ഒരോർമച്ചിത്രം
text_fieldsകലാ സാഹിത്യ സിനിമാരംഗങ്ങളിലെ പ്രഗല്ഭരായ പി. ഭാസ്കരൻ, എം.ടി. വാസുദേവൻ നായർ, രാമു കാര്യാട്ട് എന്നിവരൊക്കെ നിത്യസന്ദർശകരായിരുന്നു
തൃശൂരിൽ നഗരത്തിന്റെ ഹൃദയഭാഗമായ സ്വരാജ് റൗണ്ടിലേക്ക് കിഴക്കേ ഭാഗത്ത് കയറുന്നിടത്ത് ഈയിടെ ഒരു വെജിറ്റേറിയൻ റസ്റ്റാറന്റ് പ്രവർത്തനമാരംഭിച്ചു. അതൊക്കെ സാധാരണ കാര്യമല്ലേ, അതിന് എന്തെങ്കിലും പ്രത്യേകതയുണ്ടോ എന്നൊക്കെ ചോദിച്ചാൽ ഉണ്ട് എന്നു തന്നെയാണ് ഉത്തരം. അതു പക്ഷേ ഈ റസ്റ്റാറന്റുമായി ബന്ധപ്പെട്ടുള്ളതല്ല; ദശാബ്ദങ്ങളുടെ പാരമ്പര്യമുറങ്ങുന്ന ഈ ഹോട്ടൽ സ്ഥിതിചെയ്യുന്ന സ്ഥലവുമായി ബന്ധപ്പെട്ടതാണ്.
മുമ്പ് തൃശൂരിന്റെ ഹൃദയമായ സ്വരാജ് റൗണ്ട് തുടങ്ങിയിരുന്നത് മുകളിൽ പറഞ്ഞ ഹോട്ടലിന്റെ അൽപംകൂടി മുന്നിൽനിന്നായിരുന്നു. പക്ഷേ, അവിടെ ഏറെ ദശകങ്ങളായി പ്രവർത്തിച്ചിരുന്നത് ഒരു ഫോട്ടോ സ്റ്റുഡിയോ ആയിരുന്നു. തൃശൂരിന് സാംസ്കാരിക തലസ്ഥാനം എന്നുള്ള വിളിപ്പേരുണ്ടെങ്കിലും സായാഹ്ന പത്രങ്ങൾ ഒഴിച്ചുനിർത്തിയാൽ സ്വന്തമായി പത്രങ്ങൾ അധികമൊന്നും ഉണ്ടായിരുന്നില്ല. ഒരുകാലത്ത് തൃശൂരിന് സ്വന്തമായി ശക്തമായ ഒരു പത്രമുണ്ടായിരുന്നു. ‘എക്സ്പ്രസ്’ എന്നായിരുന്നു ആ പത്രത്തിന്റെ പേര്.
വി. കരുണാകരൻ നമ്പ്യാർ എന്ന ബഹുമുഖ പ്രതിഭയും ടി.വി. അച്യുതവാരിയർ എന്ന കർമയോഗിയുമൊക്കെ നേതൃത്വം കൊടുത്തിരുന്ന, കൃഷ്ണൻ സ്വാമിയുടെ ഉടമസ്ഥതയിൽ ധീരമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിലും അലങ്കാരങ്ങളില്ലാത്ത പച്ചയായ തലക്കെട്ടുകൾ നൽകുന്നതിലും മികച്ചുനിന്ന പത്രം. ചലിക്കുന്ന വിജ്ഞാന കോശം എന്നൊക്കെ വിളിപ്പേരുണ്ടായിരുന്ന കരുണാകരൻ നമ്പ്യാരുടെ പേരിലാണ് തൃശൂരിന്റെ വടക്ക് ഭാഗത്തേക്ക് പോകുന്ന ബസുകൾ പുറപ്പെടുന്ന ബസ് സ്റ്റാൻഡിലേക്കുള്ള റോഡ്.
പി. ശ്രീധരൻ, എന്റെ ജ്യേഷ്ഠ സുഹൃത്തായ സി.എ. കൃഷ്ണൻ തുടങ്ങി ഒരുപാട് മികച്ച പത്രപ്രവർത്തകരാൽ സമ്പന്നമായ, ചെറുതെങ്കിലും ശക്തമായ ആ പത്രത്തിൽ സരളമായ ഭാഷയിൽ അച്ചടിച്ചുവന്നിരുന്ന മൂർച്ചയേറിയ എഡിറ്റോറിയലുകൾ വായിക്കാൻ മാത്രമായി തൃശൂരുകാർ ആ പത്രം വാങ്ങാറുണ്ട്. ചാട്ടുളിപോലുള്ള പ്രയോഗങ്ങളാലും ധീരമായ മുഖം നോക്കാതെയുള്ള വിമർശനങ്ങളാലും സമ്പന്നമായ എഡിറ്റോറിയലുകൾ. എഴുപതുകളിലെ അടിയന്തരാവസ്ഥയിലും അതിനെ തുടർന്നും പത്രം അതിന്റെ അഭിപ്രായങ്ങൾ ശക്തമായി പ്രകടിപ്പിച്ചു പോന്നു.
