പൗഡർ ചന്ദ്രന്റെ ഭാണ്ഡം
text_fieldsജൈസൽ ഹാർഡ് വെയേഴ്സിനും ഫർസാന ടെക്സ്റ്റൈൽസിനും ഇടയിൽ പഞ്ചായത്ത് കിണറിനരികിലെ വരാന്തയിലിരുന്ന പൗഡർ ചന്ദ്രൻ ഭാണ്ഡം ഒന്നുകൂടി മുറുകെ പിടിച്ചു. സ്വദേശി ഹോട്ടലിനു മുന്നിൽ ആളനക്കമില്ല. സ്റ്റാൻഡിൽ ബസുകളുടെ ബഹളമില്ല. വടകരക്കും തൊട്ടിൽപാലത്തിനുമുള്ള ബസുകൾക്ക് പിറകെ ഓടിക്കൂടാറുള്ള യാത്രികരില്ല. ബാഗോ കുടയോ എറിഞ്ഞ് ആരും സീറ്റുപിടിക്കുന്നില്ല. ബസുകാത്തുള്ള സ്കൂൾ വിദ്യാർഥികളുടെ ക്യൂവില്ല. ബസുകൾക്ക് മുകളിൽനിന്ന് ലഗേജുകൾ ഇറക്കുന്നില്ല. പോർട്ടർമാരുടെ മാടിക്കുത്തിയ മുണ്ടിനടിയിൽനിന്ന് ബീഡിയും തീപ്പെട്ടിയും ഞാത്തിയ നീല ട്രൗസറിന്റെ പോക്കറ്റ് എത്തിനോക്കുന്നില്ല.
പഴയ ബസ് സ്റ്റാൻഡിലെ സ്റ്റേജിൽ പൊതുയോഗങ്ങളില്ല. പ്രഭാഷണങ്ങളില്ല. തെരുവുനാടകങ്ങളില്ല. പ്രകടനങ്ങളില്ല. എമ്മൈയ്യൂപ്പി സ്കൂളിലെ പാരായണ കലപില അങ്ങാടിയിലേക്ക് തികട്ടുന്നില്ല. ഓട്ടോറിക്ഷകൾ കരയുന്നില്ല. വേളത്തേക്കും മുള്ളൻകുന്നിലേക്കുമുള്ള സ്റ്റാൻഡുകളിൽനിന്ന് ഹൽവയിൽ പൊരിപറ്റിയതുപോലെയുള്ള ജീപ്പുകൾ പുറപ്പെടുന്നില്ല. കൂടുപൊട്ടിയ മുത്തുകൾ പോലെ ചറപറാന്ന് ജീപ്പുകൾ ചിതറുന്നില്ല.
ഭാണ്ഡത്തിൽ പിടിച്ചുവലിച്ച് ‘ഒണ്ടാ...’ എന്നാർക്കുന്ന സ്കൂൾകുട്ടികളെ ചീത്തവിളിച്ച് അകറ്റുമെങ്കിലും അവരുടെ സാന്നിധ്യമറ്റതിലുള്ള നിരാശ ചന്ദ്രന്റെ മുഖത്തുണ്ട്. ഇത് ഓണത്തിന്റെ തലേ ദിവസമാണെന്ന് ചന്ദ്രനറിയുമായിരുന്നില്ല. ക്രിസ്മസും പെരുന്നാളുമൊക്കെ കഴിഞ്ഞുപോയതും അന്നൊക്കെ ആളുകൾ വീടുകളിൽ അടങ്ങിയിരുന്നതും അയാളറിഞ്ഞിട്ടില്ല. വഴിയാത്രക്കാർ, കടക്കാർ, ബസ്ജീവനക്കാർ ചന്ദ്രന് പൗഡർ എത്തുന്ന കൈവഴികൾ വറ്റി. അപ്പോൾ മാത്രമാണ് പരിസരത്ത് എന്തൊക്കൊയോ സംഭവിക്കുന്നതായി അയാൾക്ക് തോന്നിത്തുടങ്ങിയത്.
