അവർ കൊച്ചുകുട്ടികളല്ലേ, അന്നത്തിനു കാതോർത്തവർ കരിഞ്ഞുതീരുമ്പോൾ
text_fieldsഐക്യരാഷ്ട്രസഭ, അന്താരാഷ്ട്രകോടതി, മനുഷ്യാവകാശ സംഘടനകൾ, ഇസ്രായേലിലെയും അമേരിക്കയിലെയുമടക്കമുള്ള ലോകരാഷ്ട്രങ്ങളിലെ ആത്മബോധമുള്ള മനുഷ്യർ, സ്വന്തം മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും മൃതദേഹങ്ങൾക്കിടയിൽനിന്ന്, ചോരവാർന്നൊലിച്ച് കരയുന്ന കുഞ്ഞുങ്ങൾ. അവരൊക്കെയും പറയുന്നത് കൂട്ടക്കശാപ്പുകൾ നിർത്താനാണ്. എന്നിട്ടും സ്വന്തം രാജ്യത്തിലെ ബന്ദികളാക്കപ്പെട്ട മനുഷ്യരെക്കുറിച്ചോർത്തുപോലും ഒരിറ്റ് കണ്ണീർപൊഴിക്കാതെ, സയണിസ്റ്റ് ഭീകരർ സാമ്രാജ്യത്വത്തിന്റെ സമസ്തപിന്തുണയോടെ കൂട്ടക്കൊലകൾ തുടരുകയാണ്. കൊല്ലപ്പെട്ടവരെതന്നെ പിന്നെയും കൊന്നിട്ടും, ഇടിച്ചുനിരത്തപ്പെട്ട കെട്ടിടങ്ങൾ പിന്നെയും ഇടിച്ചുനിരത്തിയിട്ടും തങ്ങൾ പറയുന്ന കള്ളങ്ങൾ, ആ കള്ളങ്ങൾക്കുതന്നെ അവമാനമുണ്ടാക്കുംവിധം ആവർത്തിച്ചിട്ടും, സയണിസ്റ്റ് ഭീകരരുടെ രക്തദാഹം തീർന്നിട്ടില്ല, തീരുകയില്ല. ലോകത്തിപ്പോൾ സയണിസ്റ്റ് ഭീകരർ മാത്രമാണുള്ളതെന്ന് തോന്നിപ്പോവും വിധമാണ്, ഭീകരത മാർച്ചുചെയ്യുന്നത്. പക്ഷേ, അപ്പോഴും പ്രത്യാശയുടെ വെളിച്ചം അണഞ്ഞിട്ടില്ല. പ്രക്ഷോഭത്തിന്റെ തീപ്പന്തങ്ങൾ കെട്ടിട്ടില്ല. ഐക്യപ്പെടലുകളുടെ, നിസ്സഹായരെ ചേർത്തുനിർത്തുന്നതിന്റെ, പേമാരി തോർന്നിട്ടില്ല.
കുഴിച്ചുമൂടപ്പെട്ട നീതിയുടെ ഖബറുകളിൽനിന്നും മുഷ്ടികൾ ഉയരുന്നത് തുടരുന്നുണ്ട്. ചിതറിപ്പോയ കുഞ്ഞുമക്കളുടെ കളിക്കോപ്പുകളിൽനിന്നും കനലുകൾ ജ്വലിക്കുന്നുണ്ട്. ഫലസ്തീൻ രക്തസാക്ഷികൾ, പല ഭാഷകളിൽ പോരാട്ടം തുടരാൻ ലോകത്തോട് വിളിച്ചുപറയുന്നുണ്ട്. ക്രൂരതകളുടെ ഇരുട്ടിനപ്പുറംനിന്നും കരുണയുടെ കഥകളും കവിതകളും ഹൃദയനിമന്ത്രണങ്ങളും ഉണ്ടാവുന്നുണ്ട്. എഴുത്തിലും വരയിലും പാട്ടിലും പോരാട്ടത്തിലുമായി, ഒരിടത്തല്ല, പലയിടങ്ങളിലുമായി ഫലസ്തീൻ പിന്നെയും പിറന്നുകൊണ്ടേയിരിക്കുന്നുണ്ട്. അവസാനത്തെ മനുഷ്യർ ഇല്ലാതാകുന്നതുവരെ, ഓരോരുത്തരും അവരവരാൽ കഴിയുന്നത് പലരീതികളിൽ ചെയ്തുകൊണ്ടേയിരിക്കും എന്ന പ്രതീക്ഷ പടരുന്നുണ്ട്. ഗസ്സയെ മറവിയിലേക്ക് മറിച്ചിടാൻ, ഞങ്ങളുടെ സ്മരണകൾ ജീവിക്കുന്നിടത്തോളം സമ്മതിക്കുകയില്ലെന്ന പ്രതിജ്ഞകൾകൊണ്ട് ലോകം പൂക്കുന്നുണ്ട്. സമരഗസ്സക്കുവേണ്ടി, വിശ്വമാകെ സമരവേദിയായി പതുക്കെയാണെങ്കിലും വികസിക്കുന്നുണ്ട്. ഗസ്സ കോർണറുകൾ അഭയാർഥിപ്പോരാളികളുടെ പറുദീസയായി സർവപ്രദേശങ്ങളിലും ഉണ്ടായിത്തീരുന്നുണ്ട്.
