മുക്രിപോക്കർ തെയ്യം; കവിതയുടെ മാറുന്ന നിർവചനം
text_fieldsമുക്രിപോക്കർ തെയ്യം
ശരികൾമാത്രം ചെയ്തിട്ടും തോറ്റവരും തോൽപിക്കപ്പെട്ടവരും അത്യുന്നത പദവികളിലെത്തണമെന്ന മനുഷ്യാഭിലാഷത്തിന്റ മിന്നലാണ്, മറ്റു പലതിനുമൊപ്പം തെയ്യങ്ങളിൽ തെളിയുന്നത്. തെയ്യം തിറയാടിത്തളരും മെയ് കറുത്ത പെണ്ണാളെ/പയ്യെപ്പോയ് തമ്പ്രാന്റെ തലയറുത്തുവാ എന്ന് മുമ്പ് സച്ചിദാനന്ദൻ മാഷ് ‘പുലയപ്പാട്ടി’ൽ എഴുതി.
അകാരണമായി ഇല്ലാതാക്കപ്പെട്ടവരുടെ രോഷത്തിന്റെ തിരിച്ചുവരവാണതിൽ മുഷ്ടിചുരുട്ടുന്നതെങ്കിൽ, കാസർകോട് ജില്ലയിലെ മാലോത്തെ, മാലോം കൂലോം ഭഗവതിക്ഷേത്രത്തിൽ കെട്ടിയാടുന്ന മുക്രിപോക്കർ തെയ്യം, കളരിചുവടുവെപ്പിനും വാൾവീശലിനുമൊപ്പം പങ്കുവെക്കുന്നത് പ്രതികാരരഹിതമായ കരുണയാണ്. ആ കാരുണ്യത്തിെന്റ തേൻതുള്ളികളുടെ മധുരം ഹൃദ്യമായി പകർന്നുനൽകാൻ പ്രശസ്ത മാധ്യമപ്രവർത്തകൻ കൂടിയായ അഷ്റഫ് തൂണേരിയുടെ ഡോക്യുമെന്ററിക്ക് കഴിഞ്ഞിരിക്കുന്നു.
മുക്രിപോക്കർ മലയാളിയല്ല. അദ്ദേഹം വന്നത് കർണാടകയിലെ ഉള്ളാളിൽനിന്ന്, കൂലോത്ത് തറവാടിെന്റ കാര്യസ്ഥനായാണ്. എന്നാൽ കൂലോത്ത് തറവാട്ടിലെ തമ്പുരാട്ടിയുമായുണ്ടായ പ്രണയമാണ് അദ്ദേഹത്തിന്റെ ജീവിതത്തെ (എന്നെന്നേക്കുമായി) അവസാനിപ്പിക്കാനിടയാക്കിയത്. എന്നെന്നേക്കുമായി എന്ന് ബ്രാക്കറ്റിനുള്ളിൽ എഴുതിയത് ബോധപൂർവമാണ്. കാരണം ജീവിതകാലത്തെന്നതിനേക്കാൾ ശക്തമായി അദ്ദേഹം മരണാനന്തരം തിരിച്ചുവരുന്നതാണ്, മാലോം കൂലോം ഭഗവതിക്ഷേത്രത്തിൽ തെയ്യമായുള്ള മുക്രിപോക്കറിന്റെ പകർന്നാട്ടം.
