വായനക്കുണ്ട് രാഷ്ട്രീയം: അറിയണം ഈ വഴികൾ
text_fieldsവീണ്ടുമൊരു വായനാദിനം. വായനയുടെ പ്രസ്ക്തിയും ആവശ്യകതയും ബോധ്യപ്പെടുത്താനാണ് ഓരോ വര്‍ഷവും നാം വായനാദിനം ആചരിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ വായനയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിച്ച പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മലയാളികള്‍ വായനാദിനമായി ആചരിക്കുന്നു. ഈ വേളയിൽ നമ്മുടെ ഗ്രന്ഥശാല പ്രസ്ഥാനം ഇന്നെത്തിനിൽക്കുന്നതെവിടെയെന്ന് അന്വേഷിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യകതയാണ്. പി.എൻ പണിക്കർ ഉൾപ്പെടെ നിരവധി മനുഷ്യരുടെ സ്വപ്നമാണിന്ന് ഗ്രാമ-നഗരവ്യത്യാസമില്ലാതെ ഉയർന്നു നിൽക്കുന്ന ഓരോ ഗ്രന്ഥശാലയും.
ഗ്രന്ഥശാലകൾ പിറന്ന വഴി
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് ഏറെ ചരിത്രമുണ്ട്. നമ്മുടെ വായനയെയും സംസ്‌കാരത്തെയും രൂപപ്പെടുത്തിയതിന്‍റെ കഥ പറയാനുണ്ട്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായൊരു പ്രവർത്തനശൈലി നമ്മുടെ ഗ്രന്ഥശാലകൾക്കുണ്ടായിരുന്നു. അതതു പ്രദേശത്തുള്ളവർ മുൻകൈയെടുത്ത് സ്ഥാപിച്ചവയാണ് ഗ്രന്ഥശാലകളിൽ ഏറെയും. എല്ലാ മനുഷ്യർക്കും ഒരുമിച്ചുകൂടാനും ചർച്ച ചെയ്യാനുമുള്ള ഒരിടമായി അവ മാറി.
50,000 ത്തോളം അഫിലിയേറ്റഡ് ലൈബ്രറി പ്രവർത്തിക്കുന്ന സംസ്ഥാനമാണിന്ന് കേരളം. ഇത്രയധികം ഗ്രന്ഥശാലകൾ പ്രവർത്തിക്കുന്ന ഭൂപ്രദേശം ലോകത്തിൽത്തന്നെ മറ്റൊന്നുണ്ടാകാൻ വഴിയില്ല. നവോത്ഥാനപ്രസ്ഥാനങ്ങളുടെ സന്ദേശവാഹകരായിരുന്നു ഗ്രന്ഥശാലകൾ. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ടവ തന്നെ നിരവധിയുണ്ട്. ഇ.എം.എസ് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയും അബ്ദു റഹ്മാൻ സാഹിബ് പ്രസിഡന്‍റുമായിരുന്ന കാലത്ത് ഗ്രാമങ്ങളിലെല്ലാം ഗ്രന്ഥശാലകൾ സ്ഥാപിക്കാൻ ആഹ്വാനം ചെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ദേശീയ നേതാക്കളായ സ്വാതന്ത്ര്യസമര സേനാനികളുടെ പേരിൽ സ്ഥാപിക്കപ്പെട്ട ഗ്രന്ഥശാലകൾ.
1829ൽ സ്വാതിതിരുനാളിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച തിരുവനന്തപുരം പബ്ലിക് ലൈബ്രറി കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ പുതിയൊരു ഏടായിരുന്നു. ഗ്രന്ഥശാലകൾ സ്ഥാപിക്കുന്നതിനു പ്രചോദനമായ ഘടകം ഇതായിരുന്നു. ഇങ്ങനെ സ്ഥാപിക്കപ്പെട്ട ഗ്രന്ഥശാലകളെ കൂട്ടിയിണക്കുന്നതിനുള്ള പരിശ്രമങ്ങളും പലകാലങ്ങളിലായി നടന്നു. മലബാർ ഗ്രന്ഥാലയ സംഘവും കേരള ഗ്രന്ഥാലയ സംഘവുമൊക്കെ രൂപവൽകരിക്കപ്പെട്ടത് അങ്ങനെയാണ്.
പിന്നീട് 1945ൽ പി എൻ പണിക്കരുടെ നേതൃത്വത്തിൽ രൂപവൽകരിച്ച അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘമാണ് ഇക്കാര്യത്തിൽ ഏറെ മുന്നോട്ടുപോയത്. 1945ൽ അമ്പലപ്പുഴയിൽ പി.എൻ. പണിക്കർ വിളിച്ചുചേർത്ത അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം രൂപവൽക്കരണ യോഗത്തിൽ 47 ഗ്രന്ഥശാലകൾ സംബന്ധിച്ചു. അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം പിന്നീട് കൊച്ചിയുമായി സംയോജിച്ച് തിരു-കൊച്ചി ഗ്രന്ഥശാലാ സംഘമായി മാറി. പിന്നീട്, കേരളപ്പിറവിയോടെയാണ് കേരള ഗ്രന്ഥശാലാ സംഘമായത്.
