‘സോളോ’ അല്ല, ഈ വിയറ്റ്നാം യാത്ര
text_fields‘‘യാത്രകൾ കാഴ്ചകൾക്കുവേണ്ടി മാത്രമല്ല, കാഴ്ചപ്പാടുകൾക്കുകൂടിയുള്ളതാണ്’’ എന്ന മിത്ര സതീഷിന്റെ വരികളിൽനിന്നുവേണം ‘വി ഫോർ വിയറ്റ്നാം’ എന്ന പുസ്തകം വായിച്ചുതുടങ്ങാൻ. കാരണം ഈ പുസ്തകം യാത്രചെയ്യുന്നത് വെറും രാജ്യങ്ങളിലൂടെയല്ല, ജീവിതങ്ങളിലൂടെയാണ്, കാഴ്ചപ്പാടുകളിലൂടെയാണ്.
പലരീതിയിൽ, പലവിധത്തിൽ യാത്രചെയ്യുന്നവരുണ്ട് നമുക്കു ചുറ്റും. ചിലർ തിരക്കുപിടിച്ച ജീവിതത്തിൽനിന്ന് അൽപം ആശ്വാസത്തിനുവേണ്ടിയാവും. മറ്റു ചിലർ സുഹൃത്തുക്കൾക്കൊപ്പം അൽപം ഉല്ലസിക്കാൻ. വേറെ ചിലർ ഒരു നാടിനെയും ആ നാട്ടിലെ ആളുകളെയും സംസ്കാരത്തെയും ഭാഷയെയും നാനാവിധ സ്വഭാവങ്ങളെയുംകുറിച്ച് അറിയാനാണ് യാത്രചെയ്യുന്നത്. മിത്ര സതീഷ് എന്ന ഏകാന്ത യാത്രിക എന്തിനുവേണ്ടി യാത്രചെയ്യുന്നു എന്ന ചോദ്യം പക്ഷേ, അവരുടെ എഴുത്തുകൾ വായിച്ചാൽ ഒരിക്കലും നമ്മൾ ചോദിക്കാൻ മുതിരില്ല. യാത്ര അവരുടെ ജീവിതത്തിന്റെ ഒരു ഭാഗംതന്നെയാണെന്ന് അവരുടെ ഓരോ കുറിപ്പുകളിൽനിന്നും വ്യക്തമാണ്.
ഒരു സ്ത്രീ തനിച്ച് യാത്രചെയ്യുമ്പോൾ ‘സ്വാഭാവികമായും’ സമൂഹം നടത്തുന്ന ഒരു ചർച്ചയുണ്ട്. ‘അവളെ സമ്മതിക്കണം, അവൾക്ക് അസാമാന്യ ധൈര്യമാണ്, സമൂഹം ഇതൊക്കെ കണ്ടുപഠിക്കണം, ഒറ്റക്ക് യാത്രചെയ്യാനുള്ള അവരുടെ ധൈര്യം പ്രശംസിക്കേണ്ടതുതന്നെ’ ഇങ്ങനെ തുടങ്ങി ഒരു ‘പെൺയാത്ര’ എന്ന ലേബലിലേക്ക് തറച്ചിടുന്ന വായനക്കാരും നിരൂപകരും നിരീക്ഷകരും ധാരാളമുണ്ട്. അതുപക്ഷേ, ഒരുതരത്തിൽ ഒരു മാറ്റിനിർത്തൽകൂടിയാണ്. എന്നാൽ തന്റെ എഴുത്തിലോ നിരീക്ഷണങ്ങളിലോ ഒരിക്കൽപോലും അത്തരമൊരു ലേബലിലേക്ക് ഒതുങ്ങിനിൽക്കാൻ മിത്ര സതീഷ് തന്റെ പുസ്തകത്തിൽ ശ്രമിച്ചിട്ടേയില്ല. അതുമാത്രമല്ല, ഒരാളുടെ യാത്ര എന്നതിനപ്പുറം ഈ പുസ്തകത്തിലെ ഓരോ അധ്യായങ്ങളിലും അവർ സഞ്ചരിക്കുന്നത് ഓരോ വായനക്കാർക്കുമൊപ്പമാണ്. വിയറ്റ്നാമും കാഴ്ചകളും എല്ലാം മിത്രയുടെകൂടെ നമ്മളും കണ്ടുകൊണ്ടിരിക്കുകയാണ്.
