മാവേലിയും മാപ്പിളയും
text_fieldsപ്രതീകാത്മക ചിത്രം
ദേശീയത ഒന്നിൽ ഒതുങ്ങുമ്പോഴല്ല, പലമകളിലേക്ക് പടരുമ്പോഴാണ് പ്രകാശപൂർണമാവുന്നത്. മുമ്പില്ലാത്ത പലതിനെയും ഒരൽപം പ്രയാസപ്പെട്ടാണെങ്കിലും ഇന്ന് ഉൾക്കൊള്ളാൻ തയാറായവർ, എന്തുകൊണ്ടാണ് സർവ ഉത്സവങ്ങൾക്കും ദേശീയപദവിക്ക് അർഹതയുണ്ടെന്ന് കേൾക്കുമ്പോൾ വിരണ്ടുപോവുന്നത്
ബർമയിൽ ഓണമുണ്ടായിരുന്നില്ല. 1954ൽ ഓണത്തിന് ദേശീയപദവി ലഭിച്ചിരുന്നില്ല. കാണം വിറ്റും ഓണം ഉണ്ണണം എന്നല്ലാതെ, ആടിനെ അറുക്കാൻ കൊടുത്തും ഓണം ആഘോഷിക്കണം എന്നൊരു ചൊല്ലും അന്നുണ്ടായിരുന്നില്ല. മാവേലി തമ്പുരാൻ മതനിരപേക്ഷവാദിയാണെന്നല്ലാതെ, മാപ്പിളയാണെന്ന് ആരും കണ്ടെത്തിയിരുന്നില്ല. ഉത്സവങ്ങളെ എടുത്തുയർത്താൻ, ഇന്നത്തെപ്പോലെ, അന്ന് വിപണിയും മാധ്യമങ്ങളും സംഘടനകളും ഉണ്ടായിരുന്നില്ല. ആഘോഷിക്കുന്നവർ ആഘോഷിക്കും. അല്ലാത്തവർ ആഘോഷിക്കുകയില്ല എന്നതിനപ്പുറമുള്ള ഒരു അതും, പിന്നെ മറ്റൊരു ഇതും അന്ന് ആരെയും അസ്വസ്ഥമാക്കിയിരുന്നില്ല. ഏത് ഉത്സവവും ആരുടേതായാലും നല്ലതാണെന്ന് കരുതാനുള്ള വിനയം ഏറക്കുറെ എല്ലാവർക്കുമുണ്ടായിരുന്നു.
കാളനും കാളയും പരസ്പരം കൈകൊടുത്തിരുന്നു. അറവാക്ക എന്ന് ഞങ്ങളുടെ നാട്ടുകാർ സ്നേഹത്തോടെ വിളിച്ച അബ്ദുള്ളക്കായുടെ ഇറച്ചിക്കടക്ക് തൊട്ടടുത്തായിരുന്നു രാമൻ നായരുടെ പച്ചക്കറിപ്പീടിക. പച്ചക്കറികൾ വാങ്ങിയിരുന്നവരിൽ ചിലരൊക്കെ ഇറച്ചിവാങ്ങിയിരുന്നില്ലെങ്കിലും, ഇറച്ചിവാങ്ങിയവരൊക്കെയും പച്ചക്കറികൾ വാങ്ങിയിരുന്നു. അക്കാലത്ത് അറവാക്കയും രാമൻനായരും ഒരുകുടക്ക് കീഴിലാണ് മഴയും വെയിലും കൊള്ളാതെ നടന്നത്. ഓണവും ബക്രീദും അവർക്കൊന്നായിരുന്നു. പിന്നീടാണ് 1960കളിൽ ഓണത്തിന് ദേശീയപദവി കൈവന്നത്. വിമോചന സമരാനന്തര പശ്ചാത്തലത്തിൽ പട്ടംതാണുപിള്ളയാണ്, ഓണത്തെ കേരളത്തിന്റെ ദേശീയോത്സവമാക്കിയത്.