പകലും മോന്തിയും മാത്രം വിട്ടുവീഴ്ചയില്ലാതെ മാറിമാറി വരുന്നുണ്ട്. നുരുമ്പിയ കടലാസുകഷണങ്ങളും കരിയിലച്ചേറും റോട്ടിൽ വരയും കുറിയുമിട്ടിട്ടുണ്ട്. മഴവെള്ളക്കുത്തിന് അകമ്പടി വന്ന കല്ലും കമ്പും റോഡിൽ നിരന്നിട്ടുണ്ട്. നിരത്തിൽ കുറുകെയിട്ട ബാരിക്കേടിൽ കാക്കകൾ കൂട്ടമായി ഇരിക്കുന്നുണ്ട്. പൊലീസുകാരൻ വലിച്ചെറിഞ്ഞ എച്ചിൽ കൂട്ടങ്ങൾ അവ കൊത്തിവലിക്കുന്നുണ്ട്. തലവെട്ടിച്ച് അങ്ങോട്ടുമിങ്ങോട്ടും ആവശ്യത്തിനോ അനാവശ്യത്തിനോ അവ നോക്കുന്നുണ്ട്.
അങ്ങാടിയുടെ കനത്ത നിശ്ശബ്ദത ചന്ദ്രനെ പ്രത്യേകമായി അസ്വസ്ഥപ്പെടുത്തുന്നില്ല. എങ്കിലും അങ്ങാടികൾക്ക് ആൾശൂന്യത ഒട്ടും ചേർന്നതല്ലെന്ന വിചാരം ഏവർക്കുമെന്നപോലെ അയാളിലും ഉണരുന്നുണ്ടാവാം. അയാൾ കൈയിലിരുന്ന കുട്ടിക്കൂറ പൗഡറിന്റെ ഒഴിഞ്ഞ ഡപ്പി നീട്ടിയെറിഞ്ഞു. അത് കിണറിന്റെ ആൾമറയിലിടിച്ച് ചുളുങ്ങി. ചെറിയ കാറ്റിൽ തരിതരി ശബ്ദത്തിൽ നിശ്ശബ്ദതക്ക് കനത്ത പരിക്കുണ്ടാക്കിക്കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും ഉരുണ്ടു. കൊറോണയുണ്ടാക്കിയ മരണ ഭീതിയാണ് പട്ടണത്തിലെ ആളില്ലായ്മയുടെ കാരണമെന്ന് ആരെങ്കിലും പറഞ്ഞുകൊടുത്താലും അയാൾക്കതത്ര വിശ്വാസം വരണമെന്നില്ല. മരണപ്പേടിയാലെ മനുഷ്യർ മാളങ്ങളിൽ ഒളിക്കില്ല. അവർ പുറപ്പെടാതിരിക്കില്ല.
ചന്ദ്രൻ വീണ്ടും ദേഹത്തേക്ക് പൗഡർ വിതറിക്കൊണ്ടിരുന്നു. ശരീരത്തിലെമ്പാടും പൗഡർ എത്തിയിട്ടുണ്ടെന്ന് ഉറപ്പിക്കുകയാണ്. രാവിലെ തുടങ്ങിയ ജോലി. അയാൾക്ക് മറ്റു ജോലികളില്ല. പെട്ടെന്ന് ഒരു കനത്ത ഒച്ച കേട്ടതും ചന്ദ്രൻ ചാടിയെണീറ്റു. അയാളുടെ ശരീരത്തിൽനിന്ന് പൗഡർ നിലത്തേക്ക് കൊഴിഞ്ഞു. നിലം തൂവെള്ള നിറത്തിൽ തിളങ്ങി. ശബ്ദം കേട്ട ഭാഗത്തേക്ക് കണ്ണോടിച്ചെങ്കിലും ഒന്നും കണ്ടില്ല.
ചന്ദ്രന് കൂടെയുള്ള ഭാണ്ഡമല്ലാതെ മറ്റു ഭാരങ്ങളൊന്നുമില്ല. ഓർമകളുടെ ഭാരമില്ല. ചരിത്രത്തിന്റെ ഭാരമില്ല. ലോകയുദ്ധങ്ങൾ. ബ്രിട്ടീഷ് ആധിപത്യം, സ്വാതന്ത്ര്യസമരം, വിമോചനസമരം അതൊക്കെയാണല്ലോ പുസ്തകങ്ങളിലുള്ള ചരിത്രം. എന്തിന് കുറ്റ്യാടിയിൽ കോട്ടക്ക് കുറ്റിയടിച്ച പഴശ്ശിരാജയെ കുറിച്ചുപോലും ചന്ദ്രൻ ഒരുനാളും ആലോചിച്ചിട്ടില്ല. ചന്ദ്രന്റെ മനസ്സിൽ അച്ഛനില്ല. അമ്മയില്ല. പെങ്ങളില്ല. അനിയനില്ല. അയൽവാസികളില്ല. നാട്ടുകാരില്ല. ചരിത്രത്തിന്റെയും ബന്ധങ്ങളുടെയും മഹാശൂന്യത മുറ്റിയ അയാളുടെ ധിഷണയിൽ സർവാധികാരഭാവത്തോടെ വാഴുന്ന ഒരേയൊരു വസ്തുമാത്രം. കുട്ടിക്കൂറ പൗഡറിന്റെ ഡപ്പി.
