Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകലാച്ചി-സിൻ വിവാദം:...

കലാച്ചി-സിൻ വിവാദം: വക്കീൽ നോട്ടീസ് പരസ്യപ്പെടുത്താത്ത കെ.ആർ. മീരയുടെ നടപടിയെ ചോദ്യം ചെയ്ത് ഹരിത സാവിത്രി

text_fields
bookmark_border
കലാച്ചി-സിൻ വിവാദം: വക്കീൽ നോട്ടീസ്  പരസ്യപ്പെടുത്താത്ത കെ.ആർ. മീരയുടെ നടപടിയെ ചോദ്യം ചെയ്ത് ഹരിത സാവിത്രി
cancel

തിരുവനന്തപുരം: എഴുത്തുകാരി കെ.ആർ. മീരയുടെ 'കലാച്ചി' എന്ന നോവലിനെതിരെ ഉയർന്ന ആരോപണങ്ങളിലെ വിവാദം കൂടുതൽ ശക്തമാകുന്നു. കലാച്ചിയും തന്റെ 'സിൻ' എന്ന നോവലും തമ്മിൽ പ്രമേയപരമായ സാമ്യമുണ്ടെന്ന ഹരിത സാവിത്രിയുടെ ആരോപണത്തിന് പിന്നാലെ, നിയമനടപടിയുമായി മുന്നോട്ട് പോകാൻ കെ.ആർ. മീര തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഹരിത സാവിത്രിക്ക് ലീഗൽ നോട്ടീസ് അയച്ച വിവരം മീര സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നാൽ നോട്ടീസ് അയച്ച വിവരം പരസ്യപ്പെടുത്തിയ മീര, അതിന്റെ ഉള്ളടക്കം വെളിപ്പെടുത്താൻ തയാറാകാത്തതിനെതിരെ രൂക്ഷമായ വിമർശനവുമായി ഹരിത സാവിത്രി രംഗത്തെത്തി.

​'​'‘ഞാൻ വക്കീൽ നോട്ടീസ് അയച്ചേ’ എന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇടാനും അത് വാർത്തയാക്കാനും എളുപ്പമാണ്. ഞാനായിട്ട് അത് പരസ്യമാക്കുന്നില്ല. പക്ഷേ, എനിക്കയച്ച വക്കീൽ നോട്ടീസ് അനുയായികൾക്കും പൊതുജനങ്ങൾക്കും കൂടി വായിക്കാനുള്ള അവസരം നൽകേണ്ടതല്ലേ?" - ഹരിത സാവിത്രി ഫേസ്ബുക്കിൽ കുറിച്ചു. നോട്ടീസ് അയച്ചതായി പൊതുസമൂഹത്തെ അറിയിച്ച മീര, അതിലെ ഉള്ളടക്കം എന്താണെന്ന് തുറന്നു കാണിക്കാൻ മടിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഹരിത ഉന്നയിക്കുന്നത്.

2022-ൽ പുറത്തിറങ്ങിയ 'സിൻ' എന്ന തന്റെ നോവലിന്റെ അടിസ്ഥാന പ്രമേയവുമായി കെ.ആർ. മീരയുടെ 'കലാച്ചി'ക്ക് സാമ്യമുണ്ടെന്നായിരുന്നു ഹരിത സാവിത്രിയുടെ ആരോപണം. എന്നാൽ, ഈ ആരോപണത്തെ പൂർണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് കെ.ആർ. മീര രംഗത്തെത്തിയത്.

തന്റെ 'കലാച്ചി' 2019-ൽ എഴുതിത്തുടങ്ങിയതാണെന്നും 2020 നവംബർ 16 മുതൽ 'ട്രൂ കോപ്പി തിങ്ക്' വെബ് സീനിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു തുടങ്ങിയതാണെന്നും മീര തെളിവുകൾ നിരത്തി. 2022-ൽ പുറത്തിറങ്ങിയ 'സിൻ' എന്ന പുസ്തകത്തേക്കാൾ മുൻപേ തന്റെ നോവൽ പ്രസിദ്ധീകരണം ആരംഭിച്ചിരുന്നുവെന്നും, അതിനാൽ ആരാണ് ആരിൽനിന്നാണ് ആശയം ഉൾക്കൊണ്ടതെന്ന് വായനക്കാർ വിലയിരുത്തണമെന്നും മീര ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ദുരുദ്ദേശ്യപരവും അപകീർത്തികരവുമാണെന്നും, നോട്ടീസിൽ ആവശ്യപ്പെട്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും കെ.ആർ. മീര മുൻപ് വ്യക്തമാക്കിയിരുന്നു. മലയാള സാഹിത്യലോകത്തെ പ്രമുഖരായ രണ്ട് എഴുത്തുകാർ തമ്മിലുള്ള ഈ നിയമപോരാട്ടം വരുംദിവസങ്ങളിലും ചർച്ചയാകുമെന്ന് ഉറപ്പാണ്. നോട്ടീസിനുള്ള മറുപടി ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നാണ് മീര അറിയിച്ചിരിക്കുന്നത്.

Show Full Article
TAGS:kr meera Haritha Savitri plagarism Kalachi Book controversy literature 
News Summary - kalachi zin plagiarism controversy haritha savithri react to legal notice
Next Story