മുമ്പ് കാര്യസ്ഥനായിരുന്നപ്പോൾ തമ്പുരാക്കന്മാരുടെ കൽപനകൾക്കു മുന്നിൽ ഏറാൻമൂളിയിരുന്ന പഴയ മുക്രിപോക്കറല്ല, ഭക്തർക്ക് അനുഗ്രഹങ്ങൾ ചൊരിയുന്ന പുതിയ മുക്രിപോക്കർ തെയ്യം. തങ്ങൾ ഇല്ലാതാക്കിയ കാര്യസ്ഥനു മുന്നിൽ ഇന്ന് സർവരും കുമ്പിടുന്നു, ഭയന്നിട്ടല്ല, സ്നേഹംകൊണ്ട്, പരിമിതികളേറെയുണ്ടാവാമെങ്കിലും കീഴാളരുടെ സ്വപ്നസാക്ഷാത്കാരമാണ്, സ്റ്റീരിയോടൈപ് മാപ്പിളവസ്ത്രം ധരിച്ചുകൊണ്ടുള്ള മുക്രിപോക്കർ തെയ്യം. അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡുകൾ ചില ക്ഷേത്രകവാടങ്ങളിൽ പുതുതായി പ്രത്യക്ഷപ്പെടുന്നൊരു കാലത്താണ്, ഭഗവതിക്ഷേത്രത്തിനകത്ത് മുക്രിപോക്കർ ബാങ്കുവിളിക്കുകയും നമസ്കരിക്കുകയും ചെയ്യുന്നത്, ക്ഷേത്രവളപ്പിൽ തിങ്ങിക്കൂടിയ ജനം അദ്ദേഹത്തെ ആദരവോടെ കാണുന്നത്.
ഭക്തി/അഭക്തി അതിരുകൾമായ്ച്ചും പോക്കർതെയ്യം അടയാളപ്പെടുത്തുന്നത് സമുദായമൈത്രിയുടെ മഹാസന്ദേശമാണ്. ജാതിമത പരിഗണനകൾക്ക് അതീതമായി തുറന്നുവെക്കപ്പെടുന്ന സർവ ആരാധനാലയങ്ങളുടെയും മുന്നിൽ ഒരു മുക്രിപോക്കർ കണ്ണീരിനിടയിലും ചിരിച്ചുനിൽക്കുന്നുണ്ടാവും. ഒത്തുചേരുന്നവർക്കൊക്കെയും ബഹുസ്വര സദ്യ സമൃദ്ധമായി വിളമ്പുന്നുണ്ടാവും. ആദിത്യനാഥ് യോഗിയെപ്പോലും ആശ്ലേഷിക്കാൻ കഴിയുന്ന അസാധ്യസ്നേഹപാഠങ്ങൾ ചൊല്ലുന്നുണ്ടാവും! അബ്ദുല്ല അബ്ദുൽ ഹമീദും മുജീബ് കരിയാടനും രചനയും അഷ്റഫ് തൂണേരി സംവിധാനവും നിർവഹിച്ച ഡോക്യുമെന്ററി കണ്ട ആഹ്ലാദമാണ് ഈയൊരു കുറിപ്പിനടിസ്ഥാനം.
ഒപ്പം ‘പെരുമലയൻ’ എന്ന ശ്രദ്ധേയമായ നോവലെഴുതിയ എം.വി. ജനാർദനനും പ്രഭാഷകനും പുരോഗമന കലാ സാഹിത്യ സംഘം പ്രവർത്തകനുമായ സി.പി. രമേശ് മാഷും പകർന്നുതന്ന ഊർജവും! ‘അവർ പറഞ്ഞതിൽ മാത്രമല്ല, ഞാനറിഞ്ഞതിലും പതിരില്ലെന്ന് മനസ്സിലാവുക വസ്തുതകൾവിട്ട് വെളിച്ചം തേടുമ്പോഴാണ്. വെളിച്ചം തൂകിടുവോളം പൂജാർഹം താനൊരാശയം’ എന്ന് ഇടശ്ശേരി.
ഐതിഹ്യങ്ങൾ എന്തായാലും അത് കറന്നാൽ വെളിച്ചത്തിന്റെ ഒരു തുള്ളികിട്ടുമെങ്കിൽ വെറുപ്പ് സർക്കാർ ചെലവിൽപോലും കൊടിപറത്തുന്നൊരു കാലത്ത് ആ വെളിച്ചതുള്ളി ഉപേക്ഷിക്കുന്നത് കുറ്റകരമാവും! ഒരു വിഭാഗത്തിന്റെ ആരാധനയും ആഘോഷവും ജീവിതവുമൊന്നും, ഒന്നിച്ച് ജീവിക്കുന്ന മറ്റൊരുവിഭാഗത്തിന് മനസ്സിലാവാത്തവിധം അദൃശ്യ അകൽച്ചകൾ മനുഷ്യർക്കിടയിൽ വർധിക്കുന്നൊരു കാലത്ത്, പരസ്പരാശ്ലേഷത്തിന്റെ വേദിയായി ജീവിതമാകെ വിസ്തൃതമാവേണ്ടതുണ്ട്. അതില്ലെങ്കിൽ, പലവിധ കാരണങ്ങളാൽ പരസ്പരം ഉണ്ടായിത്തീരുന്ന അജ്ഞതകളെയും മുൻവിധികളെയും നർമമായി കരുതാനുള്ള ഹൃദയവിശാലതയെങ്കിലും മിനിമം ഉണ്ടായാലും മതി.