ഗസ്സക്കുവേണ്ടി ഉച്ചരിക്കപ്പെടുന്ന ഓരോ വാക്കും ലോകം മുഴുവൻ ഇടിനാദമായി മുഴങ്ങണം. നീതിയുടെ വിത്ത് ചിലപ്പോൾ ഏറെ വൈകിയാവാം മുളക്കുന്നത്. പക്ഷേ, അതുകൊണ്ടുമാത്രം വെള്ളമൊഴിക്കാതിരിക്കാനും വളമിടാതിരിക്കാനും നമുക്കൊരവകാശവുമില്ല. തോൽപിക്കപ്പെടുമ്പോഴും തലയുയർത്തിപ്പിടിക്കുന്നൊരു ജനതയുടെ നെറ്റിയിൽനിന്നും, നക്ഷത്രങ്ങൾ ജനിക്കും. സയണിസത്തിന്റെ നെറ്റിയിലെ ചോരയിൽ കുതിർന്ന കൊമ്പുകൾക്ക്, സാമ്രാജ്യത്വത്തിന്റെ യുദ്ധക്കൊതിക്ക്, ആത്മബോധത്തിന്റെ ആ നക്ഷത്രസ്വപ്നങ്ങൾക്കു മുന്നിൽ അധികകാലം ശിരസ്സുയർത്തി നിൽക്കാൻ കഴിയില്ല.
നീ ഒരുപാടുകാലം ന്യൂയോർക്കിൽ താമസിച്ചുപോയി. ഞാൻ അവളോടു പറഞ്ഞു. വേറെയും ലോകങ്ങളുണ്ട്. വേറെ മട്ടങ്ങളിലുള്ള സ്വപ്നങ്ങളുണ്ട്. തോൽവി ഒരു സാധ്യതയായി നിലനിൽക്കുന്ന, തോൽവിയും മഹനീയമാവുന്ന സ്വപ്നങ്ങൾ, തോൽവിക്കുവേണ്ടിയുള്ള പരിശ്രമവും നല്ലതായിത്തീരുന്ന സ്വപ്നങ്ങൾ. പ്രതിഭയുടെയും മാനുഷികതയുടെയും അളവുകോൽ പ്രശസ്തിമാത്രമല്ലാത്ത ലോകങ്ങൾ. എനിക്കറിയാവുന്ന, ഞാൻ സ്നേഹിക്കുന്ന അനേകം പോരാളികളുണ്ട്. എന്റെ ജീവിതത്തിനുള്ളതിലും എത്രയോ മടങ്ങ് വിലയുള്ള ജീവിതങ്ങൾ. ഓരോ ദിവസവും അവർ യുദ്ധമുന്നണിയിലേക്ക് പോകുന്നു, തങ്ങൾ തോറ്റുപോകും എന്ന മുന്നറിവുമായി. ഒരു വഷളൻ രീതിയിൽ അവരുടെ ജീവിതം മധുരിക്കുന്ന വിജയഗാഥകളല്ല. എന്നാൽ, സഫലമല്ലാത്ത ജീവിതങ്ങളാണ് അവരുടേത് എന്ന് ആർക്കും പറയാൻ കഴിയില്ല. കാണാൻ കൊള്ളാവുന്ന സ്വപ്നം ഒന്നേയുള്ളൂ, ഞാൻ അവളോട് പറഞ്ഞു, ജീവിച്ചിരിക്കുമ്പോൾ ജീവനോടെ ഇരിക്കുമെന്നും മരിക്കുമ്പോൾ മാത്രമേ മരിക്കുകയുള്ളൂ എന്നുമുള്ള സ്വപ്നം (അരുന്ധതി റോയി).
