നിർവ്യാജ പഞ്ചകം
text_fieldsഉറങ്ങിക്കിടക്കുന്നവരെ കാണുമ്പോൾ
മരിച്ചുകിടക്കുന്നതായ് തോന്നി
ഞാൻ നിലവിളിച്ചുപോകുന്നു ഡോക്ടർ.
എന്റെ നിലവിളി കേട്ട് കേട്ട്
ഇപ്പോൾ എനിക്ക് തന്നെ കരച്ചില് വരുന്നു
ഒരുപാട് ശ്രമിച്ചു
കണ്ണിൽക്കാണാതെ നടന്നു
കണ്ണുംപൂട്ടി നടന്നു
കണ്ണിൽ കൈപൊത്തി നടന്നു
അതൊന്നും മരുന്നാവാതെ വരുന്നു
ചത്തവരെപ്പോലെ കിടക്കുന്നവരെ
മറികടന്നുപോവാൻ ആവുന്നതേയില്ല
ഉറങ്ങിക്കിടക്കുന്നവർ
നാളെ രാവിലെ എഴുന്നേൽക്കുമെന്ന സത്യം
എനിക്കറിയാം
എഴുന്നേറ്റില്ലെങ്കിലോ എന്ന ദുഃഖം
മാറ്റിക്കിടത്താനാവുന്നില്ല
ഉറങ്ങിക്കിടക്കുന്നവർ വിശ്രമിക്കുകയാണെന്ന്
എനിക്കറിയാം
ഒരാളെയും വിളിച്ചറിയിക്കാനാവാതെ
തീർന്നുപോയതാണെങ്കിലോ എന്ന അശാന്തിയെ
വിട്ടെഴുന്നേൽക്കാനാവുന്നില്ല
ഉറങ്ങുന്നവർ ശ്വാസം കഴിക്കുന്നുണ്ടെന്നെനിക്കറിയാം
ഏതെങ്കിലും ഒരവസരത്തിൽ
വീണ്ടും ശ്വസിക്കാൻ അവർ മറന്നെങ്കിലോ
എന്ന തോന്നൽ അസ്തമിക്കുന്നില്ല.
ഇതൊരു രോഗമല്ലെന്ന്
എനിക്കുതന്നെ തോന്നാറുണ്ട്
എന്നിട്ടും വന്ന് വന്ന് എനിക്കിപ്പോൾ
പണിക്കുപോകാനാവുന്നില്ല
ഇതിങ്ങനെ തുടർന്നാൽ
നിർവ്യാജം, സഹതപിച്ച്, സഹതപിച്ച്
ഒരു മോഷ്ടാവായ ഞാൻ
എങ്ങനെ കുടുംബം പോറ്റും ഡോക്ടർ?