സർവ ഉത്സവങ്ങളും ഇതുപോലെ ദേശീയമായിത്തീർന്നാൽ എത്ര നന്നായിരുന്നു എന്ന് അറവാക്കക്കും രാമൻനായർക്കും പിന്നെ മറ്റു പലർക്കും അന്നേ തോന്നിയിരുന്നു. ഒരുത്സവം ദേശീയമാവുമ്പോൾ ഒരു കിലോ ആഹ്ലാദം അധികമുണ്ടാവുമെങ്കിൽ; ഒരു മൂന്ന് ഉത്സവം ദേശീയോത്സവമായാൽ മൂന്നു കിലോ ആഹ്ലാദമുണ്ടാവുമല്ലോ എന്നോർത്ത് അവർ കോരിത്തരിച്ചിരുന്നു. സമുദായമൈത്രിയുടെ ഭാഗമായി സർവരും ക്രിസ്മസും ബക്രീദും ഓണവും പ്രത്യേകിച്ച് ഒരാഹ്വനവും ഇല്ലാതെ ഒന്നിച്ച് താന്താങ്ങളുടെ രീതിയിൽ ആഘോഷിക്കുന്നതിന്, ദേശീയപദവി കുറെക്കൂടി മികച്ച സൗകര്യമൊരുക്കുമല്ലോ എന്നവരൊക്കെയും കരുതിയിരുന്നു.
ഒരുത്സവത്തിന് ലഭിച്ച ദേശീയപദവി മറ്റ് ഉത്സവങ്ങൾക്ക് എന്തുകൊണ്ട് കിട്ടുന്നില്ലെന്നവരിൽ ചിലർ ചിന്തിക്കുകയും ചെയ്തിരുന്നു. എല്ലാവരും മലയാളികളായ, വ്യത്യസ്ത മതത്തിൽപെട്ടവരും, പെടാത്തവരുമായ ഇന്ത്യാക്കാരായിരിക്കേ, മഹത്തായ ഇന്ത്യൻ ദേശീയതയിൽനിന്നും ഏതെങ്കിലും ഒരുവിഭാഗത്തിന്റെ ഉത്സവങ്ങളെ ഒഴിച്ചുനിർത്തുന്നതുകൊണ്ട്, ആർക്കും ഒരു ഗുണവുമുണ്ടാവുന്നില്ലല്ലോ എന്നവർ പരസ്പരം പറഞ്ഞുകൊണ്ടിരുന്നു. ദേശീയത ഒന്നിൽ ഒതുങ്ങുമ്പോഴല്ല, പലമകളിലേക്ക് പടരുമ്പോഴാണ് പ്രകാശപൂർണമാവുന്നത്. മുമ്പില്ലാത്ത പലതിനെയും ഒരൽപം പ്രയാസപ്പെട്ടാണെങ്കിലും ഇന്ന് ഉൾക്കൊള്ളാൻ തയാറായവർ, എന്തുകൊണ്ടാണ് സർവ ഉത്സവങ്ങൾക്കും ദേശീയപദവിക്ക് അർഹതയുണ്ടെന്ന് കേൾക്കുമ്പോൾ വിരണ്ടുപോവുന്നത്.
ഇവിടെ ജീവിക്കുന്നവരൊക്കെ ഇവിടത്തുകാരായിരിക്കെ, അവരുടെയൊക്കെ ജീവിതത്തിന്റെ ഭാഗമായ ആഘോഷങ്ങളെ ഒന്ന് അഭിവാദ്യം ചെയ്താൽ ചൂളിപ്പോവുന്നതാണോ, നാനാത്വത്തിൽ ഏകത്വം ആവിഷ്കരിക്കുന്നൊരു ദേശീയത? ഒരേസമയം ഒരുപാട് ഉത്സവങ്ങൾ, ദേശീയതയുടെ രൂപവും ഉള്ളടക്കവുമായി മാറിയാൽ, അതോടെ ദേശീയത കൂടുതൽ വർണാഭമാവും! ഒഴുകിവരട്ടെ ദേശീയസമുദ്രത്തിലേക്ക് ഒരുപാട് തോടുകൾ അരുവികൾ പുഴകൾ! ഭരണകൂടത്തിന്റെ കൈയിലുള്ള ആ ദേശീയ സീൽ പതിയട്ടെ, സർവ ഉത്സവങ്ങളുടെമേലും! കുറച്ചു പേരെ കൊമ്പത്തും ബാക്കി മനുഷ്യരെ വരമ്പത്തും നിർത്തുന്ന ഏർപ്പാട് ജനായത്തമല്ല, ജാത്യാധിപത്യമാണ്. ഓരോരുത്തർക്കും സ്വന്തം ഭാഷ ഉച്ചത്തിൽ സംസാരിക്കാനുള്ള അവകാശമുണ്ടാവുന്നത്, അവർ മറ്റുള്ളവരുടെ ഭാഷ സൂക്ഷ്മമായി ശ്രദ്ധിക്കുമ്പോഴാണ്. അരി ഭാരമായ ആ ഉറുമ്പിന്റെപോലും ശബ്ദം!
