മൂന്ന് കഥകൾ
text_fieldsചിത്രീകരണം: അമീർ ഫൈസൽ
കവിത
പുഴക്കരയിലിരുന്ന് ഒരു കവിത കുറിക്കുകയായിരുന്നു അയാൾ.
വെള്ളത്തിൽ നീട്ടിവെച്ച കാലിൽ മീൻ വന്നു തൊട്ടു.
മീൻ പറഞ്ഞു:
"അപരിചിതമായ പുഴയിലൂടെ ഒഴുക്കിനെതിരെ നീന്തുന്നതാണ് കവിത."
അയാൾ കടലാസ് പുഴയിലെറിഞ്ഞു പതുക്കെ പുഴയിലേക്കിറങ്ങി.
ഇനിയും പൂക്കൾ വിരിയും
പതിറ്റാണ്ടുകൾക്കു ശേഷം ഒരു കൊച്ചുകുട്ടി ഓണപ്പൂക്കൾ പറിക്കാൻ വിജനമായ ഒരിടത്തെത്തി.
പൂക്കൾ പറിക്കുന്നതിനിടയിൽ ഒരു പൂമ്പാറ്റ പറഞ്ഞു :
"നിന്റെ മുതു മുത്തച്ഛന്മാർ മാത്രമല്ല, പണ്ട് ഇതിലൂടെയൊഴുകിയ ഒരു പുഴയും ആകാശത്തിന് നേരെ അഹങ്കാരത്തോടെ തലയുയർത്തിനിന്ന ഒരു കുന്നും ഈ മണ്ണിനടിയിലുണ്ട്.
എന്നാലും ഭൂമിക്കടിയിൽ നിന്ന് മുളച്ചുവരുന്ന ചെടികളിൽ ഇലകൾ തളിർക്കുന്നതുപോലെ ജീവിതവും തളിർത്തുകൊണ്ടേയിരിക്കും."
പൂക്കൊട്ടക്ക് ചുറ്റും വട്ടമിട്ട് പറന്ന് പൂമ്പാറ്റ തുടർന്നു.
"ഈ പൂക്കൾക്ക് പകരം വീണ്ടും പൂക്കൾ വിരിയും ".
മുറിവുകൾ
ചിറകുകൾ ഉള്ളതുകൊണ്ട് മാത്രമല്ല പുറത്ത് ആകാശമുള്ളത് കൊണ്ട് കൂടിയാണ് പറക്കാനാകുന്നത്.
ആകാശം സംസാരിക്കുമ്പോഴാണ് പക്ഷികൾ ചിറക് വിടർത്തി ഉയരത്തിലേക്ക് പോകുന്നത്.
ഉയരത്തിലെത്തുമ്പോൾ പക്ഷികൾ ആകാശത്തോട് പറയുന്നു:
"താഴെ ഭൂമിയിലുള്ള മനുഷ്യർക്ക് ചിറകുകളില്ല. അതുകൊണ്ടാണ് അവർ ഭൂമിയിൽ ഈഴഞ്ഞുകൊണ്ടിരിക്കുന്നത്.
ആകാശം പറഞ്ഞു:"അല്ല. വീണു മുറിവുകളേൽക്കുമെന്ന ഭയമാണ് അവർക്ക് ചിറകുകൾ ഇല്ലാതാക്കിയത്.
മുറിവുകൾ അതിജീവനത്തിന്റെ അടയാളങ്ങളാണെന്ന് അവരറിയുന്നില്ല".