കശ്മീർ
text_fieldsമഞ്ഞണിഞ്ഞ മലനിരകൾ
അന്നൊരു കരളലിയിപ്പിക്കുന്ന രംഗം കണ്ടു
പുതുമോടി മാറാത്ത യുവമിഥുനങ്ങൾ
'റോജ'യുടെ അഭ്രപാളികളിൽ
പിന്നീടത് ദേശസ്നേഹത്തിന്റെ പ്രതീകമായി
സ്വതന്ത്ര ഇൻഡ്യയുടെ ആഘോഷ ദിനങ്ങളെയെല്ലാം
ദൂരദർശൻ അലങ്കരിച്ചു പോന്നു
ഇന്നുവീണ്ടും കാശ്മീരിൽ തിരശ്ചീനമായ അതേ ചിത്രം
പഹൽഗാമിലെ അവസാന റീലുകളിലും
പ്രണയത്തിന്റെ സുന്ദരനിമിഷങ്ങൾ
ജീവിതത്തിന്റെ അവസാന ശ്വാസങ്ങൾ
ക്ലൈമാക്സിലെ ദയാവായ്പു പകുത്ത ഭീകരവാദി
'റോജ'ക്കു സന്തോഷത്തിന്റെ
കുളിരു നൽകിയപ്പോൾ
അന്ധരായ ഭീകരജന്തുക്കൾ
അശാന്തമായ ഇൻഡ്യയെ
നമുക്കു സമ്മാനിക്കുന്നു.
റഹ്മാന്റെ സംഗീതം ഒരു മാജിക്കു പോലെ
അപ്പോഴും ആ റീലുകളെ
തണുപ്പിച്ചു കൊണ്ടിരിക്കട്ടെ.