ഞങ്ങളുടെ ഗ്രാമത്തിൽ ശരിക്കു നടന്നതായി എന്റെ കുട്ടിക്കാലത്ത് പറഞ്ഞ് കേട്ടൊരു കഥ, അതിന്റെ പൊരുൾ ആലോചിക്കുമ്പോൾ, എത്രയോ വർഷങ്ങൾക്കുശേഷവും ഉണ്ടാക്കുന്നത് വല്ലാത്തൊരു കോരിത്തരിപ്പാണ്. കഥ ഏറക്കുറെ ഇങ്ങനെ: മോരുകൊണ്ടുപോവുന്ന രാമൻനായരും വാഴക്കുലകൊണ്ടുപോകുന്ന മമ്മദും അടുത്ത സുഹൃത്തുക്കളാണ്. തൊഴിൽ സംബന്ധമായി സർവകാര്യങ്ങളും അവർ പരസ്പരം പങ്കുവെക്കും. ഒപ്പം ജീവിതദുഃഖങ്ങളും ആഹ്ലാദങ്ങളും! ഇരുവരുടെയും പ്രധാന തൊഴിലുപകരണം ഭാരംചുമക്കാൻ മുമ്പ് വ്യാപകമായി ഉപയോഗിച്ചിരുന്ന കാവുണ്ഡമാണ്.
ഒരു ദിവസം രാമൻനായർ കാണുന്നത് ചെനപ്പാറക്കുന്നിന്റെ ഉച്ചിയിൽ മമ്മദ് മണ്ണിൽ തലതാഴ്ത്തുന്നതും പിന്നെ പൊങ്ങുന്നതും പിന്നെയും തലതാഴ്ത്തുന്നതുമാണ്. നായർക്ക് ഹരംകയറി. പലകാര്യങ്ങളും, ചില അപൂർവ രഹസ്യങ്ങളടക്കം പറയാറുള്ള മമ്മദ് കുന്നിൻമുകളിലെ കസർത്തിന്റെ കാര്യംമാത്രം തന്നോട് പറയാത്തതിൽ നായർക്ക് അൽപം പ്രയാസം തോന്നി. എന്നാലും സ്വന്തം മമ്മദല്ലേ എന്ന് കരുതി അതങ്ങ് ക്ഷമിച്ചു. പക്ഷേ അപ്പോഴും മമ്മദ് പഴയപടി തലകുത്തുന്നു. നിവരുന്നു. തലകുത്തുന്നു. നായർക്ക് സഹിച്ചില്ല. അയാൾ തന്റെ കാവുണ്ടംകൊണ്ട് പതുക്കെ സ്നേഹപൂർവം ഒരു പൂവിതൾ അടർത്തുന്നതുപോലെ മമ്മദിനെ മറിച്ചിട്ടു.
