നമ്മുടേത്
text_fieldsനമ്മുടെ ജീവിതം
നമ്മുടേത് മാത്രമാവരുത്...
അത്
പൂച്ചകൾക്കും
പട്ടികൾക്കും
കാക്കകൾക്കും
ചെടികൾക്കും
മരങ്ങൾക്കും
പിന്നെ
കാണുന്നതും
കാണാത്തതുമായ
എല്ലാ മനുഷ്യർക്കും
വേണ്ടിയുള്ളതാവണം...
അപ്പോഴേ, നാമീഭൂമിയിൽവന്ന്
തിരിച്ചുപോയതിന്ന്
എന്തെങ്കിലും എവിടെയെങ്കിലും
ചില അടയാളങ്ങൾ
ബാക്കിയുണ്ടാവൂ!
കാണാത്ത ആകാശങ്ങളിലെ
നക്ഷത്രങ്ങൾ
നമ്മളെ കണ്ണിമവെട്ടാതെ
നോക്കിക്കൊണ്ടിരിക്കുമപ്പോൾ
പ്രാണവായു,
ഏറ്റവും വാൽസല്യത്തോടെ
ഒരു ഓടക്കുഴലിലൂടെ
കടന്നുപോകുംമ്പോലെ
നമ്മുടെ ഉള്ളിലൂടെ
കടന്നുപോകും...
കുടിക്കുന്നവെള്ളം
വെറുംദാഹത്തിന്നപ്പുറം
നമ്മെവന്ന് അദൃശ്യമായി
കെട്ടിപ്പിടിക്കും...
നാം നടന്നുപോകുമ്പോൾ
മണ്ണ് സ്വയം
കോരിത്തരിക്കും...
നമ്മളറിയാതെ
നമ്മളെഒന്ന് തൊടാൻ
വിശുദ്ധങ്ങളായ സ്വപ്നങ്ങൾ
തിക്കിത്തിരക്കി
ഓടിവരും..!