണ് പേടി. പൊലീസ് അതിക്രമങ്ങളും കരിനിയമങ്ങളും കടുത്ത ശിക്ഷാനടപടികളും നീതിനിഷേധവുമെല്ലാം ഫാഷിസത്തിന്റെ ഇന്ധനങ്ങളാണ്. അധികാരത്തിലേക്ക് വരുമ്പോൾ നമുക്ക് കാണാം പേടി സാർവത്രികമാണെന്ന്. അത് ഇന്നലത്തെക്കാളും ഒട്ടും കുറവല്ല. ജനനീതി എന്നതിനേക്കാൾ ഒരു സ്വാർഥപക്ഷത്തിന്, അധികാരിപക്ഷത്തിന് അനുകൂലമായ നീതി സൃഷ്ടിക്കുന്ന നിസ്സഹായത. എവിടെനിന്നും ഒന്നും പ്രതീക്ഷിക്കാനില്ലെന്ന തോന്നൽ. വർഗീയതയും ഫാഷിസത്തിന്റെ ഒരു രൂപംതന്നെയാണ്. ഫാഷിസം ഒരുപാട് നുണ പറയും. രണ്ടു സൃഹൃത്തുക്കളിലൊരാൾ നുണ പറയുമ്പോൾ അയാൾ അവിടെ ഫാഷിസം കളിക്കുകയാണ്. സമൂഹത്തിൽ കാണുന്നതിന്റെ സൂക്ഷ്മരൂപംതന്നെയാണ് വ്യക്തിയുടെ ദൈനംദിന ജീവിതത്തിൽ കാണുന്ന ആശങ്കകളും ഉത്കണ്ഠകളും.
ഭരണകൂടത്തെ പേടിക്കേണ്ട അവസ്ഥയല്ലേ?
ഉംബർട്ടോ എക്കോ ഫാഷിസത്തെക്കുറിച്ച് പറഞ്ഞ 14 ലക്ഷണങ്ങൾ ഇവിടെ ചിലപ്പോൾ കുറവായിരിക്കും. ആ ലക്ഷണങ്ങൾ അവിടത്തെ ഫാഷിസത്തിന്റെ ലക്ഷണങ്ങളായിരുന്നു. ഇറ്റാലിയൻ ഫാഷിസത്തിന്റെ ലക്ഷണങ്ങൾ അല്ല ഹിറ്റ് ലറുടെ ഫാഷിസത്തിന്, അതല്ല സ്റ്റാലിന്റെ ഫാഷിസം. ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് അടിയന്തരാവസ്ഥക്കാലത്ത് രാജ്യം കാണിച്ച ഫാഷിസം. ആര് എപ്പോൾ വേണമെങ്കിലും ഫാഷിസ്റ്റായി മാറാം. ഫാഷിസം എന്നു പറയുന്നത് അണിഞ്ഞൊരുങ്ങിനിൽക്കുന്ന കഥകളിവേഷമല്ല. അവസരം കാത്തിരുന്ന് പത്തി വിടർത്തുന്ന പാമ്പാണ് ഫാഷിസം. അതിനെ പ്രതിരോധിക്കാൻ നീതിബോധത്തിലും മൂല്യബോധത്തിലും അടിയുറച്ച് ജാഗരൂകരാവണം. ഇന്നത്തെ ആത്മബോധം പോലും നീതിബോധത്തിൽ വേരൂന്നിയതാണെന്ന് തോന്നാറുണ്ട്. തന്നെപ്പറ്റി, തന്റെ അവസ്ഥകളെപ്പറ്റി, ലോകത്തെപ്പറ്റി, ലോകത്തിന്റെ വേദനകളെപ്പറ്റി, സ്വപ്നങ്ങളെപ്പറ്റി, ഭംഗങ്ങളെപ്പറ്റി എല്ലാം ഉള്ള ബോധം. ഭൂതകാലത്തിൽനിന്ന് ഊർജം സ്വീകരിച്ചുവരുന്ന ഫാഷിസമാണ് വർഗീയത. ആശയങ്ങൾക്കെതിരെ കൊടുവാൾ പ്രയോഗിക്കുന്നതും ഫാഷിസമാണ്.
അധികാരം എങ്ങനെയാണ് രാഷ്ട്രീയപാർട്ടികളെ മാറ്റിമറിക്കുന്നത് ?
