നിഴൽ
text_fieldsഓർമകളിൽ ഉണ്ടാകണം നീ
പിന്നിട്ട വഴികൾ ഓരോന്നും,
മറന്നിടരുതേ നിന്റെ ലക്ഷ്യവും
കൂടെയുള്ളൊരാ നിഴലിനെയും...
പാഞ്ഞുകയറിയ ജീവിതപ്പടവുകൾ ഓരോന്നും
പതിയെ ഒന്ന് തിരിഞ്ഞു നോക്കാം,
പിന്നിട്ട പാതയും പാതയോരങ്ങളും
വെറുതേ ഒന്നു തിരിഞ്ഞു നോക്കാം,
നിന്നിലും മുൻപേ നിൻ നിഴൽ നോക്കുന്നതും കാണാം....
ആരോ വരച്ചിട്ട വഴികൾ തോറും
ആവേശമായി നീ ഓടിടുമ്പോൾ
കാണാം, നിൻ മുന്നിലായോടുന്ന നിഴലിനെയും...
കൂട്ടത്തിൽ ഓടുന്നവർ നിൻ കൂട്ടുകാരെന്നും പറഞ്ഞവർ
കുതികാൽ വെച്ചു നിന്നെ വീഴ്ത്തിടുമ്പോൾ,
തോൽക്കാനയക്കില്ല അവിടെയും നിന്നെ,
നിനക്ക് മുന്നിലായ് ആദ്യം വീഴുന്നതും നിഴൽ....
എവിടെയും നീ അജയ്യനാകണം എന്നൊരാഗ്രഹം പോൽ...
തോൽക്കരുതേ ഇനിയെങ്കിലും
നിൻ ജീവിതവഴിയിൽ
നിനക്കായുള്ള ഒരേയൊരു നിഴലിനായ് .....
അബ്ദുൽ മുനീർ, ജിദ്ദ