ലോക്ഡൗൺ ദിനത്തിലെ കഥാപാത്രങ്ങൾ
text_fieldsനാലാം വേദത്തിലെ ചില അധ്യായങ്ങൾ പാരായണം ചെയ്ത് സന്ധ്യാസമയം വീട്ടിലിരിക്കുകയാണ്. രാത്രിഭക്ഷണം മുതൽ കാലാവസ്ഥ വ്യതിയാനം വരെ പലവിധ ചിന്തകളും മനസ്സിനുള്ളിൽ ഓടിക്കളിക്കുന്നു. അതിയായ ഉഷ്ണ കാലാവസ്ഥയിലും കൊറോണയെന്ന മഹാമാരി കേരളത്തിൽ താണ്ഡവമാടുന്നതിനെക്കുറിച്ചും ചിന്തയിലുണ്ട്. മതമോ ഭാഷയോ സംസ്കാരമോ വ്യത്യാസമില്ലാതെ ദേശാന്തരങ്ങളിൽ വൈറസ് കടന്നാക്രമിക്കുന്നതിനിടയിൽ, സ്വന്തം ഗവേഷണത്തെക്കുറിച്ചും ചെയ്തുതീർത്ത സെൽകൾചറിനെക്കുറിച്ചുമൊന്നും ഓർക്കുന്നേയില്ല. മോളിക്കുലർ ബയോളജി ലാബിനുള്ളിലെ ബാക്യൂലോ വൈറസും ബാക്ടീരിയയുമെല്ലാം സുഖവാസത്തിലാണെങ്കിലും, മനസ്സിനുള്ളിൽ എന്തൊക്കെയോ ചെയ്ത് തീർക്കേണ്ടതുണ്ട്.
പ്രിയ സുഹൃത്ത് ഷുക്കൂർ മാഷിന്റെ സൃഷ്ടികൾ വാട്സ്ആപ്പിൽ കാണുമ്പോഴെല്ലാം എന്തെങ്കിലും എഴുതണമെന്നുണ്ട്. ഒരു ചെറുകഥയോ ലേഖനമോ കുത്തിക്കുറിക്കാൻ പലപ്പോഴും ശ്രമിച്ചെങ്കിലും ആശയ ദൗർലഭ്യം കൂടുതൽ അലട്ടുന്നുണ്ട്. എന്തെഴുതുമെന്നോ, എവിടെ തുടങ്ങണമെന്നോ ഒരു വ്യക്തതയുമില്ല. പല കാര്യങ്ങൾ എഴുതാൻ തിരഞ്ഞെടുത്തെങ്കിലും ഒന്നിനും വ്യക്തമായൊരു രൂപം വരുന്നുമില്ല. കാര്യഗൗരവമോ നല്ല കഥാപാത്രങ്ങളോ ഇല്ലാതെ എന്തെങ്കിലുമെഴുതി ജീവിതത്തിലെ വിലപ്പെട്ട സമയം പാഴാക്കിക്കളയുന്നൊരു വിഡ്ഢി ആയിക്കൂടല്ലോ?! ആശയ ദാരിദ്യം ഉണ്ടാക്കിയ അസ്വസ്ഥത എന്നെ തായ്‌വാനിൽനിന്നും വീട്ടിലെത്തിയപ്പോൾ ഹോം ക്വാറന്റീനിൽ കഴിഞ്ഞ നാളുകളിൽ വായിച്ചു തീർത്ത ചില പുസ്തകങ്ങളിലേക്കെത്തിച്ചു. രാജാവും റാണിയും അധ്യാപകനും വിദ്യാർഥികളും കള്ളനും പൊലീസുമെല്ലാം ഉൾപ്പെടുന്ന അവയിലെ ഒട്ടനവധി കഥാപാത്രങ്ങൾ ഇപ്പോൾ മനസ്സിലേക്ക് വരുന്നു.