അധികാരം എന്നു പറയുന്നത് ഒരു തരം ഡെവിളാണ്. ജനങ്ങളുടേതാണ് അധികാരം. അത് അവരിൽനിന്ന് അന്യവത്കരിച്ച് ഒരു പ്രത്യേക വിഭാഗത്തിന്റെ കൈയിലെത്തിയാൽ പ്രാതിനിധ്യ ജനാധിപത്യവ്യവസ്ഥക്കു പകരം ‘എല്ലാം താൻ’ ആണെന്ന കുഴപ്പം സംഭവിക്കും. സ്റ്റാലിന് പറ്റിയത് അതാണ്. കമ്യൂണിസ്റ്റ് പാർട്ടി എന്നുപറയുന്നത് താൻതന്നെയാണെന്ന് തോന്നുക. ‘ഇന്ത്യ ഈസ് ഇന്ദിര’ എന്നു തോന്നുക.
സമൂഹം മുഴുവൻ താനാണെന്ന് ഒരു വ്യക്തിക്കു തോന്നിക്കഴിഞ്ഞാൽ അയാൾ ഫാഷിസ്റ്റായിക്കഴിഞ്ഞു. ഏതു രാഷ്ട്രീയത്തിലും അതങ്ങനെയാണ്. കാരണം അധികാരം മുഴുവൻ ജനങ്ങളുടേതാണ്. അതിനെയാണ് കൊള്ളയടിക്കുന്നത്. അധികാരം ഒറ്റക്കുപോവില്ല. ഒപ്പം ധനം, നീതി, സത്യസന്ധത, മൂല്യം എല്ലാം കൊള്ളയടിക്കപ്പെടും. അതുകൊണ്ടാണ് ഏകാധിപതികൾ രാജ്യം വിട്ടോടുകയോ കൂട്ടവെടിയുണ്ടകൾക്കിരയാവുകയോ ചെയ്യുന്നത്. ഒരു ഘട്ടമെത്തിയാൽ ജനകീയപ്രതിരോധത്തിനുമുന്നിൽ ഏകാധിപതികൾക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല. സഹനത്തിനെന്നപോലെ പ്രതിരോധത്തിനും ശക്തിയുണ്ട്. ഈ രണ്ടു ശക്തികളും ചരിത്രത്തിൽ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കും. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രത്യയശാസ്ത്രം മാനവികതയല്ല. എന്നാൽ, മാനവികതയില്ലാത്ത ഒരു രാഷ്ട്രീയ ആദർശവും ഇല്ല. മാനവികതയുടെ അംശം കുറഞ്ഞുകുറഞ്ഞുവരുന്നു എന്നതാണ് അധികാരത്തിൽ വന്നുകഴിഞ്ഞ രാഷ്ട്രീയപാർട്ടികളുടെ പ്രത്യയശാസ്ത്രത്തിൽ സംഭവിച്ച ക്ഷയം.
എവിടെയാണ് പ്രതീക്ഷ?
വർഗ സമരത്തിലൂടെ മാത്രമല്ല മുന്നേറ്റമുണ്ടാവുന്നത്. സ്ത്രീകളുടെ, ദലിതരുടെ, പരിസ്ഥിതി പ്രവർത്തകരുടെ, ഏറ്റവും ദരിദ്രരായ തൊഴിലാളികളുടെ ഇങ്ങനെ അനവധി മുഖങ്ങളിലൂടെയുള്ള ജനകീയ മുന്നേറ്റങ്ങളുണ്ട്. ഈ ജനവിഭാഗങ്ങളെ മൊത്തത്തിൽ പറയുന്നത് കീഴാളർ എന്നാണ്. ദുരിതമനുഭവിക്കുന്നവരെല്ലാം കീഴാളരാണ്. ഇപ്പോൾ പോലും സൂക്ഷ്മമായ അടിമത്തത്തിലാണ് ഭൂരിഭാഗം സ്ത്രീകളും. ഫെമിനിസത്തിന്റെ പ്രതിരോധത്തിലെല്ലാം ഇതിന്റെ രോഷം കാണാൻ കഴിയും. സ്ത്രീശക്തി ചരിത്രത്തിലേറ്റവും കൂടുതൽ പ്രകടിപ്പിക്കപ്പെടുന്നത് ഇപ്പോഴാണ്.