ദേശീയ പദവി കിട്ടിയ ഒരാഘോഷത്തിൽ, ആ ദേശത്തിലെ സർവർക്കും സ്വന്തമായ രീതികളിൽ പങ്കെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതേസമയം, ആ സ്വാതന്ത്ര്യം സജീവമാകുന്നത്, ദേശീയഭൂപടത്തിൽനിന്നും തിരസ്കൃതമായ ആഘോഷങ്ങൾക്കുവേണ്ടിക്കൂടി അവർ വാദിക്കുമ്പോഴാണ്. പുരോഗമന കലാ സാഹിത്യസംഘത്തിന്റെ 2010ലെ കൊല്ലം നയരേഖ, ഈയൊരാശയം ധീരമായി മുന്നോട്ടുവെച്ചിട്ടുണ്ട്.
യു.എ. ഖാദർ
സവിശേഷമായ സംസ്കൃതി ഓരോ ജനവിഭാഗത്തിനും കാലത്തിനുമുണ്ട്. സംസ്കാരത്തിന്റെ വർണശബളിമ എല്ലാ ജനവിഭാഗങ്ങൾക്കുമുണ്ട്. എല്ലാ കാലത്തും കൂട്ടായ്മയുടെ കരുത്തും പ്രതിരോധവുമായി ആഘോഷങ്ങൾ നിലകൊള്ളുന്നുണ്ട്. ദലിത് ആദിവാസി ന്യൂനപക്ഷവിഭാഗങ്ങളുടെ അനുഷ്ഠാനങ്ങൾക്കും ആഘോഷങ്ങൾക്കും ദേശീയപദവിക്ക് അർഹതയുണ്ടെന്ന സാഹിത്യസംഘത്തിന്റെ സമീപനം ഇത്തരമൊരു പശ്ചാത്തലത്തിലാണ് പ്രസക്തമാകുന്നത് (പുരോഗമന കലാ സാഹിത്യസംഘം നയരേഖകൾ -പുറം 174).
സംഘം ഒരാഘോഷത്തെക്കുറിച്ചല്ല, എല്ലാ ആഘോഷങ്ങളെക്കുറിച്ചുമാണ്, അതിൽതന്നെ ബഹിഷ്കൃത ആഘോഷങ്ങളെക്കുറിച്ചാണ്, പതിനഞ്ച് കൊല്ലംമുമ്പ് അടയാളപ്പെടുത്തിയത്. പക്ഷേ, ഇപ്പോഴും ദലിത് ആദിവാസി ന്യൂനപക്ഷ സമൂഹങ്ങളുടെ അജണ്ടകളിൽപോലും സ്വന്തം ആഘോഷങ്ങൾക്ക് ദേശീയപദവി എന്ന ആവശ്യം വരുന്നില്ല. മതനിരപേക്ഷവാദികൾ അത്തരമൊരാവശ്യം ഉയർത്താൻ, കാലമേറെ കഴിഞ്ഞെങ്കിലും, മുന്നിൽ നിൽക്കുന്നില്ല. ഇന്ത്യൻ ജാതി സാമാന്യബോധത്തിന് മുന്നിലാണ് ഒരുമാതിരി മനുഷ്യരൊക്കെയും സ്തംഭിച്ചുപോവുന്നത്. ഒരുത്സവം ദേശീയോത്സവമാകുമ്പോൾ, അപ്പേരിൽ ഒരു തൊഴിലാളിക്ക് സ്പെഷലായി 1000 രൂപ കിട്ടുമെങ്കിൽ, ഒരു നാല് ഉത്സവത്തിന് ആ പദവി കിട്ടിയാൽ 4000 രൂപകിട്ടുമെന്ന കണക്ക്, സാമ്പത്തികകാര്യങ്ങളിൽ തൽപരായവർപോലും പരിഗണിക്കുന്നില്ല! പണം പോട്ടെ, പവറ് മതി എന്നതാവും ചിലർക്ക് പ്രിയം!