വിഭവങ്ങളൊക്കെയും ചോർത്തി, മനുഷ്യരെ മുഴുവൻ കൊന്ന്, ബന്ദികളായ സ്വന്തക്കാരെപ്പോലും മറന്ന് എന്നിട്ടും അരിശം തീരാഞ്ഞിട്ടവർ, യുദ്ധക്കറ പുരളാത്ത സമാധാനദൗത്യം നിർവഹിക്കുന്ന ഖത്തറിനുനേരെ കൂടിയാണ്, കോമ്പല്ലുകൾക്ക് മൂർച്ചകൂട്ടി ഇപ്പോൾ കുതിച്ചെത്തിയിരിക്കുന്നത്. സമാധാനശ്രമങ്ങളെ പുച്ഛിച്ചവർ, ഐക്യരാഷ്ട്രസഭയുടെ ആദ്യ സമാധാനദൂതരെ കൊന്നവർ, എന്നും സാമ്രാജ്യത്വ പിന്തുണയിൽ കൂട്ടക്കശാപ്പിന്റെ കൂടില കാഹളം മുഴക്കുന്നവർ, അവർക്ക് തടയിടുന്നതിൽ ഇനിയും തോറ്റാൽ, അതോടെ, ഐക്യരാഷ്ട്രസഭ ഒന്നിനുംകൊള്ളാത്ത ഒരു പാഴ് വസ്തുവാകും. സമാധാനദൂതരായ കേണൽ ബർണാഡോട്ടയെയും (1895-1948) കേണൽ ആൻേഡ്രസറട്ടിനെയും (1896-1948) ഇസ്രായേൽ ഭീകരസംഘടനയായ ലേഹി കൊന്ന അന്നുതന്നെ ഐക്യരാഷ്ട്രസഭയിൽനിന്നും ഇസ്രായേലിനെ പുറത്താക്കേണ്ടതുണ്ടായിരുന്നു. യു.എൻ അത് ചെയ്തില്ല. ഇസ്രായേലിലെ ഭീകരഭരണമാവട്ടെ കൊലയാളികൾക്ക് സ്വീകരണം നൽകുകയും അവരുടെ പേരിൽ രാഷ്ട്രരൂപവത്കരണത്തിൽ പങ്കുവഹിച്ച വീരർക്കുള്ള, ലേഹി റിബൺ അവാർഡ് ഏർപ്പെടുത്തുകയും ചെയ്തു! സത്യത്തിൽ സമാധാനത്തിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ച ബെർണാഡോട്ട്, ആൻേഡ്രസറോട്ട എന്നിവരുടെ സ്മരണകളുടെകൂടി പശ്ചാത്തലത്തിലാണ്, ഖത്തറിനു നേരെയുള്ള അധിനിവേശ ശ്രമത്തെ തിരിച്ചറിയേണ്ടത്. മലയാളികളെ സംബന്ധിച്ചിടത്തോളം ഖത്തറടക്കമുള്ള ഗൾഫ് രാജ്യങ്ങൾ സ്വന്തം ജീവിതത്തിന്റെ അനിവാര്യഭാഗമാണ്. എന്നിട്ടും ഇസ്രായേൽ സേവ തുടരുന്നവർ മലയാളികൾക്കിടയിലുണ്ടായിക്കൊണ്ടിരിക്കുന്നു എന്നതും, അവർ മുഴുവൻ സാമ്രാജ്യത്വ സേവകരായ സംഘ്പരിവാറുകാരല്ലെന്നുള്ളതും ജനായത്തത്തിന്റെ കണ്ണ് തുറപ്പിക്കുന്നില്ലെങ്കിൽ, കാര്യങ്ങൾ കൈവിട്ടുപോകും. മലയാളിയുടെ അഭിമാനമായ പ്രബുദ്ധതക്ക് പരിക്കേൽക്കും.
നമ്മെ ഹതാശരാക്കുന്ന, കേരളത്തിലെ, അദൃശ്യസയണിസ്റ്റ് ഇസ്രായേൽശക്തികളെ രോഷാകുലരാക്കുന്ന നിരവധി ജനായത്ത ഇടപെടലുകൾ കവിതകളായി കഥകളായി പ്രഭാഷണങ്ങളായി കേരളത്തിൽ ഉണ്ടാകുന്നുണ്ട് എന്നത് മാത്രമാണ് ആശങ്കകൾക്കിടയിലും ആശ്വാസം പകരുന്നത്. അതിൽ അത്യന്തം ശ്രദ്ധേയമായ, കാലം അനിവാര്യമായും ആവശ്യപ്പെടുന്ന രണ്ട് പ്രധാന ഇടപെടലുകൾ നിർവഹിച്ചത് ലോകം ശ്രദ്ധിക്കുന്ന മലയാളികളായ രണ്ട് ഇന്ത്യൻ പ്രതിഭകളാണ് എന്നുള്ളത് എന്നും ജനായത്തത്തെ ആവേശംകൊള്ളിക്കും. കൊള്ളിക്കണം.