ഓറഞ്ചും വെള്ളയും നിറമുള്ള, അടപ്പ് തിരിച്ചാൽ തുളകൾ നേരെയാവുകയും അതുവഴി പാലുപോലെ പൗഡർ പുറത്തേക്കൊഴുകുകയും ചെയ്യുന്നതോളം അയാളെ വിസ്മയപ്പെടുത്തിയ മറ്റൊരു കാഴ്ചയില്ല. സുന്ദരൻ പൗഡർ ഡപ്പി. അടക്കാകത്തി, കൊപ്ര പാര, മുറുക്കാൻ വട്ടി, തുടങ്ങി പുതുമയറ്റയുരുപ്പടികൾക്കൊപ്പം അമ്മാവന്റെ ഷെൽഫിലെ തിളക്കമുള്ള ഏക വസ്തു. വടകര ചന്തക്ക് കൊണ്ടുപോവാനുള്ള കൊപ്രച്ചാക്ക് തിണ്ണയിൽ എടുത്തുവെച്ചിട്ടുണ്ട്. വീട്ടിൽ നിന്നിറങ്ങും മുമ്പ് അമ്മാവൻ കുട്ടിക്കൂറ ഡപ്പിയുടെ മൂടു തിരിച്ച് അൽപം കൈയിൽ ചൊരിഞ്ഞു. അതിൽ വിരലൂന്നി മുഖത്ത് അവിടവിടെയായി തൊട്ടു. കൈത്തലങ്ങൾ കൂട്ടിയുരസി മുഖത്ത് തേച്ചു.
കരുവാളിച്ചിരുന്ന അമ്മാവന്റെ മുഖം വെട്ടിത്തിളങ്ങി. ലോലമായ വാസന അവിടെ പരന്നു. ആ അത്ഭുത ഡപ്പി ഒരു ആവേശമായി ചന്ദ്രന്റെ മനസ്സിൽ പതിഞ്ഞതപ്പോഴാണ്. മുഖം വെളുപ്പിക്കുന്ന മണമുള്ള പൊടി കിട്ടാനുള്ള അത്യാഗ്രഹം ചന്ദ്രനുണ്ടായി. അൽപം പൊടിക്കായി അമ്മായിയോട് ആ ഒമ്പതുകാരൻ കെഞ്ചി. അമ്മായിക്ക് ചിരിയടക്കാനായില്ല. ചിരിച്ചുചിരിച്ച് ഒടുവിൽ കുഴിയിലെ കണ്ണുകളിൽനിന്ന് കണ്ണുനീർ കവിളിലൂടെയൊഴുകി. കൈപ്പുറംകൊണ്ട് അവർ അത് ഒപ്പിയെടുത്ത് കരഞ്ഞില്ലെന്ന് വരുത്താൻ ശ്രമിച്ചു. അമ്മായിയുടെ ഭാവമാറ്റം കണ്ട് ചന്ദ്രൻ വെപ്രാളപ്പെട്ടു.
അവന് ഒന്നും മനസ്സിലായില്ല. എന്തിനാണമ്മായീ കരയുന്നേന്ന് അവൻ ചോദിച്ചു. അവർ മറുപടി പറയാതെ അടുക്കളയിലേക്ക് പോയി. തീ കാർന്നു തിന്ന് ജീവൻ ബാക്കിയായ വിറകുകൊള്ളികൾ അടുപ്പിലേക്ക് തിരികെയുന്തി. തീ ആളിക്കത്തി. കഞ്ഞിക്കലത്തിന്റെ മൂടി നീരാവിയുടെ മർദവ്യത്യാസത്തിൽ താണു പൊങ്ങിക്കളിച്ചു. കഞ്ഞിവെള്ളത്തിന്റെ കുമിളകൾക്കുമുകളിൽ മൂടിയുടെ മനോഹര നൃത്തം. ഉറിയിൽനിന്ന് തലേ ദിവസത്തെ കറിച്ചട്ടി എടുത്ത് തറയിൽവെച്ചു. അൽപം വെള്ളമൊഴിച്ച് കയിലുകൊണ്ട് ചട്ടിയുടെ അടിയിൽ വറ്റിക്കിടന്നത് കലക്കിയെടുത്ത് അടുപ്പിൽ വെച്ചു.
