പ്രവാസി
text_fieldsകുടുംബത്തിനും നാടിനും വേണ്ടി വിലപ്പെട്ട യൗവനം മാറ്റിവെച്ച് ഒടുക്കം അകാലത്തിൽ കടന്നുവരുന്ന വാർധക്യവും രോഗങ്ങളുമായി നാട്ടിൽ തിരികെയെത്തുന്ന നിർഭാഗ്യ ജനങ്ങളുടെ ഒറ്റപ്പേരാണ് പ്രവാസി എന്നത്.
നല്ല വീട്, വാഹനം, ഭക്ഷണം, അങ്ങനെ എല്ലാമുണ്ടായിട്ടും, ഒന്നുമില്ലാത്ത അനാഥനെപ്പോലെ, തുരുമ്പുപിടിച്ച ഇരുമ്പ് കട്ടിലിൽ സ്വപ്നങ്ങളെ കെട്ടിപ്പിടിച്ചുകൊണ്ട് ചുരുണ്ടുകൂടി, വിഭവ സമൃദ്ധമായ വീട്ടിലെ ഭക്ഷണ വൈവിധ്യങ്ങളെ കുബൂസ് എന്ന മൂന്നക്ഷരത്തിൽ ചുരുട്ടിക്കെട്ടി മറ്റുള്ളവർക്ക് ബലിയായി തന്നെ വിട്ടു നൽകിയവരുടെ വിളിപ്പേര് കൂടിയാണത്.പൊള്ളുന്ന സത്യങ്ങളുടെ അനുഭവ നേരുകളിൽ അകവും പുറവും ഒരുപോലെ പുകയുമ്പോഴും, പ്രിയപ്പെട്ടവരെ നോക്കി അലിവോടെ പുഞ്ചിരിക്കാൻ കഴിയുന്ന വേറിട്ടൊരു ജന്മം കൂടിയാണ് അവരുടേത്.പട്ടിണിയുടെ പാടവരമ്പത്ത് ഒട്ടിയ വയറുമായി നിലയറ്റുനിന്ന മലയാളി സമൂഹത്തെ സുഭിക്ഷതയുടെ മണിമന്ദിരത്തിലേക്ക് വലിച്ചു കയറ്റുമ്പോഴും, ഏകാന്തതയുടെ തുരുത്തിൽ തടവുകാരനെപ്പോലെ ഉഴറിയിരുന്നവരുടെ പേരുകൂടിയാണ് പ്രവാസി എന്നത്.
ഒടുക്കം ഒരു വേദനിപ്പിക്കുന്ന, ആർക്കും ഇഷ്ടപ്പെടാത്ത ഒരു നേര് കൂടി പറയട്ടെ.എണ്ണപ്പണത്തിന് പിന്നാലെ ഓടിയോടി ജീവിക്കാൻ മറന്ന് മരണത്തിന്റെ വായിലകപ്പെടുന്ന വിഡ്ഢിയുടെ പേരുകൂടിയാണ് പ്രവാസി.