മലയാള സാഹിത്യ ലോകത്തിലെ, മതനിരപേക്ഷതയുടെ ധീരസാന്നിധ്യമായ ടി. പത്മനാഭനും തൊണ്ണൂറ്റി എട്ടാം വയസ്സിലും അറിവിന്റെ കടലിൽ കുളിക്കുന്ന മലയാളത്തിന്റെ പ്രിയ സാഹിത്യപ്രതിഭ ഡോ. എം. ലീലാവതി ടീച്ചർക്കും ആമുഖങ്ങൾ ആവശ്യമില്ല.
ഭക്ഷണത്തിനായി ഇരന്ന് പാത്രവും നീട്ടിനിൽക്കുന്ന ഗസ്സയിലെ കുഞ്ഞുങ്ങളെ കാണുമ്പോൾ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയിൽനിന്നിറങ്ങുക. ഇതിനെക്കാൾ ഹൃദയസ്പർശിയായൊരു പിറന്നാൾ സമ്മാനം ഇസ്രായേൽ അധിനിവേശ പശ്ചാത്തലത്തിൽ, ടീച്ചറെപ്പോലുള്ള ഒരു പ്രതിഭയിൽനിന്നും പ്രതീക്ഷിക്കാനാവില്ല. ആ ഒരൊറ്റ വാക്യത്തിൽ നിലവിളിക്കുന്നത് ഗസ്സയിലെ കുഞ്ഞുങ്ങളുടെ കഴിക്കാനാവാതെ ബാക്കിയായ ചോര കലർന്ന ഭക്ഷണം മുഴുവനുമാണ്. അതിൽ ചോരയായി നിറഞ്ഞത്, കുരുതികഴിക്കപ്പെട്ട കുരുന്നുകളുടെ ചിതറിപ്പോയ സ്വപ്നങ്ങളാണ്. ഇസ്രായേൽ അധിനിവേശത്തിനെതിരെ ഉള്ള് നീറി ഒന്ന് പ്രതികരിച്ചതിന്, ടീച്ചറെ അവഹേളിക്കുന്നവർ, കേരളത്തിലെ അദൃശ്യ ഇസ്രായേലിന്റെ ആപൽക്കരമായ സാന്നിധ്യം വളർന്ന് എവിടെവരെ എത്തിയിരിക്കുന്നു എന്നതിന്റെ അത്രയെളുപ്പം മായ്ച്ചുകളയാനാവാത്ത ഒരടയാളമാണ്. 2025ലെ മാതൃഭൂമി ഓണപ്പതിപ്പ് ഇന്നും നാളെയും ഒരുപക്ഷേ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടാൻ പോവുന്നത്, മലയാളകഥയിലെ പെരുന്തച്ചനായ ടി. പത്മനാഭന്റെ, ‘ഗസ്സയിലെ കുട്ടികൾ’ എന്ന കഥകൊണ്ട് കൂടിയായിരിക്കും.
കുട്ടികൾ നിലവിളിക്കുകയാണ്. ഞാനത് കേൾക്കുന്നുണ്ട്. ശ്രദ്ധിച്ചാൽ നിങ്ങൾക്കും കേൾക്കാൻ കഴിയും. അവരെന്തെങ്കിലും കഴിച്ചിട്ട് കുറച്ച് ദിവസങ്ങളായി. അവരുടെ അച്ഛനമ്മമാർ മരിച്ചിരിക്കുന്നു. കൊന്നതാണ്. ഞാൻ ഗസ്സയിലാണ്. ഇടിഞ്ഞുപൊളിഞ്ഞുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളുടെ ഇടയിൽനിന്നുകൊണ്ട്, ആകാശത്തിലേക്ക് നോക്കി കൈകളുയർത്തി അവർ നിൽക്കുന്നു. അവർക്ക് വിശക്കുന്നുണ്ട്. കൊച്ചുകുട്ടികളല്ലേ? എപ്പോഴെങ്കിലുമായി വിമാനങ്ങളിൽനിന്ന് വീഴുന്ന ഭക്ഷണപ്പൊതികൾക്കായാണ് അവർ കൈയുയർത്തി നിൽക്കുന്നത്.