ആദ്യം ‘ദന്തസിംഹാസന’ത്തിലെ (The Ivory Throne) സേതുലക്ഷ്മി ബായിയുമായി ഞാൻ വീടിന്റെ മനോഹരമായ ചെറുമുറ്റത്തിലൂടെ നടക്കാനിറങ്ങി. ലോക്ഡൗൺ ആയതിനാൽ മുന്നിലുള്ള റോഡിലൂടെ പൊലീസ് വണ്ടി പോകുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. അതിനിടയിൽ റാണി അവരുടെ ദുഃഖഭാണ്ഡത്തിന്റെ കെട്ടഴിച്ച് തുടങ്ങി. റാണിയുടെ ആനുകൂല്യങ്ങളും ‘ശ്രീപാത’ത്തിലെ വരുമാനത്തിലുമെല്ലാം മഹാരാജാവ് കൈകടത്തുന്നുണ്ട്. നാൾക്കുനാൾ പല വിഷയങ്ങളിലും മഹാരാജാവും കവടിയാർ കൊട്ടാരവും സ്വീകരിക്കുന്ന നിലപാടുകൾ അവരെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നു.
ഒന്നുമില്ലെങ്കിലും, തന്റെ അഞ്ചാം വയസ്സിൽ ആറ്റിങ്ങൽ റാണിയായി ജീവിതമാരംഭിച്ച്, കുടുംബത്തിലെ മുതിർന്ന അംഗമെന്ന നിലയിൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ നാട് നീങ്ങലിനെത്തുടർന്ന് ഏഴു വർഷം തിരുവിതാംകൂറിന്റെ ഭരണം നടത്തിയ പരിഗണനയെങ്കിലും നൽകിക്കൂടെ?! മാത്രവുമല്ല, ജൂനിയർ റാണിയുടെ ചില ഇടപെടലുകളും ഉദ്യോഗസ്ഥരുടെയും അകമ്പടിക്കാരുടെയും ആചാര വെടികളുടെയുമെല്ലാം അഭാവം ആ പാവത്തിനെ വല്ലാതെ പിടിച്ചുലച്ചിട്ടുണ്ട്. ഇനിയും സംസാരം തുടർന്നാൽ അവർ വിങ്ങിപ്പൊട്ടുമോ എന്നൊരു ഭയം കാരണം കുറച്ച് ധൃതിയിൽ ഞാൻ വീടിന്റെ പിറകുവശത്തേക്ക് ഒഴിഞ്ഞുമാറി.
പിന്നീട് ഞാൻ കാണാനിടയായത് ‘തസ്കര’നിലെ മണിയൻ പിള്ളയെയാണ്. ഒരു കള്ളനെന്ന നിലയിൽ ജീവിതത്തിലെ സകല മേഖലയിലും നിറഞ്ഞാടി, വിവിധ ഭാഷയിലും ദേശത്തും ജീവിച്ച് ഇപ്പോൾ സ്വന്തം മകന്റെ കൂടെ കഴിയുന്നു. മോഷണ മുതൽ നിലനിൽക്കില്ലെന്നും, അധ്വാനിച്ച് ജീവിക്കണമെന്നും ഊറിച്ചിരിച്ചുകൊണ്ട് അദ്ദേഹം യുവ ജനങ്ങളോട് പറയുന്നുണ്ട്. തന്റെ യുവത്വത്തിൽ ചെയ്ത വികൃതിത്തരങ്ങളും മോഷണങ്ങളുമെല്ലാം പറയുന്നതിനിടയിൽ പൊലീസിന്റെ ഓരോ കാലത്തെയും ‘ഉരുട്ട’ലിനെ അതിജീവിച്ച ആ ശരീരം വല്ലാതെ ക്ഷയിച്ചിരിക്കുന്നു. കർണാടകത്തിൽ സലിം പാഷയായി ജീവിച്ച കാലവും നിയമസഭയിലേക്ക് മത്സരിക്കാൻ നിൽക്കുമ്പോൾ കേരള പൊലീസ് പിടികൂടിയതുമെല്ലാം ഇന്നും മനസ്സിലുണ്ട്. പക്ഷേ, ഒട്ടും ദുഃഖമോ ഭാഗ്യക്കേടോ അതിൽ അയാൾ കാണുന്നില്ല. എഴുത്തുകാരൻ ഇന്ദു ഗോപനിലൂടെ തന്റെ പച്ചയായ ജീവിതം തുറന്നെഴുതിയതിൽ ഏറെ സന്തുഷ്ടനുമാണ്.
