എന്റെ താഴ് വാരത്തിലെ ദൈവദൂതൻ
text_fieldsഅയാളുമായി
സമരസപ്പെടാൻ എനിക്ക് കഴിയുകയേ
ഇല്ലായിരുന്നു.
ഒരു സുപ്രഭാതത്തിൽ
എന്റെ മേച്ചിൽ പുറങ്ങളിലേക്ക് ഒരുപറ്റം
ആട്ടിൻകൂട്ടവുമായി
തികച്ചും അപരിചിതനായ അയാൾ കടന്നുവന്നു.
ഞാൻ ദൈവദൂതനാണെന്നും
ഇതെന്റെ കുഞ്ഞാടുകളാണെന്നും
അയാൾ മൊഴിഞ്ഞു.
എന്റെ കൃഷിയെ
തലോടുകയും
എന്റെ പൂക്കളെ ഉമ്മവെക്കുകയും
എന്റെ കുഞ്ഞുങ്ങളെ തലോലിക്കുകയും ചെയ്യുന്നു.
എന്റെ മലയിടുക്കുകളിൽ വിശ്രമിക്കുകയും
എന്റെ കുന്നിൻപുറങ്ങളിലിരുന്ന്
ഗിരിപ്രഭാഷണം നടത്തുകയും ചെയ്യുന്നു.
ഞാനിപ്പോൾ രാജ്യം നഷ്ടപ്പെട്ട രാജാവിന്റെ വേദനയും
പല്ലുകൾ കൊഴിഞ്ഞ സിംഹത്തിന്റെ
ആത്മസംഘർഷവും അറിയുന്നു.
എന്റെ കോപ്പയിൽനിന്ന് ചായയൊഴിച്ചയാൾ
എന്റെ വിരുന്നുകാരെ സൽക്കരിക്കുന്നു
എന്റെ ഇടങ്ങളിലെല്ലാമിപ്പോൾ അയാളുടെ
പൊഴിഞ്ഞുവീണ താടിരോമങ്ങൾ...
എന്റെ മുട്ടനാടുകളെ
അയാൾ
കൊന്നുതിന്നുകയും
ചുടുചോരയെ ദൈവഹിതത്താൽ
വീഞ്ഞാക്കിമാറ്റുകയും ചെയ്യുന്നു.
പാതിരാത്രിയിലെ
വിശ്രമവേളകളിൽ
നീല നിലാവെളിച്ചത്തിൽ
അയാളും പരിവാരങ്ങളും
പതിയെ വസ്ത്രങ്ങൾ
ഓരോന്നായി അഴിച്ചുവെക്കുന്നു.
രാവിന്റെ വസ്ത്രമൂരിയ
ആ താഴ്വാരത്തിപ്പോൾ
വിറളി പൂണ്ട ചെന്നായ്ക്കളുടെ
മുരളൽ മാത്രം
തെളിഞ്ഞു കേൾക്കാം.