കഥയറിയാതെ മറിഞ്ഞുവീണ മമ്മദ് തപ്പിപ്പിടഞ്ഞ് എഴുന്നേറ്റപ്പോൾ കാണുന്നത് ചിരിച്ചുകൊണ്ട് നിൽക്കുന്ന സ്വന്തം നായരെയാണ്. സുഹൃത്തിനെ അപ്രതീക്ഷിതമായി കുന്നിൻപുറത്തുവെച്ച് കണ്ടത് സന്തോഷമായെങ്കിലും, നമസ്കാരം കല്ലത്താക്കിയത് മമ്മദിനത്ര ഇഷ്ടമായില്ല. നീയെന്ത് തോന്ന്യാസാ ചെയ്തത് എന്ന് മമ്മദ് ചോദിച്ചപ്പോൾ അത് മനസ്സിലാവാതെ, ഞാൻ നിന്നെ സഹായിച്ചതാണോ ഞാൻ ചെയ്ത തോന്ന്യാസം എന്ന് നായരും തിരിച്ചുചോദിച്ചു. തുറിച്ചുനോക്കുന്ന മമ്മദിനോട് അയാൾ പറഞ്ഞു. നിന്റെ മണ്ണിൽ തലതാഴ്ത്തലും പൊങ്ങലും വീണ്ടുമുള്ള താഴ്ത്തലും കണ്ടപ്പോൾ ഞാൻ കരുതി നീ തലകുത്തിമറിയാൻ ശ്രമിക്കുകയാണെന്ന്.
സഹായിക്കേണ്ടത് എന്റെ കടമയായതുകൊണ്ടാണ് മമ്മദേ, മോരുംകുടം തൂക്കാൻമാത്രം ഉപയോഗിച്ചുപോരുന്ന എന്റെ കാവുണ്ടംകൊണ്ട് ഞാൻ നിന്നെ. ബാക്കി മമ്മദിന്റെ പൊട്ടിച്ചിരിയിൽ ചിതറിപ്പോയി. പഹയാ ഇത് ഞങ്ങളുടെ നമസ്കാരത്തിൽ അനിവാര്യമായ സുജൂദാണ്. നായർ ചോദിച്ചു. എന്നാൽ നിനക്കത് പറയാമായിരുന്നില്ലേ? അതിന് സമയംകിട്ടുംമുമ്പേ നീയെന്നെ മറിച്ചിട്ടില്ലേ. രണ്ടുപേരും കെട്ടിപ്പുണർന്നു. സത്യമായും അവർക്കുകൂടി ഇടയിലേക്കാണ്, ഒരുഭഗവതിക്ഷേത്രത്തിനകത്തുവെച്ച് വിധിയാംവണ്ണം വുളു എടുത്ത്, ബാങ്ക് കൊടുത്ത് നമസ്കരിക്കുന്ന മുക്രിപോക്കർ ചിരിച്ച് നിൽക്കുന്നത്! മമ്മദിനും നായർക്കും പിന്നെ അഷ്റഫ് തൂണേരിക്കും അഭിവാദ്യങ്ങൾ.
എന്താണ് കവിത എന്നതിന്ന് നമ്മുടെ മുമ്പിൽ ഒരുപാട് നിർവചനങ്ങൾ നിരന്നു നിൽക്കുന്നുണ്ട്. ‘To see a World in a grain of Sand and Heaven in a Wild flower, Hold infinity in the palm of your hand and eternity in an hour’ (വില്യംബ്ലേക്ക്) എന്നുള്ളത് അതിലൊന്ന് മാത്രം. ഒരു മണൽതരിയിൽ ഇരമ്പിമറിയുന്ന ജീവിതവും, ഒരു കാട്ടുപൂവിൽ സ്വർഗവും, അനന്തതയെ ഉള്ളംൈകയിലെടുക്കലും, മഹാകാലത്തെ ഒരു മണിക്കൂറിലൊതുക്കലും മാത്രമല്ല, മലയാളരാജ്യത്തിലെ മാലോം കൂലോം ഭഗവതി ക്ഷേത്രത്തിലെ ചാമുണ്ഡി തെയ്യവും മുക്രിപോക്കറും പങ്കുവെക്കുന്നതുപോലുള്ള സൗഹൃദവുംകൂടിയാണ്, കവിത!
