എസ്. രമേശൻ നായർ -പുതിയ കാലത്തിന്റെ പൂന്താനം
text_fieldsഎസ്. രമേശൻ നായർ
എസ്. രമേശൻ നായർ എന്ന കവി പുതിയകാലത്തിെൻറ പൂന്താനം ആയിരുന്നു. ഭാരതീയമായ കാവ്യസങ്കൽപങ്ങളിൽ ഊന്നിനിന്ന് കവിതകളും ഗാനങ്ങളും എഴുതിയ കവിയാണ്. അദ്ദേഹത്തിെൻറ കവിതകളെല്ലാം നമ്മോട് സംസാരിക്കുന്നത് ഭാരതീയതയാണ്. അതല്ലാതെ ഒന്നും അദ്ദേഹം എഴുതാറില്ല.
അദ്ദേഹത്തിെൻറ ഗാനങ്ങളുടെ പ്രത്യേകത കൃഷ്ണഭക്തിയും ഗുരുവായൂരപ്പ ഭക്തിയുമാണ്. ഗുരുവായൂരപ്പ ഭക്തന്മാരിൽ രണ്ട് കവികളേ മലയാളത്തിലുണ്ടായിരുന്നുള്ളൂ. ഒന്ന്, മേൽപത്തൂർ നാരായണ ഭട്ടതിരി. അദ്ദേഹം നാരായണീയം എന്ന സംസ്കൃതകാവ്യം രചിച്ച കവിയാണ്. രണ്ടാമൻ പൂന്താനമാണ്. അദ്ദേഹം മലയാളത്തിൽ ജ്ഞാനപ്പാന, ശ്രീകൃഷ്ണകർണാമൃതം, സന്താനഗോപാലം പാന തുടങ്ങിയ കാവ്യങ്ങളും കീർത്തനങ്ങളും എഴുതി.
മലയാളത്തിലും സംസ്കൃതത്തിലും ഒരേപോലെ കാവ്യവ്യുൽപത്തിയുള്ള കവിയായിരുന്നു രമേശൻ നായർ. മേൽപത്തൂരിെൻറ സംസ്കൃത വ്യുൽപത്തിയും പൂന്താനത്തിെൻറ മലയാള വ്യുൽപത്തിയും കലർന്ന കവിജന്മമായിരുന്നു രമേശൻ നായർ. അത് അദ്ദേഹത്തിെൻറ കവിതയിലും ഗാനങ്ങളിലും പ്രകടമായി കണ്ടു. അത് സാധാരണജനങ്ങൾ അറിഞ്ഞത് അദ്ദേഹത്തിെൻറ ഗാനങ്ങളിലൂടെ ഗുരുവായൂരപ്പഭക്തി പരന്നൊഴുകിയപ്പോഴാണ്.
ഞാനും രമേശൻ നായരും ഓരേ കാലഘട്ടത്തിലാണ് മലയാള ഭക്തിഗാനരംഗത്ത് വന്നത്. ആരോഗ്യകരമായ ആസൂയ ഇരുവർക്കുമുണ്ടായിരുന്നു. എല്ലാവരും അന്ന് പറഞ്ഞത് ഗുരുവായൂരപ്പ ഭക്തിഗാനം എഴുതാൻ രമേശൻ നായരെ കഴിഞ്ഞേ ആളുള്ളൂവെന്നാണ്. അതുപോലെ അയ്യപ്പ ഭക്തിഗാനത്തിൽ ദാമോദരനാണെന്നും ആ കാലഘട്ടത്തിൽ ജനം പറഞ്ഞു. അദ്ദേഹത്തിെൻറ വനമാല, മയിൽപ്പീലി എന്നീ രണ്ടെണ്ണം അക്കാലത്ത് വളരെ പ്രസിദ്ധമായി. 'രാധ തൻ േപ്രമത്തോടാണോ കൃഷ്ണാ, ഞാൻ പാടും ഗീതത്തോടാണോ...'ഗാനം മലയാളക്കരയിൽ അതിപ്രശസ്തമായി. അത് കേരളം കൊണ്ടാടി.
ഗായകൻ യേശുദാസ് എല്ലാ കച്ചേരികൾക്കും ഈ പാട്ട് നിർബന്ധമായി പാടി. അത് ഞാൻ കാറിലും വീട്ടിലും എന്നും കേട്ടു. അത്രക്ക് കൃഷ്ണഭക്തി നിറഞ്ഞ പാട്ടായിരുന്നു അത്. എനിക്ക് രമേശൻ നായരെേപാലെ എഴുതാൻ കഴിയില്ല. ഭക്തിഗാനരംഗത്ത് എനിക്ക് ഒരാളെേയ പേടിയുണ്ടായിരുന്നുള്ളൂ, അത് സാക്ഷാൽ രമേശൻ നായരെയായിരുന്നു. 1994ൽ ഒരുദിവസം യേശുദാസ് എന്നെ വിളിച്ചു. ഗുരുവായൂരപ്പ ഭക്തിഗാനം എഴുതണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അത് കേട്ടപ്പോൾ വലിയ സന്തോഷം തോന്നി. എന്നാൽ, ദാസേട്ടനോടുള്ള സ്നേഹംകൊണ്ട് നുണ പറഞ്ഞു. അക്കാലത്ത് തരംഗിണിക്ക് പാട്ട് എഴുതണമെങ്കിൽ നിബന്ധനകളുണ്ടായിരുന്നു. വേറൊറു കാസറ്റിലും അതേ വിഷയത്തിൽ പാട്ടെഴുതാൻ പാടില്ല. അതിനാൽ ഈ വർഷം ലോക്കൽ കമ്പനിക്ക് വേണ്ടി പാട്ട് എഴുതാനേറ്റുവെന്ന് നുണ പറഞ്ഞു. തനിക്ക് രമേശൻ നായരെ ഭയമായിരുന്നതിനാലാണ് അങ്ങനെ പറഞ്ഞത്. രമേശൻ നായരുടെ രചനപരവും ഭാവനപരവുമായ ഔന്നത്യമാണ് ഭയപ്പെടുത്തിയത്. പിന്നീട് ഭാഗവതമൊക്കെ പഠിച്ചശേഷം 2003ലാണ് താൻ ഗുരുവായൂരപ്പ ഭക്തിഗാനം എഴുതുന്നത്.
ഗുരുവായൂരപ്പഭക്തിയിൽ രമേശൻ നായരെ കവച്ചുവെക്കാൻ ആരുമുണ്ടായിരുന്നില്ല. ഓട്ടൂർ ഉണ്ണി നമ്പൂതിരിപ്പാട് എന്ന മലയാള കവിക്കുശേഷം ഗുരുവായൂരപ്പനെ ഇങ്ങനെ വർണിച്ചിരിക്കുന്ന മറ്റൊരു കവിയില്ല. ആ ഭക്തിവൈഭവം കണ്ടിട്ട് വൈകുണ്ഡത്തിലേക്ക് (വിഷ്ണുലോകത്തിലേക്ക്) രമേശൻ നായരെ ഗുരുവായൂരപ്പൻ വിളിച്ചുകൊണ്ടുപോയി എന്നുപറയാനാണ് എനിക്ക് ഇഷ്ടം.