എന്നാൽ പവറല്ല, പണവുമല്ല, കരുതലാണ്, കാരുണ്യമാണ്, സൗഹൃദമാണ് എന്തിലും േശ്രഷ്ഠം എന്ന് കരുതുന്ന മനുഷ്യരാണ്, സംസ്കാരത്തിന്റെ എക്കാലത്തെയും ശക്തി. മലയാളത്തിന്റെ അഭിമാനമായ, സർവ വിശേഷണങ്ങൾക്കുമപ്പുറം, ഇന്നും നമ്മെ സാന്ത്വനിപ്പിക്കുകയും ഊർജപ്പെടുത്തുകയും ചെയ്യുന്ന, പ്രിയ ഖാദർഭായിയുടെ, മലയാളി കാണാത്ത മലയാളത്തിന്റെ പൊരുൾ കണ്ടെത്തിയ പ്രശസ്ത കലാപ്രതിഭ യു.എ. ഖാദറിന്റെ, ഏഴുപതിറ്റാണ്ടിനും മുമ്പെഴുതിയ, ‘മാവേലിയും മാപ്പിളയും’ എന്ന, വെറുപ്പ് പടരുന്ന വൈറസിനെ പ്രതിരോധിക്കുന്ന കഥകൂടി വായിച്ചുവേണം, ആ കഥ തുറന്നിടുന്ന വിസ്തൃതവിനയവഴികളിൽ നിന്നുവേണം, മലയാളിസമൂഹം പ്രിയത്തിന്റെ പൂക്കളമൊരുക്കാൻ!
1954ലാണ്, അതായത് ഐക്യകേരളം രൂപംകൊള്ളുന്നതിനും രണ്ടു വർഷം മുമ്പാണ്, സാമുദായിക ഐക്യം പൂത്ത് സുഗന്ധം പരത്തുന്ന, ‘മാവേലിയും മാപ്പിളയും’ എന്ന കഥ യു.എ. ഖാദർ എഴുതുന്നത്. ഒരു ഇറച്ചിവെട്ടുകാരൻ, സാക്ഷാൽ മാവേലിയായി പുതുതലമുറയുടെ തലയിൽ വെളിച്ചം ചൂടുന്ന അവിസ്മരണീയമായ ഒരു മാസ്മരിക കാഴ്ച അതിനുമുമ്പോ പിമ്പോ, മലയാളം കണ്ടിട്ടില്ല! വയലാറിന്റെ പ്രശസ്തമായ ‘ആയിഷ’ എന്ന കവിതയിലെ കൊമ്പൻമീശക്കാരനും ചോരക്കണ്ണനുമായ അന്ത്രുമാൻ മോഡൽ വാർപ്പുമാതൃകകളാണ് ഇന്നും സാഹിത്യത്തിലെ ഇറച്ചിക്കച്ചവടക്കാരനായി നിലനിന്നുപോരുന്നത്.
എം.എഫ്. ഹുസൈൻ
എം .എഫ്. ഹുസൈൻ എന്ന മഹാപ്രതിഭക്കെതിരെ നവഫാഷിസം വിളിച്ച തെറി, അവൻ പെയിന്ററല്ല ബുച്ചർ ആണ് എന്നാണ്, ഒരു പച്ചക്കറിക്കച്ചവടക്കാരനെന്നപോലെ, ഒരിറച്ചിവെട്ടുകാരനും ചിത്രകാരനോ പാട്ടുകാരനോ ആവാൻ ഒരു പ്രയാസവുമില്ലെന്ന്, ജാത്യാഭിമാനികൾക്ക് മനസ്സിലാവാത്തത് അവരുടെ അധ്വാനനിന്ദാമാനസികാവസ്ഥ നിമിത്തമാണ്. പഴയ ജാതിജന്മി നാടുവാഴിത്ത കേരളം, ഇപ്പോൾ ജാതിപുരുഷാധിപത്യ ഇസ്ലാമോഫോബിക് കേരളമായി മാറുകയാണോ എന്ന ഉത്കണ്ഠകൂടി ചേർത്താണ്, ‘മാവേലിയും മാപ്പിളയും’ എന്ന കഥ നാം വായിക്കേണ്ടത്.
കൃഷി നശിപ്പിക്കുന്നൊരു പശുവിനെ, മർമവിദഗ്ധർ എവിടെയടിക്കുമെന്നറിയാതെ പരിഭ്രമിച്ച് നിന്നപ്പോൾ, ആ നെൽപ്പാടത്തേക്ക് ചാടിയിറങ്ങി, മർമംനോക്കാതെ പശുവിനെ തലങ്ങും വിലങ്ങും തല്ലിയോടിച്ച ഒരു മമ്മത് മാപ്പിളയോടാണ്, യു.എ. ഖാദർ സ്വന്തം എഴുത്തിനെ താരതമ്യപ്പെടുത്തിയതെന്നുള്ളത് ഓർക്കുന്നു.
