കറുപ്പിനോടെന്തിനിത്ര വെറുപ്പ്
text_fieldsകറുപ്പനുഭവം ജീവിതത്തിൽ ഒരിക്കലെങ്കിലും അറിഞ്ഞിട്ടില്ലാത്തവർ ആരുമുണ്ടാവില്ല. കറുത്തവർ കറുത്തവരായതുകൊണ്ടും, വെളുത്തവർ മാനവികതയുടെ ഔന്നത്യത്തിലേക്ക് കണ്ണ് തുറക്കുമ്പോഴും അവരതറിയും! സ്വയം വെളുത്തവർ മാത്രമായി, ആ നിറത്തിന് അധിനിവേശം പകർന്നേകിയ പ്രതാപത്തിൽ അഭിരമിച്ചുകൊണ്ട് കഴിഞ്ഞുകൂടിയാൽ, വെളുത്തവർക്ക് ശരിക്കുള്ള കറുപ്പിനെ കാണാൻ കഴിയില്ല.
അവർ കാണുക കറുപ്പിനെക്കുറിച്ചുള്ള നാനാവിധ മുൻവിധികളായിരിക്കും. അതോടെ ഒരു നിറം, നിറമെന്ന നിലവിട്ട്, ആധിപത്യ വിധേയത്വങ്ങൾ ഉൽപാദിപ്പിക്കുന്ന നിലപാടുകളുടെ ചുരുക്കെഴുത്തുകളാവും! കറുപ്പിനോട് ആഭിമുഖ്യം പുലർത്തുന്ന വെളുത്തവർപോലും കറുപ്പിനഴകേഴിനപ്പുറം കടക്കില്ല. ഏഴകളുടെ പതിനാലഴകും പരമാവധി എവിടം വരെ പോവുമെന്ന് സാമാന്യബോധം മുമ്പേതന്നെ തിട്ടപ്പെടുത്തിയിട്ടുള്ളതിനാൽ, കറുപ്പിന് ഏഴഴകെന്ന് നീട്ടിപ്പാടാൻ ആർക്കും പ്രയാസമുണ്ടാവില്ല.
കറുത്തവനാണെങ്കിലും കള്ളനല്ല, നല്ല വൃത്തിയും വെടുപ്പുമുള്ളവനാണ്, എന്നൊക്കെയുള്ള പ്രശംസകൾപോലും, കറുപ്പിൽ പ്രാഥമികമായി എന്തോ കുഴപ്പമുണ്ടെന്ന പ്രതീതിയിൽനിന്നും മുക്തമല്ല. ഇത് മനസ്സിലാക്കാൻ വെളുത്തവനാണെങ്കിലും കള്ളനല്ല, വെളുത്തവനാണെങ്കിലും നല്ല വൃത്തിയും വെടുപ്പുമുള്ളവനാണ് തുടങ്ങിയ ഭാഷാപ്രയോഗങ്ങളുടെ അഭാവം ശ്രദ്ധിച്ചാൽ മതി! കറുത്തവർക്ക് മാത്രമായി നൽകുന്ന സ്പെഷൽ പരിഗണനയുടെ ഗുട്ടൻസ് അതോടെ പുറത്തു ചാടും.
ആദ്യം കറുത്തവരിൽ കള്ളനെ കാണുക, പിന്നീട് വലിയൊരൗദാര്യം പോലെ ആ ഇല്ലാത്ത കള്ളനെ തള്ളിക്കളയുക! നിറത്തിെന്റ പേരിൽ ചുമ്മാ ഒരാളെ കുറ്റവാളിയാക്കുന്നത് ആര്? പിന്നെ അവരെ കുറ്റവിമുക്തമാക്കുന്നതും ആര്? ഇതു രണ്ടും ചെയ്യുന്നത് ഒരേ കൂട്ടർ! ഒരുകാര്യം വ്യക്തം. ഇതിൽ കറുത്തവർക്കൊരു പങ്കുമില്ല! വെളുത്തവർക്കെന്നപോലെ കറുത്തവർക്കും കള്ളനാവുകയോ, കള്ളനാവാതിരിക്കുകയോ ചെയ്യാം.
