"മകനേ നിനക്കായ്";കവിതാ സമാഹാരം പ്രകാശനത്തിനൊരുങ്ങുന്നു
text_fieldsകോഴിക്കോട്:കണ്ട് കൊതി തീരും മുൻപേ കാലം കവർന്നെടുത്ത തൻ്റെ കൺമണിയുടെ ഓർമ്മകളിൽ ഒരമ്മ എഴുതിച്ചേർത്ത അക്ഷരക്കൂട്ടുകളാണ് "മകനേ നിനക്കായ് " എന്ന കവിതാ സമാഹാരം. ഒരുമിച്ചുള്ള യാത്രയിൽ തന്നെ മാത്രം തനിച്ചാക്കി പ്പോയ മകൻ്റെ വേർപാടിൻ്റെ നീറുന്ന ഓർമ്മകളാണ് സോണിയ ശരൺ കൃഷ്ണയുടെ ആദ്യ കവിതാ സമാഹാരത്തിലുള്ളത്.
ചെറുപ്രായത്തിൽ തന്നെ താൻ ഈ ഭൂമിയിൽ ഉണ്ടായിരുന്നുവെന്ന് അടയാളപ്പെടുത്തിയ കലാകാരനായിരുന്നു ശരൺ കൃഷ്ണ. ചലച്ചിത്ര ലോകത്ത് തൻ്റെ കയ്യൊപ്പ് ചാർത്താനുള്ള യാത്രാവേളയിൽ ചെറു സിനിമാ ലോകത്തിന് നിരവധി സംഭാവനകൾ നൽകിയാണ് ശരൺ കൃഷ്ണ യാത്രയായത്. അതും അമ്മ സോണിയക്ക് ഒപ്പമുള്ള യാത്രയിൽ.ഏക മകൻ്റെ സ്വപ്നങ്ങൾക്കൊപ്പമായിരുന്നു സോണിയാമ്മയും അച്ഛൻ കൃഷ്ണനും. ശരൺ വേർപിട്ടെന്ന് തോന്നാത്ത വിധം അവൻ്റെ സുഹൃത്തുക്കൾ സോണിയാമ്മയേയും അച്ഛനേയും ചേർത്ത് നിർത്തി. ശരണിൻ്റെ സ്വപ്നമായിരുന്ന അഞ്ജലിക്ക ഗ്ലോക്കയെന്ന സിനിമ അവൻ്റെ അഭാവത്തിൽ സോണിയാമ്മയും സുഹൃത്തുക്കളും ചേർത്ത് പൂർത്തിയാക്കി വലിയ സ്ക്രീനിൽ എത്തിച്ചു.ലാളിച്ച് തീരും മുൻപേ കാലം കവർന്നെടുത്ത മകനുള്ള സമർപ്പണം കൂടിയാണ് "മകനേ നിനക്കായ്" എന്ന കവിതാ സമാഹാരം.
ഈ മാസം 28ന് ചേളാരി ഗവ: ഹൈസ്ക്കൂളിൽ നടക്കുന്ന ചടങ്ങിൽ സാഹിത്യകാരി കെ.പി സുധീര പ്രകാശനം നിർവ്വഹിക്കും.കൊച്ചി ന്യൂ ഇനീഷ്യേറ്റീവ് ഡീംഡ് യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ.ടോം എം ജോസഫ് ആദ്യ പതിപ്പ് സ്വീകരിക്കും. തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.വിജിത് അധ്യക്ഷത വഹിക്കും. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി .പി എം ബഷീർ മുഖ്യാതിഥിയായിരിക്കും. ജെയിൻ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ.ഫെലിക്സ് എം ഫിലിപ്പ്, അസിസ്റ്റൻ്റ് പ്രൊഫസർ ഡോ.ലക്ഷ്മിദേവി.പി, കനറാ ബാങ്ക് ഡെപ്യൂട്ടി മാനേജർ എ.ഷിജിൽ തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ പീയൂഷ് അണ്ടിശ്ശേരി, പഞ്ചായത്തംഗം മുബഷീറ സി.എം, തേഞ്ഞിപ്പലം എ യു പി എസ് പ്രധാന അധ്യാപകൻ വി.കെ ശശിഭൂഷൺ, കുന്നംകുളം ജി.വി.എച്ച്.എസ്.എസ് ഫോർഡഫിലെ വിപിൻ ചന്ദ്രൻ, ചേളാരി ജി.വി.എച്ച്.എസ്.എസ് അധ്യാപകൻ എം.പ്രസാദ്, അധ്യാപിക എം.സുനിത, ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രവി തേലത്ത്, തേഞ്ഞിപ്പലം ചിത്രകൾച്ചറൽ സെൻ്റർ രക്ഷാധികാരി അഡ്വ.കെ.ടി വിനോദ് കുമാർ,എഴുത്തുകാരൻ സുദർശൻ കോടത്ത്, അഷിക് ചെമ്പകശ്ശേരി, എൻ.വി സുഫൈറ എന്നിവർ സംസാരിക്കും. സോണിയ ശരൺ കൃഷ്ണ മറുമൊഴി നടത്തും.പുസ്തക ലോകമാണ് പ്രസാധകർ.