അതുപോലെ പരമദരിദ്രരായ, അശരണരായ മനുഷ്യരുടെ ഒന്നിക്കലിൽ ഇച്ഛാശക്തിയുടെ സാന്നിധ്യമുണ്ട്. അധികാരപരമായും സാമ്പത്തികപരമായും പിടിപാടില്ലാത്ത മനുഷ്യരുടെ മുന്നേറ്റമാണ് നമുക്ക് പ്രതീക്ഷ നൽകുന്നത്. ജനകീയ മുന്നേറ്റങ്ങളാണ് പലയിടത്തും അധികാരിവർഗത്തെ കടപുഴക്കിയിട്ടുള്ളത്. ഏതു കൊലകൊമ്പന്മാരും ആ ശക്തിക്കു മുന്നിൽ തകരും. ഏകാധിപതികൾ വെറും വ്യക്തിയാകും. ഫാഷിസം നിത്യശക്തിയല്ല. ഒരു നാൾ തകരും. ഇപ്പോൾ അത്തരം പോരാട്ടത്തിന്റെ അവസ്ഥ ഇല്ലെങ്കിലും രാജ്യത്ത് ആ സാധ്യതയെക്കുറിച്ചുള്ള പൊതുബോധം കെട്ടുപോയിട്ടില്ല. ആ ശക്തിയെ ജനശക്തിയായിതന്നെ കാണണം. അതൊരു രാഷ്ട്രീയപാർട്ടിയല്ല, അമൂർത്തമാണത്.
എന്നാലും അങ്ങനെയൊരു ഊർജം മനുഷ്യരാശിയുടെ ഉള്ളിലുണ്ട്. അത് കവിതയിലും സാഹിത്യത്തിലുമെല്ലാം ഉണ്ട്. ആനന്ദ് പട് വർധന്റെ സിനിമകളിൽ ആ ധീരമായ നിലപാടുകൾ കാണാം. ലോകമഹായുദ്ധങ്ങൾക്കുശേഷം ഉണ്ടായ സിനിമകളിലാണ് ചോദ്യം ചെയ്യാനുള്ള ചിന്ത ആദ്യം വന്നിട്ടുള്ളത്. ഞാനെപ്പോഴും പറയുന്നൊരു വാചകമുണ്ട്. അനുഭൂതികൾകൊണ്ട് എഴുതപ്പെടുന്ന ചരിത്രമാണ് കവിത എന്ന്. പ്രത്യാശ, നീതി, നൈതിക പ്രബുദ്ധത, പോരാട്ടത്തിലുള്ള വിശ്വാസം തുടങ്ങിയ സൂക്ഷ്മ അനുഭൂതികൾ കൊണ്ട് എഴുതപ്പെടുന്ന ചരിത്രമാണ് കവിത.
എഴുത്തുകാർക്ക് ഇതിന്റെ ആവശ്യമുണ്ടോ ?
എഴുത്തുകാർക്ക് പിന്നെ എന്താണ് ജോലി. എന്തെഴുതണം. കഥയെഴുതിയാൽ മതിയോ. എങ്കിൽ പണ്ടത്തെപ്പോലെ പഞ്ചതന്ത്രവും മുത്തശ്ശിക്കഥകളും പറഞ്ഞിരുന്നാൽ പോരെ. എഴുത്തും വായനയും സാക്ഷരതയും ആവശ്യമില്ലല്ലോ. പ്രബുദ്ധത എന്നത് ചരിത്രത്തെക്കുറിച്ചും വർത്തമാനകാലത്തെക്കുറിച്ചുമുള്ള ആഴത്തിലുള്ള അറിവാണ്. മനുഷ്യചരിത്രത്തിൽനിന്നല്ലാതെ എവിടെനിന്നു വരാൻ പറ്റും കവിതക്ക്. സർഗാത്മക എഴുത്തുകാർ രാഷ്ട്രീയപാർട്ടികളുടെ കുടക്കീഴിൽ കയറി നിൽക്കരുത്. എല്ലാറ്റിൽനിന്നും തുല്യ അകലം പാലിക്കണം. അരാഷ്ട്രീയ വാദിയാവണമെന്നല്ല. ഒരു വിമർശനാത്മക നോട്ടം എല്ലാറ്റിനോടും തന്നോടുതന്നെയും ഉണ്ടാവണം. അത്തരം നിലപാടിനുള്ള ഇടം ഇല്ലെങ്കിൽ ബന്ധനസ്ഥനാവും. അധികാരിയുടെ കാവൽക്കാരനായി എഴുത്തുകാരനോ ചിന്തകനോ അധഃപതിക്കരുത്.