അതിൽ നിറം വാദിയോ പ്രതിയോ അല്ല. ഓരോരുത്തരുടെയും സ്വഭാവവും നിലപാടും സമീപനവുമാണ് പ്രശ്നം. എന്നാൽ, വർത്തമാനകാല അവസ്ഥ അപഗ്രഥിച്ചാൽ, കറുത്തവരെ അപേക്ഷിച്ച് വെളുത്തവർക്കാണ്, കള്ളത്തരവും കൊള്ളരുതായ്മയും കാട്ടാൻ കൂടുതൽ സൗകര്യം. വെളുത്ത് കൊഴുത്ത് പാന്റ്സും കോട്ടും ഇട്ട് ടൈ കെട്ടി ചളപള ഇംഗ്ലീഷ് പറയുന്ന ഒരു നാടൻകള്ളനെ ഉൾക്കൊള്ളാൻമാത്രം നമ്മുടെ ധാർമികബോധം ഇപ്പോഴും വളർന്നിട്ടില്ല. (ബോഡിഷെയിമിങ് ഉദ്ദേശിച്ചിട്ടില്ല!)
സർവ നിറങ്ങൾക്കും തുല്യനിലയിൽ നൃത്തമാടാൻ കഴിയുംവിധം നമ്മുടെ ജീവിതം വിസ്തൃതമാണെന്നിരിക്കെ, എങ്ങനെയാണ് (നമുക്കിടയിൽ) കറുപ്പിനോട് ഇത്രമാത്രം വെറുപ്പ് വളർന്നുവന്നത്? സൂക്ഷ്മമായി ചിന്തിച്ചാൽ, കറുപ്പിന്റെ വിപരീതം വെളുപ്പല്ല, രണ്ടിനും ഒരു വിപരീതമുണ്ടെങ്കിൽ, അത് അധിനിവേശമാണ്. എലിയെ പുലിയാക്കാനും, പൂച്ചയെ നരിയാക്കാനും പാവം പശുവിനെ ഭീകരജന്തുവാക്കാനും കഴിയുന്ന അധികാരം തന്നെയാണ്, കറുപ്പിനെ ഉള്ളതിനേക്കാൾ കുറവാക്കിയതും വെളുപ്പിനെ ഉള്ളതിനേക്കാൾ കൂടുതലാക്കിയതും!
വെളുപ്പിൽ പലപ്രകാരേണ അധിനിവേശം ഉണ്ടാക്കിത്തീർത്ത കൂടുതലാണ്, കറുപ്പിൽ കുറവായി മാറിയത്. എല്ലാ കൊള്ളരുതായ്മകളും കറുപ്പിന്റെ ചുമലിലും, കൊള്ളാവുന്നതെല്ലാം വെളുപ്പിന്റെ തലയിലും കയറ്റിവെച്ചതിന്റെ പിറകിൽ, പത്തിവിടർത്തിയാടുന്നത് കീഴടക്കലിന്റെ പ്രത്യയശാസ്ത്രങ്ങളാണ്. പേരറിയുന്നവരും പേരറിയാത്തവരുമായ എത്രയെത്രയോ മനുഷ്യരുടെ കറുപ്പനുഭവത്തിന്റെ എരിച്ചിലും നീറ്റലും മനസ്സിലാക്കാൻ മുൻവിധികളെ മറിച്ചിടാനുള്ള ഒരൽപം കരുത്ത് മതി.
വർണബോധത്തിൽ മാറ്റമുണ്ടാക്കാനാവാത്ത ഏതൊരവസ്ഥയും മാനവികതക്ക് മുറിവുണ്ടാക്കും. ആ മുറിവിന്റെ ആഴം എത്രയെന്ന് അവിശ്വസനീയമാംവിധം അനുഭവിപ്പിക്കുന്ന ഒരു പുസ്തകമാണ് ജോൺ ഹൊവാർഡ് ഗ്രിഫിന്റെ ‘എന്നെപ്പോലെ കറുത്ത’ (Black like me) എന്ന, കറുപ്പനുഭവത്തിന്റെ അഗ്നിയിൽ വെന്ത പൊള്ളിപ്പിടയുന്ന ആത്മാവിഷ്കാരം.