ഇപ്രാവശ്യം മുക്രിപോക്കർ തെയ്യം അരങ്ങേറിയത് ഇക്കഴിഞ്ഞ ഫെബ്രുവരി പതിനൊന്നാം തീയതി രണ്ടു മണിക്കും അഞ്ചു മണിക്കും ഇടയിലുള്ള സമയത്തായിരുന്നു. ഇപ്രാവശ്യവും, കഴിഞ്ഞവർഷം ഡോക്യുമെന്ററി എടുത്ത ആവേശത്തിൽ അവിടം സന്ദർശിച്ച അഷ്റഫ് തൂണേരി പറഞ്ഞത് മുമ്പത്തേക്കാൾ ജനപ്രാതിനിധ്യം അവിടെയുണ്ടായിരുന്നു എന്നാണ്. വിശ്വാസമുള്ളവരും വിശ്വാസമില്ലാത്തവരും അടക്കം ആയിരങ്ങൾ അത്ഭുതാദരങ്ങളോടെ മുക്രിപോക്കറിനു മുന്നിൽ അനുഗ്രഹം കാത്തും സ്നേഹം കൊതിച്ചും നിൽക്കുന്നത്, മതത്തിന്റെയും ജാതിയുടെയും പേരിൽ മസിലുപിടിച്ച് പരസ്പരം ചവിട്ടിവീഴ്ത്താൻ തക്കംപാർത്ത് കഴിയുന്നവർക്ക് മുന്നിൽ, ഉള്ളലിവോടെ തുറക്കുന്നത് അവർ വായിക്കാൻ തയാറാവുമെങ്കിൽ ഉൾക്കൊള്ളലിന്റെ ചെറുതെങ്കിലും വലിയൊരു പാഠപുസ്തകമാണ്.
നിരവധി അംഗീകാരങ്ങൾ നേടിയ അഷ്റഫ് തൂണേരിയുടെ ഡോക്യുമെന്ററിക്ക് ആദ്യം പതിവുപോലെ എല്ലാ വിഭാഗത്തിലുംപെട്ട തീവ്രവാദികളുടെ എതിർപ്പാണ് നേരിടേണ്ടി വന്നതെങ്കിലും ഇപ്പോൾ ഏറക്കുറെ ആ കാലുഷ്യത്തിന്റെ കാർമേഘം കാഴ്ചകളുടെ ആകാശത്തുനിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്നു. ഇരുട്ടിൽ ഒരിത്തിരിയെങ്കിലും വെളിച്ചം പകരാൻ, ഇരുട്ടിനെ പല മുട്ടാപ്പോക്കുകൾ പറഞ്ഞ് ഇരട്ടിപ്പിക്കുന്ന ഒരു കാലത്തും മുക്രിപോക്കർ മോഡൽ വഴി നമുക്കു കഴിയുമല്ലോ എന്നുള്ളതിനേക്കാൾ വലിയ യുക്തി വേറെയില്ല.
അഷ്റഫ് തൂണേരി
ഇനി ആകക്കൂടെ നമ്മെ അസ്വസ്ഥമാക്കുന്നത് മുക്രിപോക്കറിന്റെ കരുത്തും കാവലുമായി നിന്ന ആ ഉറുക്ക് എവിടെപ്പോയി എന്നുള്ളതാണ്. ഉറുക്ക് ശരീരത്തിലുള്ളപ്പോൾ പോക്കർ അജയ്യനായിരുന്നു. പക്ഷേ കുളിക്കാൻ നേരം പുഴക്കടവിൽ ആ ഉറുക്ക് അഴിച്ചുവെച്ച സമയത്താണ് പ്രണയശത്രുക്കൾ പോക്കറിന്റെ കഥകഴിച്ചത്. അപ്പോളവർ തമ്പുരാട്ടിയുടെ ഹൃദയംകൂടിയാണ് കല്ലില്ലിട്ട് ചതച്ചത്.
അമ്പലം വിപരീതം പള്ളി, മുസ്ലിം വിപരീതം ഹിന്ദു, പച്ചക്കറി വിപരീതം മാംസം, രാമൻ വിപരീതം ബാബർ, സംസ്കൃതം വിപരീതം അറബി, കോഴിമുട്ട വിപരീതം കൊഴുക്കട്ട, വെണ്ടക്ക വിപരീതം തക്കാളിയേട്ടൻ, ബിരിയാണി വിപരീതം വെറുംചോറ്... ഇവ്വിധം ആത്മബോധമുള്ള മനുഷ്യർ കേട്ടാൽ ചിരിച്ച് മണ്ണ്കപ്പിപോവുംവിധം കൃത്രിമവിപരീതങ്ങളുടെ കിടങ്ങുകൾ നമുക്കിടയിൽ കുത്തിക്കൊണ്ടിരിക്കുന്ന ഒരുകാലത്ത്, മുക്രിപോക്കർ തെയ്യം വലിയൊരാശ്വാസമാണ് പകരുന്നത്.
