കവിത: ന്യൂ റസിപ്പി
text_fieldsയഹിയ മുഹമ്മദ്
നഗരമധ്യത്തിലെ
മാംസാഹാര
ഭോജനശാലയിൽ
പുതിയ ഒരു റസിപ്പി-
ലോഞ്ചായെന്നറിഞ്ഞ്
അന്നു രാത്രിതന്നെ
ഡിന്നറിന് അങ്ങോട്ടേക്ക് തിരിച്ചു.
രാത്രി തണുത്തുമൂടിയ നഗരം
പുതച്ചുമൂടിക്കിടക്കുന്ന
ഒരു മാദകത്തിടമ്പിനെ
ഓർമിപ്പിച്ചു.
കവലയിൽനിന്നൊഴുകുന്ന
കുഴൽസംഗീതം
വീണ്ടും നഗരത്തെ
തണുപ്പിക്കുകയാണല്ലോ!
ഞാൻ മേൽക്കോട്ട് ഒന്നുകൂടി
അമർത്തിപ്പിടിച്ചു.
കറുത്ത യൂനിഫോം
വെളുത്ത തൊപ്പി
വെയ്റ്റർ വന്നു.
‘‘എന്താ കഴിക്കാൻ...?’’
മെനു മുന്നിലേക്ക് നീക്കി
പരുഷം...
‘‘നിങ്ങളുടെ പുതിയ റസിപ്പി!’’
‘‘യെസ്, അത് ഇതാണ് സാർ’’
അയാൾ ആവേശത്തോടെ
മെനുവിലെ ഒരു ചിത്രം തൊട്ടു.
‘‘ഗസ്സ!’’
‘‘ഓ... നല്ല പേരാണല്ലോ
കാലികം ഒരു പോർഷൻ എടുത്തോളൂ’’
അയാൾ തളുവയിൽ
വെളുത്തുതുടുത്ത ഒരു കുഞ്ഞുമായി
തിരിച്ചുവന്നു.
സ്പൂൺ...ഫോർക്ക്...കത്തി...
കഴുത്തിന് നേരെ ചൂണ്ടി
ഈ ഭാഗം കട്ട് ചെയ്തോളൂ...
രക്തം മുഖത്തേക്ക് തെറിച്ചു.
ഹോട്ടൽ ജീവനക്കാർ
ആർത്തട്ടഹസിച്ചു.
ഹാളിലെ അരണ്ട വെളിച്ചത്തിൽ
അവരുടെ ദംഷ്ട്രകൾ
വളർന്നുവരുന്നത് ഞാൻ കണ്ടു.
എന്റെ വയറ്റിൽനിന്നും
കൊതിയുടെ നഖം നീണ്ട കൈകൾ
പാത്രത്തിലേക്ക് നീണ്ടു.
അവ എനിക്കുമുമ്പേ പാത്രത്തിൽ
ആർത്തിയോടെ വലിച്ചുകീറി.
ഗസ്സ ഒരു പാത്രമാവുന്നു.
പാത്രത്തിൽ വിളമ്പുന്നത്
ഭക്ഷണമായതുകൊണ്ട്
ആർക്കും എങ്ങനെ വേണമെങ്കിലും
കടിച്ചുകീറാമല്ലോ
അല്ലെങ്കിൽ എച്ചിലായി പുറംതള്ളാമല്ലോ...?


