ഖഹ്വ, അറബ് ആതിഥ്യത്തിെന്റ രുചി
text_fieldsസൗദി അറേബ്യയുടെ ഹൃദയസ്പർശിയായ ആതിഥ്യത്തിന്റെ പ്രതീകമാണ് ഖഹ്വ. വെറും പാനീയമല്ല, നൂറ്റാണ്ടുകളുടെ സാംസ്കാരിക പാരമ്പര്യവും സാമൂഹികബന്ധങ്ങളുടെ ഊഷ്മളതയും ഉൾച്ചേരുന്ന കലയാണ്. സൗദി ഖഹ്വയുടെ രുചി മറ്റ് അറബ് ഖഹ്വകളിൽനിന്ന് വ്യത്യസ്തമാണ്. ഇളം ടോസ്റ്റ് ചെയ്ത കാപ്പിക്കുരുവും ഏലം, കുങ്കുമപ്പൂ, ഗുള്ളം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും ചേർത്താണ് ഇത് തയാറാക്കുന്നത്.
‘ദല്ല’ എന്ന ചെമ്പ് കൂജയിൽ തിളപ്പിച്ചെടുക്കുന്ന ഈ ഖഹ്വ, ചെറിയ കപ്പുകളായ ‘ഫിൻജാനു’കളിൽ വിളമ്പുന്നു. സുഗന്ധവും മൃദുലമായ കയ്പും സന്തുലിതമാകുന്ന രുചിയാണ്. ഇതിന്റെ വിളമ്പൽ ഒരു ശ്രദ്ധയുള്ള ചടങ്ങാണ്. ആദ്യം പ്രായം ചെന്നവർക്കും വിശിഷ്ട അതിഥികൾക്കും നൽകുന്നു. ഫിൻജാനിൽ പകുതി മാത്രം നിറയ്ക്കുന്നു. ഇത് അതിഥിക്ക് വീണ്ടും ആവശ്യമുണ്ടോ എന്ന് ചോദിക്കാനുള്ള മര്യാദയാണ്. വലത് കൈ കൊണ്ട് മാത്രം ഖഹ്വ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നു. കുടിക്കാൻ താൽപര്യമില്ലെങ്കിൽ കപ്പ് ഇടത്തോട്ടോ വലത്തോട്ടോ ചലിപ്പിച്ച് സൂചിപ്പിക്കുന്നു. ഖഹ്വയോടൊപ്പം ഖജൂർ (ഈന്തപ്പഴം) വിളമ്പുന്നത് പതിവാണ്. ഈന്തപ്പഴത്തിന്റെ മധുരവും ഖഹ്വയുടെ കയ്പും തമ്മിലുള്ള സന്തുലനം രുചി വർധിപ്പിക്കുന്നു. വീട്ടിലെത്തുന്ന അതിഥിക്ക് ഖഹ്വ നൽകുന്നത് സൗദിയിലെ അടിസ്ഥാന മര്യാദയാണ്. കുടുംബങ്ങളും സുഹൃത്തുക്കളും ഒത്തുചേരുമ്പോൾ ഖഹ്വ സംഭാഷണങ്ങൾക്ക് ഊർജ്ജം നൽകുന്നു. വിവാഹം, ഈദ്, ഔദ്യോഗിക പരിപാടികൾ തുടങ്ങിയ എല്ലാ പ്രധാന ആഘോഷ സന്ദർഭങ്ങളിലും ഖഹ്വയുടെ സാന്നിധ്യം കാണാം. എത്യോപ്യയിൽനിന്ന് യെമൻ വഴി സൗദി അറേബ്യയിലെത്തിയ ഖഹ്വ, ഇസ്ലാമിക ലോകത്ത് 15-ാം നൂറ്റാണ്ടിൽ പ്രചാരം നേടി.
യുനെസ്കോ അംഗീകാരത്തോടെ, 2022 സൗദി ഖഹ്വ വർഷമായി ആചരിച്ചു. മരുഭൂമിയുടെ ഉഷ്ണവും സംസ്കാരത്തിന്റെ ആഴവും മിശ്രിതമായ പാനീയമാണ് സൗദി ഖഹ്വ. ഓരോ കുടിയിലും അറബ് ലോകത്തിന്റെ ആതിഥ്യം, ഐക്യം, പാരമ്പര്യം എന്നിവ രുചിക്കുന്നു. സൗദി ഖഹ്വ കൂടാതെ ഒരു സൗദി യാത്ര പൂർണമാകില്ലെന്ന് പറയുന്നതിൽ അതിശയോക്തിയില്ല.