നീതിയുടെ കാവൽക്കാരാണ് എഴുത്തുകാർ. ജീവിതത്തിന്റെ ഒരു ഘട്ടം എത്തിയപ്പോൾ റഷ്യയിൽ വലിയ എഴുത്തുകാർപോലും സ്റ്റാലിനിസത്തെയും സോഷ്യലിസ്റ്റ് നിർമാണഘട്ടത്തെയും അതിഭീകരമായി വിമർശിച്ചു. എതിർക്കുന്നവന്റെ തല തച്ചുടയ്ക്കുന്ന ഏകാധിപത്യത്തിനെതിരെ പ്രതികരിക്കാൻ അവർക്ക് ചങ്കൂറ്റം ഉണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്ത കവി ആയിരുന്നു അന്ന അഖ്മത്തോവ. അവരുടെ കവിതകൾ 18 കൊല്ലമാണ് സ്റ്റാലിൻ നിരോധിച്ചത്. എഴുതാനോ പ്രസിദ്ധീകരിക്കാനോ അനുമതി ഉണ്ടായിരുന്നില്ല.
എഴുത്തുകാരുടെ അസോസിയേഷൻ വഴി കിട്ടിയിരുന്ന ചെറിയ ഓണറേറിയം പോലും നിഷേധിച്ചു. ഒന്നുകിൽ തങ്ങളുടെ അടിമ, അല്ലെങ്കിൽ പട്ടിണിക്കിട്ടു കൊല്ലുക എന്നതായിരുന്നു ഭരണകൂടത്തിന്റെ ലക്ഷ്യം. ഒരിക്കൽ അന്നയുടെ നാലുവരി കവിതയുമായി മകൾ സ്റ്റാലിനടുത്തെത്തി ചോദിച്ചു. ഇതാരുടെ കവിതയാണെന്ന്. വലിയ എഴുത്തുകാരനെന്ന് നടിച്ചിരുന്ന സ്റ്റാലിന് അതറിയില്ലായിരുന്നു. മറ്റൊരാളാണ് പറഞ്ഞത് ആ വരികൾ അന്നയുടേതാണെന്ന്. ദുർബലനായ പിതാവ് ആയതുകൊണ്ടാവാം, മകളുടെ ചോദ്യത്തെ മുൻനിർത്തി അന്നക്ക് വിലക്കുകളിൽനിന്ന് മോചനം ലഭിച്ചു. അപ്പോഴേക്കും അവർക്കെല്ലാം നഷ്ടമായിരുന്നു. അന്ന അഖ്മത്തോവയുടെ സമകാലികയായിരുന്ന പ്രശസ്ത എഴുത്തുകാരി മരീന സെറ്റ്വേവയുടെ ജീവിതം എന്തൊരു ദുരിതമായിരുന്നു.
ഭർത്താവും മൂന്നുമക്കളും ആയിരുന്നു അവർക്ക്. മൂത്തമകൾ ഗതികെട്ട് അനാഥാലയത്തിൽ പോയി. രണ്ടാമത്തെ മകൾ പട്ടിണി കിടന്നു മരിച്ചു. ഭർത്താവിനെ വെടിവെച്ചുകൊന്നു. 12 വയസ്സുള്ള മൂന്നാമത്തെ മകൻ മാത്രമായിരുന്നു അവശേഷിച്ചത്. ജീവിക്കാൻ നിവൃത്തിയില്ലാതെ ആത്മഹത്യചെയ്യുകയായിരുന്നു മരീന. കൈയിലുണ്ടായിരുന്ന ആറോ ഏഴോ റൂബിളുകൾ മകനു നൽകി റൊട്ടി വാങ്ങാൻ പറഞ്ഞയക്കുന്നു. മകൻ റൊട്ടിയുമായി തിരിച്ചുവരുമ്പോൾ കാണുന്നത് വാടകവീടിന്റെ ചുമരിലെ വലിയ കൊളുത്തിൽ തൂങ്ങിനിൽക്കുന്ന മരീനയെയാണ്. ഇത്തരത്തിൽ എല്ലാം നഷ്ടപ്പെട്ടിട്ടും അവിടെ ജീവിച്ചവരും ജീവനൊടുക്കിയവരും നിരവധിയുണ്ട്. ‘സേവിയറ്റെന്നൊരു നാടുണ്ടത്രെ, പോകാൻ കഴിഞ്ഞെങ്കിലെത്ര ഭാഗ്യം’ എന്ന് ഇവിടെ പാടിക്കൊണ്ടിരിക്കുന്ന സമയത്ത് റഷ്യയിൽ നടന്നിരുന്നത് ഇതൊക്കെയാണെന്നോർക്കണം.
എവിടെ ആയിരിക്കാം ഈ നീതിബോധത്തിന്റെ തുടക്കം ?