എന്നാൽ, മാവേലിയും മാപ്പിളയും എന്ന കഥ ജാതിസാമാന്യബോധത്തിന്റെ മർമം പൊളിക്കുന്ന അടിയാണെന്ന്, ആ കഥയിലെ ഓരോ അടരും അപഗ്രഥിക്കുമ്പോഴല്ല, ഒരൊറ്റ വായനയിൽതന്നെ ആർക്കും വ്യക്തമാവും! പാഴ്മൊട്ടത്തലയല്ല വേണ്ടൂ, ഭാരതക്ഷോണി കിരീടം ചൂടാൻ എന്ന ജാതി സാമാന്യബോധ കാഴ്ചപ്പാടിനെയാണ്, രാജകിരീടംപോലെ തിളങ്ങുന്ന ആ അറവുകാരന്റെ മൊട്ടത്തല പപ്പടംപോലെ പൊടിച്ചത്.
‘മാവേലിയും മാപ്പിളയും’ ഒരു സാധാരണ കഥയാണ്, പക്ഷേ അതാവിഷ്കരിക്കുന്നത് ഇന്നും നമ്മെ അസ്വസ്ഥമാക്കുന്ന ഒരു മഹാസന്ദേശവും! തോണി തുഴഞ്ഞ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ഗോപാലേട്ടൻ കോളറ വന്നു മരിച്ചു. അതോടെ, ചകിരി തല്ലാൻകൂടി കഴിയാത്തവിധം അയാളുടെ പങ്കാളി കല്യാണിയമ്മ തളർന്നു. മക്കളായ അപ്പുവിനെയും മാലതിയെയും അവർ പോറ്റിയത് പിന്നെ ആടിനെ വളർത്തിയാണ്. അങ്ങനെയിരിക്കെ ഓണം വന്നു. കടുത്ത ദാരിദ്യ്രത്തിലും ഓണം കെങ്കേമമാക്കണമെന്നുണ്ട്. ഒടുവിൽ മനസ്സിലാ മനസ്സോടെ ആടിനെ അറവുകാരൻ മൊയ്തീൻകുഞ്ഞിക്ക് വിൽക്കാൻ തീരുമാനിച്ചു.
മൊയ്തീൻകുഞ്ഞിയെ ശീട്ടുകളിയിൽനിന്നും പിന്തിരിപ്പിച്ചത് ഗോപാലേട്ടനാണെന്ന് അവരോർക്കുന്നു. മൊയ്തീൻകുഞ്ഞും, കല്യാണിയമ്മയും ഓർമകളിലൂടെ സഞ്ചരിക്കുന്നു. അപ്പുവും മാലതിയും ദുഷ്ടനായ അറവുകാരനെ മനസ്സിൽ ശപിക്കുന്നു. എന്നാലയാൾ ആടിനെ വാങ്ങാതെ, കല്യാണിയമ്മക്ക് സ്നേഹപൂർവം അമ്പത് രൂപ നൽകുന്നു. കണ്ണീരോടെ നടന്നുപോവുന്ന ആ അറവുകാരനെ കണ്ട് കുട്ടികൾ അന്ധാളിക്കുന്നു. ഒരറവുകാരൻ കരയുമോ? ഒരുവിധേനയും സംഗ്രഹിക്കാനാവാത്ത കഥയുടെ, ഒരു പരുക്കൻ സംഗ്രഹമാണ് ഇവിടെ നൽകാൻ ശ്രമിച്ചത്.
വയലാർ
എന്നാൽ, ഈ കഥയിൽ പ്രകടമായി കടന്നുവരാത്ത, അങ്ങേ വീട്ടിലെ ജാനുവിന്റെ മുത്തശ്ശിയാണ്, അല്ലാതെ ആടോ മൊയ്തീൻകുഞ്ഞിയോ അല്ല ‘മാവേലിയും മാപ്പിളയും’ എന്ന കഥയിലെ കേന്ദ്രം. ആ മുത്തശ്ശിയുടെ ആശയലോകത്തെ രൂപപ്പെടുത്തിയതിൽ പ്രധാന പങ്കുവഹിച്ചതാവട്ടെ, ടിപ്പുവിന്റെ പടയോട്ടത്തെയും 1921ലെ മലബാർ വിപ്ലവത്തെയും കുറിച്ചുള്ള കെട്ടുകഥകളാണ്. കഥയിലെ ഈയൊരു അസന്നിഹിതസാന്നിധ്യമാണ്, മാപ്പിളയുടെ വാർപ്പുമാതൃക ദൃഢപ്പെടുത്തുന്നത്.