അധികകാലം ആ പത്രത്തിന് മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. എനിക്കും ‘എക്സ്പ്രസ്’ പത്രം ഇഷ്ടമായിരുന്നു. കാരണം, എല്ലാ വെള്ളിയാഴ്ചകളിലും ഒരു പേജ് കുട്ടികൾക്കായി ‘സർഗകൈരളി’ എന്ന പേരിൽ ‘എക്സ്പ്രസ്’ പത്രം മാറ്റിവെച്ചിരുന്നു. അതിൽ പദപ്രശ്നവും ചോദ്യങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ശരിയായ ഉത്തരങ്ങൾ കൊടുക്കുന്നവരുടെ പേരും മേൽവിലാസവും അടുത്തയാഴ്ചത്തെ പത്രത്തിൽ അച്ചടിച്ചുവരും. അന്ന് സ്വന്തം പേര് അടിച്ചുവരുന്നത് കാണുന്നത് ഒരു ആനന്ദം തന്നെയായിരുന്നു. അന്ന് എല്ലാ വെള്ളിയാഴ്ചയും പത്രം വരാൻ കാത്തിരിക്കുമായിരുന്നു.
തൃശൂരിന്റെ ഹൃദയവുമായി ചേർന്നുകിടക്കുന്ന വളരെ പാരമ്പര്യമുള്ള ഒരു ഹോട്ടലായിരുന്നു ‘പത്തൻസ്’. ‘എക്സ്പ്രസ്’ പത്രത്തിന്റെ പ്രതാപകാലത്ത് ഒരിക്കൽ പത്തൻസ് ഹോട്ടൽ പ്രവർത്തനം അവസാനിപ്പിക്കുകയുണ്ടായി. അന്ന് അത് ‘എക്സ്പ്രസ്’ പത്രം റിപ്പോർട്ട് ചെയ്തത് ‘പത്തൻസിന്റെ കൊടിപ്പടം താഴുന്നു’ എന്നാണ് (ഓർമയിൽനിന്നും എഴുതുന്നതാണ്). പിന്നീട് മറ്റൊരു മാനേജ്മെന്റ് ആ ഹോട്ടൽ ഏറ്റെടുത്ത് വൈകാതെ തന്നെ പ്രവർത്തനം പുനരാരംഭിച്ചു എന്നത് വേറെ കാര്യം. ആ ശൈലി കടമെടുത്ത് പറഞ്ഞാൽ നേരത്തേ പറഞ്ഞ ഹോട്ടലിന്റെ സ്ഥാനത്തുണ്ടായിരുന്ന കൃഷ്ണൻ നായർ സ്റ്റുഡിയോ പ്രവർത്തനം നിർത്തുന്നതിനെ ആ പ്രാസ ഭംഗിയില്ലെങ്കിലും ‘കൃഷ്ണൻ നായർ സ്റ്റുഡിയോ ഒരു ഓർമച്ചിത്രമാകുന്നു’ എന്നു പറയാം.
കാരണം പതിറ്റാണ്ടുകളായി തൃശൂർ റൗണ്ടിന്റെ കിഴക്ക് ഭാഗത്തേക്ക് കയറുന്നിടത്ത് ആ സ്റ്റുഡിയോ കാണാൻ തുടങ്ങിയിട്ട്. ഫോട്ടോ സ്റ്റുഡിയോകളും തൃശൂരിന്റെ സാംസ്കാരിക പാരമ്പര്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്. അതിൽ പ്രധാന കാരണം തൃശൂർ ഹൈറോഡിൽ ഒരു കെട്ടിടത്തിന്റെ തട്ടിൻപുറത്ത് പ്രവർത്തിച്ചിരുന്ന ശോഭനാ സ്റ്റുഡിയോ ആണ്. അതുകൊണ്ടുതന്നെ അതിന്റെ ഉടമസ്ഥനെ എല്ലാവരും ശോഭനാ പരമേശ്വരൻ നായർ എന്നു വിളിച്ചു. ആ നാമത്തിന്റെ ഉടമ പിന്നീട് മലയാള ചലച്ചിത്ര നിർമാണ രംഗത്ത് ശ്രദ്ധേയനായി. അദ്ദേഹത്തെ അറിയാത്ത പലരും ആ നാമത്തിന്റെ ഉടമ ഒരു സ്ത്രീയാണെന്ന് തെറ്റിദ്ധരിച്ചു. ചിറയിൻകീഴുകാരനായിരുന്നു അദ്ദേഹം. പ്രേംനസീറിന്റെ സഹപാഠി. പിന്നീട് ഫോട്ടോഗ്രഫി പഠിച്ച അദ്ദേഹം സ്റ്റുഡിയോ തുടങ്ങിയത് തൃശൂരിലാണ്. സ്വന്തം സഹോദരിയുടെ മകളുടെ പേരായിരുന്നു സ്റ്റുഡിയോക്ക് നൽകിയത്.
