വായിക്കാതിരിക്കാൻ ആവില്ലെനിക്ക്...
text_fieldsഐഷ സെയ്തുമുഹമ്മദ്
കോട്ടയം: പുറത്തുപോയ ഉപ്പയും സഹോദരങ്ങളും തിരിച്ചുവരുന്നതുംനോക്കി വാതിൽക്കൽ കാത്തുനിന്നിരുന്ന കുട്ടിക്കാലമുണ്ടായിരുന്നു ഐഷക്ക്. മറ്റൊന്നിനുമല്ല, അവരുടെ കൈയിലൊരു പുസ്തകമുണ്ടാവും. അത് തനിക്കുള്ളതാണ്. കൈയിൽ കിട്ടിയാൽ ആ പുസ്തകം വായിച്ചുതീരാതെ എത് പാതിരാത്രി ആയാലും ഉറങ്ങില്ല. ഈ 94ാം വയസ്സിലും ആ ശീലത്തിന് മാറ്റമില്ല. കൈയിലൊരു പുസ്തകമില്ലാതെ ഐഷുമ്മയെ കാണാനാവില്ല.
‘എനിക്ക് എന്തെങ്കിലും വായിച്ചുകൊണ്ടിരിക്കണം മക്കളേ; അല്ലാതെ പറ്റില്ല’ -എന്നാണ് ഇതേക്കുറിച്ച് ചോദിച്ചാൽ ഐഷുമ്മയുടെ മറുപടി. താഴത്തങ്ങാടി ഇഖ്ബാൽ ലൈബ്രറിയിലെ ആദ്യ വനിത അംഗമാണ് കുമ്മനം കിഴക്കേ വെടിപ്പുരക്കൽ ഐഷ സെയ്തുമുഹമ്മദ്. അക്ഷരം കൂട്ടിവായിക്കുന്ന കാലംമുതലേ കിട്ടുന്നതെന്തും വായിക്കും. കഥ, നോവൽ, കവിത, ചരിത്രം, രാഷ്ട്രീയം എന്തും ഐഷക്ക് പ്രിയപ്പെട്ടതാണ്.
ഐഷയെ പുസ്തകപ്രേമിയാക്കിയത് ഇഖ്ബാൽ ലൈബ്രറിയാണ്. ലൈബ്രറിയുടെ സ്ഥാപകരിലൊരാളാണ് ഐഷയുടെ സഹോദരൻ പി.കെ. മുഹമ്മദ് പാഴൂർ. 1947 മാർച്ച് രണ്ടിനാണ് തിരുവിതാംകൂർ മുസ്ലിം വിദ്യാർഥി ഫെഡറേഷന്റെ (ഇന്നത്തെ എം.എസ്.എഫിന്റെ ആദ്യരൂപം) ആഭിമുഖ്യത്തിൽ ലൈബ്രറി തുടങ്ങുന്നത്. സഹോദരനാണ് പുസ്തകങ്ങൾ കൊണ്ടുകൊടുത്തിരുന്നത്. കിട്ടിയാൽ ഒറ്റയിരിപ്പിൽ വായിച്ചുതീർക്കും. ഒരു മെംബർഷിപ്പിൽ ഒരു പുസ്തകം മാത്രമേ കിട്ടൂ. രണ്ടുപുസ്തകം കിട്ടാൻ രണ്ട് മെംബർഷിപ്പെടുത്ത് വീട്ടുകാരെ ഞെട്ടിച്ചു, ഐഷ.
വേളൂർ സെന്റ് ജോൺസിലായിരുന്നു സ്കൂൾപഠനം. തേഡ് ഫോറം വരെയേ പഠിക്കാനായുള്ളൂ. സ്കൂളിൽ പോകാനായില്ലെങ്കിലും പുസ്തകങ്ങളെ കൈവിട്ടില്ല. ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു’ വായിക്കുമ്പോൾ ഐഷയും പറഞ്ഞു, ‘എന്റുപ്പൂപ്പാക്കും ഒരാനയുണ്ടായിരുന്നു’വെന്ന്. അത് നേരായിരുന്നു; ഐഷയുടെ ഉപ്പൂപ്പാക്കും ആനയുണ്ടായിരുന്നു.
ഐഷയുടെ കൈതൊടാത്ത ഒരു പുസ്തകവും ഇല്ലായിരുന്നു ലൈബ്രറിയിൽ. ഇടക്കാലത്ത് ലൈബ്രറി നിർജീവമാവുകയും കെട്ടിടം നാമാവശേഷമാവുകയും ചെയ്തപ്പോൾ ഒത്തിരി സങ്കടപ്പെട്ടു. 20 വർഷങ്ങൾക്കുശേഷം 2021ൽ താഴത്തങ്ങാടി മുസ്ലിം കൾചറൽ ഫോറം പ്രവർത്തകരുടെ നേതൃത്വത്തിൽ ലൈബ്രറി വീണ്ടെടുത്തപ്പോഴാണ് ആ സങ്കടം മാറിയത്. ദിവസവും രണ്ട് പത്രം അരിച്ചുപെറുക്കി വായിക്കും.
17 വർഷംമുമ്പായിരുന്നു ഭർത്താവ് സെയ്തുമുഹമ്മദിന്റെ വിയോഗം. നാലുമക്കളാണ്. മുഹമ്മദ് അഷ്റഫ്, നൗഷാദ്, ജലീല (മോളി), റഷീദ (കുഞ്ഞുമോൾ). മക്കളും ബന്ധുക്കളും ഐഷയെ കാണാൻ വരുക പുസ്തകവുമായാണ്. പുസ്തകം കിട്ടിയാൽ കുട്ടികളെപ്പോലെയാണ്. വാതിലടച്ചിരുന്ന് വായിച്ചുതീർത്തേ പുറത്തുവരൂവെന്ന് ചിരിയോടെ പറയുന്നു, മരുമക്കളായ മുംതാസും സാബിറയും.