ടിപ്പുവിന്റെ പടയോട്ടം, 1921ലെ മലബാർ വിപ്ലവം, ഇസ്ലാമോഫോബിയ... ഇതൊന്നും കഥയിലൊരിടത്തും പരാമർശിക്കപ്പെടുന്നില്ല. എന്നാൽ, അതാണ് കഥയിലെ കേന്ദ്രം. ആ ഇസ്ലാമോഫോബിയയുടെ ഹെഡോഫിസിലാണ് ഖാദർഭായി ബോംബിട്ടത്, അതും ഒരു മത്താപ്പ് കത്തിക്കുന്ന ലാഘവത്തോടെ! മർമം നോക്കാതെ പശുവിനെ തലങ്ങും വിലങ്ങും തല്ലിയോടിച്ച മമ്മത് മാപ്പിളയുടെ, ആഢ്യസങ്കൽപങ്ങളുടെ അടിത്തറ പൊളിച്ചെടുക്കുന്ന, ആ നാടൻ അടിക്ക് എത്ര ക്വിന്റൽ ഭാരം കാണുമെന്ന് നിങ്ങളാ കഥ വായിച്ചുതന്നെ അറിയണം.
‘മാപ്പിളയും മാവേലിയും’ എന്ന കഥയെ വലിച്ചുമുറുക്കുന്നത്, ഒരറ്റത്തുനിന്ന് സ്മരണകളും മറ്റേ അറ്റത്തുനിന്ന് ജീവിതസത്യങ്ങളുമാണ്. സ്മരണകളുടെ വേഷംധരിച്ചെത്തുന്ന കിംവദന്തികളെയാണ്, എളുപ്പം പുറത്തുകടക്കാനാവാത്ത വാർപ്പുമാതൃകകളെയാണ്, അയൽവീട്ടിലെ മുത്തശ്ശി അടയാളപ്പെടുത്തുന്നത്. കുട്ടികളെയും അമ്മമാരെയും കഴുത്തറുത്തു പുഴയിലെറിയുന്ന മാപ്പിളമാർ നിറഞ്ഞുനിൽക്കുന്ന, ആ മുത്തശ്ശിക്കഥ, ജാതിസാമാന്യബോധ സൃഷ്ടിയാണ്. ആ ജാതിസാമാന്യബോധത്തെയാണ് ‘മാവേലിയും മാപ്പിളയും’ ഒന്നായിത്തീർന്ന് മറിച്ചിടുന്നത്.
ജാനുവിന്റെ മുത്തശ്ശി കഥ പറയുമ്പോൾ കഴുത്തറക്കുന്ന മാപ്പിളയുടെ ഭയങ്കരരൂപം മനസ്സിൽകണ്ട അപ്പുവിന്; സ്വർണകിരീടവും പട്ടും ധരിച്ച് നാട്ടിലെ സുഭിക്ഷത കാണാനിറങ്ങിയ മാവേലിത്തമ്പുരാന്റെ ചിത്രം, അകന്നകന്നുപോകുന്ന ആ മാപ്പിളയിൽ കാണാൻ കഴിയുമോ? അപ്പോൾ വെയിൽനാളമേറ്റ് ആ മൊട്ടത്തല തിളങ്ങുന്നുണ്ടായിരുന്നു. രാജകിരീടംപോലെ. എല്ലാവരെപ്പോലെ കശാപ്പുകാരും മനുഷ്യരാണെന്ന പൊതുതത്ത്വമല്ല, അതിനുമപ്പുറമാണ്, ‘മാവേലിയും മാപ്പിളയും’ എന്ന സൗമ്യസ്ഫോടനകഥ ആവിഷ്കരിക്കുന്നത്. 1954ലെ ആ കഥക്ക് 2025ലെ ഇന്ത്യനവസ്ഥയോട് പറയാനേറെയുണ്ട്!
.