കറുത്തവരോടുള്ള ഐക്യം പങ്കുവെച്ചുള്ള വെളുത്തവരുടെ ബഹുവിധ എഴുത്തുകളും അതുപോലെതന്നെ കറുത്തവരുടെ എഴുത്തുകളും എത്രയെത്രയോ ഉണ്ടായിട്ടുണ്ട്. എന്നാൽ, ജന്മനാ വെള്ളക്കാരനായ ഒരാൾ, ക്ലേശകരമായ വൈദ്യപരിചരണത്തിലൂടെ കറുപ്പനായി മാറി സ്വന്തം ആരോഗ്യം പരിഗണിക്കാതെ, സ്വയമൊരു പരീക്ഷണവസ്തുവായി തീർന്ന്, കറുത്തവർ ശരിക്കുമനുഭവിക്കുന്ന അവമാനകരമായ അവസ്ഥ ഇത്രമേൽ ആഴത്തിൽ അനുഭവിച്ച് അടയാളപ്പെടുത്തിയ മറ്റധികം ഗ്രന്ഥങ്ങൾ ഉണ്ടാകാനിടയില്ല.
സമൂഹത്തിന്റെ രക്ഷക്കുവേണ്ടി സ്വയം വിഷംകഴിക്കാൻ തയാറാവുന്ന വിഷംതീനികളുടെ വകുപ്പിലാണ്, ജോൺഗ്രിഫിനെ ഉൾപ്പെടുത്തേണ്ടത്. വർണവിവേചനം ഭീകരമാംവിധം നിലനിന്ന തെക്കൻ പ്രദേശങ്ങളിലൂടെ ആറാഴ്ച യാത്രകൊണ്ടുണ്ടായ അനുഭവങ്ങളാണ്, ‘എന്നെപ്പോലെ കറുത്ത’ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈയൊരൊറ്റ പുസ്തക രചനയുടെ പേരിൽ, വെള്ളഭീകരർ സൃഷ്ടിച്ച കോലാഹലങ്ങളുടെയും കൊലവിളികളുടെയും പശ്ചാത്തലത്തിൽ സ്വന്തം ജന്മദേശമായ യു.എസിലെ ടെക്സസിൽനിന്ന് അദ്ദേഹത്തിന് കുടുംബസഹിതം മെക്സികോവിലേക്ക് താമസം മാറ്റേണ്ടിവന്നു.
എന്നും പീഡിതപക്ഷത്ത് നിന്നിട്ടുള്ള വെള്ളക്കാരനായ ഒരു പത്രപ്രവർത്തകൻ, കുറെക്കൂടി കൃത്യമായി കറുപ്പ് വിവേചനത്തെക്കുറിച്ച് മനസ്സിലാക്കാനാവശ്യമായ, ഫസ്റ്റ്ഹാൻഡ് വിവരങ്ങൾ കിട്ടാൻവേണ്ടി സഹിച്ച ത്യാഗങ്ങൾക്ക്, പകരം കിട്ടിയത് വേദനിപ്പിക്കുന്ന അനുഭവങ്ങളാണ്. മുമ്പ് കണ്ടെഴുതിയപ്പോൾ ഉണ്ടാവാതിരുന്നത്ര എതിർപ്പുകളാണ് കൊണ്ടെഴുതിയപ്പോൾ അദ്ദേഹത്തെ തേടിവന്നത്.
കേരളത്തിന്റെ അഭിമാനമായ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ കറുപ്പനുഭവം ആദ്യത്തേതല്ല, അവസാനത്തേതും! പ്രച്ഛന്നമായി പ്രവർത്തിക്കാൻ സമൂഹം മൗനസമ്മതം നൽകിയ വർണ പ്രത്യയശാസ്ത്രവും, ഇന്ത്യനവസ്ഥയിൽ അതിന്റെ ന്യൂക്ലിയസായി മാറിയ ജാതിവ്യവസ്ഥയും പ്രകടമാകുമ്പോഴാണ്, ഹാ ഹാ ഇങ്ങനെയൊരു പ്രശ്നം ഇപ്പോഴും നിലനിൽക്കുന്നുണ്ടല്ലോ എന്നോർത്ത് പലരും വാ പൊളിക്കുന്നത്.