അതിലേക്ക് അൽപം കല്ലുപ്പ് വിതറി. ചോറ്റുപാത്രത്തിലവശേഷിച്ച വറ്റുകളെടുത്ത് കോഴി ബാ...ബാ... ബാ... വിളിച്ചു. തള്ളക്കോഴിയും കുഞ്ഞുങ്ങളും കുതിച്ചെത്തി. അരുമയോടെ ആ വറ്റ് അവയ്ക്കു മുന്നിലേക്കിട്ടു. ഒരു മുട്ടയുടെ പിറവി പ്രഖ്യാപനം കേട്ടപ്പോൾ കോഴിക്കൂട്ടിനടുത്തേക്ക് ചെന്നു. കൂടിന്റെ തകരവാതിൽ നീക്കിയതും നീട്ടിക്കൂവികൊണ്ട് തിടുക്കത്തിൽ പുറത്തേക്ക് ചാടി. അടച്ചൂടാറാത്ത മുട്ട കൈയിലെടുത്തു. അത് കൊണ്ടുവന്ന് കലത്തിലെ അരിയിൽ വെച്ചു. ചന്ദ്രനെ തെരഞ്ഞെങ്കിലും എവിടെയും കണ്ടില്ല.
കൂട്ടുകാർ ചന്ദ്രന്റെ കൈയിലെ വാസനപ്പൊടിക്ക് വരിനിൽക്കുകയാണ്. എനിക്കും എനിക്കും എന്ന് അവർ തിരക്കിട്ടു. ഓരോരുത്തർക്കും കൈ നിറച്ച് കൊടുത്തു. എടാ ചെക്കാ ഇത് എന്റെ പൊരേലുണ്ടല്ലോ എന്ന് കുഞ്ഞുബീരാൻ പറഞ്ഞപ്പോ പിള്ളേരെല്ലാം അവന്റെ മുഖത്തേക്ക് നോക്കി. ‘പക്ഷേ ഉപ്പ മേശയിൽ വെച്ച് പൂട്ടിയിരിക്കുകയാണ്. പെരുന്നാളിന് പള്ളീ പോകും മുമ്പ് ഉപ്പ അതെടുക്കും. വിശേഷപ്പെട്ട മറ്റു ദിവസങ്ങളിലും. കൊറച്ച് കൊറച്ച് കുടഞ്ഞ് തരും. ആരെയും തൊടാൻ സമ്മതിക്കൂല. തൊട്ടാൽ ആ കൈ ഞാൻ കൊത്തുമെന്നാണുപ്പാന്റെ താക്കീത്’. ബീരാന്റെ വാക്കുകൾ ചന്ദ്രനെ ഒന്നുലച്ചു. മനസിൽ അമ്മാവൻ കണ്ണുമിഴിച്ചു.
അങ്ങാടിയുടെ നിശ്ചലതയിൽ പ്രകമ്പനമുണ്ടാക്കിക്കൊണ്ട് ഒരു സൈറൺ ചെവിതുളച്ചെത്തി. പൊലീസുകാരൻ റോഡിലെ ബാരിക്കേട് തള്ളിനീക്കി വഴിയൊരുക്കി. നിമിഷങ്ങൾക്കകം ഒരു ആംബുലൻസ് തൂവെള്ളക്കാറ്റായി അടിച്ചുവീശി. തെരുവുവിളക്കിന്റെ മങ്ങിയ വെളിച്ചം അവിടേക്ക് എത്തിനോക്കുന്നുണ്ട്. ചന്ദ്രൻ ഭാണ്ഡത്തിൽ മുറുക്കിയ കൈ പതിയെ അയച്ചു. 55 ആണ്ടുകൾക്കു മുമ്പ് കെട്ടിയ ഭാണ്ഡം അഴിക്കാൻ തുടങ്ങി. അമ്മാവൻ വരുന്നുണ്ടോ എന്ന് അയാൾ നാലുപാടും നോക്കി. അമ്മായീ, അമ്മായീ എന്ന് ഉറക്കെ വിളിച്ചുനോക്കി...