ഒരു ശബ്ദം കേൾക്കുന്നുണ്ട്. വിമാനമാണ്. അവർ കൈകൾ ഒന്നുകൂടി ഉയർത്തിപ്പിടിച്ചു. ഇപ്പോൾ ഭക്ഷണപ്പൊതി കിട്ടും. പക്ഷേ അവർക്ക് കിട്ടിയത് അപ്പമായിരുന്നില്ല, ബോംബായിരുന്നു. മിസൈലായിരുന്നു. ദൈവമേ എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ. അയാൾ സംസാരം നിർത്തി. അൽപനേരം സദസ്സിനെ വെറുതെ നോക്കിനിന്നതിനു ശേഷം ഒരു സ്വപ്നത്തിലെന്നോണം അയാൾ വെളിയിലേക്കിറങ്ങിപ്പോവുകയും ചെയ്തു. അറിയുന്നതും അറിയാത്തതുമായ വഴികളിലൂടെയൊക്കെ അയാൾ നടന്നു. പക്ഷേ, അയാൾ തനിച്ചായിരുന്നില്ല. അയാളുടെ കൂടെ ലോകത്തിലെ അശരണരായ എല്ലാ കുട്ടികളുമുണ്ടായിരുന്നു. വളരെ വേഗം ആ പ്രവാഹത്തിൽ അയാൾ അലിഞ്ഞുചേർന്നു (ഗസ്സയിലെ കുട്ടികൾ: ടി. പത്മനാഭൻ)
സർവകലാശാലയിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഒരു പ്രമുഖ സാഹിത്യകാരന്റെ അന്തർ സംഘർഷംകൂടിയാണ് ‘ഗസ്സയിലെ കുട്ടികൾ’ ആവിഷ്കരിക്കുന്നത്. ഇദ്ദേഹത്തിന് ആധുനിക കാലത്തെക്കുറിച്ച് പറയാൻ കഴിയില്ല. അതുകൊണ്ട് പ്രഭാഷണത്തിന് വിളിക്കണ്ട എന്ന പക്ഷം സർവകലാശാല സിൻഡിക്കേറ്റിൽ ശക്തമായിട്ടും, വി.സിയുടെയും മറ്റ് ചിലരുടെയും നിലപാടുകൾ വിജയിച്ചതുകൊണ്ടാണ് അദ്ദേഹം വിളിക്കപ്പെട്ടത്. അയാൾക്കു നൽകിയ വിഷയം പുതുകാല സാഹിത്യത്തിൽ നിർമിതബുദ്ധികൊണ്ടുള്ള പ്രയോജനം എന്നേത്ര! പ്രസംഗവേദിയിലേക്ക് കയറുന്നതിനുമുമ്പായി എതിർപ്പുകൾ അവഗണിച്ച് വിളിക്കാൻ മുന്നിൽനിന്നവർ സ്നേഹത്തോടെ പറഞ്ഞത് ഞങ്ങളെ വിഷമത്തിലാക്കരുതേ എന്നൊരപേക്ഷയായിരുന്നു! അങ്ങ് അങ്ങേക്ക് ഇഷ്ടംപോലെ എന്തും പറഞ്ഞോളൂ, പക്ഷേ ആളുകൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന അധികാരവിമർശം വേണ്ട എന്ന സാമാന്യബോധത്തിന്റെ അപേക്ഷയുടെ കുപ്പായം ധരിച്ച പ്രസ്തുത കൽപനകളെ കീറിവലിച്ചെറിഞ്ഞുള്ളൊരു പ്രഭാഷണമാണ്, കഥയിലെ അയാൾ നടത്തിയത്. ഒതളങ്ങ വർത്തമാനം പ്രതീക്ഷിച്ചവരുടെ ശിരസ്സിൽ പതിച്ച ആ സ്നേഹപ്രഹരം കാലം ആവശ്യപ്പെടുന്നതായിരുന്നിട്ടും അയാൾക്ക് അർഹിക്കുന്ന പിന്തുണ കിട്ടാത്തതാണ് കഥയിലെ വാക്കൊഴുക്ക്! പ്രഭാഷണത്തിനുശേഷം ആദ്യം സ്വീകരിച്ചവരാൽകൂടി തിരസ്കൃതനായി, ഒറ്റയായി അറിയാവഴികളിലൂടെ നടന്നപ്പോഴും അയാൾക്ക് അശരണരായ കുട്ടികളുടെ കൂട്ടുണ്ടാവുന്നതോടെയാണ് കഥ പതിവുരീതിയിൽ അവസാനിക്കുകയും പുതിയ രീതിയിൽ ആരംഭിക്കുകയും ചെയ്യുന്നത്.
