നന്മയുടെ കിരണങ്ങൾ
text_fieldsരണ്ടു വർഷം മുമ്പ് നാട്ടിൽനിന്ന് ഫാമിലി വിസിറ്റിങ്ങിന് വന്ന സമയം. മിക്കവാറും ദിവസങ്ങളിൽ വൈകീട്ട് ബന്ധുവും സുഹൃത്തുമായ സെക്കരിയയുടെ കൂടെ കാറിൽ പുറത്ത് കറങ്ങാൻ പോകും. ഒരു ദിവസം ബഹ്റൈനിലെ പ്രശസ്തമായ ട്രീ ഓഫ് ലൈഫ് കാണാൻ പോയി. വൈകുന്നേരം സമയത്താണ് പോയത്.
താമസ സ്ഥലത്തുനിന്ന് കുറച്ച് അധികം ദൂരമുണ്ട്. പ്രധാന റോഡും കഴിഞ്ഞ് മണൽ നിറഞ്ഞ സ്ഥലത്തുകൂടി യാത്ര തുടർന്നു. പൂഴിമണ്ണിനിടയിലുള്ള റോഡിലേക്കിറങ്ങി. പൂഴിമണ്ണിൽ പാത തിരിച്ചറിയാൻ കഴിയാതെ പെട്ടെന്ന് മണ്ണിലേക്ക് കാർ ഇറങ്ങിപ്പോയി. കാറിന്റെ മുൻ ചക്രങ്ങൾ മണ്ണിലേക്ക് പൂണ്ടുപോയി.
ഞങ്ങൾ എല്ലാവരും കാറിൽനിന്ന് ഇറങ്ങി തള്ളി നോക്കി. കുട്ടികൾ ഉൾപ്പെടെ ഞങ്ങളെല്ലാം കൂടി മണ്ണ് വാരി ഇട്ടും വണ്ടിയിലുണ്ടായിരുന്ന കട്ടിയുള്ള തുണികൾ ടയറിനടുത്തു തടവെച്ചും കഴിയാവുന്ന തരത്തിലെല്ലാം ശ്രമിച്ചു നോക്കി. ഒരു രക്ഷയുമില്ല. കാറിന്റെ ചക്രങ്ങൾ പൂഴിയിൽനിന്ന് ഉയർത്താൻ പറ്റുന്നില്ല. ഇരുട്ടു പരക്കുന്ന സമയം. വിജനമായ അന്തരീക്ഷം. സമീപത്തെങ്ങും സഹായത്തിനായി ആരെയും കാണാനില്ല.അങ്ങകലെ കുതിരപ്പുറത്ത് ഒരു അറബിയും ഒപ്പം ഒരു കുട്ടിയും പോകുന്നത് കണ്ടു. കൈ കൊട്ടി വിളിച്ചപ്പോൾ അവർ അടുത്തേക്ക് വന്നു.
കാര്യങ്ങൾ ചോദിച്ചറിഞ്ഞ അവർ കാറിൽ കയറി സ്റ്റാർട്ട് ചെയ്തും തള്ളിയും ഒക്കെ നോക്കി. അനങ്ങുന്നില്ല. ഇതിനിടെ അറബിയുടെ നിർദേശമനുസരിച്ച് ഒപ്പമുള്ള കുട്ടി കുതിരപ്പുറത്ത് കയറി നല്ല വേഗത്തിൽ ഓടിച്ചുപോയി. അൽപസമയത്തിനകം ഒരു പിക്അപ് വാനിൽ കയറുമായി തിരിച്ചുവന്നു. പിക്അപ്പിനു പിറകിൽ കയറിൽ കാർ കെട്ടി പിക്അപ് മുന്നിലേക്കെടുത്തു. നന്നായി ശ്രമിച്ചപ്പോൾ അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് കാർ പൂഴിമണ്ണിൽനിന്നു കരകയറ്റാനായി. ഉള്ളിലൊക്കെ മണ്ണ് കയറിയെങ്കിലും സ്റ്റാർട്ടാക്കാൻ പറ്റുന്ന അവസ്ഥയിലായിരുന്നു. ഒരു വിഷമഘട്ടത്തിൽ സഹായിച്ച ചെറുപ്പക്കാരനായ അറബിയോടും കുട്ടിയോടും നന്ദി പറഞ്ഞു. നന്ദി സൂചകമായി പണം കൊടുക്കാൻ ശ്രമിച്ചെങ്കിലും അവർ വാങ്ങിയില്ലെന്ന് മാത്രമല്ല അവരുടെ പേരോ ഫോൺ നമ്പറോ ഒന്നും അവർ പറഞ്ഞില്ല.
തിരിച്ച് സുരക്ഷിതമായി മെയിൻ റോഡിൽ എത്തുന്നതുവരെ വഴികാട്ടിയായി അവർ ഞങ്ങളുടെ കാറിനെ പിന്തുടർന്നു. കൈ വീശി സലാം പറഞ്ഞ് അവർ പോയി. പിന്നെ ഒരിക്കലും അവരെ കണ്ടിട്ടില്ല. നന്മയുടെ പ്രകാശകിരണങ്ങളായി എത്തിയ അവരുടെ സഹായം മറക്കാൻ കഴിയില്ല.