അവരുടെ അന്ധാളിപ്പ് ആദരവർഹിക്കുമ്പോഴും ചരിത്രപരമായ അവരുടെ അജ്ഞതയെ കാലംവെച്ചു പൊറുപ്പിക്കില്ല. കേരളത്തിൽ കറുപ്പ് നിറത്തോടു മാത്രമല്ല, കറുപ്പിനെക്കുറിച്ചുള്ള അന്വേഷണങ്ങളോടും ആഭിമുഖ്യമില്ലാത്തവരെ ആധുനിക കാലത്തും കാണാൻ കഴിയും!
എന്തുവന്നാലും ചില പോസ്റ്റുകൾക്ക് കറുത്തവർ ഒ.കെ ആവില്ലെന്ന് കരുതുന്നവരും രാവിലെത്തന്നെ കുളിച്ച്, പൗഡറിടാതെ എങ്ങനെ പുറത്തിറങ്ങും എന്ന് വ്യാകുലരാവുന്നവരും, കറുപ്പിന്റെ പേരിൽ പാർശ്വവത്കരിക്കപ്പെടുന്നവരുടെ പക്ഷത്തുനിന്ന് ആശയപ്രചാരണം നിർവഹിക്കുന്നവരെ, സൗകര്യം ഒത്തുവന്നാൽ മാറ്റിനിർത്തുന്നവരും ഒരേപാത്രത്തിൽനിന്നും ഉണ്ണുന്നവരാണ്.
കറുപ്പ് സംബന്ധമായ എന്റെ ആദ്യപ്രബന്ധം ഏകദേശം മൂന്ന് പതിറ്റാണ്ടിനും മുമ്പ് പ്രസിദ്ധീകരിച്ചത് ചിന്ത ജന്മദിന പതിപ്പാണ്. പിന്നീട്, ‘കറുപ്പിന്റെ സൗന്ദര്യശാസ്ത്ര’മെന്ന പുസ്തകം ആദ്യം പുറത്തിറക്കിയതും ചിന്ത പബ്ലിഷേഴ്സ് ആണ്. കഴിഞ്ഞവർഷം അതായത്, 2024ൽ ചിന്ത സംവാദങ്ങളുടെ ആൽബം എന്ന പേരിൽ എന്റെ സാഹിത്യ സാംസ്കാരിക പ്രബന്ധങ്ങൾ സമാഹരിച്ച് പ്രകാശിപ്പിച്ചതിലും കറുപ്പിനെക്കുറിച്ചുള്ള പഠനം ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇത്രയും സൂചിപ്പിക്കുന്നത് 2007ലോ എട്ടിലോ, എന്റെയൊരു കറുപ്പിനെക്കുറിച്ചുള്ള പ്രബന്ധം ഹയർ സെക്കൻഡറി ക്ലാസിലെ മലയാളം പാഠപുസ്തകത്തിൽ ആദ്യം ഉൾപ്പെടുത്തിയതും പിന്നെ അത് ഉപേക്ഷിച്ചതും ഒന്നടയാളപ്പെടുത്താൻ വേണ്ടിയാണ്. തിരുവനന്തപുരത്തെ കുട്ടനാട് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് സൗഹൃദപൂർവം ആ പ്രബന്ധത്തിൽ, സ്വത്വ പരാമർശമുള്ളതുകൊണ്ട് മാറ്റിവെക്കുകയാണെന്ന് കേരളശാസ്ത്ര പരിഷത്ത് നേതാവുകൂടിയായ പ്രിയ സി.പി. നാരായണൻ എന്നോട് പറഞ്ഞത്. വല്ലാത്തൊരു സ്വത്വം! ഡോ. കാർത്തികേയൻ നായരായിരുന്നു അന്ന് ഹയർ സെക്കൻഡറി ഡയറക്ടർ.
