കുറ്റബോധം
text_fieldsചരിത്രത്തിന്റെ ചാരുകസേരയിൽ ചാഞ്ഞിരുന്നുകൊണ്ട് കാലം മറച്ചിട്ട തിരശ്ശീലയെ അൽപം ഒന്ന് വകഞ്ഞുമാറ്റി ഗുരു തന്റെ കർമ മണ്ഡലമായിരുന്ന കേരളത്തെ സാകൂതം ഒന്ന് വീക്ഷിച്ചു. മഹത്തരമായ പൗരബോധവും മതേതര ജാഗ്രതയും പുറമെ കൊണ്ട് നടക്കുമ്പോഴും അകമേ എപ്പോൾ വേണമെങ്കിലും പുറത്ത് ചാടി പൊട്ടിത്തെറിക്കാമെന്ന തരത്തിൽ വിതുമ്പി നിൽക്കുന്ന ജാതീയതയും വർഗീയതയും അടക്കിപ്പിടിച്ചുനടക്കുന്ന ഇരട്ട മുഖമുള്ള മനുഷ്യരെ കൂടുതലായി കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖം വാടുകയും വിളറുകയും ചെയ്യുന്നത് കാലത്തിന് കാണാൻ കഴിയുന്നുണ്ടായിരുന്നു.
തന്റെ പേരിൽ കേരളമങ്ങോളമിങ്ങോളം കെട്ടി ഉയർത്തപ്പെട്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അതിൽ നിന്ന് ലഭിക്കുന്ന കോഴപ്പണത്തിൽ തടിച്ചു കൊഴുക്കുന്ന പുത്തൻ നേതാക്കന്മാർ!!!!. മദ്യം വർജിക്കണമെന്ന തന്റെ നിർദേശങ്ങൾക്ക് വിപരീതമായി കുടിക്കുകയും, കുടിപ്പിക്കുകയും ചെയ്യാൻ മത്സരിക്കുന്ന അനുയായികൾ... പക്ഷെ അതിനെക്കാളൊക്കെ അപ്പുറം
‘പുരുഷാകൃതി പൂണ്ട ദൈവമോ,
നര ദിവ്യാകൃതി പൂണ്ട ധർമമോ,
പരമേശ പവിത്ര പുത്രനോ,
കരുണാവാൻ നബി മുത്തുരത്നമോ’
എന്നെഴുതി അനുമോദിച്ച നബി തിരുമേനിയുടെ അനുയായികളെ അഭിനവ ജാതിവാദികളെ സന്തോഷിപ്പിക്കാനും അതുവഴി കാര്യലാഭം നേടാനും പ്രസംഗിച്ചുനടക്കുന്ന ജനറൽ സെക്രട്ടറിയെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് ഗുരു നനവാർന്ന നയനങ്ങളെ ഇറുക്കിയടച്ചു. ഇതിനൊക്കെ വേണ്ടിയായിരുന്നോ ഒരു ജന്മം മുഴുവൻ അഹോരാത്രം താൻ പാടുപെട്ട് പരിശ്രമിച്ചത് എന്നാലോചിച്ചപ്പോൾ വല്ലാത്തൊരു കുറ്റബോധം ഗുരുവിനെ വരിഞ്ഞുമുറുക്കി.