കലാ സാഹിത്യ സിനിമാ രംഗങ്ങളിലെ പ്രഗല്ഭരായ പി. ഭാസ്കരൻ, എം.ടി. വാസുദേവൻ നായർ, രാമു കാര്യാട്ട് എന്നിവരൊക്കെ അവിടത്തെ നിത്യസന്ദർശകരായിരുന്നു. നീണ്ട് വെളുത്ത് മെലിഞ്ഞ് സുന്ദരനായിരുന്ന ശോഭനാ പരമേശ്വരൻ നായരുമായി എം.ടി. വാസുദേവൻ നായർ ഇടപഴകുന്നത് കാണാൻ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. അങ്ങനെയൊന്നും ആരോടും മനസ്സു തുറക്കാത്ത എം.ടി ‘പരമു’ എന്ന് അദ്ദേഹത്തെ പേര് ചുരുക്കിവിളിച്ച് സംസാരിക്കുന്നത് കൗതുകമായിരുന്നു. ഈ സാംസ്കാരിക പശ്ചാത്തലത്തിലും കൃഷ്ണൻ നായർ ഫോട്ടോ സ്റ്റുഡിയോ തൃശൂരുകാരുടെ സ്റ്റുഡിയോയായി എന്നും നിലകൊണ്ടു. വിദേശത്ത് ബിസിനസ് നടത്തി തിരിച്ചുവന്ന കൃഷ്ണൻ നായർ ആരംഭിച്ച സ്റ്റുഡിയോ തൃശൂരിലെ ജനഹൃദയങ്ങളിലേക്കാണ് നേരെ കുടിയേറിയത്.
ഫോട്ടോഗ്രഫിയിൽ വരുന്ന നൂതന പരിഷ്കാരങ്ങളൊക്കെ സ്വന്തം സ്റ്റുഡിയോയിലും കൊണ്ടുവന്ന് കൃഷ്ണൻ നായർ സ്റ്റുഡിയോ എന്നും ജനങ്ങൾക്കൊപ്പം നിലനിന്നു; അല്ലെങ്കിൽ ജനങ്ങൾ ആ സ്റ്റുഡിയോക്കൊപ്പം നിന്നു. കൃഷ്ണൻ നായർ ഫോട്ടോ സ്റ്റുഡിയോയിൽ ഒരു ഫോട്ടോയെടുക്കാൻ കഴിയുന്നത് ഓരോ തൃശൂരുകാരനും അത്യന്തം സന്തോഷം പകരുന്ന കാര്യമായിരുന്നു. ആ സന്തോഷം ഞാനും അനുഭവിച്ചിട്ടുണ്ട്. വിവാഹിതരാവുന്ന തൃശൂരിലെ ഓരോ കുടുംബവും തങ്ങളുടെ വിവാഹ ഫോട്ടോ കൃഷ്ണൻ നായർ ഫോട്ടോ സ്റ്റുഡിയോയിൽ എടുക്കാൻ തൽപരരാ യിരുന്നു എന്നും. അതുകൊണ്ടുതന്നെ കൃഷ്ണൻ നായർ ഫോട്ടോ സ്റ്റുഡിയോ ഇല്ലാതാവുന്നത് പല തലമുറകളിലെയും നിരവധി കുടുംബ ചിത്രങ്ങളുമായാണ് എന്നു പറയാതെ വയ്യ.
ആ തലമുറയിലെ ഒരുപാട് കുടുംബങ്ങളിലെ ചുമരുകളിലും ആൽബങ്ങളിലുമുള്ള ചിത്രങ്ങൾ കൃഷ്ണൻ നായർ സ്റ്റുഡിയോയിൽ എടുത്തതാണെന്ന് പറയുന്നത് എല്ലാവർക്കും എന്തൊരു സന്തോഷമായിരുന്നു. ആ കെട്ടിടത്തിന്റെ ചുവരുകൾക്ക് അവിടെ വന്ന് മുഖം മിനുക്കിയശേഷം എടുക്കുന്ന ഫോട്ടോ ഫ്രെയിമുകളുടെ ഭാരം സഹിക്കാനാവാതെ വന്നപ്പോഴാണ് ഹോട്ടലിന് വഴി മാറിയത് എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. എന്ത് കാരണങ്ങൾകൊണ്ടാണ് കൃഷ്ണൻ നായർ ഫോട്ടോ സ്റ്റുഡിയോ പ്രവർത്തനം നിർത്തിയതെങ്കിലും തൃശൂരുകാരുടെ മനസ്സിൽ ആലേഖനം ചെയ്തിരിക്കുന്ന അവിടെ എടുത്ത ഫോട്ടോഗ്രാഫുകൾ എന്നെന്നും ഏറെ തെളിച്ചമുള്ളതായിരിക്കുക തന്നെ ചെയ്യും.