ഒറ്റമുറിയിലെ ഇര
text_fieldsഫ്ലാറ്റിൽ ടൈഗർ എന്നു പേരിട്ട പൂച്ചയല്ലാതെ മറ്റാരുമില്ല. തപൻ ജോഷിക്ക് പേടിതോന്നി.
സിൽവിയയുടെ പെറ്റാണ് ടൈഗർ. ഒരു വർഷം മുമ്പ് ആറാം വിവാഹ വാർഷികത്തിന് അവളുടെ കൂട്ടുകാരി സമ്മാനമായി നൽകിയതാണതിനെ.
അത്ര ഇഷ്ടമല്ലെങ്കിലും അവനുമായി തപൻ ഒരിക്കലും ശത്രുതയിലായിരുന്നില്ല. തീൻമേശയിലും കിടക്കയിലും ചാടിക്കയറി വരുന്നതിനെ ശക്തമായി എതിർത്തിരുന്നു. അതൊക്കെ അവൾ ശീലിപ്പിച്ചതാണ്.
അവളെ വഴക്കു പറയുന്നത് ടൈഗറിന് ഒട്ടും ഇഷ്ടമല്ല. മുരൾച്ചയോടെ ടൈഗർ കണ്ണിലേക്ക് തുറിച്ചുനോക്കും. അപ്പോഴൊക്കെ പേടി ഞരമ്പുകളിലൂടെ പാഞ്ഞുപോകുന്നതായി തപന് തോന്നും. അവനിൽനിന്നും കണ്ണെടുത്ത് മാറിപ്പോവുകയാണ് അന്നേരങ്ങളിലെ പതിവ്. എങ്കിലും ടൈഗറിന്റെ ഓരോ നീക്കത്തിലും തപൻ അസ്വസ്ഥത പ്രകടിപ്പിക്കും. അവന് ഇഷ്ടമല്ലായിരുന്നു അതൊന്നും.
ഇതിനുമുമ്പും ടൈഗറും തപനും ഫ്ലാറ്റിൽ തനിച്ചായിട്ടുണ്ട്. അന്നൊന്നും തോന്നാത്ത പേടിയാണ് ഇപ്പോൾ തപനിൽ നിറയുന്നത്.
പുറത്തേക്കുള്ള ഏക വാതിലിന് തൊട്ടടുത്താണ് തപനെ തുറിച്ചുനോക്കി ടൈഗർ കിടക്കുന്നത്.
‘പൂച്ചകൾ രസമാണ്. നന്നായി ഇണങ്ങുന്ന ജീവി. പോറ്റുന്നവരെ അങ്ങേയറ്റം സ്നേഹിക്കും. എന്നാൽ, ഏറ്റവും സൂക്ഷിക്കേണ്ട ജീവിയും പൂച്ച തന്നെ. ദേഷ്യം വന്നാൽ അപകടകാരിയാണ്. കടുവയുടെ അനുജനാണ്. കഴുത്തിലാണ് ചാടി അടിക്കുക. കൊരൽ പൊളിഞ്ഞുപോകും. ഒറ്റ മുറിയിൽ ശത്രുതയുള്ള പൂച്ചയോടൊപ്പം കഴിയരുത്’... ദിവസങ്ങൾക്കു മുമ്പ് ക്ലബിലിരിക്കെ ആദിത്യ പറഞ്ഞ വാക്കുകൾ തപന്റെ കാതിൽ മുഴങ്ങി.
മക്കളില്ലാത്ത സുധീർ ത്രിപാഠിയും പൂച്ചയെ പോറ്റുന്നുണ്ട്. അതുമായി ബന്ധപ്പെട്ട അവന്റെ വിശേഷങ്ങൾക്കിടെ ആയിരുന്നു ആദിത്യയുടെ ഉപദേശം.
‘പൂച്ച യജമാനനെ കാണിക്കാതെ ഒന്നിനെയും കൊല്ലില്ല. പാമ്പിനെയാണെങ്കിലും പാതി ജീവനാക്കി യജമാനൻ പെരുമാറുന്നിടത്ത് കൊണ്ടിടും. കിടക്കയിൽ വരെ കൊണ്ടിടും’ ആദിത്യയുടെ വാക്കുകൾ കേട്ട് എല്ലാവരും ഞെട്ടി. ഇതൊന്നുമല്ല വലിയ പ്രശ്നമെന്നു പറഞ്ഞാണ് ആദിത്യ പൂച്ചയെ കടുവയോട് ഉപമിച്ച് പേടിപ്പെടുത്തുന്ന അക്കാര്യം പറഞ്ഞത്.
ആദിത്യയുടെ മുന്നറിയിപ്പ് കേട്ട് നാലാം നാൾ സുധീർ ത്രി പാഠി പൂച്ചയെ മറ്റൊരാൾക്ക് കൊടുത്തു. താൻ ജോലിക്ക് പോയാൽ പിന്നെ അമ്മ ഫ്ലാറ്റിൽ തനിച്ചാണ് എന്ന ബോധമാണ് പൂച്ചയെ ഒഴിവാക്കാൻ അവനെ പ്രേരിപ്പിച്ചത്. പിന്നീട് പൂച്ചയില്ലാത്ത കുറച്ചു നാളുകളിൽ അവൻ അസ്വസ്ഥനായിരുന്നു. വീട്ടിൽ സിൽവിയ പൂച്ചയെ പോറ്റുന്ന കാര്യം തപൻ ഇന്നേവരെ അവരോട് പറഞ്ഞിരുന്നില്ല.
തപൻ ടൈഗറെ നോക്കി. അവൻ തന്നെ തുറിച്ചുനോക്കി കിടക്കുകയാണ്. തറഞ്ഞുപോയ നോട്ടം. തപന്റെ വയറ്റിൽനിന്നും ഒരു കാളിച്ച തിരപോലെ നെഞ്ചോളം പൊങ്ങി. അവൻ മൊബൈലെടുത്ത് ആദിത്യയേ വിളിച്ചു. റിങ് ചെയ്യുന്നതല്ലാതെ എടുക്കുന്നില്ല. സുധീർ ത്രിപാഠിയുടെ ഫോൺ പരിധിക്ക് പുറത്താണ്.
ടൈഗർ എഴുന്നേറ്റു. അതേ വേഗത്തിൽ തപനും. ടൈഗർ നടു വളച്ച് നാല് കാലുകളുമൂന്നി മുരണ്ടു. ടൈഗർ കടുവയായി രൂപംമാറുന്നത് തപനറിഞ്ഞു. പമ്മി പമ്മി വന്ന് പിന്നെ ടൈഗർ ഒരൊറ്റ കുതിപ്പായിരുന്നു...