മൂന്നു കഥകൾ
text_fieldsഓണസ്പർശം
പ്രവാസിയായ അയാളുടെ മുന്നിൽ നാട്ടിൽനിന്നും പ്രത്യേകമായി പറഞ്ഞുവരുത്തിയ ഓണപ്പതിപ്പുകൾ നിരന്നു. വർധിച്ച ഗൃഹാതുരത്വത്തോടെ അയാൾ ഓരോ പതിപ്പുകളും ആർത്തിയോടെ മറിച്ചു നോക്കി. പിന്നെ അതിലെ ഓരോ കഥകളിലൂടെയും കവിതകളിലൂടെയും അയാൾ നൂണ്ടിറങ്ങി. പക്ഷേ, നിരാശയായിരുന്നു ഫലം. ഒന്നിലും ഓണത്തെക്കുറിച്ചുമാത്രം പ്രതിപാദിച്ചു കണ്ടില്ല.
നിരാശയോടെ ഓണപ്പതിപ്പുകൾ മടക്കിവെക്കവേ പൊടുന്നനെ അയാളുടെ കണ്ണുകൾ ചില പേജുകളിൽ ഉടക്കി. അവിടെ അയാൾ ഓണത്തെ കണ്ടു. ഓണവിശേഷങ്ങൾ ഫോട്ടോകളായും കുറിപ്പുകളായും കണ്ടു. അത് പരസ്യ പേജുകളായിരുന്നു. അയാൾ ഒരു കത്രിക എടുത്ത് ഓരോ പരസ്യ പേജും മുറിച്ചെടുത്തു. എന്നിട്ട് അവ അയാൾ തന്റെ ഹൃദയത്തോട് ചേർത്തുവെച്ചു. തനിക്കും വേണ്ടേ ഒരു ഓണസ്പർശം.
ബന്ധനം
ആരൊക്കെയോ ചേർന്ന് തന്നെ ബന്ധനസ്ഥനാക്കിയ ഒരു സ്വപ്നത്തിന്റെ ഏതോ ഒരു കോണിൽ വെച്ചാണ് അയാൾ ഉറക്കമുണർന്നത്. എഴുന്നേൽക്കാൻ നോക്കുമ്പോൾ സാധിക്കുന്നില്ല. കൈകാലുകൾ ആരോ മുറുക്കെ ബന്ധിച്ചിരിക്കുന്നു.
സ്വപ്നത്തിലെ ബന്ധനം ഇതുവരെ ഉറക്കം വിട്ടുണർന്നില്ലേ..?
പൊടുന്നനെ പഴയൊരു പദ്യശകലം അശരീരിയായി മച്ചിൽനിന്നും മുഴങ്ങി:
‘ബന്ധനം,
ബന്ധനം തന്നെ പാരിൽ...’
മറവി
സുഖമില്ലാതിരിക്കുന്നു എന്നറിഞ്ഞിട്ടാവണം അവൾ കാണാൻ വന്നത്. കസേര തൊട്ടടുത്തേക്ക് ചേർത്തിട്ട് അവളിരുന്നു. ശോഷിച്ച കൈവിരലുകളിൽ ആ തണുത്ത കൈപ്പടം പൂപോലെ അമർന്നപ്പോൾ ആ കണ്ണുകളിൽ നോട്ടം ഉടക്കി. കാഴ്ചകൾക്കും വയസ്സായിരിക്കുന്നു.
‘ഓർമയുണ്ടോ..?’ അവൾ പതിഞ്ഞശബ്ദത്തിൽ ചോദിച്ചു.
മറവിക്കയത്തിൽ മുങ്ങിത്താഴുമ്പോഴും ചില ഓർമകൾ മാത്രം മുകൾപ്പരപ്പിൽ തത്തിക്കളിക്കുന്നു...
ഒന്നും പറഞ്ഞില്ല; മറന്നതുപോലെ അഭിനയിച്ചു.
.