നമുക്ക് മർദിതസ്വത്വത്തിന്റെ സംഘർഷങ്ങളും സങ്കടങ്ങളും പ്രതിരോധങ്ങളും ആവിഷ്കരിക്കുന്ന പ്രബന്ധങ്ങളും കൃതികളും തൽക്കാലം മാറ്റിവെക്കാൻ കഴിഞ്ഞേക്കും. അത് നല്ലതിനോ ചീത്തക്കോ ആവട്ടെ! പക്ഷേ, ഇപ്പോൾ ചീഫ് സെക്രട്ടറിയുടെ കാര്യത്തിലടക്കം ഉണ്ടായതുപോലെ ആ സവർണ മനോഭാവം മുന്നോട്ടുപോവുന്നതിനെ തടയാൻ, മുമ്പേ പറഞ്ഞ പ്രബന്ധങ്ങൾ മാറ്റിവെക്കുന്ന അധികാര കഴിവുകൾ പോരെന്നാണ്, അടിക്കടി ആവർത്തിക്കുന്ന സംഭവങ്ങളോരോന്നും, അസ്വസ്ഥമായി നമ്മെ ഓർമിപ്പിക്കുന്നത്. പ്രശസ്ത കലാപ്രതിഭ ആർ.എൽ.വി. രാമകൃഷ്ണൻ മുതൽ എത്രയെത്ര പേർ...
മാറ്റിവെക്കപ്പെട്ട പ്രബന്ധത്തിലുണ്ടായിരുന്നിരിക്കാൻ സാധ്യതയുള്ള ഭാഗങ്ങളിൽനിന്ന്:
‘യൂറോപ്യൻ വേഷത്തിൽ’ കറുത്ത ഡോക്ടർ വരുമ്പോൾ രോഗികൾ പറയും. ‘‘ഞങ്ങൾക്കൊരു നീേഗ്രാ ഡോക്ടറുണ്ട്. അയാളുടെ കൈകൾ ശുദ്ധമാണ്.’’ അയാളൊരു പ്രഫസറാണെങ്കിൽ വിദ്യാർഥികൾ മന്ത്രിക്കും. ‘‘ഞങ്ങൾക്കൊരു നീേഗ്രാ പ്രഫസറുണ്ട്. അയാൾ വളരെ ബുദ്ധിമാനാണ്.’’ (ഫാനൺ). വൈത്തിപ്പട്ടരുടെ വിരൂപത സൂചിപ്പിക്കാൻ ചന്തു മേനോനുപയോഗിച്ചത് ‘‘ദേഹം കറുത്ത മഷിയുടെ വർണം’’ എന്നേത്ര! എന്നാൽ ‘‘കറുത്ത നെറ്റി മുഴുവൻ വെളുത്ത ഭസ്മംകൊണ്ട് മൂടി’’ വേഷം ഉഗ്രമാക്കുന്ന ‘സൗന്ദര്യതന്ത്രം’ പൂഞ്ചോലക്കര അച്ചൻ എന്ന കഥാപാത്രനിർമിതിയിൽ അദ്ദേഹം നടപ്പാക്കിയിരിക്കുന്നു!
കറുപ്പനെപ്പോലുള്ള കഥാപാത്രങ്ങളെ ‘ജന്തുക്കൾ’ എന്ന് വിളിക്കുന്നതിലും അവർ ‘പല്ലിളിച്ച് കാണിക്കുന്നതിന്’ മന്ദഹാസം, പുഞ്ചിരി എന്നും മറ്റുമുള്ള വാക്കുകൾ ഉപയോഗിക്കുന്നത് കേവലം അബദ്ധമാണെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു! എന്നാൽ, ‘ഇന്ദുലേഖ’യിൽ മാധവനെയും ഇന്ദുലേഖയെയും വർണിക്കുമ്പോൾ ചന്തു മേനോൻ അനുഭവിക്കുന്ന ‘ഹർഷോന്മാദം’ വിവരണാതീതമാണ്. കാരണം, മാധവനും ഇന്ദുലേഖയും തങ്കവർണക്കാരാണ്! ഒറ്റക്ക് നിൽക്കുന്ന കറുപ്പ് മാത്രമല്ല, ചേർന്നുനിൽക്കുന്ന കറുപ്പിനോടും ‘ഇന്ദുലേഖ’ പങ്കുവെക്കുന്നത് വെറുപ്പാണ്. ‘‘കറുപ്പുനിറം സാധാരണ ശരീരവർണനത്തിനു സൗന്ദര്യമില്ലാത്തതാണെന്ന് പറയുന്നു. എന്നാൽ, ചിലപ്പോൾ കറുപ്പുനിറം വേറെ സാധനങ്ങളുമായുള്ള ചേർച്ചയാലോ മറ്റു പ്രകാരത്തിലോ ബഹുശോഭയോടെ കാണപ്പെടുന്നുണ്ട് (ഇന്ദുലേഖ കറുത്തിട്ടാണെന്ന് എന്റെ വായനക്കാർ ഇവിടെ ശങ്കിച്ചുപോകരുതേ).’’
