ആർ.കെ. ബിജുരാജിന് കേരള ഹിസ്റ്ററി കോൺഗ്രസ് എം.ഒ. ജോസഫ് നെടുങ്കുന്നം പുരസ്കാരം
text_fieldsതൃശൂർ: കേരള ഹിസ്റ്ററി കോൺഗ്രസ് സുവർണ്ണ ജൂബിലിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ വിവിധ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചരിത്രഗ്രന്ഥത്തിനുള്ള എം.ഒ. ജോസഫ് നെടുങ്കുന്നം പുരസ്കാരം 'മാധ്യമം' ചീഫ് സബ് എഡിറ്റർ ആർ.കെ. ബിജുരാജിന്‍റെ 'കേരളത്തിന്റെ രാഷ്ട്രീയചരിത്രം' എന്ന പുസ്തകത്തിന് ലഭിച്ചു.
മികച്ച പ്രാദേശിക ചരിത്ര ഗ്രന്ഥത്തിനുള്ള ഫാ. വടക്കൻ അവാർഡിന് വി.എം. രാധാകൃഷ്ണന്റെ 'സൗഹൃദം പൂത്ത വഴിത്താരകൾ', വി.സി. ജോർജ്ജ് ജീവചരിത്ര ഗ്രന്ഥ അവാർഡിന് വിനായക് നിർമ്മലിന്റെ 'ഉമ്മൻചാണ്ടിയുടെ സ്നേഹരാഷ്ട്രീയം', ഡോ. ജെ. തച്ചിൽ വിവർത്തനഗ്രന്ഥ അവാർഡ് ഡോ. ദേവസി പന്തല്ലൂക്കാരന്റെ 'ഇന്ത്യയും തോമസ് അപ്പസ്തോലനും', ഡോ. ജോസഫ് കൊളേങ്ങാടൻ ലേഖന സമാഹാര ഗ്രന്ഥ അവാർഡ് ഡോ. ഫ്രാൻസീസ് ആലപ്പാട്ടിന്റെ 'പൊഴിയുന്ന റോസാദളങ്ങൾ', സാമൂഹ്യ-രാഷ്ട്രീയ ലേഖന ഗ്രന്ഥത്തിനുള്ള പി. തോമാസ് അവാർഡിന് ഡോ. ജോസഫ് ആന്റണിയുടെ 'ഇന്ത്യൻ വിദേശനയം മോഡി കാണ്ഡം', ദലിത് ബന്ധു എൻ.കെ. ജോസ് അവാർഡ് ജോർജ്ജ് ആലപ്പാട്ട് എന്നിവർ നേടി.
5000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡുകള്‍. മേയ് 16ന് പകല്‍ 2.30ന് തൃശൂർ സെന്റ് തോമസ് കോളജ് ഹാളിൽ നടക്കുന്ന സുവർണ്ണജൂബിലി സമാപന സമ്മേളനത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് ഡോ. കുര്യാസ് കുമ്പളക്കുഴി, ഡോ. ജോർജ്ജ് മേനാച്ചേരി, ബേബി മൂക്കൻ, ജോർജ്ജ് അലക്സ് എന്നിവര്‍ പങ്കെടുത്തു.