ഓർമവെച്ച കാലം മുതൽ കവിത എഴുത്തുണ്ട്. ആദ്യമെഴുതിയത് വീട്ടിലെ പട്ടിയെ പറ്റി ആയിരുന്നു. ഞങ്ങൾ ഏറെ ലാളിച്ചാണ് പട്ടിയെ വളർത്തിയിരുന്നത്. ഒരു ദിവസം പട്ടിയെ കാണാനില്ല. പലയിടത്തും തെരഞ്ഞുനടന്നു. ഉറക്കം വരുന്നില്ല. മുറ്റത്ത് പട്ടി നിൽക്കുന്നതായി രാത്രി സ്വപ്നം കണ്ടു. ചാടിയെഴുന്നേറ്റ് നോക്കിയപ്പോൾ മുറ്റം ശൂന്യം. ആരോ പറഞ്ഞു അപ്പുറത്തെ കുന്നിൽ ഒരു പട്ടിയെ കണ്ടു എന്ന്. അങ്ങോട്ട് പാഞ്ഞു.
അവിടെയും കണ്ടെത്താനായില്ല. ആ അലച്ചിലിൽനിന്നും വേദനയിൽനിന്നുമുണ്ടായതാണ് ആദ്യകവിത. കവിതയെന്ന് പറയാനാവില്ല. ഏഴാംക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അത്. അച്ഛന് കവിത ഉറക്കെ വായിക്കുന്ന ശീലമുണ്ടായിരുന്നു. ചണ്ഡാലഭിക്ഷുകി പലയാവൃത്തി വായിക്കും. ‘പാള കിണറ്റിലിട്ടോമൽക്കൈയാൽ കയറു വലിച്ചുടൻ’ എന്നൊക്കെ കേട്ടപ്പോൾ ഇഷ്ടപ്പെട്ടു. വീട്ടിലും ഞങ്ങളങ്ങനെ വെള്ളം കോരാറുണ്ട്. ‘ജാതി ചോദിക്കുന്നില്ല ഞാൻ സോദരീ’ എന്ന വരികൾ കേട്ട നിമിഷം ഇന്നും ഓർമയിലുണ്ട്. എന്റെ നീതിബോധത്തിന്റെ ഉണർവ് ഒരുപക്ഷെ, അവിടെയായിരിക്കാമെന്നാണ് കരുതുന്നത്.
സമകാലിക സാഹിത്യത്തിന്റെ ഇന്നത്തെ അവസ്ഥ?
സമകാലിക സാഹിത്യത്തെനോക്കി നിരാശപ്പെടാനോ നെടുവീർപ്പിടാനോ ഒന്നുമില്ല. ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും ചിന്തിക്കുകയും എഴുതുകയും ചെയ്യുന്നവരുണ്ട് മലയാളത്തിലും ഇന്ത്യൻ സാഹിത്യത്തിലും. കഴിഞ്ഞ തലമുറയിലേതിനേക്കാൾ അവരുടെ രചനകൾക്ക് ആഴമുണ്ട്, ദേശബന്ധമുണ്ട്, യാഥാർഥ്യബോധമുണ്ട്, ലോകസാഹിത്യത്തെക്കുറിച്ച് അറിവുണ്ട്, പുതിയ കാവ്യശിൽപങ്ങളുണ്ടാക്കാനുള്ള സർഗശേഷിയുണ്ട്.
ദർശനപരമായി ദീപ്തിയും വീക്ഷണപരമായി സമ്പന്നതയും ഉള്ള എഴുത്തുകൾ. കഴിഞ്ഞ കാലത്തേക്കാൾ ഒട്ടനവധി സ്ത്രീ എഴുത്തുകാർ മലയാളത്തിലുണ്ട്. പല എഴുത്തുകളും ഒന്നാന്തരമാണ്. കോയ്മക്കെതിരായ പ്രതിരോധമുണ്ട് സ്ത്രീ എഴുത്തുകളിൽ. വ്യക്തികളോ വ്യവസ്ഥിതിയോ അടിച്ചേൽപ്പിക്കുന്ന കെട്ടുപാടുകളോടുള്ള പ്രതിരോധം സ്വാഭാവികമായി ഉയർന്നുവരുന്നുണ്ട്. സ്ത്രീ സ്വാതന്ത്ര്യബോധവും സ്വാഭിമാന ബോധവും വർധിച്ചു. പുരുഷനേക്കാളും പല കാര്യങ്ങളിലും മൂല്യമുള്ളവളാണ് സ്ത്രീ എന്ന തിരിച്ചറിവുണ്ട്.