ആക്ഷേപഹാസ്യത്തിന്റെ ചട്ടക്കൂടിൽ ചരിത്രസത്യങ്ങൾ സ്ഫോടനം സൃഷ്ടിച്ചപ്പോൾ, മലയാളഭാഷക്ക് ലഭിച്ച മികച്ച കഥയാണ് ടി. പത്മനാഭന്റെ ‘ഗസ്സയിലെ കുട്ടികൾ’. അടുക്കിവെച്ച അമർഷമാണ് അമിട്ടുകണക്ക് അതിൽനിന്നും പൊട്ടുന്നത്. സാംസ്കാരികവിമർശനത്തിന്റെ തീയാണതിൽ ആളുന്നത്. പറയാനുള്ളത് ഏതു തമ്പുരാൻ തടുത്താലും പറഞ്ഞേ പോവൂ എന്ന വീര്യമാണതിൽ നിറയുന്നത്. ഒരു ജനത ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെടുമ്പോൾ ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ, മനുഷ്യർ എന്തിന് കൊള്ളുമെന്നാണത് കലഹിക്കുന്നത്. എന്തുതന്നെ കത്തിക്കരിഞ്ഞാലും കൃപക്ക് കാവൽ നിൽക്കാനുള്ള ഊർജമാണ് ഗസ്സയിലെ കുട്ടികൾ ഉൽപാദിപ്പിക്കുന്നത്.
ഈയൊരു ചെറുകുറിപ്പിൽ ഗസ്സയിലെ കുട്ടികൾ എന്ന കഥയുടെ വിശദമായ വായന ഉദ്ദേശിക്കുന്നില്ല. കഥ ഏതർഥത്തിലും അതാവശ്യപ്പെടുന്നുണ്ടെങ്കിലും! ഉള്ള് പൊത്തായി മാറിയിട്ടില്ലാത്ത ഏതൊരു മനുഷ്യന്റെയും രക്തധമനികളിൽ, ‘ഗസ്സയിലെ കുട്ടികൾ’ എന്ന ടി. പത്മനാഭന്റെ കഥ മാത്രമല്ലാത്ത കഥ കണ്ണീര് നിറക്കും. ഒരു കഥ മികച്ചതാവുന്നത് മുൻവിധികളുടെ മുള്ള് പറിച്ചു നീക്കലാണെങ്കിൽ, സ്വന്തം അകത്ത് പലകാരണങ്ങളാൽ അടഞ്ഞുപോയ ആർദ്രതയുടെ ഗ്രന്ഥികൾ തുറക്കലാണെങ്കിൽ, മനുഷ്യപ്പറ്റിന്റെ മഹത്വം ആഘോഷിക്കലാണെങ്കിൽ, അധിനിവേശത്തിന്റെ കോമ്പല്ലുകൾ കണ്ണീരിൽ ഇളക്കി പൊരിച്ചെടുക്കലാണെങ്കിൽ, ഉറപ്പ് ‘ഗസ്സയിലെ കുട്ടികൾ’ എന്ന കഥക്ക് ഇതെല്ലാം ഒരു ബഹളവുമില്ലാതെ നന്നായി നിർവഹിക്കാൻ കഴിഞ്ഞിട്ടുണ്ട്. കൊച്ചുകുട്ടികളല്ലേ എന്ന കഥയിലെ സാധാരണവാക്യം അനുഭവിപ്പിക്കുന്ന അസാധാരണ മുഴക്കത്തിന് മുന്നിൽ, അധിനിവേശ ബോംബർവിമാനങ്ങളുടെ മുരൾച്ച, നിസ്സഹായമാവും. അത്രയും ശക്തി അതിന് എവിടന്ന് കിട്ടിയെന്നാണെങ്കിൽ അതിനൊരറ്റ ഉത്തരം മാത്രം: ഇനിയും മരിക്കാത്ത, മരിച്ചുകൂടാത്ത, മനുഷ്യരായ മനുഷ്യരെയാകെ ചേർത്തുനിർത്തുന്ന, മനുഷ്യത്വത്തിൽനിന്ന് എന്ന് മാത്രം!