സൂസന്നയുടെ സുവിശേഷങ്ങൾ
text_fieldsഒറ്റക്കാവുമ്പോഴാണ്
സൂസന്നക്ക്
ചിറകു മുളക്കാറുള്ളത്.
ഒരു ലോകത്തുനിന്ന്
മറ്റൊന്നിലേക്ക്
യുഗങ്ങളിലൂടെ,
മാറി മാറി
സഞ്ചരിക്കുന്ന ചിറകുകൾ.
കുഞ്ഞിനെ മുലയൂട്ടണമെന്നോ,
അടുക്കള കാത്തിരിക്കുന്നുവെന്നും
സണ്ണി തിരിച്ചെത്തിയില്ലെന്നും,
മതിലില്ലാത്ത മുറ്റത്ത് കുട്ടി
കളിച്ചുകൊണ്ടിരിക്കുന്നതും,
മധുരംകൂടി തളർന്ന
അപ്പൻ ഞരങ്ങി വിളിക്കുന്നതും,
അവൾ മറക്കുന്നു.
കാത്തിരിപ്പിന്റെ
അസ്തിത്വദുഃഖമറിയാൻ
രാധയെ കാണണം.
ഒരു നോട്ടംകൊണ്ട്
മണ്ണു പിളർന്ന്,
സീതയെയുംകൂട്ടി പറന്ന്,
ശിംശിപയുടെ ചോട്ടിൽചെന്ന്
പത്തുതലയുള്ള
ഒറ്റയുടലിന്മേൽ,
പ്രണയകിരണങ്ങൾ
പങ്കിട്ടെടുക്കുന്നു.
പിന്നെ, രാമനെക്കൊന്ന്
രാവണനിലേക്ക്
വായിച്ചു തുടങ്ങുന്നു.
തിരുഹൃദയം പറിച്ചെടുത്തു
പൊതിഞ്ഞ്, മഗ്ദലനയുടെ
ഉള്ളം കയ്യിൽവെച്ച് തിരിച്ചുപോരും.
വ്യാകുലമാതാവിന്
അഹല്യാമോക്ഷം നൽകി,
ശേഷിച്ച യാത്രയ്ക്കീടുറപ്പിച്ച്
മുന്നോട്ടു നീങ്ങുന്നു.
ഒറ്റക്കാവുമ്പോൾ സൂസന്ന
ലോകം കീഴടക്കുന്നു.
മഴയുടുത്ത് വെയിൽപുതച്ച്,
ചില്ലുനോട്ടങ്ങളിൽ കരൾതുടുത്ത്,
സ്വയം കണ്ണാടിയാവുന്നു.