പി.എൻ. പണിക്കരുടെ കൈയൊപ്പ് പതിഞ്ഞ പാഞ്ഞാൾ വായനശാലക്ക് 83 വയസ്സ്
text_fieldsചെറുതുരുത്തി: വായിച്ചു പഠിക്കുക എന്ന മുദ്രാവാക്യം ഒരു ഹൃദയത്തിലേക്ക് പകർത്താൻ ഈ കേന്ദ്രത്തിന് കഴിയട്ടെ എന്ന പി.എൻ. പണിക്കരുടെ കൈയൊപ്പ് പതിഞ്ഞ പാഞ്ഞാൾ വായനശാലക്ക് 83 വയസ്സ്. 47 വർഷം മുമ്പ് പി.എൻ. പണിക്കർ വായനശാല സന്ദർശിച്ചിരുന്നു. അന്ന് എഴുതിയ വാക്ക് ഇപ്പോഴും നിധി പോലെ സൂക്ഷിച്ചിരിക്കുകയാണ്.
ലൈബ്രറി കൗൺസിൽ നൽകുന്ന ഏറ്റവും വലിയ ഗ്രേഡായ എ പ്ലസ് ഗ്രേഡിലാണ് ഇപ്പോൾ. 22000ത്തിലധികം പുസ്തകങ്ങളും 500ലധികം അംഗങ്ങളുമുള്ള വായനശാലയിൽ ബാലവേദി, വനിതാ വേദി, യുവത, വയോജന വേദി, കായിക വേദി, കലാവേദി തുടങ്ങിയവ പ്രവർത്തിക്കുന്നു. ജനസേവന പ്രവർത്തനങ്ങളിലും സജീവമാണ്. സാന്ത്വനകേന്ദ്രം, മെഡിക്കൽ ഉപകരണ ലൈബ്രറി, രക്തദാനസേന തുടങ്ങിയവ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.
വനിതകൾക്കായി ഫിറ്റ്നസ് സെന്റർ, ഇൻഡോർ ബാഡ്മിന്റൺ കോർട്ട്, ജനസേവന കേന്ദ്രം, ടി.പി. കൃഷ്ണൻ സ്മാരക വായന മുറി, എൻ.എം.എസ് റഫറൻസ് ലൈബ്രറി, എഴുത്തുകാരൻ തുപ്പേട്ടൻ സ്മാരക ഹാൾ, കൃഷ്ണൻ നായർ സ്മാരക ഹാൾ, ചിത്രൻ മാസ്റ്റർ സ്മാരക ഹാൾ എന്നിവയും വായനശാലയിലുണ്ട്.
നൃത്തം, കളരി, ചിത്ര രചന, ചെണ്ട തുടങ്ങി 15 വിഷയങ്ങൾ അഭ്യസിപ്പിക്കുന്നു. ഗ്രന്ഥശാല സംഘത്തിന്റെ മികച്ച വായനശാലക്കുള്ള ഷീൽഡ്, തലപ്പിള്ളി താലൂക്കിലെ മികച്ച വായനശാലക്കുള്ള പുരസ്കാരം, പഴയന്നൂർ ബ്ലോക്കിലെ മികച്ച ഹരിത വായനശാലക്കുള്ള പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.