മണിയനോട് യാത്ര ചോദിച്ച് നേരെ പോയത് വീടിനു പുറകിലെ മാവിൻ ചുവട്ടിലാണ്. ദേ.. പ്രഫ. ടി.ജെ. ജോസഫ് അവിടിരിക്കുന്നു. അയാൾ ഒരു കണ്ണടയും വെച്ച് കൈ നെഞ്ചോടു ചേർത്ത് തന്റെ ‘അറ്റുപോകാത്ത ഓർമകളി’ലൂടെ എന്നെ നോക്കുന്നു. ഒരുപാടുകാലം മലയാളാധ്യാപകനായതിനാൽ നല്ല ഭാഷയിലൂടെ തന്റെ കാര്യങ്ങൾ വ്യക്തമാക്കാൻ അദ്ദേഹം പുസ്‌തകത്തിലൂടെ ശ്രമിക്കുന്നുണ്ടെങ്കിലും, അതിൽ എത്ര മാത്രം ആത്മാർഥതയും സത്യസന്ധതയുമുണ്ടെന്നതിൽ എനിക്ക് പല സംശയങ്ങളുമുണ്ട്. ജീവിതത്തിൽ നടന്ന ആക്രമണവും ഒരു ജയിൽപുള്ളിക്ക് സാധാരണയായി കിട്ടേണ്ട പുൽപായക്കുപോലും കൈക്കൂലി ചോദിക്കുകയും സ്വയം കീഴടങ്ങിയവനെ ഓടിച്ചിട്ട് പിടിച്ചെന്നും പറയുന്ന എട്ടുകാലി മമ്മൂഞ്ഞുകളായ നിയമപാലകരെയും കൊടും കുറ്റവാളികളാണെങ്കിൽപോലും മനുഷ്യത്വമുള്ള ജയിൽപുള്ളികളെയും കള്ള നാണയങ്ങളായ സമൂഹത്തിലെ ഉന്നതരെയുമെല്ലാം വിശദീകരിക്കുന്നതിനിടയിൽ, ഭാര്യയുടെ മരണം അയാളെ കണ്ണീരിലാഴ്ത്തി.
ചോദ്യ പേപ്പറിനുള്ളിലെ പ്രഫസറുടെ എഴുത്തിനോടും അയാളെ ആക്രമിച്ചവരോടും ഒരുപോലെ താൽപര്യമില്ലാത്തതിനാൽ ആ കഥാപാത്രത്തെയും ഒഴിവാക്കി ഞാൻ കിടപ്പുമുറിയിലേക്ക് നടന്നു. ഒന്നോർത്തപ്പോൾ എനിക്ക് സന്തോഷം തോന്നി. കൊറോണപോലൊരു മഹാമാരിയുടെ കാലത്തും ഇവരെയെല്ലാം പരിചയപ്പെടാൻ കഴിഞ്ഞല്ലോ. വിവിധ കാലഘട്ടത്തിൽ വ്യത്യസ്തങ്ങളായ ജീവിതങ്ങളിലൂടെ കടന്നുപോയവരെ ഉപേക്ഷിച്ച് മൊബൈൽ ഫോണിൽ വാട്സ്ആപ് തുറന്നപ്പോഴാണ് ഞാൻ ആ സത്യം മനസ്സിലാക്കിയത്.
മറ്റൊന്നുകൂടി ഉപേക്ഷിച്ചിരിക്കുന്നു. വേറൊന്നുമല്ല എന്തെങ്കിലും എഴുതണമെന്ന ആഗ്രഹം. എന്തെങ്കിലും കുറിക്കാനുള്ള മോഹംതന്നെ.