വലയത്തിനകത്തുനിന്നുയരുന്ന നെഞ്ചിടിച്ചുള്ള നിലവിളി ഒരു നിറത്തോടുള്ള കേവലകൗതുകത്തിൽനിന്നുള്ളതല്ല, ഒരു സവിശേഷ വർണബോധത്തിന്റെ സൃഷ്ടിയാണ്. ഇന്ദുലേഖയുടെ ശരീരത്തിന്റെ വർണം പൊൻകസവിന്റെ സവർണമാകയാൽ, കസവ് എവിടെ അവസാനിച്ചു, ശരീരം എവിടെ തുടങ്ങി, എന്നു കാഴ്ചയിൽ പറവാൻ ഒരുവനും കേവലം സാധിക്കുകയില്ല.’’ മേൽച്ചൊന്ന ചന്തു മേനോന്റെ ‘സവർണകസവാണ്’ ഇന്നും നമ്മുടെ തനത് സംസ്കാരത്തിന്റെ ജീവിക്കുന്ന സാക്ഷിയായി സാംസ്കാരിക ഘോഷയാത്രകളിൽ പ്രത്യക്ഷപ്പെടുന്നത്!
ഇരുമ്പും രഥവും കുതിരയുംകൊണ്ട് മാത്രമല്ല വർണപ്രത്യയശാസ്ത്രംകൊണ്ടുകൂടിയാണ് തദ്ദേശീയ ജനതക്കുമേൽ ആര്യന്മാരുടെ ആധിപത്യം സ്ഥാപിക്കപ്പെട്ടത്. (വംശം എന്ന നിലയിലല്ല, ഒരു ഭാഷാവിഭാഗം എന്ന നിലക്കാണ് ആര്യനെന്ന പദം ഉപയോഗിക്കുന്നത്). േശ്രഷ്ഠൻ എന്ന അർഥത്തിൽ സ്വയം ആര്യനെന്ന സാംസ്കാരിക പദവി സ്വന്തമാക്കുകയും മറ്റുള്ളവരെ മുഴുവൻ മ്ലേച്ഛരും കൂട്ടാളരും അശുദ്ധരും ശൂദ്രരുമാക്കി വേർതിരിക്കുകയുമാണവർ ചെയ്തത്. സൈനിക മികവുകൊണ്ട് രാഷ്ട്രീയാധിപത്യവും, ഭാഷ, ആചാരം, നിറം എന്നിവകൊണ്ട് സാംസ്കാരികാധിപത്യവും സ്ഥാപിക്കാനവർക്ക് കഴിഞ്ഞു. കറുത്ത തൊലിയുള്ള ദസ്യുക്കളെ പിശാചുക്കളോടാണവർ തുല്യപ്പെടുത്തിയത്!
തങ്ങളുടേതിൽനിന്ന് ഭിന്നമായതിനെ മുഴുവൻ കൊള്ളരുതാത്തതായി അവർ മുദ്രകുത്തി. അതോടെ ദ്രാവിഡ, മുണ്ട ഭാഷകൾ സംസാരിക്കുന്നവർ അവരുടെ കാഴ്ചയിൽ വിചിത്ര ജന്തുക്കളായി; ആഭിചാരം ചെയ്യുന്നവരും വഞ്ചകരുമായി; കോട്ടകെട്ടിത്താമസിക്കുന്ന കുറ്റവാളികളായി. സമൂഹം അതോടെ ആര്യവർണവും ദാസവർണവുമായി വിഭജിക്കപ്പെട്ടു. ദാസർ താമസിക്കുന്ന സ്ഥലം അശുദ്ധഭൂമിയായിത്തീർന്നു, മ്ലേച്ഛദേശത്തിലേക്കുള്ള യാത്രമേൽ നിയന്ത്രണങ്ങൾ വന്നു.