യാത്രചെയ്യുന്ന ആർക്കും യാത്രാവിവരണം എഴുതാം എന്നൊരു ധാരണ പരക്കെയുണ്ട്. ഒരുപക്ഷേ, കണ്ട കാര്യങ്ങൾ അതുപോലെ പകർത്താൻ കഴിയുമായിരിക്കും. എന്നാൽ താൻ സഞ്ചരിക്കുന്ന ഓരോ നാടിന്റെയും സ്പന്ദനം ഒപ്പിയെടുത്ത്, ആ നാടിന്റെ സംസ്കാരവും പാരമ്പര്യവും എന്താണെന്ന് തിരിച്ചറിഞ്ഞ് നടത്തുന്ന ഒരു യാത്ര പുസ്തകത്തിലേക്ക് പകർത്തുമ്പോൾ അത് യഥാർഥത്തിൽ ഒരു സാഹിത്യരൂപംകൂടിയായി മാറുകയാണ്.
26 അധ്യായങ്ങളിലായി നമ്മെയും കൂടെക്കൂട്ടിക്കൊണ്ട് നടത്തുന്ന ഒരു യാത്രതന്നെയാണ് ‘വി ഫോർ വിയറ്റ്നാം’. ഭാഷയുടെ കാര്യമെടുത്താൽ അത്ര ലളിതം. കഥകൾ വായിക്കുന്ന അനുഭൂതികൂടി നൽകുന്നുണ്ട് ഇതിലെ ഓരോ അധ്യായങ്ങളും. യാത്രാവിവരണങ്ങൾ മലയാളത്തിൽ ഒരുപാട് വന്നുപോകുന്നുണ്ട്. അതിൽ ഈ പുസ്തകം എങ്ങനെ വ്യത്യസ്തമാകുന്നു എന്നതിന് കൃത്യമായ ഉത്തരമുണ്ട് -കാരണം, ഈ പുസ്തകം സഞ്ചരിക്കുന്നത് വായനക്കാർക്കൊപ്പമാണ്, ഓരോ നാട്ടിലെയും ആളുകൾക്കും സംസ്കാരങ്ങൾക്കും അറിവുകൾക്കുമൊപ്പമാണ്. യാത്രയും യാത്രാവിവരണങ്ങളും സഞ്ചാരസാഹിത്യവും ഇഷ്ടപ്പെടുന്നവർ തീർച്ചയായും ‘വി ഫോർ വിയറ്റ്നാം’ വായിക്കണം.
കെ.ആർ. മീരയും ഒ.കെ. ജോണിയുമാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ‘നല്ല എഴുത്തുകാരെല്ലാം നല്ല യാത്രികരായിരിക്കണമെന്നില്ല എന്നതുപോലെ നല്ല യാത്രികരെല്ലാം നല്ല യാത്രാവിവരണമെഴുത്തുകാരും ആവണമെന്നില്ല’ എന്ന് ഒ.കെ. ജോണി പറയുന്നുണ്ട്. എന്നാൽ ഈ പുസ്തകത്തിലൂടെ നല്ലൊരു യാത്രികയെയും യാത്രാവിവരണമെഴുത്തുകാരിയെയും വായനക്കാർ തീർച്ചയായും കണ്ടുമുട്ടും. തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളജിൽ അധ്യാപികയായ എഴുത്തുകാരിയുടെ നാലാമത്തെ യാത്രാപുസ്തകംകൂടിയാണ് ‘വി ഫോർ വിയറ്റ്നാം’.