ഉമ്മറിന്റെ പുസ്തകപ്പുര ഇനി നാടിന്റെ ലൈബ്രറി
text_fieldsചിറക്കല്‍ മനയിലെ ഗ്രന്ഥപ്പുര ഹോം ലൈബ്രറിയാക്കുന്നതിന്റെ ഉദ്ഘാടനം എഴുത്തുകാരി റോഷ്നി കൈനിക്കര നിർവഹിക്കുന്നു.
തിരുന്നാവായ: എടക്കുളം കാദനങ്ങാടി ചിറക്കല്‍ മനയിലെ ഉമ്മറിന്റെ പുസ്തകപ്പുര ഇനി നാട്ടുകാർക്കും ഉപയോഗിക്കാം. ഈ വർഷത്തെ വായനാദിനം മുതൽ ഉമ്മറിന്റെ ഗ്രന്ഥശേഖരം ഹോം ലൈബ്രറിയാണ്. ഉമ്മറിന്റെ വിടിന് ചുറ്റുമുള്ള മൂന്ന് വാർഡുകളിലെ വായന താൽപര്യം ഉള്ളവർക്കാണ് ഗ്രാമീണ ലൈബ്രറി മാതൃകയിൽ പുസ്തകങ്ങൾ വായിക്കാൻ നൽകുക.
അലമാരക്ക് അകത്ത് അടച്ച് വെക്കാനുളളതല്ല പുസ്തകങ്ങൾ എന്ന തലകെട്ടാണ് ഈ പരിപാടിക്ക് നൽകിയിരിക്കുന്ന പേര്. വരിസംഖ്യ വാങ്ങിക്കില്ല , കുടുതൽ പുസ്തകങ്ങൾ സ്വീകരിക്കുന്നവർക്കും, നിലവാരം പുലർത്തുന്ന വായനക്കും ഉമ്മർ സമ്മാനങ്ങൾ നൽകും. തിരൂർ സൗഹൃദവേദി മുന്നോട്ടുവെച്ച നിർദ്ദേശം ഉമ്മർ സ്വീകരിക്കുകയായിരുന്നു.
ചരിത്രം, മതം, ശാസ്ത്രം, സാഹിത്യം, നോവൽ, പരിസ്ഥിതി, നിയമം, പുരാതന കാലത്തെ അറബി രചനകള്‍ തുടങ്ങിയ വലിയ ഒരു ശേഖരം തന്നെ വിജ്ഞാന കുതുകികളെ കാത്ത് ചിറക്കല്‍ മനയിലുണ്ട്. ലോകത്തെ പ്രധാന സംഭവവികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മലയാളത്തിലെയും അൽ അമീൻ, മുസ്ലിം തുടങ്ങിയ പത്രങ്ങളും ശേഖരത്തിലുണ്ട്.
ചരിത്ര ഗവേഷകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, സാധാരണക്കാര്‍ എന്നു വേണ്ട എല്ലാവിഭാഗത്തിലും ഉള്‍പ്പെടുന്നവര്‍ ഈ പുസ്തകപ്പുരയില്‍ എത്താറുണ്ട്. ഉമ്മറിന്റെ പുസ്തക ശേഖരത്തില്‍ ഇന്ന് കാണുന്ന പല പുസ്തകങ്ങളും കേരളത്തില്‍ ഇപ്പോൾ ലഭ്യമല്ല.
മാമാങ്കം സംരക്ഷണ സമിതിയുടെ ചെയര്‍മാനും റി എക്കൗയുടെ പ്രോഗ്രാം കോഓഡിനേറ്ററുമായ ചിറക്കല്‍ ഉമ്മര്‍ മലപ്പുറം ഡി.ടി.പി.സിയിൽ മാമാങ്ക സ്മാരകങ്ങളുടെ കെയർടേക്കറാണ്. ഉമ്മറിന്റെ പിതാവ് പരേതനായ ചിറക്കല്‍ കോയ എടക്കുളത്തെ വലിയൊരു വിഭാഗത്തിന് വായനാ ശീലം പഠിപ്പിച്ച വ്യക്തി കൂടിയാണ്.
കോയ നിരവധി മത, ചരിത്രഗ്രന്ഥങ്ങളുടെസൂക്ഷിപ്പുകാരനും വില്‍പ്പനക്കാരനുമായിരുന്നു. കോയയുടെമരണശേഷംഅദ്ദേഹത്തിന്റെ പുസ്തക ശേഖരത്തില്‍ നിന്ന് 130ഓളം ഗ്രന്ഥങ്ങള്‍ മലയാള സര്‍വകലാശാല ഏറ്റെടുത്തു. ഉമ്മറിന്റെ ഹോം ലൈബ്രറിയുടെ ഉൽഘാടനം പ്രശസ്ത എഴുത്തുകാരി റോഷ്നി കൈനിക്കര തിരുനാവായ നിർവഹിച്ചു. സൗഹൃദവേദി തിരൂർ പ്രസിഡന്റ് കെ.പി.ഒ റഹ്മത്തുല്ല അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.കെ. അബ്ദുറസാക്ക് ഹാജി, ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു മലോൽ, സൗഹൃദ വേദി വൈ.പ്രസിഡന്റ് അബ്ദുൽ ഖാദർ കൈനിക്കര, തിരുനാവായ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഇ.പി മൊയ്തീൻകുട്ടി, സോളമൻ കളരിക്കൽ, അസീസ് കാളിയാടൻ, കായക്കൽ അലി, ടി.കെ. അലവിക്കുട്ടി, വി.കെ. അബുബക്കർ മൗലവി, എം.കെ. സതീഷ് ബാബു, ലത്തീഫ് കുറ്റിപ്പുറം, മൂസ ഗുരുക്കൾ കാടാമ്പുഴ, കെ.വി. ഉണ്ണിക്കുറുപ്പ്, അംബുജൻ തവനൂർ, കുഞ്ഞിബാവ നെടുവഞ്ചേരി, കെ.ടി. മുഹമ്മദ് , കെ.വി. മുയ്തിൻ കുട്ടി , റഷീദ് പൂവത്തിങ്ങൽ, സി. കിളർ, വാഹിദ്പല്ലാർ, മുളക്കൽ മുഹമ്മദലി കെ.പി. അലവി, ചിറക്കൽ ഉമ്മർ എന്നിവർ സംസാരിച്ചു.