`വായിച്ചുവളരുക, ചിന്തിച്ച് വിവേകം നേടുക'
കേരളത്തിന് ഗ്രന്ഥശാലാ പ്രസ്ഥാനം നൽകിയ വലിയ സംഭാവന വായനാസംസ്‌കാരവും ഉയർന്ന സാക്ഷരതയും തന്നെയാണ്. പരമ്പരാഗത തൊഴിൽ രീതിയിൽ നിന്നുമായി പുതിയ മേഖല കണ്ടെത്താൻ യുവാക്കളെ പ്രാപ്തരാക്കി. `വായിച്ചുവളരുക, ചിന്തിച്ച് വിവേകം നേടുക' പി.എൻ. പണിക്കർ മുന്നോട്ട് വെച്ച മുദ്രാവാക്യങ്ങൾ ഏറെ ആവേശകരമായിരുന്നു. സാക്ഷര കേരളത്തിന്റെ സാക്ഷാൽക്കാരത്തിനായി ഗ്രന്ഥശാലകൾ വഹിച്ച പങ്ക് വളരെ വലുതായി.
ഇതു കണക്കിലെടുത്താണ് 1975ൽ യുണെസ്‌കോവിന്റെ ക്രുപ്പ്‌സ്‌കായ പുരസ്‌കാരം ഗ്രന്ഥശാലാ സംഘത്തിനു ലഭിച്ചത്. `സനാതന ധർമം' എന്നപേരിലൊരു ഗ്രന്ഥശാല ജന്മനാടായ നീലംപേരൂരിൽ സ്ഥാപിച്ചുകൊണ്ടാണ് പി.എൻ. പണിക്കർ ഈ രംഗത്തേക്ക് കടന്നുവന്നത്. പുതിയ വായനശാലകൾ സ്ഥാപിക്കുകയെന്ന ലക്ഷ്യവുമായി പണിക്കർ കേരളത്തിലെമ്പാടും സഞ്ചരിച്ചു.
1945 സെപ്റ്റംബറില്‍ തിരുവിതാംകൂര്‍ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു. 1947- ല്‍ ഗ്രന്ഥശാലാസംഘം രജിസ്റ്റര്‍ ചെയ്തു. 1949 ജൂലൈയില്‍ തിരുകൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958-ല്‍ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് പണിക്കർ ആഗ്രഹിച്ചു. അതിനായി അദ്ദേഹം പ്രവര്‍ത്തിച്ചു.
1909 ജൂലൈ 17-ന് ചങ്ങനാശേരി താലൂക്കിലെ നീലംപേരൂരില്‍ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി, പുതുവായില്‍ നാരായണ പണിക്കര്‍ എന്ന പി.എന്‍ പണിക്കര്‍ ജനിച്ചു. 1995 ജൂണ്‍ 19-ന് രോഗബാധിതനായി തിരുവനന്തപുരത്തുവെച്ചായിരുന്നു പണിക്കരുടെ മരണം.
അക്ഷരം അഗ്നിയാവുന്നതിങ്ങനെ...
അക്ഷരം അഗ്നിയാണെന്ന് പറയാറുണ്ട്. അത്രമേൽ വെളിച്ചമത് പകരുന്നത് കൊണ്ടാവാം. ഇന്നത്തെ മനുഷ്യന്‍റെ എല്ലാ പുരോഗതിയുടെയും അടിസ്ഥാന ഘടകം അക്ഷരം തന്നെയാണ്. താളിയോലഗ്രന്ഥങ്ങളിലും മറ്റും ഉറങ്ങിക്കിടന്ന അറിവിന്റെ സാഗരം ജനകീയമാക്കിയത് പുസ്തകങ്ങളാണ്. അച്ചടിയന്ത്രത്തിന്റെ കണ്ടുപിടിത്തത്തോടുകൂടിയാണ് ഈ വിജ്ഞാനവിപ്ലവത്തിന് വഴിതുറന്നത്.
``വായിച്ചാൽ വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും'' എന്ന കുഞ്ഞുണ്ണിമാഷിന്‍റെ വാക്കുകൾ എല്ലാ വായനാദിനത്തിന്‍റെയും ഓർമ്മപ്പെടുത്തലാണ്. 1996 മുതല്‍ കേരള സര്‍ക്കാര്‍ ജൂണ്‍ 19 വായനാദിനമായി ആചരിച്ചു വരികയാണ്. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി കേരള വിദ്യാഭ്യാസ വകുപ്പും ആചരിക്കുന്നുണ്ട്. സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുന്നതിനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുകയാണ്. വായിക്കാൻ ഏറെ ലഭിക്കുന്ന കാലത്ത് എന്തുവായിക്കണെമന്ന തെരഞ്ഞെടുപ്പ് അനിവാര്യമാണ്.
പുതിയ കാലം ഇ-വായനയുടെത് കൂടിയാണ്. കോവിഡ് സാഹചര്യത്തിൽ ലോകമാകെ, ഇ-വായനയുടെ വഴികളിലൂടെ ബഹുദൂരം സഞ്ചരിച്ചിട്ടുണ്ട്. നാം നേടിയെടുത്ത മാനവികതയുൾപ്പെടെ തകർക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്‍റെ പശ്ചാത്തലത്തിൽ വായന രാഷ്ട്രീയം കൂടിയായി മാറുകയാണ്. അതിനാലാണ്, പാഠപുസ്തകത്തിൽ നിന്നുൾപ്പെടെ ചില ചരിത്രങ്ങൾ നീക്കം ചെയ്യാൻ തിന്മയുടെ ശക്തികൾ ശ്രമിക്കുന്നത്. ഇവിടെ, പുതിയ കാലം ജാഗ്രതയുള്ള രാഷ്ട്രീയ വായനയാണ് ആവശ്യപ്പെടുന്നത്, എന്ന് പറയേണ്ടി വരുന്നത് ഈ സാഹചര്യത്തിലാണ്. അല്ലാത്തപക്ഷം, പി.എൻ. പണിക്കരുൾപ്പെടെ വഴി നടത്തിയ അക്ഷരയാത്രകൾ നമുക്ക് പാടെ നഷ്ടമാകുമെന്ന് പറയാതെ വയ്യ.