ഉറക്ക സഞ്ചാരം
text_fieldsഞെട്ടറ്റു വീണ സ്വപ്നത്തിന്റെ
പിറകെയായിരുന്നു
രാത്രിയിലെ
ഉറക്കസഞ്ചാരം മുഴുവനും.
ഉണർന്നു കാണുന്നുണ്ട്
കാഴ്ചകൾ പലതുമെന്നാലും
കിടക്കവിട്ടെഴുന്നേൽക്കാനാവില്ല
ഉറക്കത്തിലാണപ്പൊഴും.
മിത്രമായി കണ്ടവൻ വന്നു
തൂക്കിക്കൊണ്ടു പോവുന്നു
ഉയരത്തിലേക്കുയരത്തിലേക്ക്.
മലകൾക്കും മുകളിൽ
മേഘക്കൂടാരങ്ങൾക്കും മുകളിൽ.
ഒടുവിൽ
ആകാശതുഞ്ചത്തു നിന്നും
താഴേക്ക് ഒറ്റയിടൽ...
തൊണ്ടവരണ്ടു വിയർത്തു
ഒച്ച വറ്റി
ശ്വാസം നിലച്ചപോൽ
ചാടിയെണീക്കാൻ നോക്കുമ്പോൾ
പിന്നെയും തുടരുന്നു
ഉറക്കസഞ്ചാരം.
അവസാനമല്ലത്
ആരംഭമെന്നറിഞ്ഞു
ഭയത്തിൻ കമ്പിളിപ്പുതപ്പിൽ
ചുരുണ്ടുകൂടുന്നു.
അന്ധകാരത്തണുപ്പിൽ
ഒരു നിഴൽ വന്നു കൂട്ടുകിടക്കുന്നു.
ഉറക്കം തുടരുന്നു
സഞ്ചാരം മുറിയുന്നു
കൂട്ടുകിടന്ന
നിഴലൊരു പ്രഭാതമാവുന്നു.
നിഴൽ മാഞ്ഞ് പോവുന്നനേരം
അന്ധകാരപ്പുതപ്പിനുള്ളിൽ
വീണ്ടും തുടങ്ങുന്നു
ഒരു പുതു സ്വപ്നത്തിൻ
പിന്നാലെയാ ഉറക്കസഞ്ചാരം.