പാതിരാ ചർച്ച
text_fieldsതുംഗനീലിമയിലൊരു സംഗമം
പാതിരാവിൻ നിശ്ശബ്ദസ്ഥലികളിൽ
പാൽനിലാ നികുഞ്ജത്തിൽ
ദൈവദൂതൻമാർ സൗഹൃദ സിംഹാസനങ്ങളിൽ
പതിവ് കൂടിച്ചേരലിന്റെ വർണരാജിയിൽ!
പിടിവലികളിൽ വലിഞ്ഞുമുറുകിയ
ദേഹത്തിനസ്വാസ്ഥ്യം തീർക്കാൻ
നെടുവീർപ്പിടുന്നു അമാനുഷ പ്രതിഭകൾ.
ഭക്തിയുടെയാരാമങ്ങളിലെ പൂക്കൾ
കരിഞ്ഞുണങ്ങി ചൂട് പുകയുന്നു.
കൈയേറ്റ കലമ്പലുകളുടെ ചെതുമ്പലുകളിൽ
പുതിയൊരു പോർമുഖത്തിൻ
രേഖാചിത്രം തെളിഞ്ഞു കത്തുന്നു.
ചർച്ച കനക്കുന്നു:
വിതച്ചിട്ടു പോയ
മാനവികതയുടെ വിത്തുകൾ
ചവിട്ടിത്താഴ്ത്തിയ
അവതാരങ്ങളെവിടെ?
മതേതര ശംഖൊലിയിൽ കൈകോർത്ത
സ്നേഹത്താഴികക്കുടങ്ങൾ തച്ചുടച്ച
ഗദകളെവിടെ?
സ്വാർഥതയുടെ കാളകൂടങ്ങൾ വിഴുങ്ങിയ
ദുർമേദസ്സുകളെ അഴിച്ചുവിട്ട
കൈകളെവിടെ?
ചോദ്യത്തിനുത്തരങ്ങൾ കാറ്റിൽ പറക്കുമ്പോൾ
മിഴികളിൽ ഭീതി പത്തിവിടർത്തുന്നു.
മൗന വാത്മീകത്തിനുള്ളിൽനിന്ന്
ആദികവി ഉയിർത്തെഴുന്നേൽക്കുന്നു.
കൈകൂപ്പി വണങ്ങുന്നു.
പുനർജനിക്കൂ ദൈവങ്ങളേ
ഈ മണ്ണിലിനിയും
സ്നേഹത്തിൻ മേലാപ്പിനാലൊരു
ശാന്തികുടീരം പണിയാൻ.
മതാന്ധതയുടെ മൂഢതയിലേക്കൊരു
കൈവിളക്ക് കൊളുത്താൻ.
അനുഗ്രഹിച്ചാൽ ഞാനിനിയുമെഴുതാം
ഈ മണ്ണിലേക്കൊരു പുതിയ ഇതിഹാസം.