കടൽകടന്ന് ‘മുക്രിപ്പോക്കർ മഹിമയേറി മാലോം’ എന്ന തലക്കെട്ടിൽ പ്രശസ്ത പത്രപ്രവർത്തകനായ അഷ്റഫ് തൂണേരിയുടെ ‘മുക്രി വിത്ത് ചാമുണ്ഡി: എ സാഗ ഓഫ് ഹാർമണി ഇൻ തെയ്യം ആർട്ട്’ എന്ന പേരിലുള്ള പതിനേഴര മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി കണ്ടപ്പോൾ ഉണ്ടായ ആഹ്ലാദം പരസ്പരാശ്ലേഷത്തിന്റേതാണ്.
1989ലാണ് അമേരിക്കയിൽ സാമുദായികമായ മനസ്സിലാക്കൽ, മതമൈത്രിയെ ലക്ഷ്യംവെച്ച്, പ്രത്യേകിച്ച് ജൂത-മുസ്ലിം വിഭാഗങ്ങളെയും നിറത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം അനുഭവിക്കുന്നവരെയും ഐക്യപ്പെടുത്തി, വംശീയ വിവേചനത്തിനെതിരെ ഇടപെടുന്ന ‘എഫ്.എഫ്.ഇ.യു എന്ന വംശ, വൈര, പഠന പരിഹാര ഇടപെടൽ വേദി (Foundation For Ethnic Understandings) ന്യൂയോർക്ക് കേന്ദ്രമായി മാർക്ക് സച്ച്നിയർ, ജോസഫ് പാപ് എന്നിവരുടെ നേതൃത്വത്തിൽ രൂപംകൊള്ളുന്നത്. ആദ്യം ട്രംപ് അധികാരത്തിൽ വന്നപ്പോഴുണ്ടായ കുടിയിറക്കലിനെതിരെ കുടിയിറക്കപ്പെടുന്നവരുടെ പക്ഷത്തുനിന്ന്, വിവിധ മതത്തിൽപെട്ടവരും മതമേ ഇല്ലാത്തവരും ‘ഞങ്ങളും മുസ്ലിംകളാണ്, ഞങ്ങളെയും തള്ളിവിട്’ എന്നത്രെ പ്രതികരിച്ചത്.
എന്നാൽ ഈവിധമുള്ള വംശീയ വൈര പ്രതിരോധ സംഘടനകൾ രൂപംകൊള്ളുന്നതിനും നൂറ്റാണ്ടുകൾക്കുമുമ്പ്, ‘മലയാള രാജ്യത്ത്’ ഇങ്ങനെയൊരു പ്രത്യേക സംഘടന ഇല്ലാതെതന്നെ ആ ദൗത്യം ഗംഭീരമായി നിർവഹിക്കപ്പെട്ടിരുന്നു എന്നതിന് തെളിവായി നിരവധി തെയ്യങ്ങളടക്കം മറ്റ് പലതരത്തിലുള്ള കൂടിച്ചേരലുകളും കണ്ടെത്താനാവും. അതിൽ എന്തുകൊണ്ടും മുന്നിൽനിൽക്കുന്നു മുക്രിതെയ്യം. എന്തൊക്കെ പരിമിതികൾ അവക്കുണ്ടെങ്കിലും പരിമിതികളുടെ നരകമായി ജീവിതം മാറ്റപ്പെടുമ്പോൾ, അവയെല്ലാം ഒന്നാഴിയാതെ വീണ്ടും വീണ്ടും കണ്ടെത്തപ്പെടേണ്ടതുണ്ട്.
.