ശുദ്ധാശുദ്ധങ്ങളുടെ സങ്കീർണത ഇന്നും ആര്യൻ അധിനിവേശത്തിന്റെ അവശിഷ്ടമായി ഇന്ത്യയിൽ നിലനിൽക്കുന്നു. ആര്യ-ദാസവേർതിരിവിന്റെ തുടക്കത്തിൽ പ്രകടമായ പങ്കുവഹിച്ച നിറം ‘വർണ–ധർമത്തിന്റെ’ രൂപവത്കരണത്തിലൂടെ അപ്രധാനമായിത്തീർന്നു. എങ്കിലും, സാമാന്യബോധത്തിൽ ഇപ്പോഴും അത് ശക്തമായി ജീവിക്കുന്നു.
‘കാക്ക കുളിച്ചാൽ കൊക്കാകുമോ’ എന്ന ചൊല്ല് കാക്ക എന്തുചെയ്താലും കൊക്കാകില്ല എന്ന അസന്ദിഗ്ധമായ ഉത്തരത്തിലാണ് അവസാനിക്കുന്നത്. ചൊല്ലിലെ ക്രമം തെറ്റിച്ച് കൊക്ക് കുളിച്ചാൽ കാക്കയാകുമോ എന്ന് ചോദിക്കാനാവാത്തവിധം ഭാരതീയ സാമൂഹികപരിസരം അടഞ്ഞുകിടക്കുന്നു. സന്ദർഭങ്ങളെ തന്നിഷ്ടംപോലെ മാറ്റിമറിക്കുന്നതിന് ഇവിടെ തടയിടുന്നത് പ്രത്യക്ഷത്തിൽ തോന്നുന്നതുപോലെ ചൊല്ലിലെ വാക്കുകളുടെ വിന്യാസക്രമമല്ല, മറിച്ച് ചൊല്ല് ഇടപെടുന്ന സാമൂഹികപരിസരവും അതിനെ രൂപപ്പെടുത്തുന്ന പ്രത്യയശാസ്ത്രവുമാണ്.
കർക്കശമായ ജാതിവ്യവസ്ഥയുടെ അകത്തുവെച്ച് പരിശോധിക്കുമ്പോൾ യഥാക്രമം കൊക്കും കാക്കയും ഒരു വിധേനയും വെച്ചുമാറാനാകാത്ത മേൽ-കീഴ് ബന്ധത്തിന്റെ സൂചകങ്ങളാണ്. സ്വന്തം തനിമയിൽ അഭിമാനംകൊണ്ട് തലപൊക്കി കഴിഞ്ഞകാലം കറുത്തവർക്ക് നഷ്ടപ്പെട്ടുവെന്നാണ് കൊക്കിനെ മുൻനിർത്തി ചോദ്യവിധേയമാവുന്ന ‘കുളിക്കുന്ന കാക്ക’ ധ്വനിപ്പിക്കുന്നത്. കാക്കയുടെ കുളിയെയും കൊക്കിനെയും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്ന ഒന്നും നിലനിൽക്കുന്നില്ലെങ്കിലും വർണപ്രത്യയശാസ്ത്രം ‘കൊക്കി’ലേക്ക് സർവവും വെട്ടിച്ചുരുക്കുന്നതിൽ വിജയിച്ചിരിക്കുന്നു.
സവർണ-അവർണ സംഘർഷത്തിന്റെ രൂപത്തിലാണ് പ്രസ്തുത പ്രത്യയശാസ്ത്രം ഭാരതീയ സാഹചര്യത്തിൽ പ്രവർത്തിക്കുന്നത്. മേൽത്തട്ടിലുള്ളവർ പൊതുവിൽ നല്ലവർണമുള്ളവരും കീഴ്ത്തട്ടിലുള്ളവർ വർണമില്ലാത്തവരുമാണ്. അവർണർ എന്ന വിഭജനം കറുപ്പിനെ ഒരു വർണം എന്ന നിലയിൽപ്പോലും അംഗീകരിക്കുന്നില്ല. പിന്നല്ലേ ഏഴഴക്? (കൂട്ടിച്ചേർത്തത്)!